മുക്കം: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച വെസ്റ്റ് കൊടിയത്തൂരിലെ ഫാം ഉടമ പുതിയോട്ടില്‍ മജീദിനേയും ഷറീനയേയും ദുരന്തങ്ങള്‍ വിടാതെ പിന്തുടരുകയാണ്. 25 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ നാട്ടിലെത്തിയ മജീദ് തന്റെ എല്ലാ സമ്പാദ്യങ്ങളും കൂടിയാണ് വെസ്റ്റ് കൊടിയത്തൂരില്‍ ഒരു വീട് വച്ചത്.
തുടര്‍ന്ന് നാട്ടില്‍ ഒരു വരുമാന മാര്‍ഗമെന്ന നിലയില്‍ തോട്ടുമുക്കത്തിന് സമീപം ഊര്‍ങ്ങാട്ടീരി പഞ്ചായത്തില്‍ ഒരു കോഴിഫാമും തുടങ്ങി. 18 ലക്ഷത്തോളം രൂപ ബാങ്കില്‍ നിന്ന് ലോണെടുത്തായിരുന്നു ഫാം തുടങ്ങിയത്. എന്നാല്‍ നാല് വര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ ഫാം പൂര്‍ണ്ണമായും നശിച്ചു. ഇതിന് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്ന് ഷറീന പറയുന്നു. ഇതിനിടയിലാണ് വീടിനോട് ചേര്‍ന്ന് ഒരു കോഴിഫാം ആരംഭിച്ചത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ചെറിയ ചെറിയ നഷ്ടങ്ങള്‍ ഉണ്ടായെങ്കിലും പക്ഷിപ്പനി വന്നതോടെ മൂന്ന് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അധികൃതര്‍ കനിയുമെന്ന വിശ്വാസത്തിലാണ് ഈ കുടുംബം.
കോഴിഫാമിനൊപ്പം പശു ഫാമും ഈ കുടുംബത്തിനുണ്ടെങ്കിലും പക്ഷിപ്പനി വന്നതോടെ പാലും ആരും വാങ്ങാതായി. ഇപ്പോള്‍ അഞ്ചു പശുക്കളുണ്ട്. ഒരു ദിവസം ശരാശരി 2800 രൂപയുടെ പാല് വിറ്റിരുന്നുവെന്നും പാല് വില്‍പ്പന നിന്നതോടെ ജീവിതം വഴിമുട്ടിയെന്നും ഇവര്‍ പറയുന്നു.