2019 ജൂലൈ മാസത്തിലെ ഒരു ബുധനാഴ്ച. ഫ്ളോറിഡയിലെ പാം കോസ്റ്റിലുള്ള സെന്റ് എലിസബത്ത് ആൻ സീറ്റൺ ദേവാലയത്തിൽ ഇടവക സ്കൂളിലെ വിദ്യാർഥികൾക്കായുള്ള പ്രതിവാര ദിവ്യബലി നടക്കുന്ന സമയം. പ്രസംഗമധ്യേ വിദ്യാർഥികളോട് ഞാൻ ചോദിച്ചു, ""നിങ്ങൾ എവിടെയാണിപ്പോൾ ഇരിക്കുന്നത്?'' യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഈ ചോദ്യം. തന്മൂലം അവർ അല്പം പകച്ചു. മറുപടി നൽകാനായി ആരും കൈ ഉയർത്തിയില്ല. ""നിങ്ങൾ എവിടെയാണിപ്പോൾ ഇരിക്കുന്നത്?'' ഒരു ചെറുപുഞ്ചിരിയോടെ ഞാൻ ചോദ്യം ആവർത്തിച്ചു.
അപ്പോൾ മറുപടി നൽകാനായി പലരും കൈ ഉയർത്തി. മറുപടിക്കായി അനുവാദം നൽകിയപ്പോൾ അവർ ഏകസ്വരത്തിൽ പറഞ്ഞു, ""പള്ളിയിൽ.'' ഇതേത്തുടർന്ന് ഒരു ചോദ്യോത്തര പരന്പരയായിരുന്നു.
""എവിടെയാണ് ഈ പള്ളി?''
"" പാം കോസ്റ്റിൽ''
""എവിടെയാണ് പാം കോസ്റ്റ്?''
""ഫ്ളാഗ്ലർ കൗൺടിയിൽ''
""എവിടെയാണ് ഫ്ളാഗ്ലർ കൗൺടി?''
""ഫ്ളോറിഡയിൽ''
""എവിടെയാണു ഫ്ളോറിഡ?''
""അമേരിക്കയിൽ''
""എവിടെയാണ് അമേരിക്ക?''
""വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ''
""എവിടെയാണു വടക്കേ അമേരിക്കൻ ഭൂഖണ്ഡം?''
""ഈ ഭൂമിയിൽ''
""എവിടെയാണ് ഈ ഭൂമി?''
""സൗരയൂഥത്തിൽ''
""എവിടെയാണു സൗരയൂഥം?''
""ക്ഷീരപഥത്തിൽ''
""എവിടെയാണു ക്ഷീരപഥം?''
""പ്രപഞ്ചത്തിൽ''
""എവിടെയാണ് ഈ പ്രപഞ്ചം?''
ഇതുവരെ ശരവേഗത്തിലായിരുന്നു ചോദ്യങ്ങളും ഉത്തരങ്ങളും. തങ്ങൾക്കറിയാം എന്ന അഭിമാനത്തോടെയായിരുന്നു അവർ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നത്. എന്നാൽ, അവസാന ചോദ്യത്തിൽ മുന്നോട്ടുപോകാനാകാതെ അവർ ഉടക്കിനിന്നു. എന്താവും ഉത്തരം എന്നാലോചിച്ചുകൊണ്ട് അവരിൽ പലരും പരസ്പരം കണ്ണിൽകണ്ണിൽ നോക്കി. അപ്പോൾ ഞാൻ പറഞ്ഞു, ""നാം ഇപ്പോൾ ഈ പള്ളിയിൽ ആയിരിക്കുന്നതുപോലെ, ഈ പള്ളി ഫ്ളോറിഡയിൽ ആയിരിക്കുന്നതുപോലെ, ഫ്ളോറിയ അമേരിക്കയിലായിരിക്കുന്നതുപോലെ പ്രപഞ്ചവും എവിടെയെങ്കിലും ആയിരിക്കണമല്ലോ.'' തെല്ലിട നിശബ്ദതയ്ക്കു ശേഷം ഞാൻ വീണ്ടും ചോദിച്ചു, ""എവിടെയാണ് ഈ പ്രപഞ്ചം?''
ഉടനെ ഒരു കൊച്ചുപെൺകുട്ടി കൈയുയർത്തി. കൈയിലുണ്ടായിരുന്ന മൈക്രോഫോൺ അവളുടെ നേരേ നീട്ടിയപ്പോൾ ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു, ""ദൈവത്തിന്റെ കൈകളിൽ!'' അപ്പോൾ കേട്ടതു കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള നീണ്ട കരഘോഷമായിരുന്നു. അധ്യാപകുരം മാതാപിതാക്കളും വിദ്യാർഥികളുമൊക്കെ ഉത്തരം പറഞ്ഞ കൊച്ചുമിടുക്കിയെ ഓർത്ത് അഭിമാനംകൊണ്ടു.
എന്റെ ചോദ്യങ്ങൾ ഒറിജിനൽ ആയിരുന്നില്ല. അവ, പണ്ട് പ്രഷ്യയിലെ ചക്രവർത്തിയായിരുന്ന മഹാനായ ഫ്രഡറിക് (1712-1786) സ്കൂൾ കുട്ടികളോട് ചോദിച്ച ചോദ്യങ്ങളുടെ അനുകരണമായിരുന്നു. ഫ്രഡറിക് ചക്രവർത്തിയെക്കുറിച്ചുള്ള ഈ കഥ വളരെ വർഷങ്ങൾക്കു മുന്പ് ഈ കോളത്തിൽതന്നെ ഞാൻ എഴുതിയിട്ടുണ്ട്. എന്റെ ചോദ്യങ്ങൾ അനുകരണമായിരുന്നെങ്കിലും പാം കോസ്റ്റിലെ ബാലിക നൽകിയ മറുപടി ആരുടെയും കടമെടുത്തതായിരുന്നില്ല. അത് അവളുടെ സ്വന്തം മറുപടിയായിരുന്നു.
പാം കോസ്റ്റിലെ ബാലികയോടു ചോദിച്ച രീതിയിലുള്ള ഈ ചോദ്യങ്ങൾ പല രാജ്യങ്ങളിലുമുള്ള കുട്ടികളോടു ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവർ നൽകിയ ഉത്തരം ഒന്നുതന്നെയായിരുന്നു. അതായത്, നമ്മുടെ പ്രപഞ്ചം ദൈവത്തിന്റെ കൈകളിലാണ്!
നമ്മുടെ പ്രപഞ്ചം ദൈവത്തിന്റെ കൈകളിലാണെങ്കിൽ നാമെല്ലാവരും ദൈവത്തിന്റെ കൈകളിലാണെന്നതല്ലേ അതിന്റെ അർഥം? അതായത്, അവിടുന്ന് നമ്മെ മാറോടു ചേർത്തണച്ച് എപ്പോഴും സംവഹിക്കുന്നു എന്നു സാരം. അങ്ങനെയെങ്കിൽ കൊറോണ എന്ന ഒരു സൂക്ഷ്മാണു നമ്മെയും ലോകത്തെയും നിർദയമായി പന്താടുന്പോൾ നാം എന്തിനു ഭയപ്പെടണം? നാം അപ്പോൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവിടത്തോടു ചേർന്ന് അള്ളിപ്പിടിച്ചിരിക്കുകയല്ലേ വേണ്ടത്? പ്രത്യേകിച്ചു, ""ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്.'' (റോമ 14:9) എന്ന വിശ്വാസം നമുക്കുള്ളതുകൊണ്ടുതന്നെ.
ക്രൈസ്തവലോകം ഇന്ന് വലിയ ആഴ്ചയിലേക്കു പ്രവേശിക്കുകയാണ്. അതിന്റെ പരമപ്രധാനമായ ലക്ഷ്യമാകട്ടെ ലോകരക്ഷകനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും നമ്മുടെ നിരന്തര പരിചിന്തന വിഷയമാക്കിക്കൊണ്ടു നമ്മുടെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുകയും അവയ്ക്കു പരിഹാരം ചെയ്യുകയും ചെയ്തുകൊണ്ട് നമ്മുടെയും ലോകം മുഴുവന്റെയും രക്ഷയ്ക്കായി പ്രാർഥിക്കുക എന്നതാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവത്തിന്റെ കൈകകളിൽനിന്നു വഴുതിമാറി തന്നിഷ്ടത്തിന്റെയും സ്വാർഥതയുടെയും സുഖലോലുപതയുടെയും വഴിയേ പോകുന്ന നമ്മൾ ഉള്ളുതുറന്ന് അനുതപിച്ച് അവിടുത്തെ കൈകളിൽ മടങ്ങിയെത്തുക എന്നുള്ളതാണ്. അതു മാത്രം പോരാ. കൊച്ചുകുട്ടികളുടെ സ്നേഹത്തോടെ നാം അവിടത്തോട് ഒട്ടിപ്പിടിച്ചിരിക്കുകയും വേണം. അതിനുള്ള ക്ഷണമാണ് കൊറോണ വൈറസ് തീതുപ്പി ലോകമാകെ സംഹാരതാണ്ഡവമാടുന്പോൾ വലിയ ആഴ്ച നമുക്ക് നൽകുന്നത്.
തീർച്ചയായും നാമും ലോകത്തെന്പാടുമുള്ള സമസ്തജനങ്ങളും ഇപ്പോൾ ദുഃഖവെള്ളിയാഴ്ചയിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഈ ദുഃഖവെള്ളിക്കു ശേഷം ഉയിർപ്പുഞായർ ഉണ്ട് എന്നതു നാം ഒരിക്കലും മറക്കരുത്. പാടുപീഡകൾ സഹിച്ചു മരിച്ച് അടക്കപ്പെട്ടശേഷം ഉത്ഥാനത്തിലൂടെ നവജീവനിലേക്കു പ്രവേശിച്ച യേശുവിനെപ്പോലും നാമും ലോകം മുഴുവനും കൊറോണ വൈറസിന്റെ കെടുതികളിൽനിന്നു മോചിതരായി നന്മയും കാരുണ്യവും സന്തോഷവും നീതിയുമൊക്കെ നിറഞ്ഞുനിൽക്കുന്ന പുതിയൊരു ലോകത്തിലേക്കു പ്രവേശിക്കുമെന്ന് ആത്മാർഥമായി പ്രതീക്ഷിക്കാം. അതിനുവേണ്ടി ഹൃദയം നൊന്ത് പ്രാർഥിക്കാം. മറക്കേണ്ട, നാം എല്ലാവരും ദൈവത്തിന്റെ കൈകളിൽത്തന്നെയാണ്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ