വലിയൊരു ദ്വീപായ അയർലൻഡിനടുത്ത വളരെ ചെറിയ ഒരു ദ്വീപാണ് ലോഗ് ഡെർഗ്. സെന്റ് പാട്രിക്കിന്റെ ശുദ്ധീകരണസ്ഥലം എന്നും ഇതറിയപ്പെടുന്നു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെന്റ് പാട്രിക് നാല്പതു രാവും നാല്പതു പകലും ഇവിടെ ഉപവാസത്തിലും പ്രാർഥനയിലും ചെലവഴിച്ചു എന്നാണു പാരന്പര്യം. ഇതേത്തുടർന്നു നൂറ്റാണ്ടുകളായി ക്രൈസ്തവ വിശ്വാസികൾ ഇവിടെ ഉപവാസത്തിനും പ്രാർഥനയ്ക്കുമായി പോകാറുണ്ട്.
കഴിഞ്ഞ നൂറ്റന്പതു വർഷത്തെ കണക്കനുസരിച്ചു ഇരുപതിലേറെ ലക്ഷം ആളുകൾ ഈ ദ്വീപിലെത്തി ഉപവാസത്തിനും പ്രാർഥനയ്ക്കുമായി ചെലവഴിച്ചിട്ടുണ്ട്. വ്യക്തികൾക്കു തനിച്ചും അതുപോലെ ഗ്രൂപ്പുകൾക്കും ഇവിടെ താമസിച്ച് ഉപവാസവും പ്രാർഥനയും നടത്താം. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന തീർഥാടനമാണ് ഇവിടത്തെ ഒരു പ്രത്യേകത. ഒരു ദിവസം മാത്രമായിട്ടും അല്ലെങ്കിൽ കൂടുതൽ ദിവസങ്ങൾ താമസിച്ചു പ്രാർഥിക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്.
മൂന്നു ദിവസത്തെ തീർഥാടനത്തിനായി എത്തുന്നവർക്കു വേണ്ടിയുള്ള ക്രമീകരണങ്ങൾ ഏതാണ്ട് ഇപ്രകാരമാണ്. തീർഥാടകർ ദ്വീപിലെത്തിയാലുടനെ ഷൂസും സോക്സുമൊക്കെ മാറ്റി നിഷ്പാദുകരായി മാത്രമേ നടക്കാവൂ. കൊടും തണുപ്പാണെങ്കിൽപ്പോലും ഷൂസും സോക്സും ധരിക്കാൻ അനുവാദമില്ല.
തീർഥാടകർ എത്തുന്ന ആദ്യ ദിവസം തന്നെ ഉപവാസം തുടങ്ങും. അന്ന് ഒരു നേരം ഉണക്കറൊട്ടിയും അല്പം സൂപ്പും മാത്രം കഴിക്കാൻ കിട്ടും. സമയത്തിലേറിയ പങ്കും പ്രാർഥനയ്ക്കായി ചെലവഴിക്കണം. ആദ്യ ദിവസം രാത്രിയിൽ മുഴുവൻ സമയവും ഉണർന്നിരുന്നു പ്രാർഥിക്കണം. ഉറങ്ങുവാൻ അനുവാദമില്ല. പ്രാർഥനയ്ക്കിടയിൽ ആരെങ്കിലും ഉറക്കം തൂങ്ങുവാൻ ഇടയായാൽ സഹ തീർഥാടകർ അയാളെ തട്ടിയുണർത്തണം.
രണ്ടാം ദിവസവും തീർഥാടകർ ഉപവാസവും പ്രാർഥനയും തുടരും. എന്നാൽ അന്നു രാത്രിയിൽ അവർക്ക് ഉറങ്ങുവാൻ അനുവാദമുണ്ട്. മൂന്നാം ദിവസവും ഉപവാസമുണ്ട്. അതോടൊപ്പം പ്രാർഥനയും. അന്ന് എല്ലാവരും കുന്പസാരിക്കണം. അതിനുശേഷം കുർബാനയോടെ തീർഥാടനം അവസാനിക്കും. അപ്പോൾ കാലിൽ സോക്സും ചെരിപ്പുമൊക്കെ ധരിച്ച് അവർക്കു മടങ്ങിപ്പോകാം. എന്നാൽ അവരുടെ മടക്കം എപ്പോഴും പുതിയ മനുഷ്യരായിട്ടാണത്രെ!
അതിനു കാരണമുണ്ട്. മൂന്നു ദിവസത്തെ തീർഥാടനത്തിനായി ഇവിടെ പോകുന്നവർ വെറും കൗതുകം കൊണ്ടു പോകുന്നതല്ല. അവർ ശരിക്കും ഉപവസിക്കാനും പ്രാർഥിക്കുവാനും അങ്ങനെ തങ്ങളിൽ വലിയ മാറ്റം വരുത്തണമെന്നും ആഗ്രഹിച്ചുകൊണ്ടു പോകുന്നവരാണ്. തന്മൂലം, അവർ ഇവിടത്തെ ദിനചര്യകൾ ഗൗരവപൂർവം എടുക്കും. അവർ ഹൃദയം തുറന്നു പ്രാർഥിക്കും. ശരീരത്തിനു ശരിയായ ശിക്ഷണം നൽകുവാൻ വേണ്ടി ഉപവാസവും ഉറക്കമൊഴിവും ഉൾപ്പെടെയുള്ള പരിത്യാഗകർമങ്ങൾ അവർ ചെയ്യും. അപ്പോൾ സ്വാഭാവികമായും അവരുടെ ഹൃദയവും മനസും ദൈവത്തോടടുക്കും. അതുവഴിയായി അവരുടെ വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമൊക്കെ ഗുണമേന്മയുള്ള മാറ്റങ്ങൾ സംഭവിക്കും.
അങ്ങനെ തങ്ങളുടെ ആധ്യാത്മിക ജീവിതവും വ്യക്തിജീവിതവും മെച്ചപ്പെടുത്തിയായിരിക്കും അവർ വീണ്ടും അനുദിന ജീവിതത്തിലേക്കു പ്രവേശിക്കുക. അങ്ങനെയുള്ള അനുഭവമുള്ളതു കൊണ്ടാവണം ഓരോ വർഷവും നിരവധി തീർഥാടകർ ലോഗ് ഡെർഗ് എന്ന ദ്വീപിലെത്തുന്നത്. നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ഈ തീർഥാടനത്തിന്റെ ഫലം തീർഥാടകരുടെ അനുദിന ജീവിതത്തിന്റെ മൊത്തത്തിലുള്ള നവീകരണമാണ്.
ലോഗ് ഡെർഗിലെ മൂന്നു ദിവസത്തെ തീർഥാടനം പോലെയല്ലെങ്കിലും ക്രൈസ്തവസമൂഹം ഈ മാസം ലോകമെന്പാടും ആരംഭിക്കുന്ന അന്പതു നോന്പും ലക്ഷ്യം വയ്ക്കുന്നത് ആധ്യാത്മിക നവീകരണവും അതുവഴി മൊത്തത്തിലുള്ള ജീവിത നവീകരണവും തന്നെ. പ്രാർഥനയിലൂടെയും ഉപവാസത്തിലൂടെയും നമ്മുടെ ജീവിതത്തെ മൊത്തത്തിൽ നവീകരിക്കാൻ സാധിക്കും എന്ന ബോധ്യമാണ് ഈ നോന്പാചരണത്തിനു പിന്നിൽ.
എന്നാൽ നോന്പാചരണം വെറും ചടങ്ങായി അധഃപതിച്ചാൽ അതുവഴിയായി ആധ്യാത്മിക നവീകരണം നടക്കില്ല എന്നു വ്യക്തമാണല്ലോ. തന്മൂലം, നോന്പുകാലത്തെ പ്രത്യേക ഉപവാസവും പ്രാർഥനയുമൊക്കെ ഗൗരവമായി എടുത്താൽ മാത്രമേ പാപത്തിലേക്കു ചാഞ്ഞിരിക്കുന്ന നമ്മുടെ സ്വഭാവത്തെ നേരായ വഴിയിലേക്കു കൊണ്ടുവരുവാൻ നമുക്കു സാധിക്കൂ. നമ്മുടെ ചിന്തയും പ്രവൃത്തിയുമൊക്കെ കടിഞ്ഞാണില്ലാതെ തെറ്റായ വഴികളിലൂടെയാണു നീങ്ങുന്നതെങ്കിൽ നമുക്ക് ഉപവാസവും നോന്പുകാലത്തെ പ്രത്യേകം പ്രാർഥനകളുമൊക്കെ ആവശ്യമാണെന്നതിൽ സംശയമില്ല.
കാരണം, ഉപവാസവും പ്രാർഥനയും വഴിയായി നമുക്കു ലഭിക്കുന്ന ദൈവികശക്തിയിലൂടെ മാത്രമേ നമ്മുടെ ചിന്തയെയും പ്രവൃത്തിയെയും ശരിക്കും നിയന്ത്രണത്തിൽ കൊണ്ടുവരുവാൻ നമുക്കു സാധിക്കൂ. നമ്മുടെ ചിന്തയും പ്രവൃത്തിയും ശരിയായ വഴിയിലൂടെയാണു നീങ്ങുന്നതെന്നു തോന്നുന്പോഴും നമുക്ക് ഉപവാസവും പ്രാർഥനയും ദാനധർമ പ്രവൃത്തികളുമൊക്കെയുള്ള നോന്പാചരണം അവശ്യം തന്നെ. കാരണം, അപ്പോൾ മാത്രമേ ശരിയായ ലക്ഷ്യബോധം നഷ്ടപ്പെടാതെ നമുക്കു മുന്നോട്ടു പോകുവാൻ സാധിക്കൂ.
നോന്പാചരണത്തിന്റെ ഒരു പ്രത്യേകത നമ്മുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുവാനും അവയിൽനിന്നു മോചനം നേടുവാനും നമുക്കവസരം ലഭിക്കുന്നതു പോലെ നാം അതിനു പ്രോത്സാഹിക്കപ്പെടുന്നു എന്നുള്ളതാണ്. പശ്ചാത്താപവും പ്രായശ്ചിത്തവുമില്ലാത്ത നോന്പാചരണം നോന്പാചരണമല്ലല്ലോ. നമ്മുടെ ജീവിതത്തിലെ തെറ്റുകളെക്കുറിച്ചു നാം ശരിക്കു പശ്ചാത്തപിച്ച് അവയ്ക്കു പ്രായശ്ചിത്തം ചെയ്യുന്പോഴാണല്ലോ നമ്മുടെ പാപമോചനം നമുക്കനുഭവവേദ്യമാവുക.
നോന്പുകാലത്തെ നമ്മുടെ പശ്ചാത്താപവും പ്രായശ്ചിത്ത പ്രവൃത്തികളുമൊക്കെ നമ്മുടെ വ്യക്തിജീവിതത്തിലെ തെറ്റുകളെക്കുറിച്ചു മാത്രമാകരുത്. അതു നാം ഉൾപ്പെടുന്ന കുടുംബത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ തെറ്റുകളെക്കുറിച്ചു കൂടിയാവണം. എങ്കിൽ മാത്രമേ, വ്യക്തിജീവിതത്തിലെ തെറ്റുകുറ്റങ്ങൾ പരിഹരിക്കുന്നതോടൊപ്പം കുടുംബ-സമൂഹ ജീവിത തലങ്ങളിലെ തെറ്റുകൾക്കും കുറ്റങ്ങൾക്കും പരിഹാരമുണ്ടാകൂ. അവ കൂടി പരിഹരിക്കപ്പെടുന്പോൾ മാത്രമേ നമ്മുടെ നോന്പാചരണം യഥാർഥമാകൂ എന്നതു നമുക്കു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ