അദ്ഭുതങ്ങൾ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ലെങ്കിലും ജീവിതത്തിന്റെ സൗന്ദര്യം കാണാൻ നാം ശ്രദ്ധിക്കണം. അതു മാത്രം പോരാ. ഓരോ ദിവസവും കൂടുതൽ കൂടുതലായി മാനുഷികമായ രീതിയിൽ പെരുമാറാനും നാം യത്നിക്കണം.
"ബ്രിട്ടീഷ് ബുൾഡോഗ്' എന്ന കളിപ്പേരിൽ അറിയപ്പെട്ടിരുന്ന ബിസിനസുകാരനും ഉല്ലാസബോട്ട് യാത്രികനുമായിരുന്നു ടോണി ബുള്ളിമോർ (1939-2018). ഇംഗ്ലണ്ടിലെ എസക്സിൽ ജനിച്ച അദ്ദേഹം കുറെക്കാലം നേവിയിൽ സേവനമനുഷ്ഠിച്ചു. അതെത്തുടർന്നു ബിസിനസ് രംഗത്തേക്കു കടന്ന അദ്ദേഹം ഉല്ലാസബോട്ട് യാത്രയിലും ആകൃഷ്ടനായിരുന്നു. അങ്ങനെയാണ് 1996-97 കാലഘട്ടത്തിൽ ലോകംചുറ്റിയുള്ള ഉല്ലാസബോട്ട് യാത്രാ മത്സരത്തിൽ അദ്ദേഹം പങ്കെടുത്തത്.
മത്സരാർഥികൾ ഓരോരുത്തരും തനിച്ചായിരുന്നു മത്സരത്തിൽ പങ്കെടുത്തത്.
വലിയ ആവേശത്തോടെയായിരുന്നു ബിൽമോറിന്റെ തുടക്കം. ആദ്യമൊക്കെ കാര്യങ്ങൾ ഭംഗിയായി നടന്നു. എന്നാൽ ഓസ്ട്രേലിയൻ തീരത്തുനിന്ന് 2500 കിലോമീറ്റർ അകലെയായി അദ്ദേഹം സതേൺ സമുദ്രത്തിലായിരിക്കുന്പോൾ അദ്ദേഹത്തിന്റെ ബോട്ട് കൊടുങ്കാറ്റിൽപ്പെട്ടു കീഴ്മേൽ മറിഞ്ഞു.
എന്നാൽ ബോട്ട് മുങ്ങിപ്പോയില്ല. ബിൽമോർ ബോട്ടിന്റെ കോക്ക്പിറ്റിൽ സുരക്ഷിതനായിരുന്നു. നിരവധി തവണ അദ്ദേഹം കോക്പിറ്റിൽനിന്നു പുറത്തുകടന്നു ലൈഫ്റാഫ്റ്റ് ബോട്ടിൽനിന്നു വിച്ഛേദിക്കുവാൻ നോക്കി. വെള്ളത്തിൽ പൊങ്ങിക്കിടക്കുവാൻ സഹായിക്കുന്ന ലൈഫ്റാഫ്റ്റ് വിച്ഛേദിക്കുവാൻ സാധിച്ചിരുന്നെങ്കിൽ അതിൽ രക്ഷപ്പെടുവാൻ അദ്ദേഹത്തിനു ശ്രമിക്കാമായിരുന്നു. അതു സാധിക്കാതെ വന്നപ്പോൾ അദ്ദേഹം കോക്പിറ്റിലേക്കു മടങ്ങി.
കടൽവെള്ളം ശുദ്ധജലമാക്കി കുടിക്കുവാൻ സഹായിക്കുന്ന ഒരു ചെറിയ യന്ത്രം കോക്പിറ്റിലുണ്ടായിരുന്നു. തന്മൂലം അദ്ദേഹത്തിനു കുടിക്കുവാൻ വെള്ളം കിട്ടി. ഭക്ഷിക്കുവാനുണ്ടായിരുന്നതു കുറെ ചോക്ളേറ്റുകൾ മാത്രവും. അത് അതിവേഗം തീരുകയും ചെയ്തു. അപകടം സംഭവിച്ചു നാലാം ദിവസമായപ്പോൾ ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ ഒരു പ്ലെയിൻ കീഴ്മേൽ മറിഞ്ഞുകിടന്നിരുന്ന ഉല്ലാസബോട്ട് കാണുവാനിടയായി. പ്ലെയിനിൽനിന്നു സന്ദേശമറിയിച്ചതനുസരിച്ചു പിറ്റേ ദിവസമായപ്പോഴേക്കും ഓസ്ട്രേലിയൻ നേവിയുടെ ഒരു കപ്പൽ ഉല്ലാസനൗകയുടെ അടുത്തെത്തി. ഇതു മനസിലാക്കിയ ബുള്ളിമോർ കോക്പിറ്റിൽനിന്ന് അതിവേഗം പുറത്തുകടന്നു നീന്തി മുകളിലെത്തി രക്ഷപ്പെട്ടു.
കടലിൽനിന്നു രക്ഷപ്പെട്ട ഈ സംഭവത്തെക്കുറിച്ചു ബുള്ളിമോർ പിന്നീട് ഇപ്രകാരം പറഞ്ഞു: ""നേവിയുടെ കപ്പൽ ഞാൻ കണ്ടപ്പോൾ ഒരു നിർവൃതിയോടുകൂടി എന്നപോലെ ഞാൻ ജീവിതം കാണുകയായിരുന്നു. യഥാർഥത്തിൽ ജീവിതം എന്നാൽ എന്ത് എന്നതിന്റെ ഒരു ചിത്രം ഞാൻ കാണുകയായിരുന്നു. അതു സ്വർഗമായിരുന്നു. എല്ലാവിധത്തിലും സ്വർഗം.''
കൊടുംശൈത്യമുള്ള സതേൺ സമുദ്രത്തിൽ മരണത്തെ മുഖാമുഖം കണ്ടശേഷം രക്ഷപ്പെട്ട ബുള്ളിമോറിന് ആ നിമിഷം തോന്നിയതു ജീവിതമെന്നാൽ സ്വർഗം എന്നായിരുന്നു. എന്തായിരുന്നു അദ്ദേഹത്തിന് അങ്ങനെ തോന്നുവാൻ കാരണം? മരണത്തിന്റെ മുന്പിൽ തന്റെ ജീവിതത്തെ കണ്ടപ്പോഴാണ് അദ്ദേഹത്തിനു തന്റെ ജീവന്റെ വില മനസിലായത്. മറ്റെല്ലാവരുടെയും ജീവിതത്തിൽ എന്നപോലെ അദ്ദേഹത്തിന്റെയും ജീവിതത്തിൽ ദുഃഖദുരിതങ്ങളുണ്ടായിരുന്നു. എന്നാൽ അവയൊന്നും ജീവിതത്തിന്റെ സൗന്ദര്യം കാണുന്നതിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല.
നമ്മുടെ ജീവന്റെ മേന്മയും നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യവും നാം യഥാർഥത്തിൽ മനസിലാക്കുന്നുണ്ടോ? പലപ്പോഴും ഇല്ല എന്നതല്ലേ യാഥാർഥ്യം? നമ്മുടെ ജീവിതത്തിലെ വലുതും ചെറുതുമായ പ്രശ്നങ്ങൾ നമ്മെ മഥിക്കുന്നതുകൊണ്ടു നമ്മുടെ ജീവിതത്തിന്റെ മഹിമ മനസിലാക്കുവാൻ നമുക്കു സാധിക്കാതെ പോകുന്നു; അതുപോലെതന്നെ, നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്ന കാര്യം നാം വിസ്മരിക്കുകയും ചെയ്യുന്നു.
ബുള്ളിമോർ രക്ഷപ്പെട്ടത് അദ്ദേഹം തന്നെ അനുസ്മരിച്ചിട്ടുള്ളതുപോലെ ഒരു വലിയ അദ്ഭുതമായിരുന്നു. അതു മനസിലാക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. അപ്പോഴാണു ജീവിതത്തിന്റെ സൗന്ദര്യം കാണുവാനും ജീവിതം തന്നെ സ്വർഗസമാനമാണെന്നു കണ്ടെത്തുവാനും അദ്ദേഹത്തിനിട വന്നത്. നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യം കാണുവാൻ അദ്ഭുതകരമായ ഒരു രക്ഷപ്പെടലിനു നാം കാത്തിരിക്കേണ്ട. അല്ലാതെതന്നെ നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യം കാണുവാൻ സാധിച്ചാൽ നമ്മുടെ ജീവിതവും സ്വർഗസമാനമാകും.
അപകടത്തിൽനിന്നു രക്ഷപ്പെട്ടതിനു ശേഷം കുറെനാൾ കഴിഞ്ഞു മീഡിയ പ്രതിനിധികളോടു സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "" ഞാൻ ഇപ്പോൾ ഒരു പുതിയ മനുഷ്യനായി മാറിയതുപോലെയാണ്. ഞാൻ ഇപ്പോൾ കുറെക്കൂടി മാനുഷികമായി പെരുമാറുന്നു. ഞാൻ ആരോടും പരുഷമായി പെരുമാറുന്നില്ല. അതിന്റെ അർഥം ഞാൻ മുൻപ് അത്ര മോശമായിരുന്നു എന്നല്ല. എന്നാൽ ഞാൻ ഇപ്പോൾ കുറെക്കൂടി മാന്യമായ പെരുമാറ്റത്തിന്റെ ഉടമയാണ്. അതുപോലെ, മറ്റുള്ളവരെ കൂടുതൽ ശ്രവിക്കുവാൻ ഞാൻ ശ്രമിക്കുന്നു.''
മരണത്തെ മുഖാമുഖം കണ്ടശേഷം ബിൽമോറിനുണ്ടായ മാറ്റം നമ്മുടെയും ശ്രദ്ധ അർഹിക്കുന്ന ഒന്നാണ്. മരണത്തെ മുഖാമുഖം കണ്ടപ്പോൾ ജീവിതത്തിന്റെ സൗന്ദര്യം മാത്രമല്ല അദ്ദേഹം കണ്ടത്. പ്രത്യുത, ജീവിതം ശരിക്കും സൗന്ദര്യപൂർണമാകണമെങ്കിൽ തന്റെ അനുദിന ജീവിതത്തിൽ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹത്തിനു ബോധ്യമായി. അങ്ങനെയാണ് അദ്ദേഹം കൂടുതൽ മാനുഷികമായി പെരുമാറാനും ശരിക്കും മാന്യമായി പ്രവർത്തിക്കാനും തുടങ്ങിയത്.
അദ്ഭുതങ്ങൾ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ലെങ്കിലും ജീവിതത്തിന്റെ സൗന്ദര്യം കാണുവാൻ നാം ശ്രദ്ധിക്കണം. അതു മാത്രം പോരാ. ബുള്ളിമോർ ചെയ്തതുപോലെ ഓരോ ദിവസവും കൂടുതൽ കൂടുതലായി മാനുഷികമായ രീതിയിൽ പെരുമാറുവാനും നാം യത്നിക്കണം. അതോടൊപ്പം നമ്മുടെ ഓരോ വാക്കും പ്രവൃത്തിയും ഏറ്റവും മാന്യമാണെന്നു നാം ഉറപ്പുവരുത്തുകയും വേണം.
നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യം പലപ്പോഴും നഷ്ടമാകുന്നതു നമ്മുടെ പെരുമാറ്റത്തിലെ ദൂഷ്യങ്ങൾ വഴിയല്ലേ? അതുപോലെ, നമ്മുടെ വാക്കും പ്രവൃത്തിയും മാന്യമല്ലാത്ത രീതിയിൽ വരുന്പോഴാണല്ലോ മറ്റുള്ളവരുടെ ജീവിതത്തിലെ സൗന്ദര്യവും ചോർന്നുപോകുന്നത്? നമ്മുടെ ജീവിതത്തിലെ ദുഃഖദുരിതങ്ങൾക്കിടയിലും ജീവിതത്തിന്റെ സൗന്ദര്യം കാണുവാൻ നമുക്കു ശ്രദ്ധിക്കാം. ആ സൗന്ദര്യം നഷ്ടമാകാതിരിക്കുവാൻ നമ്മുടെ വാക്കും പ്രവൃത്തിയും ഏറ്റവും മെച്ചവും കുറ്റമറ്റതുമാണെന്നു നമുക്ക് ഉറപ്പുവരുത്തുകയും ചെയ്യാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ