1613 മുതൽ 1917 വരെ റഷ്യയെ ഭരിച്ചിരുന്നത് റൊമാനോവ് രാജകുടുംബമായിരുന്നു. എന്നാൽ, 1917-ൽ നടന്ന രണ്ടു വിപ്ലവങ്ങളെത്തുടർന്നു റൊമാനോവ് രാജവാഴ്ച അവസാനിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റുവാങ്ങേണ്ടിവന്ന പരാജയങ്ങളും രാജ്യത്തെ സാന്പത്തിക തകർച്ചയും 1917 മാർച്ച് എട്ടു മുതൽ 16 വരെ നീണ്ടുനിന്ന ആദ്യവിപ്ലവത്തിനു വഴി തെളിച്ചു. അതേത്തുടർന്നു നിക്കോളാസ് രണ്ടാമൻ ചക്രവർത്തിക്കു സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു. പുതിയ ഭരണാധികാരികൾ ചക്രവർത്തിയെയും കുടുംബാംഗങ്ങളെയും സൈബീരിയയിലേക്കു നാടുകടത്തി അവിടെയുള്ള അലക്സാണ്ടർ പാലസിൽ താമസിപ്പിച്ചു.
ആ വർഷംതന്നെ നടന്ന ‘ഒക്ടോബർ വിപ്ലവ’ത്തിലൂടെ വ്ളാഡിമർ ലെനിന്റെ നേതൃത്വത്തിൽ ബോൾ ഷെവിക് കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്തു. അതിനു പിന്നാലെ അടുത്ത വർഷം ജൂലൈ 17-നു നിക്കോളാസ് ചക്രവർത്തിയെയും ഭാര്യ അലക്സാഡ്രായെയും മക്കളായ ഓൾഗ (22), ടാറ്റിയാന (21), മരിയ (19), അനസ്താസിയ (17), അലക്സി (13) എന്നിവരെയും ലെനിന്റെ ചെന്പട അതിക്രൂരമായി വെടിവച്ചു കൊന്നു.
റൊമാനോവ് രാജകുടുംബത്തിന്റെ കഥ സ്വാഭാവികമായും ഇവിടംകൊണ്ടവസാനിക്കേണ്ടതായിരുന്നു. എന്നാൽ, ഈ സംഭവം കഴിഞ്ഞു നൂറു വർഷത്തിനുശേഷവും ഈ രാജകുടുംബം നിരവധിയാളുകളുടെ ഭാവനയിൽ നിറഞ്ഞു നിൽക്കുകയാണ്. അതിനുള്ള കാരണം നിക്കോളാസ് ചക്രവർത്തിയുടെ നാലാമത്തെ പുത്രിയായ അനസ്താസിയായെ ചുറ്റിപ്പറ്റിയുള്ളതാണ്. ചെന്പടയുടെ റിപ്പോർട്ടനുസരിച്ചു ചക്രവർത്തിയും കുടുംബാംഗങ്ങളെല്ലാവരും വധിക്കപ്പെട്ടതാണ്. എന്നാൽ, ചിലരുടെ നിഗമനമനുസരിച്ച് അനസ്താഡിയായിക്കു വെടിയേറ്റെങ്കിലും അവൾ രക്ഷപ്പെട്ടത്രെ.
ഈ വാർത്തയുടെ പശ്ചാത്തലത്തിലാണ് ജർമനിയിൽ ഫാക്ടറി തൊഴിലാളിയായിരുന്ന ഫ്രാൻസിസ് കബ്കാൻസ്കോവ്സ്ക എന്ന ഒരു യുവതി താൻ അനസ്താസിയ ആണെന്ന് അവകാശവാദമുന്നയിച്ചത്. മാനസികാസുഖത്തെത്തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച ഈ യുവതിയെ ഒരു മാനസിക ചികിത്സാലയത്തിൽ താമസിപ്പിക്കുന്പോഴാണ് ഇവൾ അനസ്താസിയായോടു സാമ്യമുള്ളവളാണെന്ന് ആരോ പറഞ്ഞത്. അന്നുമുതൽ താൻ നിക്കോളാസ് രണ്ടാമന്റെ പുത്രിയായ അനസ്താസിയ ആണെന്നു പോളണ്ടുകാരിയായ ഇവൾ തറപ്പിച്ചു പറയാൻ തുടങ്ങി.
റഷ്യൻ ഭാഷ സംസാരിക്കാൻ ഈ യുവതിക്ക് അറിയില്ലായിരുന്നു. രാജകുടുംബവുമായി ബന്ധമുള്ളവർ അവളെ സന്ദർശിച്ചപ്പോൾ അവർ ആരാണെന്നു മനസിലാക്കാൻ അവൾക്കു സാധിച്ചില്ല. എന്നിട്ടും അവളുടെ അവകാശവാദം സമ്മതിച്ചുകൊടുക്കാൻ പലരും തയാറായി. 1922-ൽ ആയിരുന്നു താൻ അനസ്താസിയ ആണെന്ന് ആദ്യമായി അവൾ അവകാശവാദമുന്നയിച്ചത്. അതേത്തുടർന്ന് ഈ യുവതി അനസ്താസിയ ആണെന്ന ധാരണ നല്കുന്ന ആദ്യ സിനിമ 1928-ൽ പുറത്തിറങ്ങി. ഒരു നിശബ്ദ സിനിമയായിരുന്നു ഇത്.
പിന്നീട് 1956-ലും 1986-ലും 1997-ലും വിവിധ ഹോളിവുഡ് സിനിമകൾ അനസ്താസിയായെ ചുറ്റിപ്പറ്റി പുറത്തിറങ്ങി. ‘അനസ്താസിയ’ എന്ന പേരിൽ 1956-ൽ നിർമിക്കപ്പെട്ട ചിത്രത്തിൽ അനസ്താസിയയുടെ വേഷം അവതരിപ്പിച്ചത് ഇൻഗ്രിഡ് ബർഗ് മൻ ആയിരുന്നു. ഇൻഗ്രിഡിന് അക്കൊല്ലം ഏറ്റവും നല്ല നടിക്കുള്ള ഓസ്കർ അവാർഡും ലഭിച്ചു.
1997-ൽ നിർമിക്കപ്പെട്ട ‘അനസ്താസിയ’ എന്ന ഡിസ്നി ആനിമേഷൻ ചിത്രവും വന്പൻ വിജയമായിരുന്നു. ഈ ചിത്രത്തിലെ കഥയെ ആധാരമാക്കി 2017-ൽ ന്യൂയോർക്കിൽ ഒരു ബ്രോഡ് ഷോയും ആരംഭിച്ചു. 2020-ലും അനസ്താസിയ എന്ന പേരിൽ ഒരു പുതിയ സിനിമ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
ഇനി, താൻ അനസ്താസിയ ആണെന്ന് അവകാശപ്പെട്ട സ്ത്രീയുടെ കഥയിലേക്കു തിരിച്ചുവരട്ടെ. അന്ന ആൻഡേഴ്സണ് എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന ഈ സ്ത്രീ 1984-ൽ മരിക്കുന്നതുവരെ 63 വർഷക്കാലം താൻ അനസ്താസിയ ആണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ സ്ത്രീയുടെ മരണത്തിനുശേഷം നടന്ന ഡിഎൻഎ ടെസ്റ്റിൽ ഈ സ്ത്രീ യഥാർഥത്തിലുള്ള അനസ്താസിയ അല്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഈ കപടവേഷധാരിയെയും കൂട്ടിയിണക്കിയുള്ള അനസ്താഡിയ കഥകൾക്ക് അവസാനമുണ്ടായിട്ടില്ല.
താൻ അനസ്താസിയ ആണ് എന്ന് അവകാശപ്പെട്ട അന്ന ആൻഡേഴ്സണ് മരണംവരെ ആ നിലപാടിൽ ഉറച്ചുനിന്നു. ഈ ഇംപോസ്റ്ററെ, അതായത് കപടവേഷക്കാരിയെ വിശ്വസിക്കാനും ആളുകളുണ്ടായി. എന്നാൽ, ഇതേക്കുറിച്ച് നാം അദ്ഭുതപ്പെടേണ്ട. കാരണം, അന്ന ആൻഡേഴ്സനോടു കിടപിടിക്കുകയില്ലെങ്കിലും നമ്മിൽ പലരും കപടവേഷം ധരിക്കുന്നതിൽ അത്ര മോശക്കാരല്ല എന്നതാണു വാസ്തവം.
നാമാരും മറ്റൊരാളുടെ പേരു സ്വീകരിച്ച് ആ വ്യക്തി നമ്മളാണെന്നു സാധാരണയായി അവകാശപ്പെടില്ല. എന്നാൽ, നമ്മെക്കുറിച്ചുള്ള അവകാശവാദം പലപ്പോഴും നാം ആയിരിക്കുന്നതിലും അധികമല്ലേ? നാം നല്ലവരാണെന്നു സ്വയം നടിക്കുന്പോഴും അവകാശവാദം ഉന്നയിക്കുന്പോഴും നാം അപ്രകാരമുള്ളവരാണോ എന്നു നമുക്കു തീർച്ചയുണ്ടോ? പലപ്പോഴും നാം ആയിരിക്കുന്നതിലും കൂടുതൽ നല്ലവരാണെന്നു സ്വയം കരുതി നാം തൃപ്തിപ്പെടുകയല്ലേ പതിവ്? ഇതു കപടവേഷം ധരിക്കുന്നതിതിനു തുല്യമല്ലേ?
നാം ആയിരിക്കുന്നതിലും നല്ലവരാണെന്നു നടിച്ചാൽ അതേക്കുറിച്ചു നാം ലജ്ജിക്കണം. എന്നാൽ, അതിലും പ്രധാനപ്പെട്ട കാര്യം നാം ആരാണെന്നോ എന്തോ ആണെന്നോ നടിക്കുന്നത് അതുപോലെ എത്രയും വേഗം ആയിത്തീരുക എന്നതാണ്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനെക്കുറിച്ച് (1181- 1126) ഒരു കഥയുണ്ട്. ജീവിച്ചിരിക്കുന്ന കാലത്തുതന്നെ വിശുദ്ധനായി പരിഗണിക്കപ്പെട്ടിരുന്ന ഫ്രാൻസിസിനെ സമീപിച്ച് ഒരാൾ പറഞ്ഞു: അങ്ങ് ഒരു വിശുദ്ധനാണെന്നാണ് എല്ലാവരും പറയുന്നത്. അങ്ങ് അങ്ങനെതന്നെ ആയിരിക്കണം കേട്ടോ.’
നാം നല്ലവരാണെന്നു പറയുകയോ നടിക്കുകയോ ചെയ്യുന്നതിനു പകരം നാം യഥാർഥത്തിൽ നല്ലവരായിത്തീരുക എന്നതാണു പ്രധാനപ്പെട്ട കാര്യം. അതിനു പകരം നാം നല്ലവരുടെ കപടമുഖം ധരിച്ചാൽ നാം സത്യത്തിൽനിന്നും നന്മയിൽനിന്നും എത്രയോ അകലെയായിരിക്കും! അതു തി·യ്ക്കല്ലാതെ നമ്മുടെ നന്മയ്ക്കൊരിക്കലും വഴിതെളിക്കില്ല എന്നു വ്യക്തമല്ലേ?
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ