ജീവിക്കാൻവേണ്ടി അധ്വാനിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു മനുഷ്യൻ. സന്പന്നനായിരുന്നതുകൊണ്ട് അയാൾ തിന്നും കുടിച്ചും അങ്ങനെ ജീവിച്ചു. കുറെനാൾ ചെന്നപ്പോൾ അയാളുടെ വണ്ണവും തൂക്കവും ഏറെ വർധിച്ചു. ഏറെ ബുദ്ധിമുട്ടുകൂടാതെ നടക്കുവാൻ വയ്യാത്ത സ്ഥിതിയായി. അതോടൊപ്പം പല രോഗങ്ങളും അയാളെ പിടികൂടി. അപ്പോഴേക്കും അയാളുടെ മനഃസമാധാനവും നഷ്ടപ്പെട്ടു.
അങ്ങനെയിരിക്കുന്പോഴാണ് ഏവർക്കും ആദരണീയനായ ഒരു ആധ്യാത്മികഗുരു ആ സന്പന്നന്റെ ഗ്രാമത്തിലെത്തിയത്. ആളുകളുടെ പ്രശ്നങ്ങൾക്കു പരിഹാരം നിർദേശിക്കുവാൻ അനിതരസാധാരണമായ കഴിവുള്ള ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആഗമനവാർത്ത ധനവാന്റെ ചെവിയിലുമെത്തി. ഉടനെതന്നെ വലിയ ബുദ്ധിമുട്ടുകൾ സഹിച്ച് അയാൾ ഗുരുവിനെ കാണാനെത്തി.ഗുരുവിനെ കാണാനുള്ള അവസരം ലഭിച്ചതിനു നന്ദി പറഞ്ഞുകൊണ്ട് അയാൾ തന്റെ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ മുന്പിൽ അവതരിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളായിരുന്നു അവയെല്ലാം. അവ കേട്ടപ്പോൾ ഗുരു ചോദിച്ചു: ""നിങ്ങളെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങൾ പലതാണ്. അവയിൽനിന്നു മുക്തി നേടുവാൻ ആത്മാർഥമായ ആഗ്രഹമുണ്ടോ?’’
""തീർച്ചയായും ആഗ്രഹമുണ്ട്.’’ അയാൾ മറുപടി പറഞ്ഞു.
അപ്പോൾ ഗുരു പറഞ്ഞു: ""നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങളുടെ കാരണം അമിതാഹാരവും അമിത ഉറക്കവും അധ്വാനമില്ലായ്മയുമാണ്. തന്മൂലം ഭക്ഷണത്തിൽ മിതത്വം പാലിക്കുക; രാത്രിയിൽ സുഖമായി ഉറങ്ങിയതിനുശേഷം രാവിലെ ഉണർന്ന് എന്തെങ്കിലും കായികാധ്വാനം ചെയ്യുക. ഇത്രയും ചെയ്താൽ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.’’ തന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് എളുപ്പത്തിലുള്ള എന്തെങ്കിലും പരിഹാരം ഗുരു നിർദേശിക്കുമെന്നായിരുന്നു അയാൾ കരുതിയിരുന്നത്. തന്മൂലം ആദ്യം അല്പം നിരാശ തോന്നിയെങ്കിലും ഗുരു പറഞ്ഞതു പ്രാവർത്തികമാക്കാൻ ശ്രമിക്കാമെന്ന് അയാൾ ഗുരുവിനോടു വാഗ്ദാനം ചെയ്തു. ഗുരു അയാളെ അനുഗ്രഹിച്ചു പറഞ്ഞുവിട്ടു.
വീട്ടിൽ മടങ്ങിയെത്തിയ അയാളുടെ മനസ് ആദ്യം എത്തിയതു ഭക്ഷണത്തിലായിരുന്നു. എങ്കിലും ഗുരുവിനോടു ചെയ്ത വാഗ്ദാനമനുസരിച്ച് അയാൾ മിതമായി മാത്രമെ അന്നു ഭക്ഷിച്ചുള്ളു. അതുപോലെ, രാത്രി ഉറക്കത്തിനുശേഷം രാവിലെതന്നെ ഉണർന്നു തൂന്പായെടുത്തു കുറെ കിളച്ചു. ആദ്യം ബുദ്ധിമുട്ടു തോന്നിയെങ്കിലും ശരീരം വിയർക്കുവാൻ തുടങ്ങിയപ്പോൾ അല്പം ഉന്മേഷം അയാൾക്ക് അനുഭവപ്പെട്ടു. അങ്ങനെ ആദ്യദിവസം നന്നായിട്ടുപോയി.
എന്നാൽ, ഗുരുവിന്റെ നിർദേശങ്ങൾ പാലിക്കുന്നതു വലിയൊരു ഭാരമായും ക്ലേശമായും പിന്നീടുള്ള ദിവസങ്ങളിൽ ധനവാന് അനുഭവപ്പെട്ടു. എങ്കിലും ഗുരുവിനോടുള്ള വാഗ്ദാനമനുസരിച്ച് അയാൾ ഗുരുവിന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ വിശ്വസ്തത പുലർത്തി. തന്മൂലം, അയാളുടെ ആരോഗ്യസ്ഥിതി പെട്ടെന്നു മെച്ചപ്പെട്ടു. അയാളുടെ തൂക്കം കുറഞ്ഞുവന്നു. നടക്കുവാനുള്ള ബുദ്ധിമുട്ട് മാറി. ജീവിതത്തിൽ അല്പം ഉണർവുണ്ടായ പ്രതീതി. എങ്കിലും അയാളുടെ മനസിൽ സന്തോഷമില്ലായിരുന്നു. അങ്ങനെയാണ് അയാൾ ഗുരുവിനെ വീണ്ടും സന്ദർശിക്കുവാൻ പോയത്. ഗുരുവിനെ കണ്ടപ്പോൾ അദ്ദേഹത്തെ വന്ദിച്ചിട്ട് അയാൾ പറഞ്ഞു: ""എന്റെ ആരോഗ്യം മെച്ചപ്പെട്ടു. എങ്കിലും എന്റെ മനസിന് അത്ര സുഖം തോന്നുന്നില്ല. ഇതിനും അങ്ങ് ഒരു പ്രതിവിധി നിർദേശിക്കണം.’’ അപ്പോൾ ഗുരു പറഞ്ഞു: ""നിങ്ങൾ നിങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുവാൻ ശ്രമിച്ചപ്പോൾ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടു. എന്നാൽ, നിങ്ങളുടെ മനസിനു സുഖമുണ്ടാകണമെങ്കിൽ സ്വാർഥമോഹങ്ങളിൽനിന്നു നിങ്ങളുടെ മനസിനെ ശുദ്ധീകരിക്കണം. അതുപോലെ, നിങ്ങളുടെ ആരോഗ്യത്തോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യവും നിങ്ങൾ ഉറപ്പുവരുത്തണം. അപ്പോൾ നിങ്ങളുടെ മനസിനും സുഖമുണ്ടാകും.’’ ഗുരു പറഞ്ഞതിന്റെ പൊരുൾ മുഴുവൻ പിടികിട്ടാതെ അയാൾ അങ്ങനെ പകച്ചുനില്ക്കുന്പോൾ അദ്ദേഹം പറഞ്ഞു: ""നിങ്ങളുടെ മനസിനു സുഖമുണ്ടാകണമെങ്കിൽ നിങ്ങളുടെ നന്മമാത്രം അന്വേഷിച്ചാൽ പോരാ. അതിനു മറ്റുള്ളവരുടെ നന്മയും അന്വേഷിക്കണം.’’ ഗുരു പറഞ്ഞത് ഏറെ ശരിയല്ലേ? നമ്മുടെ നന്മ മാത്രം അന്വേഷിച്ചാൽ നമുക്കു സുഖമുണ്ടാകുമോ? ഉണ്ടാകുമെന്നായിരിക്കാം നാം പലപ്പോഴും വിചാരിക്കുന്നത്. അതുകൊണ്ടാണല്ലോ സ്വാർഥപരമായി നാം ഏറെ സമയവും പെരുമാറുന്നത്. എന്നാൽ, കാര്യങ്ങളുടെ സ്ഥിതി വളരെ മറിച്ചാണ്. നമ്മുടെ ജീവിതത്തിൽ യഥാർഥസുഖമുണ്ടാകണമെങ്കിൽ ആ സുഖം വരേണ്ടതു നാം മറ്റുള്ളവർക്കു ചെയ്യുന്ന നന്മപ്രവൃത്തികളിൽനിന്നാണ്.
ഈ സത്യം ശരിക്കു മനസിലാക്കുന്നവരാണ് അവർ ചെയ്യുന്ന വ്യത്യസ്തങ്ങളായ സേവനമേഖലകളിൽ സ്വന്തം നന്മയേക്കാളേറെ മറ്റുള്ളവരുടെ നന്മയ്ക്കു പ്രാധാന്യം കൊടുക്കുന്നത്. അവരെപ്പോലെയുള്ളവർ ഉള്ളതുകൊണ്ടാണു നമ്മുടെ ലോകത്തിൽ ഇത്രയുമെങ്കിലും സമാധാനവും സന്തോഷവും നമുക്കുള്ളത്. നമുക്കും അവരോടൊപ്പം അണിചേരാം. അപ്പോൾ നമ്മുടെ മനസിനും ആരോഗ്യവും സന്തോഷവും ഉണ്ടാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ