ഭാരതത്തിന്റെ ആധ്യാത്മിക നഭോമണ്ഡലത്തിൽ വെട്ടിത്തിളങ്ങിയ ഒരു അത്യസാധാരണ പ്രകാശ ഗോളമായിരുന്നു സ്വാമി വിവേകാനന്ദൻ. (1863-1902). ഭാരതത്തിന്റെ വേദാന്ത ഫിലോസഫിയും യോഗയുമൊക്കെ പാശ്ചാത്യ നാടുകളിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം അതുല്യമായ വിജയം കൈവരിക്കുകയുണ്ടായി.
ഹിന്ദുമതത്തെ പുനരുദ്ധരിക്കുന്നതിൽ വലിയ പങ്കുവഹിച്ച അദ്ദേഹമാണല്ലോ രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത്. മുപ്പത്തിയൊന്പതു വർഷമേ അദ്ദേഹം ജീവിച്ചിരുന്നുള്ളു. എന്നാൽ, ആ ചുരുങ്ങിയ കാലയളവിൽ അദ്ദേഹം വലിയ നേട്ടങ്ങൾക്കുടമയായി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചു ധാരാളം കഥകളുണ്ട്.
സ്വാമി വിവേകാനന്ദനെക്കുറിച്ച് എഴുതപ്പെട്ട കഥകളെല്ലാം മറ്റുള്ളവർക്കു പ്രചോദനം നൽകുവാൻ എഴുതപ്പെട്ടതാണ്. എന്നാൽ, അതിലൊരെണ്ണം വായിച്ചപ്പോൾ അതു വാസ്തവമാണോ എന്നു സംശയം തോന്നി. അതിന്റെ കാരണമാകട്ടെ ആ കഥയുടെ പശ്ചാത്തലമാണ്.
കഥയിതാണ്. സ്വാമി വിവേകാനന്ദൻ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന കാലം. ഒരു ദിവസം യൂണിവേഴ്സിറ്റിയിലെ ഭക്ഷണശാലയിൽ അദ്ദേഹം ഭക്ഷണം കഴിക്കുവാൻ പോയി. അപ്പോൾ തന്റെ പ്രഫസർമാരിലൊരാൾ അവിടെയിരുന്നു ഭക്ഷണം കഴിക്കുന്നതു ശ്രദ്ധിച്ചു. ചെറുപ്പക്കാരനായ അദ്ദേഹം ഭക്ഷണം എടുത്തു സന്തോഷപൂർവം പ്രഫസറുടെ ഭക്ഷണമേശയുടെ അരികിലെത്തി അടുത്തുകണ്ട ഒരു കസേരയിലിരുന്നു. അപ്പോൾ പ്രഫസർ പറഞ്ഞു: ""മിസ്റ്റർ വിവേകാനന്ദൻ, ഒരു പന്നിയും ഒരു പക്ഷിയും ഒന്നിച്ച് ഇരിക്കാറില്ല.’’
അപ്പോൾ ശാന്തനായി വിവേകാനന്ദൻ ഇപ്രകാരം പറഞ്ഞത്രെ: ""അങ്ങു വിഷമിക്കേണ്ട. ഞാൻ അകലേക്കു പറന്നു പൊയ്ക്കൊള്ളാം.'' അതെത്തുടർന്നു വിവേകാനന്ദൻ മറ്റൊരു മേശയിലേക്കു പോയി അവിടെ ഭക്ഷണം കഴിച്ചു. ഈ സംസാരവും നടപടിയും പ്രഫസറെ കോപാകുലനാക്കി.
അടുത്ത ദിവസം ക്ലാസ് നടക്കുന്നതിനിടയിൽ പ്രഫസർ വിവേകാനന്ദനോടു ചോദിച്ചു: ""നിങ്ങളുടെ മുൻപിൽ ഒരാൾ രണ്ടു പൊതിക്കെട്ടുകൾ വയ്ക്കുന്നു. അതിലൊന്നിൽ പണവും മറ്റൊന്നിൽ വിജ്ഞാനവുമാണ്. അവയിലൊന്നു മാത്രം എടുക്കാനേ നിങ്ങൾക്കു സ്വാതന്ത്ര്യമുള്ളു. അങ്ങനെയെങ്കിൽ നിങ്ങൾ ഏതു പൊതിക്കെട്ട് എടുക്കും?'' ഉടനെ വിവേകാനന്ദൻ പറഞ്ഞു: ""പണമുള്ള പൊതിക്കെട്ട്.''
അപ്പോൾ പ്രഫസർ പറഞ്ഞു: ""നിങ്ങളുടെ സ്ഥാനത്തു ഞാനാണെങ്കിൽ ഞാൻ വിജ്ഞാനത്തിന്റെ പൊതിക്കെട്ടേ എടുക്കൂ.'' ഉടനെ വിവേകാനന്ദൻ പറഞ്ഞു: ""ഓരോരുത്തരും അവർക്കില്ലാത്തതാണല്ലോ എടുക്കുന്നത്!'' ഇതെത്തുടർന്നു പ്രഫസറിനു വിവേകാനന്ദനോടു കൂടുതൽ കലിയായി. പിന്നീടു പരീക്ഷ നടന്നപ്പോൾ വിവേകാനന്ദന്റെ ഉത്തരക്കടലാസിൽ പ്രഫസർ മാർക്കിട്ടില്ല. അതിനു പകരം "വിഢ്ഡി' എന്നു മാത്രം ഉത്തരക്കടലാസിലെഴുതി. ഉത്തരക്കടലാസ് മടക്കിക്കിട്ടി അല്പസമയം കഴിഞ്ഞപ്പോൾ പ്രഫസറെ സമീപിച്ചു വിവേകാനന്ദൻ പറഞ്ഞു: ""പ്രഫസർ, അങ്ങ് എന്റെ പേപ്പറിൽ ഒപ്പിട്ടതു മാത്രമെയുള്ളു; മാർക്കിട്ടില്ല.''
സ്വാമി വിവേകാനന്ദന്റെ ബുദ്ധിസാമർഥ്യവും മിടുക്കുമൊക്കെ ഉയർത്തിക്കാട്ടുവാൻ ആരുടെയെങ്കിലും ഭാവന കെട്ടിച്ചമച്ച കഥയായിരിക്കും ഇത്. കാരണം, സ്വാമിജി മൂന്നു തവണ ഇംഗ്ലണ്ട് സന്ദർശിച്ചിട്ടുണ്ടെങ്കിലും അവിടെ നിയമം പഠിച്ചതായി അദ്ദേഹത്തിന്റെ ജീവചരിത്രത്തിലില്ല. എന്നു മാത്രമല്ല, സ്വാമിജിയെപ്പോലെ മാന്യനും ആധ്യാത്മിക വീക്ഷണവുമുള്ള ഒരാൾ, ആര് എത്ര അപമര്യാദയായി പ്രവർത്തിച്ചാലും അതുപോലെ പ്രതികരിക്കാനുമിടയില്ല.
സ്വാമിജിയുടെ പേരിൽ ഈ കഥ ചമച്ചയാൾ അദ്ദേഹത്തെ പുകഴ്ത്തുവാൻവേണ്ടി എഴുതിയ കഥയായിരിക്കുമിത്. എന്നാൽ, ഒരാൾ മെച്ചമാണെന്നു സ്ഥാപിക്കുവാൻ മറ്റൊരാളെ മോശക്കാരനായി ചിത്രീകരിക്കേണ്ടതുണ്ടോ? ഈ കഥയിൽ അതാണു സംഭവിച്ചിരിക്കുന്നത്. സ്വാമിജി മിടുക്കനാണെന്നു സമർഥിക്കുവാൻവേണ്ടി പ്രഫസറെ മോശക്കാരനാക്കി ചിത്രീകരിച്ചു. പക്ഷേ, അതുമൂലം സ്വാമിജിയുടെ പ്രതിച്ഛായയ്ക്ക് എന്തെങ്കിലും വർധനയുണ്ടായോ? ഇല്ലെന്നു മാത്രമല്ല, നേരെ മറിച്ചല്ലേ സംഭവിച്ചത്?
ഈ കഥ ഇവിടെ അവതരിപ്പിച്ചതു സ്വാമിജിയുടെ എന്തെങ്കിലും പോരായ്മ ചൂണ്ടിക്കാട്ടുവാനല്ല. പ്രത്യുത, നമ്മിൽത്തന്നെ പലപ്പോഴും പ്രത്യക്ഷമാകുന്ന ഒരു ദുസ്വഭാവത്തിലേക്കു വിരൽ ചൂണ്ടുവാനാണ്. ആ ദുഃസ്വഭാവമാകട്ടെ മറ്റുള്ളവരെ താഴ്ത്തിക്കെട്ടിക്കൊണ്ട് നാം മെച്ചമാണെന്നു സ്ഥാപിക്കലാണ്. ന്യായമായ കാരണങ്ങളുണ്ടെങ്കിൽ മറ്റുള്ളവരെ വിമർശിക്കുന്നതിനെ ആരും തെറ്റുപറയില്ല. എന്നാൽ, മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ വിമർശനങ്ങളും കുറ്റം പറച്ചിലുകളും നാം അവരെക്കാൾ കേമന്മാരാണെന്നു സ്ഥാപിക്കുവാൻവേണ്ടിയുള്ള തന്ത്രങ്ങളല്ലേ പലപ്പോഴും?
എന്നാൽ, നമ്മൾ നല്ലവരാണെന്നു വരുത്തിത്തീർക്കാൻ എന്തിനു മറ്റുള്ളവരെ മോശക്കാരാക്കണം? മറ്റുള്ളവർ നമ്മോട് അങ്ങനെ ചെയ്താൽ നാം അതു പൊറുക്കുമോ? നാം നല്ലവരാണെന്നു സ്ഥാപിക്കുവാൻ നാം അങ്ങനെതന്നെ ആയിരിക്കുകയാണു വേണ്ടത്. അതിനു പകരം മറ്റുള്ളവരെ ചെറുതാക്കി ചിത്രീകരിച്ചു നാം വലിയവരാകേണ്ട. അങ്ങനെ ചെയ്താൽ അതു നമ്മുടെ മഹത്വം കെടുത്തുകയേയുള്ളു. അതിനു നാം തുനിയേണ്ട.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ