ഇത്രത്തോളം സഹായിച്ച ദൈവം ഇനിയും സഹായിക്കും എന്ന ബോധ്യം ഇസ്രയേൽ ജനത്തിനുണ്ടായിരുന്നു. ഇതുപോലെയൊരു ബോധ്യമാണു നമുക്കും ഉണ്ടാകേണ്ടത്.
1998-ൽ അമേരിക്കയിലെ പ്രസിദ്ധമായ ഹാർവഡ് യൂണിവേഴ്സിറ്റിയിൽ ബിരുദദാനച്ചടങ്ങ് നടക്കുന്ന ദിവസം. യൂണിവേഴ്സിറ്റിയിലെ പതിവനുസരിച്ച് അന്നു ബിരുദം സ്വീകരിക്കുന്ന വിദ്യാർഥികളെല്ലാവരും കാന്പസിലെ ദേവാലയത്തിൽ രാവിലെ ഒരുമിച്ചുകൂടി. അപ്പോൾ അവിടെ നടന്ന പ്രാർഥനാശുശ്രൂഷയ്ക്കു നേതൃത്വം നൽകിയതു റവ. പീറ്റർ ഗോമസ് എന്ന ചാപ്ലിനായിരുന്നു.
"ദ ഗുഡ് ബുക്ക്', "ഹെർമൻസ്' എന്നിങ്ങനെയുള്ള വിവിധ ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം തന്നെയാണ് അന്നു പ്രാർഥനാശുശ്രൂഷയ്ക്കിടയിൽ സന്ദേശവും നൽകിയത്. അന്ന് അദ്ദേഹം ഇങ്ങനെയാണു പ്രസംഗം തുടങ്ങിയത്: "" നിങ്ങളുടെ പഠനശേഷം നിങ്ങളെ പുറംലോകത്തേക്ക് അയയ്ക്കുകയാണ്. എന്നാൽ നിങ്ങളിൽ ഏറെപ്പേരും ലോകത്തിന്റെ വെല്ലുവിളികൾ നേരിടുവാൻ ഇപ്പോഴും സജ്ജരായിട്ടില്ല. ബിരുദധാരികളുടെ ഗണത്തിലേക്കു യൂണിവേഴ്സിറ്റി പ്രസിഡന്റ് ഔദ്യോഗികമായി നിങ്ങളെ ഉടനെ ഉൾപ്പെടുത്തുവാൻ പോവുകയാണ്.''
ഇത്രയും പറഞ്ഞതിനുശേഷം റവ. ഗോമസ് ഏതാനും നിമിഷം നിശബ്ദത പാലിച്ചു. അതിനുശേഷം വളരെ സാവകാശം അദ്ദേഹം പറഞ്ഞു: "എന്നാൽ നിങ്ങൾക്കറിയാം നിങ്ങൾ എന്തുമാത്രം മണ്ടന്മാരാണെന്ന്!' റവ. ഗോമസിന്റെ ഈ വാക്കുകൾ കേട്ടപ്പേൾ ബിരുദാർഥികൾ പകച്ചുപോയില്ല. അവർ അത് അംഗീകരിക്കുംവിധം കൈ അടിക്കുകയാണ് ചെയ്തത്!
അദ്ദേഹം തുടർന്നു: " എന്നാൽ അതിലും ദയനീയമായിട്ടുള്ള കാര്യം ലോകം പ്രത്യേകിച്ചു നിങ്ങളുടെ മാതാപിതാക്കൾ വിചാരിക്കുന്നതു നിങ്ങളാണ് ഏറ്റവും മിടുക്കരും സമർഥരും എന്ന്. എന്നാൽ നിങ്ങൾക്കറിയാം കുറെ സമയത്തേക്കു പോലും എല്ലാവരേയും നിങ്ങൾക്കു വിഡ്ഢികളാക്കുവാൻ സാധിക്കുകയില്ല എന്ന കാര്യം. ഇന്ന് ഉച്ചയോടുകൂടി ബിരുദധാരികളായി നിങ്ങൾ ലോകത്തിലേക്കിറങ്ങും. നാളെ നിങ്ങൾ ചരിത്രമാകും. നാളെ കഴിയുന്പോഴേക്കും തകർന്നടിഞ്ഞവരും. ഇതൊരു യാഥാർഥ്യമാണ്. ഇതിനു അപവാദങ്ങളില്ല'.
റവ. ഗോമസിന്റെ വാക്കുകൾ ബിരുദാർഥികൾ ശ്രദ്ധാപൂർവം കേട്ടിരിക്കുന്പോൾ അദ്ദേഹം തുടർന്നു: "എന്നിരുന്നാലും പ്രതീക്ഷയ്ക്കു വകയുണ്ട്. കാരണം, നിങ്ങളുടെ ഭാവി ദൈവത്തിന്റെ ദാനമാണ്. ഇതുവരെ നിങ്ങളെ കൊണ്ടുവന്ന ദൈവം നിങ്ങളെ ഉപേക്ഷിക്കുകയോ അനാഥരായി വിട്ടുകളയുകയോ ഇല്ല. ദൈവം ഉറങ്ങുകയോ അവധി എടുക്കുകയോ ഇല്ല. അവിടുന്ന് എപ്പോഴും ഉണർന്നിരിക്കുന്നവനാണ്. തന്മൂലം, പ്രിയപ്പെട്ട എന്റെ യുവ സ്നേഹിതരേ, നിങ്ങൾ ഭയപ്പെടേണ്ട.'റവ. ഗോമസ് യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കു നൽകിയ ഈ സന്ദേശം തീർച്ചയായും അന്ന് അവർ ശ്രദ്ധാപൂർവം കേട്ടിട്ടുണ്ടാവണം.
എന്നാൽ അവരിലെത്ര പേർ അദ്ദേഹത്തിന്റെ ഉപദേശം ജീവിതത്തിൽ പ്രാവർത്തികമാക്കി എന്നതു നമുക്ക് ഊഹിക്കുവാനേ സാധിക്കൂ. നമ്മെ സംബന്ധിച്ചിടത്തോളം അതല്ല വിഷയം. പ്രത്യുത, അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നമുക്ക് എങ്ങനെ ബാധകമാകുന്നു എന്നതാണ്. ലോകത്തിലെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ മുൻപന്തിയിൽ നിൽക്കുന്നതാണു ഹാർവഡ്. തന്മൂലം, അവിടെ പഠിക്കുവാൻ വരുന്നവർ അതീവ സമർഥരും മിടുമിടുക്കന്മാരുമാണെന്നാണു പൊതുവേയുള്ള ധാരണ.
ബുദ്ധിശക്തിയുടെ കാര്യത്തിലും പഠനത്തിന്റെ മികവിലും അവർ ആരുടെയും പിന്നിലാവാനിടയില്ല. എന്നാൽ ജീവിതത്തിലെ പരുപരുത്ത യാഥാർഥ്യങ്ങളെ നേരിടുന്നതിൽ അവർ മറ്റുള്ളവരെക്കാൾ കേമന്മാരായിരിക്കുമോ? സംശയമാണ്. അതുകൊണ്ടല്ലേ വലിയ ഡിഗ്രിയും ഗ്ലാമറുമായി ലോകത്തിലേക്കിറങ്ങുന്പോൾത്തന്നെ അവർ പരാജയത്തിന്റെ രുചി അറിയുമെന്നു റവ. ഗോമസ് അവരെ ഓർമിപ്പിച്ചത്.
അവരെ നിരുത്സാഹപ്പെടുത്തുവാനോ ഭയപ്പെടുത്തുവാനോ ആയിരുന്നില്ല റവ. ഗോമസ് ചില യാഥാർഥ്യങ്ങൾ അവരെ ഓർമിപ്പിച്ചത്. പ്രത്യുത, ആ യാഥാർഥ്യങ്ങൾക്കു മുൻപിൽ പകച്ചുനിൽക്കാതിരിക്കുവാൻ ദൈവസഹായം തേടണമെന്നു മാത്രമാണ് അദ്ദേഹം അന്നു സ്മരിപ്പിച്ചത്. അവർ ഇക്കാര്യം മറന്നു പോകാനിടയുണ്ടെന്ന് അദ്ദേഹം സംശയിച്ചു. തന്മൂലം, ദൈവത്തിന്റെ വിശ്വസ്തതയെ അനുസ്മരിപ്പിക്കുവാനാണ് അദ്ദേഹം ശ്രദ്ധിച്ചത്.
നമ്മുടെ ജീവിതത്തിലും നാം മറന്നു പോകരുതാത്ത കാര്യമാണിത്. ദൈവം ഇത്രത്തോളം നമ്മെ കൊണ്ടു പോകും എന്നു തീർച്ചയാണ്. തന്മൂലം, നമ്മുടെ ജീവിതത്തിൽ എന്തു കൊടുങ്കാറ്റ് ആഞ്ഞടിച്ചാലും നാം ഭയപ്പെടേണ്ടതില്ല; ദൈവത്തെ അതിതീവ്രമായി ആശ്രയിച്ചാൽ മതി. അപ്പോൾ എത് കൂരിരുളിലും അവിടുത്തെ കൈപിടിച്ചു ധൈര്യമായി നമുക്കു മുന്നോട്ടു പോകാനാവും.
ഇസ്രയേൽ ജനത്തിന്റെ ചരിത്രത്തിൽ ഒരു സംഭവം വായിക്കുന്നുണ്ട്. സാമുവൽ പ്രവാചകൻ ന്യായാധിപനായി ഇസ്രയേലിനെ നയിക്കുന്ന അവസരത്തിൽ നിത്യശത്രുക്കളായ ഫിലിസ്ത്യർ ഇസ്രയേൽക്കാരോടു യുദ്ധം ചെയ്യുവാൻ വലിയ സന്നാഹവുമായി എത്തി. അപ്പോൾ സാമുവൽ പ്രവാചകനും ജനങ്ങളും ഉപവസിച്ചു പ്രാർഥിച്ചപ്പോൾ ദൈവം അവരുടെ രക്ഷയ്ക്കെത്തി. ഫിലിസ്ത്യർ കേട്ട ഭയങ്കരമായ ഇടിനാദം മൂലം സംഭ്രാന്തരായ അവർ ഇസ്രയേൽക്കാരെ ആക്രമിക്കാതെ പിന്തിരിഞ്ഞോടി.
ഈ സംഭവത്തിന്റെ സ്മരണയ്ക്കായി പ്രവാചകൻ ഒരു കല്ല് സ്ഥാപിച്ചു. " ഇതുവരെ കർത്താവ് നമ്മെ സഹായിച്ചു എന്നു പറഞ്ഞ് ആ സ്ഥലത്തിനു എബ്നേസർ എന്നു പേരിട്ടു' (1 സാമുവൽ 7:12). ഇത്രത്തോളം സഹായിച്ച ദൈവം ഇനിയും സഹായിക്കും എന്ന ബോധ്യം ഇസ്രയേൽ ജനത്തിനുണ്ടായിരുന്നു. ഇതുപോലെയൊരു ബോധ്യമാണു നമുക്കും ഉണ്ടാകേണ്ടത്. നാമിപ്പോൾ ആയിരിക്കുന്ന ജീവിത സ്ഥിതിയിൽ നേട്ടങ്ങളും കോട്ടങ്ങളുമുണ്ടാകും. ആ നേട്ടങ്ങളെപ്രതി നമുക്കെപ്പോഴും ദൈവത്തോടു നന്ദിയുണ്ടാകണം.
കാരണം, അവിടുത്തെ കാരുണ്യം കൂടാതെ അവയൊന്നും നമുക്കു നേടാൻ സാധിക്കുകയില്ല. എന്നാൽ കോട്ടങ്ങളെ ഓർത്തു നാം പശ്ചാത്തപിക്കുകയും അവയ്ക്കു പരിഹാരം ചെയ്യുകയും നന്മയുടെ വഴിയേ നാം മുന്നോട്ടു പോകുവാൻ സന്നദ്ധരാവുകയും വേണം. എങ്കിൽ മാത്രമേ നമ്മെ മുന്നോട്ടു വഴി നടത്തുവാൻ അവിടുത്തേക്കു സാധിക്കൂ. മുന്നോട്ടുള്ള പ്രയാണത്തിൽ നമുക്കു ഭയപ്പാടു വേണ്ട. കാരണം, ഇത്രത്തോളം നമ്മെ സഹായിച്ച അവിടുന്ന് ഇനിയും നമ്മെ സഹായിക്കും എന്നു തീർച്ചയാണ്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ