മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ചെറുപ്പക്കാരൻ 1893-ൽ സൗത്ത് ആഫ്രിക്കയിലെത്തുന്പോൾ അന്ന് അദ്ദേഹത്തിന് ഇരുപത്തിമൂന്നു വയസ്. വേഷവിധാനം സായിപ്പിന്റേതുതന്നെ. ജോലി അഭിഭാഷക വൃത്തിയും. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിൽനിന്നു നിയമബിരുദം നേടിയിരുന്നതുകൊണ്ടു സായിപ്പിന്റെ രീതികളൊക്കെ അദ്ദേഹത്തിനു നല്ല വശമായിരുന്നു.
താമസം തനിച്ചായിരുന്നതുകൊണ്ടു വല്ലപ്പോഴും ജോലിസ്ഥലത്തിനടുത്തുള്ള ഒരു വെജിറ്റേറിയൻ റെസ്റ്റോറന്റിൽ അദ്ദേഹം പോവുക പതിവായിരുന്നു. അപ്പോൾ അവിടത്തെ ഒരു നിത്യസന്ദർശകനായിരുന്നു ജർമൻകാരനായ ഹെർമൻ കല്ലൻബാക്ക് (1871-1945). ആർക്കിടെക്ട് ആയിരുന്ന അദ്ദേഹം അതിവേഗം ബാരിസ്റ്റർ ഗാന്ധിയുടെ ആത്മാർഥ സുഹൃത്തായി. ബാരിസ്റ്ററായ ഗാന്ധി അതിവേഗം മഹാത്മാഗാന്ധിയായി മാറുമെന്ന് അറിഞ്ഞതുകൊണ്ടോ പ്രതീക്ഷിച്ചുകൊണ്ടോ ആയിരുന്നില്ല കല്ലൻബാക്ക് ഗാന്ധിജിയുടെ സുഹൃത്തായത്. ഗാന്ധിജിയുടെ ചില ആശയങ്ങളും ആദർശങ്ങളും കല്ലൻബാക്കിന് ഇഷ്ടമായി. അതുതന്നെ കാരണം.
ലളിതജീവിതം എന്ന ഗാന്ധിജിയുടെ ആദർശമാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടത്. അതുപോലെ, അക്രമരഹിതമായ മാർഗങ്ങളിലൂടെ അവകാശങ്ങൾ നേടിയെടുക്കണമെന്നുള്ള ഗാന്ധിജിയുടെ ദൃഢനിശ്ചയവും. സൗത്ത് ആഫ്രിക്കയിലെ വർണവിവേചനത്തിനിരയായ ഇന്ത്യക്കാരെ സഹായിക്കുവാൻ ഗാന്ധിജി കച്ചകെട്ടിയിറങ്ങിയപ്പോൾ കല്ലൻബാക്ക് കൂടെയുണ്ടായിരുന്നു.
1904-ൽ ആയിരുന്നു ഗാന്ധിജിയും കല്ലൻബാക്കും സുഹൃത്തുക്കളാകുന്നത്. പിന്നീടുള്ള വർഷങ്ങളിൽ അവരുടെ പ്രവർത്തനങ്ങൾ ഒരുമിച്ചായിരുന്നു. അങ്ങനെയാണു ഗാന്ധിജി ആശ്രമം സ്ഥാപിക്കണമെന്ന ആശയം അവതരിപ്പിച്ചപ്പോൾ അതിനുവേണ്ടി ആയിരം ഏക്കർ സ്ഥലം ജൊഹാനസ്ബർഗിനടുത്തു കല്ലൻബാക്ക് ദാനം ചെയ്തത്. 1910-ൽ ആയിരുന്നു ഈ സഹകരണ സംരംഭത്തിന്റെ തുടക്കം.
ഇതിനിടയിൽ ഗാന്ധിജിയും കല്ലൻബാക്കുംകൂടി അവരുടെ ആശ്രമജീവിത പ്രമാണത്തിനു രൂപം നല്കിയിരുന്നു. അത് ഇപ്രകാരമായിരുന്നു: 1. വ്യക്തിയുടെ നന്മ പൊതുസമൂഹത്തിന്റെയും നന്മയാണ്. 2. എല്ലാവരും സമന്മാരും എല്ലാ ജോലികളും ആദരണീയവുമാണ്. 3. അധ്വാനത്തിന്റെ ജീവിതം മഹത്വമുള്ള ജീവിതമാണ്. ജോണ് റസ്കിൻ (1819-1900) എന്ന ആംഗലേയ എഴുത്തുകാരന്റെ ’അണ്ടു ദിസ് ലാസ്റ്റ്’ എന്ന പുസ്തകത്തിലെ ആശയങ്ങളാണത്രെ ഇവരെ ഇതിനു സ്വാധീനിച്ചത്.
റഷ്യൻ സാഹിത്യകാരനായ ടോൾസ്റ്റോയിയുടെ പേരിൽ ഗാന്ധിജി നാമകരണം ചെയ്ത ഈ ആശ്രമം ’ടോൾസ്റ്റോയി ഫാം’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഗാന്ധിജിയും കല്ലൻബാക്കും ജീവിതപ്രമാണമായി സ്വീകരിച്ച ആശയങ്ങൾ അക്ഷരംപ്രതി നടപ്പിലാക്കുന്നതിൽ അവർ എപ്പോഴും ശ്രദ്ധാലുക്കളായിരുന്നു. തന്മൂലമാണല്ലോ ഗാന്ധിജി തന്റെ ഭാര്യയെക്കൊണ്ട് ആശ്രമത്തിലെ ശുചിമുറി വൃത്തിയാക്കിച്ചത്. എല്ലാ ജോലിക്കും തുല്യമഹത്വം എന്ന തത്ത്വം അതുവഴി ഗാന്ധിജി അരക്കിട്ടുറപ്പിക്കുകയായിരുന്നു.
എല്ലാ ജോലിയും ആദരണീയമാണ് എന്നത് ഗാന്ധിജിയുടെ ഭാര്യ കസ്തൂർബയ്ക്ക് മനസിലാക്കുവാൻ ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതുകൊണ്ടാണല്ലോ ശുചിമുറി കഴുകുന്ന ജോലി ചെയ്യുവാൻ തയാറല്ലെങ്കിൽ വീട്ടിൽനിന്നും ഇറങ്ങിപ്പൊയ്ക്കോളൂ എന്നു ഗാന്ധിജിക്കു കല്പിക്കേണ്ടിവന്നത്. ഏതായാലും ആ നടപടിക്കു ഫലമുണ്ടായി. കസ്തൂർബ അതിവേഗം ഗാന്ധിജിയുടെ വീക്ഷണം അംഗീകരിച്ചു. അതു മാത്രമല്ല, അവർ ആ വീക്ഷണത്തിന്റെ പ്രചാരക കൂടി ആയി മാറി.
ഗാന്ധിജിക്കും കല്ലൻബാക്കിനും കസ്തൂർബയ്ക്കുമൊക്കെ ഒരു നൂറ്റാണ്ടു മുൻപുതന്നെ എല്ലാ ജോലിയും ആദരണീയമാണ് എന്ന വസ്തുത അംഗീകരിക്കുവാൻ സാധിച്ചു. അതു മാത്രമല്ല, അവർ അതു ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തു. എന്നാൽ, നമ്മിൽ പലരുടെയും കാര്യമോ? എല്ലാ ജോലിയും ആദരണീയമെന്നു നാം എപ്പോഴും സമ്മതിച്ചുകൊടുക്കുമോ? അതുപോലെ ഏതു ജോലിയും ചെയ്യുവാൻ നാം തയാറാകുമോ? മറ്റു നിർവാഹമൊന്നുമില്ലെങ്കിൽ നാം ചെയ്തെന്നു വരും. എന്നാൽ, സ്വന്തം മനസിനാൽ നാം ചെയ്യുമോ?
ചെരുപ്പുകുത്തിയുടെ ജോലി അഭിഭാഷകനും ആർക്കിടെക്ടുമായ തങ്ങളുടെ ജോലികളെപ്പോലെ മാന്യതയുള്ളതാണെന്നു വ്യക്തമാക്കുവാൻ വേണ്ടി ഗാന്ധിജിയും കല്ലൻബാക്കും ജൊഹാനസ്ബർഗിലുള്ള ഒരു ചൈനീസ് ചെരുപ്പുകുത്തിയിൽനിന്ന് ആ ജോലി പരിശീലിക്കുകയുണ്ടായി. അന്നത്തെക്കാലത്ത് അതു പലർക്കും മനസിലാക്കുവാൻ ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇന്നത്തെ സ്ഥിതിയും അതിൽനിന്ന് ഏറെ വിഭിന്നമല്ല എന്നതല്ലേ വാസ്തവം?
എല്ലാ ജോലിയും ആദരണീയമാണെന്നു പറയുന്പോഴും എല്ലാ ജോലിയുടെയും പ്രാധാന്യം ഒരുപോലെയാണെന്നു വിവക്ഷയില്ല. ഉദാഹരണമായി മരിക്കാൻ കിടക്കുന്ന രോഗിയെ സംബന്ധിച്ചു വിദഗ്ധനായ ഒരു ഡോക്ടറുടെ സേവനം ഏറെ പ്രാധാന്യമുള്ള ഒരു ജോലിയാണ്. മറ്റ് ഏതു ജോലിയും ആ അവസരത്തിൽ ആ രോഗിക്ക് അത്ര പ്രാധാന്യമുള്ളതായിരിക്കില്ല.
അതുപോലെതന്നെ, ഒരു രാജ്യം ശത്രുക്കളാൽ ആക്രമിക്കപ്പെട്ടാൽ ആ രാജ്യത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പോരാടുന്നവരുടെ ജോലി അതിപ്രാധാന്യമുള്ളതുതന്നെ. അതായത്, ജോലിയുടെ വ്യത്യാസമനുസരിച്ച് വിവിധ ജോലികളുടെ പ്രാധാന്യത്തിനും വ്യത്യാസമുണ്ടാകാം. എന്നാൽ, അതുവഴിയായി ഒരു ജോലിയും നാം ചെറുതായി കാണേണ്ട. തന്മൂലമാണ് എല്ലാ ജോലിയും ആദരണീയമാണെന്നു പറയുന്നത്.
നമ്മുടെയും സമൂഹത്തിന്റെയും നന്മ ഉറപ്പാക്കുവാൻ വേണ്ടി നാം ചെയ്യുന്ന സത്യസന്ധമായ ഏതു ജോലിയും ആദരണീയംതന്നെ എന്നതു നമുക്കു വിസ്മരിക്കാതിരിക്കാം. അതുപോലെ, ’ചെറിയ ജോലികൾ’ എന്നു നാം കരുതുന്ന ജോലികൾ ചെയ്യുന്നവരെ ചെറുതായി കാണാതിരിക്കാനും നമുക്കു ശ്രദ്ധിക്കാം. അപ്പോൾ ’ചെറിയ ജോലികൾ’ ചെയ്യുവാൻ ’വലിയവർ’ എന്നു സ്വയം കരുതുന്നവരും തയാറാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ