പ്രജാവത്സലനായിരുന്ന ഒരു രാജാവ്. അദ്ദേഹം ഇടയ്ക്കിടെ പ്രജകളെ സന്ദർശിക്കുവാനിറങ്ങും. അതിനിടയിലാണു വഴിവക്കിലൊരു യാചകനെ കണ്ടത്. കീറിപ്പറിഞ്ഞ വസ്ത്രമാണ് അയാൾ ധരിച്ചിരുന്നതെങ്കിലും അയാളുടെ മുഖം പ്രസന്നമായിരുന്നു. രാജാവ് അയാൾക്കു കുറെ ചെറിയ നാണയത്തുട്ടുകൾ ഇട്ടുകൊടുത്തു. അയാൾ പുഞ്ചിരിയോടെ കൈകൾ കൂപ്പി രാജാവിനു നന്ദിപറഞ്ഞു. രാജാവ് അതു ശ്രദ്ധിച്ചു തലകുലുക്കി തന്റെ കുതിരപ്പുറത്തു മുന്നോട്ടുപോയി.
കുറെ നാൾ കഴിഞ്ഞു രാജാവ് വീണ്ടും ആ വഴിയെ പോകുവാനിടയായി. അപ്പോഴും ആ യാചകൻ വഴിവക്കിലുണ്ടായിരുന്നു. രാജാവിനെ കണ്ട ഉടനെ അയാൾ കൈകൾ കൂപ്പി പുഞ്ചിരിയോടെ രാജാവിനെ വന്ദിച്ചു. രാജാവ് അപ്പോഴും അയാൾക്കു കുറെ നാണയത്തുട്ടുകൾ ഇട്ടുകൊടുത്തു. അയാൾ ഇരുകൈകളും കൂപ്പി രാജാവിനു നന്ദിപറഞ്ഞു. അപ്പോൾ രാജാവ് അതു ശ്രദ്ധിച്ചു തലകുലുക്കി മുന്നോട്ടുപോയി.
താൻ ആ യാചകനെ കാണുന്പോഴൊക്കെ അയാൾ ഏറെ സന്തോഷവാനാണല്ലോ എന്നു രാജാവ് ഓർമിച്ചു. ജീവിക്കുവാൻ വകയില്ലാത്തവനായ അയാൾക്ക് എങ്ങനെ സന്തോഷിക്കാനാവും? രാജാവ് സ്വയം ചോദിച്ചു. എനിക്കു രാജ്യവും അധികാരവും സന്പത്തുമൊക്കെയുണ്ടെങ്കിലും തന്റെ ഉള്ളിൽ സന്തോഷമില്ലല്ലോ എന്നു രാജാവ് അനുസ്മരിച്ചു.
അടുത്ത കുറെ ദിവസങ്ങളിൽ രാജാവ് വീണ്ടും ആ വഴിയെ പോയി. അപ്പോഴൊക്കെ എപ്പോഴും പ്രസന്നവദനനായ യാചകനെയാണു രാജാവ് കണ്ടത്. ഒരു ദിവസം യാചകനെ കണ്ടപ്പോൾ രാജാവ് കുതിരപ്പുറത്തുനിന്നിറങ്ങി യാചകനെ സമീപിച്ചു ചോദിച്ചു: ""എന്തുകൊണ്ടാണു നീ എപ്പോഴും പുഞ്ചിരിക്കുന്നത്? ഞാൻ കാണുന്പോഴൊക്കെ നീ വലിയ സന്തോഷവാനാണല്ലോ.''
""അതെ, ഞാൻ എപ്പോഴും സന്തോഷവാനാണ്,'' യാചകൻ മറുപടി പറഞ്ഞു. ""എന്താണ് നിന്റെ സന്തോഷത്തിന്റെ കാരണം? നിനക്കു പണമുണ്ടോ?'' രാജാവ് ചോദിച്ചു. ""ഇല്ല, എനിക്കു പണമില്ല,'' അയാൾ പറഞ്ഞു. ""എന്നാൽ, ഓരോ ദിവസം കഴിഞ്ഞു പോകുവാനുള്ള വക എനിക്കു കിട്ടുന്നുണ്ട്.''
""നിനക്കു വീടുണ്ടോ? കുടുംബമുണ്ടോ?'' രാജാവ് ചോദിച്ചു. ""ഇല്ല, എനിക്കു വീടും കുടുംബവുമില്ല,'' അയാൾ പറഞ്ഞു. ""കാറ്റുപോലെ ഈ ലോകത്തിൽ ഞാൻ അലഞ്ഞു നടക്കുന്നു.''
""ഒരുപക്ഷേ നിനക്കു നല്ല ആരോഗ്യമുണ്ടായിരിക്കും,'' രാജാവ് പറഞ്ഞു. ""ഇല്ല തിരുമേനി ഇല്ല,'' അയാൾ പറഞ്ഞു. ""എന്റെ ദേഹം മുഴുവൻ എപ്പോഴും വേദനയാണ്. എന്റെ പല്ലുകളെല്ലാം തന്നെ കൊഴിഞ്ഞുപോയി.''
""അങ്ങനെയെങ്കിൽ നിന്റെ സന്തോഷത്തിന്റെ രഹസ്യം എന്താണ്?'' രാജാവ് ചോദിച്ചു. ""എനിക്ക് എല്ലാം ഉണ്ടെങ്കിലും ഞാൻ സന്തോഷവാനല്ലല്ലോ.''
അപ്പോൾ അയാൾ പറഞ്ഞു: ""ഞാൻ തെരഞ്ഞെടുത്ത ജീവിതരീതിയല്ലിത്. എന്റെ ജീവിതസാഹചര്യത്തിൽ അങ്ങനെയായിപ്പോയി എന്നുമാത്രം. ആരോഗ്യമുണ്ടായിരുന്നുവെങ്കിൽ ഞാൻ എന്തെങ്കിലും ജോലി കണ്ടെത്തുമായിരുന്നു. നിർബന്ധിക്കപ്പെടുന്നതുകൊണ്ടാണ് ഞാൻ ഭിക്ഷയാചിക്കുന്നത്.''
രാജാവ് അയാളെ ശ്രദ്ധിച്ചു കേട്ടുനിൽക്കുന്പോൾ അയാൾ തുടർന്നു: ""എല്ലാ ദിവസവും ഭിക്ഷയെടുത്തു ജീവിക്കുവാനെങ്കിലും സാധിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. അതുപോലും സാധിക്കാത്തവർ എത്രയോ പേരുണ്ട് ഈ ലോകത്തിൽ! ഒന്നുമല്ലെങ്കിലും ശുദ്ധവായു ശ്വസിക്കാനും കണ്ണുതുറന്നു വിശാലമായ ലോകം കാണാനും അലഞ്ഞുതിരിഞ്ഞാണെങ്കിലും നടക്കുവാനും എനിക്കു സാധിക്കുന്നുണ്ടല്ലോ. ദൈവം നല്കുന്ന ഓരോ ദിവസത്തിനും നന്ദിപറഞ്ഞു സന്തോഷമായി ജീവിക്കുവാൻ ഞാൻ ശ്രമിക്കുന്നു. അതുതന്നെ എന്റെ സന്തോഷത്തിനു കാരണം.''
""നിനക്കു പരാതികൾ ഇല്ലെന്നാണോ നീ പറയുന്നത്?'' രാജാവ് ആശ്ചര്യപൂർവം ചോദിച്ചു. ഉടനെ അയാൾ പറഞ്ഞു: ""പരാതിപ്പെടുന്നതിനു പകരം ജീവിതത്തിലെ വെല്ലുവിളികളെ എനിക്കു സാധിക്കുന്നതുപോലെ നേരിടുവാനാണു ഞാൻ ശ്രമിക്കുന്നത്. ദൈവം എനിക്കതിനു കൃപ തരുന്നുമുണ്ട്.''
യാചകന്റെ വാക്കുകൾ കേട്ടപ്പോൾ രാജാവിന്റെ ചിന്ത പോയതു തനിക്കെന്തു പിണഞ്ഞു എന്നായിരുന്നു. എല്ലാം ഉണ്ടായിട്ടും ദൈവത്തിനു നന്ദി പറഞ്ഞു ജീവിക്കുവാൻ സാധിക്കാതെ പോയതാണു തന്റെ സന്തോഷക്കുറവിന്റെ കാരണം എന്ന് അദ്ദേഹം കണ്ടു. യാചകനു നല്ലൊരു തുക അന്നു സംഭാവന നല്കിക്കൊണ്ടായിരുന്നു രാജാവ് കൊട്ടാരത്തിലേക്കു മടങ്ങിയത്.
നമ്മുടെ ജീവിതത്തിൽ സന്തോഷക്കുറവുണ്ടെങ്കിൽ അതിന്റെ കാരണം പണത്തിന്റെ അഭാവമാണെന്നു നമുക്കു തോന്നാം. അല്ലെങ്കിൽ ആരോഗ്യത്തിന്റെ കുറവാണെന്നു നാം അനുമാനിച്ചേക്കാം. അതുമല്ലെങ്കിൽ മറ്റു ജീവിതസുഖങ്ങളുടെ പോരായ്മയാണെന്നു നാം വിശ്വസിച്ചേക്കാം. എന്നാൽ ഈ പറഞ്ഞ കുറവുകൾ ഒന്നുമില്ലെങ്കിലും നമുക്കു യഥാർഥ സന്തോഷമുണ്ടാകുമോ? ഒരിക്കലുമില്ല. അപ്പോൾപിന്നെ നമ്മുടെ സന്തോഷക്കുറവിന്റെ മൂലകാരണം എന്താണ്?
നമുക്ക് എന്തൊക്കെയുണ്ടോ അവയ്ക്കും നമുക്ക് ഇല്ലാത്തവയായി എന്തൊക്കെ ഉണ്ടോ അവയ്ക്കും ദൈവത്തിനു നന്ദിപറഞ്ഞ് അനുദിനം ജീവിക്കുവാൻ നമുക്കു സാധിച്ചാൽ തീർച്ചയായും ജീവിതത്തിലെ വിവിധ ദുഃഖങ്ങൾക്കിടയിലും നമുക്കു ഹൃദയസന്തോഷവും സമാധാനവും ഉണ്ടാകും എന്നതാണു വാസ്തവം. മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ യാചകനും അതാണു നമ്മെ അനുസ്മരിപ്പിക്കുന്നത്.
രാജാവിന് ഒന്നിന്റെയും കുറവില്ലായിരുന്നു. എങ്കിലും അദ്ദേഹത്തിനു ഹൃദയസന്തോഷം ഉണ്ടായിരുന്നില്ല. എന്നാൽ യാചകന് ഒന്നുമില്ലായിരുന്നു. എങ്കിലും ഹൃദയസന്തോഷമുണ്ടായിരുന്നു. അതിനു കാരണം ദൈവത്തോടു നന്ദിയുള്ള ഒരു ഹൃദയം ആ യാചകനുണ്ടായിരുന്നു എന്നതാണ്.
നമ്മുടെ ഹൃദയത്തിൽ നന്ദിയുണ്ടോ? പ്രത്യേകിച്ചും ദൈവത്തോടു നന്ദിയുണ്ടോ? അതിൽ പ്രത്യേകിച്ചും നമ്മുടെ കുറവുകൾക്കും ജീവിതത്തിലെ നിരവധിയായ വെല്ലുവിളികൾക്കും ബുദ്ധിമുട്ടുകൾക്കുമിടയിലും? എങ്കിൽ നമ്മുടെ ഉള്ളിൽ എപ്പോഴും സന്തോഷമുണ്ടാകും എന്നതിൽ സംശയം വേണ്ട.
നമുക്കു സന്തോഷക്കുറവുണ്ടെങ്കിൽ അത് ദൈവത്തിനും അവിടുത്തോടു നമുക്കുണ്ടായിരിക്കേണ്ട നന്ദിക്കും നമ്മുടെ ജീവിതത്തിൽ സ്ഥാനമില്ലാതെ പോകുന്നതുകൊണ്ടാണ്. ഇത് ഒരിക്കലും നമുക്കു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ