ഈ നിമിഷം ദൈവം ഒഴികെ ആരും നമ്മെ ഓർമിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം നാം നമുക്കുവേണ്ടി മാത്രം ജീവിക്കുന്നു എന്നതുതന്നെ. അതായത്, നമ്മുടെ ചിന്തയിലും സ്നേഹവലയത്തിലും അധികം പേർക്കു സ്ഥാനമില്ലെന്നു ചുരുക്കം.
ശതകോടീശ്വരനായ ഒരു മനുഷ്യൻ. ജീവിതസൗകര്യങ്ങൾക്ക് ഒരു കുറവുമില്ല. എല്ലാം അയാൾക്കു വേണ്ടതിൽ ഏറെയുണ്ട്. ഒരു ദിവസം ഒന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട് അയാൾ തന്റെ തോട്ടത്തിൽ നടക്കാനിറങ്ങി. അവിടെവച്ച് അയാൾ ഒരു അപരിചിതനെ കണ്ടുമുട്ടി. ആരാണു നിങ്ങൾ? എന്റെ ഈ തോട്ടത്തിൽ എന്തു ചെയ്യുന്നു?
അപ്പോൾ അപരിചിതൻ പറഞ്ഞു: “ഞാൻ ഒരു മാലാഖയാണ്. എന്തെങ്കിലും ഒരു കാര്യം എന്നോടു ചോദിക്കാം. ഞാൻ അതു സാധിച്ചുതരും.’’ മാലാഖ പറഞ്ഞതു കൗതുകപൂർവം അയാൾ കേട്ടുനന്നു. താൻ എന്തു ചോദിക്കാനാണ്? തനിക്ക് ഒന്നിന്റെയും കുറവില്ലല്ലോ - അയാൾ സ്വയം പറഞ്ഞു. എങ്കിലും അവസരം മുതലാക്കാൻതന്നെ അയാൾ തീരുമാനിച്ചു.
അല്പനേരത്തെ ആലോചനയ്ക്കു ശേഷം അയാൾ പറഞ്ഞു: “ഈ ലോകത്തിൽ എത്രപേർ എന്നെക്കുറിച്ചു ചിന്തിക്കുക്കുന്നുണ്ടാകണം എന്നറിയാൻ ആഗ്രഹമുണ്ട്.’’ ഉടനെ മാലാഖ പറഞ്ഞു: “ദൈവത്തെ മാറ്റിനിർത്തിയാൽ ഒരാൾ മാത്രം.’’ അതു കേട്ടപ്പോൾ അയാൾക്ക് ആകെ സങ്കടമായി. ഒരാൾ മാത്രമേ തന്നെക്കുറിച്ചു ചിന്തിക്കുന്നുള്ളോ? എങ്കിൽ അതാരാണെന്നറിയാൻ അയാൾക്കു ജിജ്ഞാസയായി. അയാൾ അതു ചോദിച്ചു.
അപ്പോൾ മാലാഖ പറഞ്ഞു: “എന്തെങ്കിലും ഒരു കാര്യം ചോദിക്കാനുള്ള അവസരണാണു ഞാൻ തന്നത്. തന്മൂലം രണ്ടാമതൊരു ചോദ്യം ചോദിക്കാൻ അവകാശമില്ല.’’ മാലാഖ പറഞ്ഞതു ശരിയാണെന്ന് അയാൾ സമ്മതിച്ചു. എങ്കിലും തനിക്ക് ഒരു കാര്യംകൂടി ചോദിക്കാനുള്ള അവസരം തരണമെന്ന് അയാൾ കേണപേക്ഷിച്ചു. അപ്പോൾ ദയ തോന്നിയ മാലാഖ പറഞ്ഞു: “ദൈവം കഴിഞ്ഞാൽ നിന്നെക്കുറിച്ചു ചിന്തിക്കുന്ന ആൾ നീ മാത്രം!’’ ഇതു പറഞ്ഞിട്ടു മാലാഖ അപ്രത്യക്ഷനായി.
മാലാഖ അനുസ്മരിപ്പിച്ചതുപോലെ ദൈവം എപ്പോഴും നമ്മെക്കുറിച്ചു ചിന്തിക്കുന്നുണ്ട്. എന്നാൽ ദൈവത്തെ മാറ്റിനിർത്തിയാൽ എത്രപേർ ഈ നിമിഷം നമ്മെക്കുറിച്ചു ചിന്തിക്കുന്നവരായിട്ടുണ്ടാകും? അതറിയുക അത്ര എളുപ്പമല്ല. ചിലപ്പോൾ ഏറെപ്പേർ ഈ നിമിഷം നമ്മെക്കുറിച്ചു ചിന്തിക്കുന്നവരായിട്ടുണ്ടാകും. ചിലപ്പോൾ ആരുംതന്നെ ഉണ്ടായെന്നു വരില്ല. അപ്പോൾ ഞാൻ എന്ന ഒറ്റ ഒരാൾ മാത്രമായിരിക്കും എന്നെക്കുറിച്ചു ചിന്തിക്കുന്നവരായിട്ടുണ്ടാകുക.
മറ്റുള്ളവർ നമ്മെക്കുറിച്ചു ചിന്തിക്കുന്നതു നാം എപ്പോഴും നല്ലവരായിരിക്കുന്നതുകൊണ്ടായിരിക്കുകയില്ല. നമ്മോടു ശത്രുതയുള്ളവരായിരിക്കാം ചിലപ്പോൾ നമ്മെക്കുറിച്ചു ചിന്തിക്കുന്നത്. എന്നാൽ, നമ്മുടെ ന· ആഗ്രഹിക്കുന്നവരും നമ്മെ സ്നേഹിക്കുന്നവരും നമ്മെക്കുറിച്ചു ചിന്തിക്കണമെന്നല്ലേ നമ്മുടെ ആഗ്രഹം? അങ്ങനെയുള്ളവർ എത്രയുണ്ടെന്ന് നമുക്ക് ഉൗഹിക്കാൻ സാധിക്കുമോ?
നാം മറ്റുള്ളവരെ ഓർമിക്കുന്നവരും അവരെ സ്നേഹിക്കുന്നവരും അവർക്കു നന്മ ചെയ്യുന്നവരുമാണെങ്കിൽ തീർച്ചയായും മറ്റുള്ളവർ ഇടയ്ക്കിടയ്ക്കെങ്കിലും നമ്മെ ഓർമിക്കും. എന്നു മാത്രമല്ല, അവർ നമ്മെ സ്നേഹിക്കുകയും നമ്മുടെ നന്മ ആഗ്രഹിക്കുകയും ചെയ്യും. എന്നാൽ, മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ മനുഷ്യനെപ്പോലെ നാം സ്വാർഥരാണെങ്കിൽ നമ്മെക്കുറിച്ചു ഈ നിമിഷം ചിന്തിക്കുന്നവർ നാം മാത്രമായിരിക്കും. അങ്ങനെ വന്നാൽ അതു നമ്മുടെ ജീവിതത്തിലെ വലിയൊരു ദുരന്തമായിരിക്കും.
ഈ നിമിഷം ദൈവം ഒഴികെ ആരും നമ്മെ ഓർമിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം നാം നമുക്കുവേണ്ടി മാത്രം ജീവിക്കുന്നു എന്നതുതന്നെ. അതായത്, നമ്മുടെ ചിന്തയിലും സ്നേഹവലയത്തിലും അധികം പേർക്കു സ്ഥാനമില്ലെന്നു ചുരുക്കം.
ഒരിക്കൽ വിശുദ്ധ മദർ തെരേസ അമേരിക്ക സന്ദർശിച്ചപ്പോൾ റേഡിയോ പ്രഭാഷകനായ റോയി ലോയ്ഡ് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്താണെന്നു മദറിനോടു ചോദിച്ചു. അപ്പോൾ മദർ പറഞ്ഞു: “നാം നമ്മുടെ കുടുംബാംഗങ്ങളായി ഉൾപ്പെടുത്തുന്നവരുടെ വൃത്തം വളരെ ചെറുതായി വരയ്ക്കുന്നു.’’ ഈ പ്രശ്നം അവതരിപ്പിച്ചതിനുശേഷം അതിനുള്ള പരിഹാരവും മദർ പറഞ്ഞു: “ഓരോ ദിവസവും ഈ വൃത്തം കൂടുതൽ വലുതായി നാം വരയ്ക്കണം.’’
മദർ തെരേസയുടെ വീക്ഷണം എത്രയോ ശരിയാണ്. നാം നമ്മുടെ സ്വന്തമായി കണക്കാക്കുന്നവർക്കായി വരയ്ക്കുന്ന വൃത്തം വളരെ ചെറുതായിപ്പോകുന്നതുകൊണ്ടല്ലേ മറ്റു പലരും നമുക്ക് അന്യരും പരദേശികളുമൊക്കെയായി മാറുന്നത്? അതുകൊണ്ടുതന്നെയല്ലേ വിവിധ കുടുംബങ്ങളിലും സമൂഹങ്ങളിലും രാജ്യങ്ങളിലുമൊക്കെ അക്രമവും അനീതിയും രക്തച്ചൊരിച്ചിലുമൊക്കെ നാം ദർശിക്കുന്നത്?
നാം എല്ലാവരും ഒരേ ദൈവപിതാവിന്റെ മക്കളും മാനവകുടുംബങ്ങളിലെ അംഗങ്ങളുമാണെന്ന ബോധ്യം നമുക്കുണ്ടെങ്കിൽ നാം വരയ്ക്കുന്ന നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയുമൊക്കെ വൃത്തം ചുരുങ്ങിപ്പോകുമോ? ഒരിക്കലുമില്ല. എന്നാൽ, നാം നമ്മെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരായി മാറുന്പോൾ നാം വരയ്ക്കുന്ന കുടുംബത്തിന്റെ വൃത്തം നമ്മിലേക്കു ചുരുങ്ങിപ്പോകും. അപ്പോൾപ്പിന്നെ മറ്റുള്ളവർ നമ്മെ ഓർമിക്കണമെന്നും നമ്മെ സ്നേഹിക്കണമെന്നുമൊക്കെ ആഗ്രഹിക്കാൻ നമുക്ക് എന്ത് അവകാശം?
മദർ തെരേസയ്ക്കു ലോകം മുഴുവൻ ഒരു കുടുംബമായിരുന്നു. തന്മൂലമാണ് സഹായമർഹിക്കുന്നവരുടെ രക്ഷയ്ക്കായി മദർ ലോകമെന്പാടും ഓടിയെത്തിയത്. നമുക്കാർക്കും മദർ തെരേസയെപ്പോലെ പ്രവർത്തിക്കാൻ സാധിച്ചു എന്നു വരില്ല. എന്നാൽ, ഈ വിശുദ്ധയെപ്പോലെ നമ്മുടെ കുടുംബത്തിന്റെ വൃത്തം ഓരോ ദിവസവും കൂടുതൽ കൂടുതൽ വലുതായി വരയ്ക്കാൻ നമുക്കു സാധിക്കും. നാം അങ്ങനെ ചെയ്താൽ നാം വലിയൊരു കുടുംബത്തിനു ജന്മം നൽകുന്നതോടൊപ്പം നാം ഒറ്റപ്പെട്ടവരായി മാറാതിരിക്കുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ