പുരാതന ഇന്ത്യയിലെ അതിബുദ്ധിമാന്മാരിൽ മുൻപന്തിയിൽ നില്ക്കുന്നയാളാണു ചാണക്യൻ. കൗടില്യൻ എന്ന പേരിലും അറിയപ്പെടുന്ന ഈ ബ്രാഹ്മണനാണു രാഷ്്ട്രീയ-സാന്പത്തിക കാര്യങ്ങളും യുദ്ധതന്ത്രങ്ങളുമൊക്കെ അവതരിപ്പിച്ചിരിക്കുന്ന അർഥശാസ്ത്രം എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ കർത്താവ്. അദ്ദേഹത്തിന്റെ സഹായത്താലാണത്രെ ബിസി നാലാം നൂറ്റാണ്ടിൽ ചന്ദ്രഗുപ്ത മൗര്യൻ തന്റെ വിഖ്യാതമായ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്.
ചന്ദ്രഗുപ്ത മൗര്യന്റെ പ്രധാന ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച ചാണക്യനെക്കുറിച്ച് ഒരു കഥയുണ്ട്. ഒരു ദിവസം നേരം ഇരുട്ടിയപ്പോൾ ഒരു സന്ദർശകൻ അദ്ദേഹത്തെ കാണാനെത്തി. വിദേശിയായ സന്ദർശകനെ കണ്ടപ്പോൾ ചാണക്യൻ അയാളെ ആദരിച്ചിരുത്തി. അതിനുശേഷം ക്ഷമാപണത്തോടെ തന്റെ ജോലി തുടർന്നു. ചക്രവർത്തിയുടെ പക്കൽ സമർപ്പിക്കേണ്ടിയിരുന്ന എന്തോ രേഖകളായിരുന്നു അത്. ജോലി വേഗം പൂർത്തിയാക്കിയശേഷം ഒരു സേവകൻവശം അതു കൊട്ടാരത്തിലേക്കു കൊടുത്തുവിട്ടു.
ഉടനെതന്നെ ചാണക്യൻ ഒരു വിളക്കെടുത്ത് അതു കത്തിച്ചു. അതിനുശേഷം, അതുവരെ കത്തിക്കൊണ്ടിരുന്ന വിളക്ക് അദ്ദേഹം അണച്ചു. നന്നായി കത്തിക്കൊണ്ടിരുന്ന ഒരു വിളക്ക് അണച്ചിട്ട് അതുപോലെതന്നെയുള്ള മറ്റൊരു വിളക്ക് ചാണക്യൻ കത്തിച്ചതു കണ്ടപ്പോൾ സന്ദർശകനു വളരെ കൗതുകം തോന്നി.
"ഇത് ഇന്നാട്ടിലെ പാരന്പര്യത്തിൽപ്പെട്ടതാണോ’ സന്ദർശകൻ ചോദിച്ചു. "ഒരു അതിഥി സന്ദർശിക്കുന്ന സമയം.’ "എന്തു പാരന്പര്യം’ചാണക്യൻ ചോദിച്ചു. അപ്പോൾ സന്ദർശകൻ പറഞ്ഞു: "ഞാൻ ഉദ്ദേശിച്ചത് ഒരു വിളക്കണച്ചിട്ടു മറ്റൊന്നു തെളിക്കുന്ന കാര്യമാണ്.’
"അങ്ങനെ പാരന്പര്യമൊന്നുമില്ല സുഹൃത്തേ,’ചാണക്യൻ പറഞ്ഞു. "നിങ്ങൾ ഇവിടേക്കു കടന്നുവന്നപ്പോൾ ഞാൻ ചക്രവർത്തിക്കുവേണ്ടിയുള്ള ഒൗദ്യോഗിക ജോലി ചെയ്യുകയായിരുന്നു. അതായത്, രാജ്യത്തിനുവേണ്ടിയുള്ള ജോലി. ആ ജോലി ചെയ്യുവാൻ ഞാൻ ഉപയോഗിച്ച എണ്ണ വാങ്ങിയതു ട്രഷറിയിൽനിന്നെടുത്ത ഗവണ്മെന്റിന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു. ആ ജോലി തീർന്നപ്പോൾ ഞാൻ ആ വിളക്കു കെടുത്തി.’
ചാണക്യൻ പറയുന്നതു സന്ദർശകൻ ശ്രദ്ധാപൂർവം കേട്ടിരിക്കുന്പോൾ അദ്ദേഹം തുടർന്നു: "നിങ്ങൾ സൗഹൃദ സംഭാഷണത്തിനു വന്നതായിരിക്കണം. അങ്ങനെയാവുന്പോൾ ഇപ്പോൾ ഞാൻ ചെയ്യുന്ന ജോലി ഗവണ്മെന്റുമായി വലിയ ബന്ധമുള്ളതല്ലല്ലോ. തന്മൂലമാണ് ട്രഷറിയിൽനിന്നുള്ള പണംകൊണ്ടു വാങ്ങിയ എണ്ണ ഉപയോഗിച്ചു കത്തിച്ചിരുന്ന വിളക്ക് ഞാൻ അണച്ചത്. ഇപ്പോൾ ഞാൻ കത്തിച്ചിരിക്കുന്ന വിളക്കിലെ എണ്ണയാകട്ടെ എന്റെ വ്യക്തിപരമായ പണംകൊണ്ടു വാങ്ങിയതാണ്.’
ചാണക്യതന്ത്രങ്ങൾ എന്നു പറയുന്നതു കുടില തന്ത്രങ്ങളാണ് എന്ന ധാരണ പൊതുവെ നമുക്കുള്ളപ്പോൾ ചാണക്യനെക്കുറിച്ചുള്ള ഈ കഥ എത്രമാത്രം വാസ്തവമാണെന്നു നമുക്കു സംശയം തോന്നാം. എന്നാൽ, ഈ കഥയും അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾക്കിടയിൽ നാം കാണുന്നുണ്ട്.
ഈ കഥയിൽ പറഞ്ഞിരിക്കുന്നതുപോലെ ചാണക്യൻ ചെയ്തോ എന്ന് അന്വേഷിച്ചു പോയിട്ടു കാര്യമില്ല. എന്നാൽ, അദ്ദേഹം ചെയ്തെന്നു പറഞ്ഞ കാര്യം നമ്മുടെ ചിന്തയ്ക്ക് വിഷയീഭവിക്കേണ്ടതും നമുക്കു മാതൃകയായിട്ടു സ്വീകരിക്കാവുന്നതുമാണ്. നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നമുക്കുണ്ടായിരിക്കേണ്ട സത്യസന്ധതയും വിശ്വസ്ഥതയുമൊക്കെയാണ് ഈ കഥ നമ്മുടെ അനുസ്മരിപ്പിക്കുന്നത്.
ചാണക്യൻ മാതൃക കാണിച്ചതുപോലെ, നമുക്ക് അർഹതയുള്ള കാര്യങ്ങൾ നാം സ്വീകരിക്കുകയും അർഹതയില്ലാത്തവ ആരിൽനിന്നും അപഹരിക്കാതിരിക്കുകയും ചെയ്യാതിരുന്നാൽ നമ്മുടെ സമൂഹം എത്രമാത്രം മെച്ചവും ശ്രേഷ്ഠവുമാകുമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ അഴിമതിക്കും പിടിച്ചുപറിക്കും കരിഞ്ചന്തയ്ക്കുമൊന്നും സ്ഥാനമുണ്ടാകില്ലായിരുന്നു. അതായത്, തങ്ങളുടെ സ്വാർഥതാല്പര്യങ്ങൾക്കു പിന്നാലെ പോകാതെ പൊതുതാല്പര്യം മാത്രം നോക്കി നാം പ്രവർത്തിക്കുമായിരുന്നു.
ആരും പ്രതീക്ഷിക്കാതെ ഒരു ദിവസം കടന്നുവന്ന കൊറോണക്കാലം ലോകമെന്പാടും ഒരുപാട് നാശത്തിനു വഴിതെളിച്ചെങ്കിലും അതു നാമെല്ലാവരും കുറെക്കൂടി മെച്ചമാകുവാൻ നമ്മെ സഹായിച്ചില്ലേ? മുൻപെന്നതിലധികമായി സഹകരിച്ചു പ്രവർത്തിക്കുകയും സ്വാർഥതാല്പര്യങ്ങൾക്കു പിന്നാലെ പോകാതെ പൊതുതാല്പര്യം മുൻനിർത്തി പ്രവർത്തിക്കുകയും ചെയ്യുന്നതായിട്ടല്ലേ പൊതുവേ കണ്ടുവരുന്നത്.
കൊറോണക്കാലത്തു നാം നെഞ്ചോടു ചേർത്തുപിടിച്ച സമൂഹത്തിന്റെ നന്മ എന്ന ആദർശം ഭാവിജീവിതത്തിലും നമുക്കു മുറുകെ പിടിക്കാം. അപ്പോൾ നാം കുറെക്കൂടി മനുഷ്യത്വമുള്ള മനുഷ്യരായി മാറും; അഴിമതിയുടെയും മറ്റു സ്വാർഥ താല്പര്യങ്ങളുടെയും കറ നമ്മിൽ പുരളുവാൻ നാം ഒരിക്കലും അനുവദിക്കുകയില്ല. എന്നു മാത്രമല്ല, നമ്മുടെ വ്യക്തിജീവിതവും കുടുംബജീവിതവും സമൂഹജീവിതവുമൊക്കെ കൂടുതൽ സൗഭാഗ്യപൂർണവും ആനന്ദപ്രദവുമായി മാറുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ