വിശ്വസാഹിത്യത്തിലെ ഏറ്റവും വിശിഷ്ടമായ നോവലുകളിൽ ഒന്നായി എണ്ണപ്പെടുന്നതാണു ദ ബ്രദേഴ്സ് കാരമ സോവ്. റഷ്യൻ സാഹിത്യകാരനായ ഫയദോർ ഡോസ്റ്റോയെവ്സ്കി 1880-ൽ പ്രസിദ്ധീകരിച്ച ഈ നോവൽ ഇന്നും വായനക്കാർക്ക് ഹരം പകരുന്നതാണ്. ഭാര്യ നഷ്ടപ്പെട്ട ഫയദോർ കാരമസോവിനെയും അദ്ദേഹത്തിന്റെ മൂന്നു മക്കളായ ഡിമിത്രി, ഐവാൻ, അലിയോഷ എന്നിവരെയും ഭൃത്യനായ സ്മെർഡിക്കോവിനെയും ചുറ്റിപ്പറ്റിയാണ് ഈ നോവൽ ഇതൾവിടർത്തുന്നത്. എന്നാൽ ഈ കഥയിൽ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്ന മറ്റൊരു കഥാപാത്രമുണ്ട്-ഫാ. സോസിമ.
ഒരു കാലത്ത് ആർമിയിലെ ഒരു യുവ ഓഫീസറായിരുന്നു ഫാ. സോസിമ. മറ്റുള്ളവരോട് ഒരു പരിഗണനയും കൂടാതെ ജീവിതം അടിച്ചുപൊളിച്ചു നടന്നിരുന്ന ആ ചെറുപ്പക്കാരൻ താൻ സ്നേഹിച്ചിരുന്ന ഒരു പെണ്ണിന്റെ പേരിൽ മറ്റൊരാളുമായി ദ്വന്ദയുദ്ധത്തിനു മുതിർന്നു. എന്നാൽ ദ്വന്ദയുദ്ധത്തിന്റെ തലേ ദിവസം ചെയ്ത ഒരു കുറ്റകൃത്യത്തിനു ശേഷം മാനസാന്തരപ്പെട്ട് ആ ചെറുപ്പക്കാരൻ തന്റെ തോക്കു വലിച്ചെറിഞ്ഞിട്ടു തന്നെ വെടിവയ്ക്കുവാൻ എതിരാളിയെ അനുവദിക്കുകയാണു ചെയ്തത്.
എതിരാളി അന്നു വെടിവച്ചില്ല. മാനസാന്തരപ്പെട്ട ആ ചെറുപ്പക്കാരൻ ഒരു സന്യാസാശ്രമത്തിൽ ചേർന്നു വിശുദ്ധനായി പരക്കെ അറിയപ്പെട്ട ഫാ. സോസിമയായി മാറി. ഇതിനിടയിൽ അദ്ദേഹത്തിന്റെ ഉപദേശം തേടുവാൻ ധാരാളം പേർ എത്തുന്നുണ്ടായിരുന്നു. അവരിലൊരാൾ ഫയദോർ കാരമസോവിന്റെ ഇളയപുത്രനായ അലിയോഷ ആയിരുന്നു.
സന്യാസാശ്രമത്തിനകത്തും പുറത്തും ജീവിക്കുന്നവർ ഒരുപോലെ പാലിക്കണമെന്നു ഫാ. സോസിമ ഉപദേശിച്ചുകൊടുത്ത ഒരു തത്ത്വം സാർവത്രിക ഉത്തരവാദിത്തമായിരുന്നു. ഈ തത്ത്വം അദ്ദേഹം ആദ്യം പഠിച്ചതാകട്ടെ തന്റെ സഹോദരനായ മർക്കലിൽനിന്നുമായിരുന്നു.
നിരീശ്വരനായി ജീവിച്ച മർക്കൽ പല രീതിയിലും കുറ്റക്കാരനായിരുന്നു. എന്നാൽ മർക്കലിനു മാനസാന്തരമുണ്ടായപ്പോൾ അദ്ദേഹം അമ്മയോടു പറഞ്ഞതു സോസിമ കേൾക്കാനിടയായി. അതിപ്രകാരമായിരുന്നു, അമ്മേ, നാം എല്ലാവരും എല്ലാക്കാര്യങ്ങളിലും എല്ലാവരുടെയും മുന്പിൽ കുറ്റക്കാരാണ്. നമ്മൾ ഒന്ന്. അപ്പോൾ നമ്മുടെ പാപങ്ങളും ഒന്ന്. മറ്റുള്ളവരുടെ പാപം എന്റേതുകൂടിയാണ്. എന്റെ പാപം അവരുടേതും. മർക്കലിന്റെ ചിന്താഗതി പിന്തുടർന്നു ഫാ. സോസിമ ചെന്നെത്തിയത് ഇപ്രകാരമൊരു നിഗമനത്തിലായിരുന്നു.
നമ്മൾ എല്ലാവരും ഒന്നായതുകൊണ്ടു നമുക്കെല്ലാവർക്കും പരസ്പരം ഉത്തരവാദിത്തം ഉണ്ട് എന്നു ഫാ. സോസിമ കണ്ടുപിടിച്ചു. നമുക്കെല്ലാവർക്കും പരസ്പരം ഉത്തരവാദിത്തമുണ്ടെങ്കിൽ മറ്റുള്ളവരുടെ പാപങ്ങളുടെ പോലും ഉത്തരവാദിത്തം നമുക്കാണെന്ന് അദ്ദേഹം വിശ്വസിച്ചു. തന്മൂലം മറ്റുള്ളവരെക്കാൾ ഏറെ കുറ്റക്കാരനായി അദ്ദേഹം സ്വയം കണ്ടു.
ഫാ. സോസിമ പറയുന്നു: നിനക്കു മറ്റുള്ളവർക്കു പ്രകാശമാകാമായിരുന്നു. എന്നാൽ നീ അതു ചെയ്തില്ല. തന്മൂലം, നീ അവന്റെ തെറ്റിനു കാരണക്കാരനാണ്. വേറൊരിടത്ത് അദ്ദേഹം പറയുന്നു: നീ ദുർമാതൃകയായി പെരുമാറുന്നതായി കരുതുക. അതു കാണാനിടയാകുന്ന ഒരു കുരുന്നു ഹൃദയത്തിൽ നീ തിന്മയുടെ വിത്ത് വിതയ്ക്കുകയാണു ചെയ്യുന്നത്. ആ തിന്മ വളർന്നു വലുതാകുന്നുവെങ്കിൽ അതു നീ നൽകിയ ദുർമാതൃക മൂലമാണ്. അപ്പോൾ നീയാണ് ആ തെറ്റിന്റെ കുറ്റക്കാരൻ.
മറ്റുള്ളവർ തെറ്റുകളിലും കുറ്റങ്ങളിലും വീഴുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം മുക്കാണെന്നു ഫാ. സോസിമ വാദിക്കുന്നതു കാണുന്പോൾ അതു ഭ്രാന്തൻ ആശയമായിട്ടു തോന്നാം. എന്നാൽ, ഫാ. സോസിമ പറയുന്ന ഈ ആശയം ശരിയാണെന്നു സ്ഥാപിക്കുവാൻ മറ്റു കഥാപാത്രങ്ങളെയും നോവലിസ്റ്റ് ആശ്രയിക്കുന്നുണ്ട്.
ആ കഥാപാത്രങ്ങളിലൊരാൾ കാരമ സോവിന്റെ മൂന്നു മക്കളിൽ രണ്ടാമത്തവനായ ഐവാൻ ആണ്. ഐവാൻ നിരീശ്വരവാദിയായിട്ടാണു കഥയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഐവാന്റെ വീക്ഷണത്തിൽ ദൈവം മനുഷ്യന്റെ ഭാവനാസൃഷ്ടിയാണ്. ദൈവമില്ലെങ്കിൽ പുണ്യത്തിന് എന്തു പ്രസക്തി? ആർക്കും എന്തും ചെയ്യാം. അങ്ങനെയായിരുന്നു ഐവാന്റെ ചിന്താഗതി. ഈ ചിന്താഗതിയാണ് ഐവാൻ തന്റെ പിതാവിന്റെ ഭൃത്യനായ സ്മെർഡിയാക്കോവിനു പകർന്നു കൊടുത്തത്. അയാൾ അതു ശരിക്കും ഉൾക്കൊണ്ടു. അങ്ങനെയാണു പണത്തിനു വേണ്ടി അയാൾ കാരമസോവിനെ വധിച്ചത്. ഈ വധത്തിന്റെ ഉത്തരവാദിത്തം സ്മെർഡിയോക്കാവ് പിന്നീട് ഐവാന്റെ മേലിൽ ചുമത്തുന്നുണ്ട്. അപ്പോഴാണ് ഐവാൻ തന്റെ കുറ്റത്തെക്കുറിച്ചു ബോധവാനാകുന്നത്. ഇതേത്തുടർന്ന് ഐവാന്റെ ജീവിതത്തിലും മാറ്റം വരുന്നതായിട്ടാണു നോവലിൽ നൽകുന്ന സൂചന.
ഫാ. സോസിമയുടെ ചിന്താധാരയിലേക്കു മടങ്ങിവരട്ടെ. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ എപ്പോഴാണെന്നോ സ്വർഗരാജ്യം ഈ ലോകത്തിൽ യാഥാർഥ്യ മാകുന്നത്? എല്ലാവരും പരസ്പരം ഉത്തരവാദിത്തമുള്ളവരാകുന്പോൾ, എല്ലാവരും മറ്റുള്ളവരുടെ പാപങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു പരിഹാരം ചെയ്യുന്പോൾ, എല്ലാവരുടെയും നന്മയ്ക്കായി പരസ്പരം ജീവിക്കുന്പോൾ.
ഈ നോവലിലെ വിവിധ കഥാപാത്രങ്ങളിലൂടെ യഥാർഥത്തിൽ നോവലിസ്റ്റ് തന്നെയാണു സംസാരിക്കുന്നത്. ഫാ. സോസിമയുടെയും മറ്റും ഉദാത്ത വീക്ഷണം നോവലിസ്റ്റിന്റേതുതന്നെ. ആ വീക്ഷണം നാം സ്വന്തമാക്കുവാനുള്ള വെല്ലുവിളിയാണ് നോവലിസ്റ്റ് നമുക്കു നൽകുന്നത്.
നോവലിസ്റ്റ് അനുസ്മരിപ്പിക്കുന്നതു പോലെ നാമെല്ലാവരും ഒന്ന്. നാം പരസ്പരം ഉത്തരവാദിത്തം വഹിക്കേണ്ടവരാണ്. പരസ്പരം ഭാരം വഹിക്കേണ്ടവരാണ്. ആരും ഒരിക്കലും നമുക്ക് അന്യരല്ല. നമ്മുടെ ജീവിതം വിവിധ രീതികളിൽ മറ്റുള്ളവരെ സ്വാധീനിക്കുന്നതു പോലെ നമ്മുടെ ജീവിതം മറ്റുള്ളവരെയും സ്വാധീനിക്കുന്നു. ചുരുക്കത്തിൽ നമുക്കെല്ലാവർക്കും സാർവത്രിക ഉത്തരവാദിത്തമുണ്ട്. നമുക്കതു മറക്കാതെ ജീവിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ