കൊറോണ വൈറസ് ഒരു അനുഗ്രഹമായിരിക്കുമോ എന്ന ചോദ്യരൂപത്തിലുള്ള തലക്കെട്ടോടുകൂടി ‘ജറുസലം പോസ്റ്റ്’ എന്ന പത്രത്തിൽ കഴിഞ്ഞ ദിവസം ഒരു ലേഖനം പ്രത്യക്ഷപ്പെടുകയുണ്ടായി. നെയ്ഥൻ ലോപ്പസ് കർഡോസോ എന്ന ഒരു പ്രമുഖ ഗ്രന്ഥകാരന്റെ പേരിൽ പ്രത്യക്ഷപ്പെട്ട ഈ ലേഖനത്തിന്റെ തലക്കെട്ടിനു തൊട്ടു താഴെയായി കൊടുത്തിരിക്കുന്നത് ഏശയ്യാ പ്രവാചകന്റെ തിരുവചനമാണ്: “എന്റെ ജനമേ, വരുവിൻ, മുറിയിൽ പ്രവേശിച്ചു വാതിലടയ്ക്കുവിൻ; ക്രോധം ശമിക്കുന്നതുവരെ, അല്പ സമയത്തേക്കു നിങ്ങൾ മറഞ്ഞിരിക്കുവിൻ’’(26:20).
നഗ്നനേത്രങ്ങൾക്കു കാണാനാവാത്ത പുതിയ കൊറോണ വൈറസ് എന്ന ഒരു അണു ഇന്നു ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിനാളുകളുടെ മരണത്തിനും ലക്ഷക്കണക്കിനായ രോഗികളുടെ ദുഃഖദുരിതങ്ങൾക്കും ലോകമെന്പാടും വൻ സാന്പത്തിക തകർച്ചയ്ക്കും ഇടയാക്കിക്കൊണ്ടിരിക്കുന്ന ഈ വൈറസ് മൂലം ലോകം മുഴുവൻ വിറങ്ങലിച്ച് നിൽക്കുന്നു. ഈ അത്യപൂർവ ദുരന്തത്തിൽ നിന്നു കരകയറുവാൻ നിർദേശിക്കപ്പെടുന്ന മാർഗങ്ങളിലൊന്നു സാമൂഹിക അകലം പാലിക്കുക എന്നതാണ്. അല്ലെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകളിൽ പറഞ്ഞിരിക്കുന്നതുപോലെ, മുറിയിൽ കയറി വാതിലടച്ചു മറഞ്ഞിരിക്കുക എന്നതാണ്.
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും ഗവണ്മെന്റുമൊക്കെ സാമൂഹിക അകലം പാലിക്കണമെന്നു നിർബന്ധം പിടിക്കുന്പോഴും അതിനെ നിസാരമായി കാണുന്ന മനഃസ്ഥിതിയാണു നമ്മിൽ കുറെ പേർക്കെങ്കിലുമുള്ളത്. തന്മൂലമാണല്ലോ കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും നമ്മുടെയിടയിൽ അനുദിനം കൂടുതൽപ്പേർ രോഗികളായി മാറുന്നത്. ഇറ്റലിയിലും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലും കൊറോണ ദുരന്തം വിതയ്ക്കുന്നതിന്റെ കാരണം സാമൂഹിക അകലം പാലിക്കുന്നതിൽ വന്ന അപാകതയാണെന്ന് അവിടെയുള്ളവർ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ.
സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി വീട്ടിൽ കയറി മറഞ്ഞിരിക്കുവാൻ നിർബന്ധിക്കപ്പെടുന്ന പശ്ചാത്തലത്തിൽ നാം നമ്മെക്കുറിച്ചു തന്നെയുള്ള ഒരു ആത്മപരിശോധനയ്ക്കു തയ്യാറാകുമോ? നാം തയാറായാലും ഇല്ലെങ്കിലും ഇതുവരെയും മനുഷ്യനു പിടി നൽകാത്ത കൊറോണ വൈറസ് നമ്മെ ഇരുത്തി ചിന്തിപ്പിക്കുമെന്നതിൽ സംശയമില്ല. നാളെ സൂര്യൻ ഉദിക്കുമോ എന്നു തീർച്ച പറയാൻ സാധിക്കുകയില്ലെന്നു സ്കോട്ടിഷ് തത്ത്വചിന്തകനായ ഡേവിഡ് ഹ്യൂം (1711-1776) പറഞ്ഞപ്പോൾ അതിനെ പുച്ഛിച്ചു തള്ളിയവരുണ്ട്. എന്നാൽ, കഴിഞ്ഞ ദശലക്ഷക്കണക്കിനു വർഷങ്ങളിൽ സൂര്യനുദിച്ചതുകൊണ്ടു നാളെയും അങ്ങനെ സംഭവിക്കണമെന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദഗതി.
ഈ വാദഗതിയെ അനുകൂലിച്ചുകൊണ്ടു കർഡോസോ എന്ന ലേഖനകാരൻ ചോദിക്കുന്നു: "തടസം കൂടാതെ ശാസോച്ഛ്വാസം ചെയ്യുവാനുള്ള നമ്മുടെ കഴിവ് നാളെയും നമുക്കുണ്ടായിരിക്കുമെന്ന് എന്തു തീർച്ചയാണുള്ളത്. ഒരു ചെറിയ വൈറസ് നമ്മെ ബാധിച്ചാൽ മതിയാവും നമ്മുടെ ശാസോച്ഛ്വാസം തടസപ്പെടുവാൻ’’. ഈ യാഥാർഥ്യം അറിയാമായിരുന്നതുകൊണ്ടാണത്രെ യഹൂദ ജനത്തിനിടയിൽ എന്തിനും എല്ലായ്പോഴും ദൈവത്തിനു നന്ദി പറഞ്ഞു പ്രാർഥിക്കുന്ന പാരന്പര്യം ഉടലെടുത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
കാര്യങ്ങൾ എല്ലാം നന്നായിപ്പോകുന്പോൾ എല്ലാം നമ്മുടെ ചൊല്പടിയിലാണെന്നു നാം കരുതും. തന്മ·ൂലം ജീവിതം അടിച്ചുപൊളിച്ചു ജീവിക്കാം എന്ന് ഏറെപ്പേരും കരുതും. അതു മാത്രമോ, തങ്ങളെ ഒരു ശക്തിക്കും പിടിച്ചുനിർത്താനാവില്ലെന്നു വീന്പു പറയുകയും ചെയ്യും. എന്നാൽ, നമുക്ക് കാണുവാൻ സാധിക്കാത്ത ഒരു അണു നമ്മളെയും ലോകം മുഴുവനെയും ഇപ്പോൾ വരച്ച വരയിൽ നിർത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ നാം മുറിയിൽ കയറി വാതിലടച്ചിരുന്ന് ആഴമായി ചിന്തിക്കണം; നമ്മുടെ ജീവിതത്തെ ആത്മാർഥമായി വിശകലനം ചെയ്യണം. പ്രത്യേകിച്ചും നമ്മുടെ ദൈവവിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ.
അപ്പോൾ കൊറോണ വഴി ദുരന്തങ്ങൾ ഉണ്ടാകുന്പോഴും അതുവഴിയുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചു നാം ബോധവാന്മാരാകുമെന്നും കർഡോസോ സമർഥിക്കുന്നു. നമ്മുടെ ബുദ്ധിശക്തിയും ലോകം നേടിയിരിക്കുന്ന അദ്ഭുതകരമായ നേട്ടങ്ങളും ഒരു വൈറസിന്റെ ശക്തിയോളം വരില്ല എന്ന ബോധ്യമുണ്ടാകുവാൻ നമുക്കു സാധിച്ചാൽ അതു കൊറോണ വഴി നമുക്കു ലഭിക്കുന്ന ഒരു അനുഗ്രഹമായി അദ്ദേഹം കാണുന്നു. അതു മാത്രമല്ല, നമ്മുടെ ആത്മാവിനെ ലോകത്തിന്റെ ദുഷിച്ച വഴികളിൽ നിന്നു ക്വാറന്റൈൻ ചെയ്യാനും നമ്മുടെ ജീവിതത്തെ ശ്വാസം മുട്ടിക്കുന്ന തിരക്കുകളിൽ നിന്നു മാറിനിൽക്കുവാനും കൊറോണ വൈറസ് വഴിയൊരുക്കുകയാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
കർഡോസോ തന്റെ ലേഖനം അവസാനിപ്പിക്കുന്നത് ആമോസ് പ്രവാചകന്റെ വചനം ഉദ്ധരിച്ചുകൊണ്ടാണ്: “സിംഹം ഗർജിച്ചു; ആരാണു ഭയപ്പെടാതിരിക്കുക.’’(3:8). തീർച്ചയായും കൊറോണ വൈറസ് എന്ന സിംഹത്തെ നാം ഭയപ്പെടണം. എന്നാൽ, അതോടൊപ്പം ദൈവത്തിൽ പൂർണമായും ശരണമർപ്പിച്ചു ജീവിതത്തിലെ സമസ്ത അനുഗ്രഹങ്ങൾക്കും ഓരോ നിമിഷവും നന്ദിപറഞ്ഞുകൊണ്ടു നാം മുന്നോട്ടു പോകുകയും വേണം. അതോടൊപ്പം നമ്മുടെ ജീവിതം ദൈവത്തിന്റെ കൈകളിലാണെന്ന ഉത്തമ ബോധ്യവും നമുക്കുണ്ടാകണം. അപ്പോൾ നമ്മുടെ നിസാരതയ്ക്കും നിസഹായതയ്ക്കുമിടയിലും നമ്മിൽ പൂർണമായ സമാധാനം ഉണ്ടാകും. അത് അപ്രകാരം നിലനിൽക്കുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ