മേരി ടീച്ചര്‍ ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് അധിക നാളുകള്‍ ആയിരുന്നില്ല. തന്മൂലം ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ അല്പം പോരായ്മ ഉണ്ടായിരുന്നു. എന്നാല്‍ ടീച്ചറിന്റെ പ്രധാനപ്രശ്നം അതായിരുന്നില്ല. അത് അവരുടെ ക്ലാസിലെ വികൃതി പയ്യന് ആയ ബില്ലി ആയിരുന്നു. ടീച്ചര്‍ എത്ര നന്നായി പഠിപ്പിച്ചാലും ബില്ലി അടങ്ങിയിരിക്കില്ല. ഏതെങ്കിലും രീതിയില്‍ ക്ലാസിനു തടസ്സം സൃഷ്ടിക്കാനായിരുന്നു എപ്പോഴും അവന്റെ ശ്രമം. അത് ടീച്ചറിന് വലിയൊരു തലവേദനയായി മാറി.
ഒരു ദിവസം ക്ലാസ്സ് തുടങ്ങുന്നതിന് അല്പം മുന്‍പായി ടീച്ചര്‍ ക്ലാസിലെത്തി ഒരു കടലാസില്‍ എന്തോ എഴുതിക്കൊ ണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ബില്ലി ക്ലാസിലേക്ക് കടന്നു വന്നത്. ""ടീച്ചര്‍ എന്താണ് എഴുതുന്നത്'' ബില്ലി ടീച്ചറിന് അടുത്തുചെന്ന് അവൻ ചോദിച്ചു. അപ്പോള്‍ അപ്പോള്‍ ടീച്ചര്‍ പറഞ്ഞു, ""ഞാന്‍ ദൈവത്തിനുള്ള ഒരു പ്രാര്‍ഥന എഴുതുകയാണ്.'' ടീച്ചര്‍ എഴുതുന്നത് ഷോര്‍ട്ട് ഹാന്‍ഡിലായിരുന്നു എന്ന് മനസ്സിലാക്കിയ ബില്ലി ചോദിച്ചു, ""ദൈവത്തിന് ഷോര്‍ട്ട് ഹാന്‍ഡ് വായിക്കാന്‍ സാധിക്കുമോ?'' ഉടനെ ടീച്ചര്‍ പറഞ്ഞു, ""ദൈവത്തിന് എന്തും സാധിക്കും. ഈ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്കാന് പോലും.''
ഇത്രയും പറഞ്ഞിട്ട് പ്രാര്‍ഥന എഴുതിയ കടലാസുകള്‍ മേശയില്‍ ഇരുന്ന തന്റെ ബൈബിളിനുള്ളിൽ വച്ചിട്ട് ടീച്ചര്‍ ബോര്‍ഡില്‍ എന്തോ എഴുതാനായി തിരിഞ്ഞു. ഈ സമയത്ത് ബില്ലി ആ കടലാസ് വേഗം ബൈബിളില്‍ നിന്ന് എടുത്ത സ്വന്തം പോക്കറ്റിലിട്ടു. പിന്നീടത് തന്റെ ടൈപ്പിംഗ് ബുക്കില്‍ വച്ചു. അതേത്തുടര്‍ന്ന് ബില്ലി കടലാസിന്റെ കാര്യം മറന്നു പോവുകയും ചെയ്തു. 20 വര്‍ഷം കഴിഞ്ഞ് ഒരു ദിവസം എന്തോ കാര്യത്തിനു വേണ്ടി പഴയ സാധനങ്ങള്‍ സൂക്ഷിച്ചുവച്ചിരുന്ന ഒരു പെട്ടി ബില്ലി തുറക്കാനിടയായി. അപ്പോൾ പഴയ ടൈപ്പിംഗ് ബുക്ക് ബില്ലിയുടെ ശ്രദ്ധയിൽപ്പെട്ടു. കൗതുകത്തോടെ ബില്ലി അതു മറിച്ചുനോക്കി. ഉടൻ ശ്രദ്ധയിൽപ്പെട്ടത് ബില്ലി പണ്ട് ടീച്ചറുടെ ബൈബിളിൽനിന്നെടുത്ത പ്രാർഥനയുടെ കടലാസായിരുന്നു.
നിറംമങ്ങിയ കടലാസിലേക്ക് ബില്ലി നോക്കി. അതിൽ ഷോർട്ട്ഹാൻഡിൽ എഴുതിയിരുന്ന പ്രാർഥന ബില്ലി കണ്ടു. പക്ഷേ ഷോർട്ട്ഹാൻഡ് വായിക്കാനുള്ള പരിജ്ഞാനം ബില്ലിക്കില്ലായിരുന്നു. തന്മൂലം ആ പ്രാർഥന എന്താണെന്ന് മനസിലാക്കാൻ ബില്ലിക്ക് സാധിച്ചില്ല. പിറ്റേദിവസം ഓഫീസിൽ പോയപ്പോൾ ആ കടലാസും ബില്ലി കൊണ്ടുപോയി.
ഷോർട്ട്ഹാൻഡ് വശമുള്ള ആളായിരുന്നു ബില്ലിയുടെ സെക്രട്ടറി. പ്രാർഥന എഴുതിയിരുന്ന കടലാസ് സെക്രട്ടറിക്കു നൽകിക്കൊണ്ട് അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നു വിശദീകരിക്കാൻ ആവശ്യപ്പെട്ടു. സെക്രട്ടറി അതു വായിച്ചശേഷം പറഞ്ഞു, ""ഇതിൽ എഴുതിയിരിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. ഞാൻ വൈകുന്നേരം പോകുന്നതിനു മുൻപായി ഇതിൽ എഴുതിയിരിക്കുന്ന കാര്യം ടൈപ്പ് ചെയ്ത് അങ്ങയുടെ മേശപ്പുറത്ത് വച്ചേക്കാം.''
അന്നു വൈകുന്നേരം ഓഫീസിൽനിന്നു പോകുന്നതിനു മുൻപായി ബില്ലി ആ പ്രാർഥന വായിച്ചു. അത് ഇപ്രകാരമായിരുന്നു, ""എന്റെ ദൈവമേ, എന്റെ ജോലി പരാജയപ്പെടുവാൻ അനുവദിക്കല്ലേ. ബില്ലി പ്രശ്നമുണ്ടാക്കിയാൽ എനിക്ക് എന്റെ ക്ലാസ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കില്ല. അവൻ ഒരുപക്ഷേ വളരെ നല്ലവനോ അല്ലെങ്കിൽ ഏറെ ദുഷ്ടനോ ആയിത്തീരാൻ സാധ്യതയുള്ളവനാണ്. അവന്റെ ഹൃദയത്തെ സ്പർശിക്കണമേ.''
ഈ പ്രാർഥന വായിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപു മാത്രം വലിയൊരു തിന്മ ചെയ്യുന്നതിനെക്കുറിച്ച് ബില്ലി ആലോചിച്ച് ഉറപ്പിച്ചതാണ്. ആ പ്രാർഥന വായിച്ചപ്പോൾ ബില്ലി നടുങ്ങിപ്പോയി. അടുത്തദിവസങ്ങളിൽ ബില്ലി ആ പ്രാർഥന വീണ്ടും വീണ്ടും വായിച്ചു. അതിന്റെ ഫലമായി ബില്ലി പ്ലാൻ ചെയ്തിരുന്ന തിന്മ ചെയ്യുന്ന കാര്യം ഉപേക്ഷിച്ചു. എന്നുമാത്രമല്ല, അടുത്ത കുറേ ദിവസങ്ങൾക്കുള്ളിൽ തന്റെ മുൻ ടീച്ചറെ കണ്ടുപിടിച്ച് അവർ ഷോർട്ട്ഹാൻഡിൽ എഴുതിയ പ്രാർഥനയ്ക്ക് നന്ദി പറയുകയും ആ പ്രാർഥന എങ്ങനെ ഫലപ്രദമായി എന്നു വിശദീകരിക്കുകയും ചെയ്തു.
വർഷങ്ങൾക്കു മുൻപ് "ഗൈഡ് പോസ്റ്റ്' എന്ന പ്രചോദനാത്മക മാസികയിൽ പ്രസിദ്ധീകരിച്ചിരുന്ന ഒരു സംഭവകഥയാണിത്. ഇതിന്റെ ചുരുക്കം "സൺഡേ ഹോമിലീസി'ൽ ഫാ. മാർക്ക് ലിങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നമ്മുടെ പ്രാര്‍ഥനകള്‍ക്ക് തീര്‍ച്ചയായും വലിയ ശക്തിയുണ്ട്. എന്നാല്‍ ആ ശക്തി എപ്പോഴും നമുക്ക് ദൃശ്യമായി എന്നുവരില്ല. നമ്മുടെ പ്രാര്‍ഥനകള്‍ക്ക് ഉടനെ ഫലം കാണാതെ വരുമ്പോള്‍ നമ്മുടെ പ്രാര്‍ഥനയുടെ ശക്തിയെ കുറിച്ച് നമുക്ക് സംശയം തോന്നും. എന്നാല്‍ നമ്മുടെ പ്രാര്‍ഥനയ്ക്ക് ഇന്നല്ലെങ്കില്‍ നാളെ ഫലം ഉണ്ടാകും എന്നത് തീര്‍ച്ചയാണ്.
ബില്ലിയുടെ ടീച്ചര്‍ എഴുതിയ പ്രാര്‍ഥനയുടെ ഫലം 20 വര്‍ഷത്തിനുശേഷം ആയിരുന്നല്ലോ പൂര്‍ണമായും ഫലമണിഞ്ഞത്. നമ്മുടെ പ്രാര്‍ഥനകള്‍ക്ക് വലിയ ശക്തിയുണ്ട്. കാരണം നാം പ്രാര്ഥിക്കുന്നതുതന്നെ ദൈവം നമ്മെ തോന്നിപ്പിക്കുന്നതുകൊണ്ടാണ്. എന്നാല്‍ പ്രാര്‍ഥനയിലൂടെ നാം ചോദിക്കുന്ന കാര്യങ്ങളെല്ലാം ദൈവം തോന്നിപ്പിക്കുന്നതാണ് എന്ന് അര്‍ഥമില്ല. നമ്മുടെ പ്രാര്‍ഥനകള്‍ക്ക് ശക്തി ഉണ്ടാകാന്‍ കാരണം പ്രാര്‍ഥന വഴി നാം ദൈവവുമായി ബന്ധപ്പെടുന്നു എന്നതുകൊണ്ടാണ്. ദൈവവുമായുള്ള നമ്മുടെ ബന്ധമാണ് നമ്മുടെ പ്രാര്‍ഥനയുടെ ശക്തി. ഈ ബന്ധം വര്ദ്ധിക്കുന്നതാകട്ടെ നമ്മുടെ പ്രാര്‍ഥനവഴിയും.
അതേ നമ്മുടെ പ്രാര്‍ഥനകള്‍ക്ക് വലിയ ശക്തിയുണ്ട്. നമ്മുടെ പ്രാര്‍ഥനകള്‍ക്ക് നാം ആഗ്രഹിക്കുന്ന ഉത്തരം ലഭിക്കാത്തപ്പോഴും നമ്മുടെ പ്രാര്‍ഥന വൃഥാവിലാകുന്നില്ല. കാരണം എപ്പോഴൊക്കെ പ്രാർഥിക്കുന്നു അപ്പോഴൊക്കെ ദൈവം ആവശ്യമായ അനുഗ്രഹങ്ങളും നല്കുന്നു എന്നതാണ് വസ്തുത അതുതന്നെയാണ് നമ്മുടെ പ്രാര്‍ഥനയുടെ യഥാര്‍ഥ ശക്തിയും.