നന്ദി പറയുന്നതിലും നന്ദിയുടെ വാക്കുകൾ എഴുതി അയയ്ക്കുന്നതിലും മറ്റു പല സംസ്കാരങ്ങളുടെയും പിന്നിലായ മലയാളികളായ നമുക്കു ഡോ. സ്റ്റാൻലിയുടെ കഥ ആശ്ചര്യകരമായി തോന്നാം. എന്നാൽ അദ്ദേഹം പറയുന്നതു എത്രയോ ശരിയായ കാര്യമാണ്. ഈ കഥ കേൾക്കുക...
പ്രസിദ്ധമായ ഒരു ജനറൽ ഹോസ്പിറ്റലിലെ റെസിഡൻസി പ്രോഗ്രാമിലേക്ക് അപേക്ഷകരായ ജൂണിയർ ഡോക്ടർമാരെ ഇന്റർവ്യൂ ചെയ്യുന്ന രംഗം. ഇന്റർവ്യൂവിനിടയിൽ ചോദ്യകർത്താവ് ഡോ. മൈക്കിൾ സ്റ്റാൻലി ഒരു അപേക്ഷകനോടു ചോദിച്ചു: "ജീവിതത്തിൽ നിങ്ങളെ നന്ദിയുള്ളവനാക്കുന്ന കാര്യം എന്താണ്?' അപ്പേൾ അപേക്ഷകൻ ചോദ്യകർത്താവിനു തൃപ്തികരമായ ഒരു മറുപടി പറഞ്ഞു.
അന്നു വൈകിട്ട് പോസ്റ്റ് ഇന്റർവ്യൂ ഡിന്നറിനിടയിൽ ഒരു അപേക്ഷകൻ ഡോ. സ്റ്റാൻലിയോടു ചോദിച്ചു: "അങ്ങയെ നന്ദിയുള്ളവനാക്കുന്ന കാര്യം എന്താണ്?' ഉടനെ അദ്ദേഹം തന്റെ ഹാൻഡ് ബാഗ് തുറന്നു താൻ പുതുതായി വാങ്ങിച്ച സാധനങ്ങൾ ചോദ്യകർത്താവിനെ കാണിച്ചു. അവ കത്തെഴുതുവാനുള്ള പ്രത്യേക കടലാസും കവറുമായിരുന്നു.
അതിനുശേഷം ഡോ. സ്റ്റാൻലി രണ്ടുകഥകൾ പറഞ്ഞു: ആദ്യത്തെ കഥ അദ്ദേഹം സ്കൂളിൽ പഠിക്കുന്ന അവസരത്തിലേതായിരുന്നു. അക്കാലത്തു സ്കൂളിലെ മ്യൂസിക് ഗ്രൂപ്പിലെ കീ ബോർഡ് വായനക്കാരൻ സ്റ്റാൻലി ആയിരുന്നു. ഒരിക്കൽ പാർക്കിൽ വച്ചു നടത്തിയ സംഗീത പരിപാടിയിൽ സ്റ്റാൻലി ശരിക്കും തിളങ്ങി. അതേത്തുടർന്നു സ്റ്റാൻലിയെക്കുറിച്ചു പത്രത്തിൽ വാർത്തയും ഫോട്ടോയും വന്നു.
സ്റ്റാൻലിയുടെ പിതാവിന്റെ സുഹൃത്തായ ഒരാൾ അതു കാണുവാനിടയായി. അദ്ദേഹം ആ വാർത്തയും ഫോട്ടോയും പത്രത്തിൽ നിന്നു മുറിച്ചെടുത്തു ലാമിനേറ്റ് ചെയ്തു സ്റ്റാൻലിക്ക് അയച്ചുകൊടുത്തു. അതു കണ്ടപ്പോൾ സന്തോഷചിത്തനായ സ്റ്റാൻലി അദ്ദേഹത്തിനു നന്ദി പറയുവാൻ തന്റെ പിതാവിനെ ചുമതലപ്പെടുത്തി.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ സ്റ്റാൻലിക്കു മെയിൽ വഴി ഒരു പായ്ക്കറ്റു ലഭിച്ചു. ആ പായ്ക്കറ്റിൽ കത്തെഴുതുവാനുള്ള ഒരു കടലാസും കവറും ഒട്ടിക്കുവാനുള്ള സ്റ്റാന്പും ഉണ്ടായിരുന്നു. ഇതു ലഭിച്ചപ്പോൾ സ്റ്റാൻലി പിതാവിനോടു ചോദിച്ചു: ""എന്താണ് ഇതിന്റെ അർഥം. അപ്പോൾ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "നിനക്ക് ഊഹിക്കാവുന്നതേയുള്ളൂ'.
ഉടനെ സ്റ്റാൻലിക്കു കാര്യം മനസിലായി. ഒരു താങ്ക്-യു ലെറ്റർ എഴുതുവാനുള്ള ഓർമപ്പെടുത്തലായിരുന്നു അത്. സ്റ്റാൻലിയുടെ പിതാവിനോടു മുൻകൂട്ടി പറഞ്ഞതിനുശേഷമായിരുന്നു പിതാവിന്റെ ആ സുഹൃത്ത് സ്റ്റാൻലിക്ക് കടലാസും കവറും സ്റ്റാന്പും അയച്ചുകൊടുത്തത്. സ്റ്റാൻലി വേഗം പിതാവിന്റെ സുഹൃത്തിനും തന്നെക്കുറിച്ച് പത്രത്തിൽ വാർത്ത എഴുതിയ റിപ്പോർട്ടർക്കും അയച്ചു.
ഇനി ഡോ. സ്റ്റാൻലി പങ്കുവച്ച രണ്ടാമത്തെ കഥ: സ്റ്റാൻലി താങ്ക്യു ലെറ്റർ അയച്ചതിനെത്തുടർന്നു സ്റ്റാൻലിയും റിപ്പോർട്ടറായ ഷോണും ആത്മസുഹൃത്തുക്കളായി മാറി. വർഷങ്ങൾ ചിലതു കഴിഞ്ഞു സ്റ്റാൻലി ബോസ്റ്റണിൽ കോളജ് വിദ്യാഭ്യാസം നടത്തുന്ന കാലം. അക്കാലത്തു ഷോൺ തന്റെ പിതാവിന്റെ ചികിത്സയ്ക്കായി മെയ്ൻ സംസ്ഥാനത്തുനിന്നു ബോസ്റ്റണിലെത്തി. അപ്പോൾ അവരുടെകൂടെ സ്റ്റാൻലിയും പോയി. ഒരു ന്യൂറോളജിസ്റ്റിനെ ആയിരുന്നു അവർ അന്നു സന്ദർശിച്ചത്. ന്യൂറോളജിസ്റ്റുമായി സംസാരിക്കുന്നതിനിടയിൽ ഷോണിന്റെ പിതാവ് ഡോക്ടറോടു പറഞ്ഞു: "ഈ സ്റ്റാൻലി മിടുക്കനായ ഒരു കോളജ് വിദ്യാർഥിയാണ്. വേനലവധിക്കാലത്തു സ്റ്റാൻലിക്കു ഡോക്ടറുടെ ഓഫീസിൽ ഒരു ജോലി കൊടുക്കുന്നതു നന്നായിരിക്കും.'
ആ വേനലവധിക്കു സ്റ്റാൻലി ആ ഡോക്ടറുടെ ഓഫീസിൽ ജോലി ചെയ്തു. അപ്പോഴാണു ഭാവിയിൽ എന്താണ് ചെയ്യേണ്ടതെന്നു തീർച്ചയില്ലാതിരുന്ന സ്റ്റാൻലി ഡോക്ടറാകാൻ തീരുമാനിച്ചതും പിന്നീട് ന്യൂറോളജിയിൽ ഉന്നത പരിശീലനം നേടിയതും.
ഈ രണ്ടു കഥകളും പറഞ്ഞതിനുശേഷം ഡോ. സ്റ്റാൻലി തന്റെ ഒരു നിരീക്ഷണം പങ്കുവച്ചു. "നന്ദിയുടെ വാക്കുകൾ ഉൾക്കൊള്ളുന്ന ഒരു ചെറിയ കഷണം കടലാസിന് ഒരു ദൈവിക ചൈതന്യം ഉണ്ട് - അത് എഴുതുന്ന ആളിന്റെയും അതു സ്വീകരിക്കുന്ന ആളിന്റെയും ജീവിതത്തെ നല്ല രീതിയിൽ മാറ്റിമറിക്കുവാനുള്ള ഒരു ശക്തി.'
2019 ഡിസംബർ 28-29 തീയതികളിലേക്കായി ഒന്നിച്ചു പ്രസിദ്ധീകരിച്ചിരുന്ന "ദ വാൾ സ്ട്രീറ്റ് ജേർണൽ' എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണു തന്റെ രണ്ടു കഥകളും നിരീക്ഷണവും ഡോ. സ്റ്റാൻലി അവതരിപ്പിച്ചിരിക്കുന്നത്. ലേഖനത്തിൽ പറയുന്നതനുസരിച്ച് അദ്ദേഹം താങ്ക്യൂ ലെറ്ററുകൾ അയയ്ക്കുന്നതിൽ ശ്രദ്ധാലുവാണത്രേ. പ്രത്യേകിച്ചും വർഷാവസാനത്തിൽ നന്ദി പറയുന്നതിലും നന്ദിയുടെ വാക്കുകൾ എഴുതി അയയ്ക്കുന്നതിലും മറ്റു പല സംസ്കാരങ്ങളുടെയും പിന്നിലായ മലയാളികളായ നമുക്കു ഡോ. സ്റ്റാൻലിയുടെ കഥ ആശ്ചര്യകരമായി തോന്നാം. എന്നാൽ അദ്ദേഹം പറയുന്നത് എത്രയോ ശരിയായ കാര്യമാണ്. നന്ദിയുടേതായ വാക്കുകൾക്കും എഴുത്തുകൾക്കും വലിയ മാസ്മരിക ശക്തിയുണ്ട്. ആ ശക്തി നന്ദി പറയുന്ന ആളിന്റെയും നന്ദി സ്വീകരിക്കുന്ന ആളിന്റെയും ജീവിതത്തെ മാറ്റി മറിക്കുക തന്നെ ചെയ്യും. ഡോ. സ്റ്റാൻലിയുടെ ജീവിതത്തിൽ നാം അതാണല്ലോ കാണുന്നത്.
2020 എന്ന പുതിയ വർഷത്തിലേക്കു നാം കടക്കുന്പോൾ പുതിയ വർഷത്തിലെ പ്ലാനുകളും പദ്ധതികളുമായിരിക്കും നമ്മുടെ മനസിൽ മുഴുവനും. അതിൽ തെറ്റുപറ്റില്ല. എന്നാൽ അതോടൊപ്പം കടന്നുപോയ വർഷത്തിലെ നന്മകളെക്കുറിച്ചു നമുക്കു നന്ദിയുമുണ്ടായിരിക്കണം. പ്രത്യേകിച്ചു ദൈവത്തോട്.
ദൈവത്തിന്റെ അനന്തപരിപാലനയിലാണല്ലോ നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത്. ആ പരിപാലനയുടെ ഭാഗമായിട്ടാണ് നാം നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും മറ്റുള്ളവരിൽ നിന്നു വിവിധ നന്മകൾ സ്വീകരിക്കുന്നത്. അപ്പോൾ നാം അവരോടു കൃതജ്ഞതയുള്ളവരായിരിക്കണം. അതിലുപരിയായി ദൈവത്തോടു നമുക്കു നന്ദിയുണ്ടാവണം.
നമ്മുടെ നന്ദി ഹൃദയത്തിൽ നാം സൂക്ഷിച്ചാൽ മാത്രം പോരാ. അതു നന്ദി നിർഭരമായ പ്രാർഥനയിലൂടെ നാം ദൈവത്തെ അറിയിക്കണം. അതുപോലെ, വാക്കുകളിലൂടെയോ കത്തുകളിലൂടെയോ നന്ദി പ്രവൃത്തികളിലൂടെയോ മറ്റുള്ളവരെയും നാം അറിയിക്കണം. അപ്പോഴാണു നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെട്ടതായി മാറുന്നത്. എല്ലാവർക്കും നവവത്സര മംഗളങ്ങൾ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ