നമ്മുടെ പ്രവൃത്തികളുടെ ഫലം ദോഷകരമായിരിക്കുമെന്ന് അറിയാവുന്ന അവസരത്തിലും അങ്ങനെ സംഭവിക്കുകയില്ല എന്ന തെറ്റായ ചിന്താഗതിയോടെ നാം പ്രവർത്തിക്കുന്നു. അതുവഴിയുണ്ടാകുന്ന ദുരന്തഫലങ്ങൾ നാം മാത്രമാണോ അനുഭവിക്കുന്നത്?
വേട്ടപ്രിയരായ രണ്ടു സുഹൃത്തുക്കൾ. ദൂരസ്ഥലങ്ങളിൽ വേട്ടയ്ക്കു പോകുന്നത് അവർക്കു വലിയ ഹരമായിരുന്നു. ഒരിക്കൽ അവർ ഒരു ചെറിയ വിമാനം കൂലിക്കെടുത്തു. അകലെ ഒരു വനത്തിലെത്തി. ധാരാളം കാട്ടുപോത്തുകൾ മേഞ്ഞുനടന്നിരുന്ന ഒരു വനമായിരുന്നു അത്. ആ വനം അവർക്കു പണ്ടേ പരിചിതമായിരുന്നു. പൈലറ്റിനു കൂലി നൽകിയിട്ടു രണ്ടു ദിവസം കഴിയുന്പോൾ വീണ്ടും വിമാനവുമായി അവിടെ മടങ്ങിയെത്താൻ അവർ ചട്ടംകെട്ടി.
വേട്ടക്കാർ രണ്ടു പേരും നല്ല പോത്തിൻകുട്ടന്മാരെ തേടി വനത്തിലൂടെ നടന്നു. അവർ രണ്ടുപേരും ഭാഗ്യവാന്മാരായിരുന്നു. രണ്ടുപേരും ഓരോ പോത്തിൻകുട്ടന്മാരെ വെടിവച്ചു വീഴ്ത്തി. അവർക്കു വലിയ ആഹ്ലാദമായിരുന്നു അപ്പോൾ.
മുൻകൂട്ടി പറഞ്ഞിരുന്നതനുസരിച്ചു പൈലറ്റ് വിമാനവുമായി വനത്തിൽ മടങ്ങിയെത്തി തുറസായ ഒരു സ്ഥലത്ത് ലാൻഡ് ചെയ്തു. അപ്പോഴേക്കും വേട്ടക്കാർ രണ്ടുപേരും കൂടി വളരെ ബുദ്ധിമുട്ടി പോത്തിറച്ചി പായ്ക്കു ചെയ്ത് യാത്രയ്ക്കു തയാറായിരുന്നു.
പോത്തിറച്ചി പായ്ക്ക് ചെയ്ത ബലമുള്ള വലിയ പ്ലാസ്റ്റിക് സഞ്ചികൾ കണ്ടപ്പോൾ പൈലറ്റ് പറഞ്ഞു: ""ഈ ചെറിയ വിമാനത്തിൽ നമ്മൾ മൂന്നുപേരോടൊപ്പം ഇത്രയും ഭാരം കയറ്റാനാവില്ല. കുറേ പായ്ക്കറ്റുകൾ നാം ഉപേക്ഷിക്കണം.'' അപ്പോൾ വേട്ടക്കാരിലൊരാൾ പറഞ്ഞു: ""കഴിഞ്ഞവർഷം ഇതിലും ചെറിയ വിമാനത്തിൽ രണ്ടു പോത്തുകളുടെ ഇറച്ചി ഞങ്ങൾ കൊണ്ടുപോയതാണ്.'' ഉടനെ അയാളുടെ സുഹൃത്തും അതു ശരിയാണെന്നു പറഞ്ഞു.
അല്പനേരം ആലോചിച്ചതിനുശേഷം പൈലറ്റ് പറഞ്ഞു: ""കഴിഞ്ഞവർഷം രണ്ടു പോത്തുകളുടെ ഇറച്ചി നിങ്ങൾ കൊണ്ടുപോയതാണെങ്കിൽ ഇത്തവണയും അതു സാധിക്കണം. വരൂ, നമുക്കു പോകാം. '' അവർ മൂന്നുപേരുംകൂടി ബദ്ധപ്പെട്ടു പോത്തിറച്ചിയുടെ പായ്ക്കറ്റുകൾ വിമാനത്തിൽ കയറ്റി. അതിനുശേഷം പൈലറ്റ് വിമാനം സ്റ്റാർട്ട് ചെയ്തു സാവധാനം ടെയ്ക് ഓഫ് ചെയ്തു.
പക്ഷേ, പൈലറ്റ് എത്ര ശ്രമിച്ചിട്ടും വിമാനം അധികം ഉയർത്താൻ സാധിച്ചില്ല. നിമിഷങ്ങൾക്കുള്ളിൽ വിമാനം തകർന്നുവീണു. വിമാനം വീണത് അധികം ഉയരത്തിൽനിന്നല്ലായിരുന്നതുകൊണ്ട് ആർക്കും ആളപായമൊന്നും സംഭവിച്ചില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങളിൽനിന്നു പുറത്തുകടന്ന വേട്ടക്കാരിലൊരാൾ മറ്റേ വേട്ടക്കാരനോടു ചോദിച്ചു: ""നമ്മൾ ഇപ്പോൾ എവിടെയാണെന്നു നിനക്കറിയാമോ?'' ഉടനെ അയാൾ പറഞ്ഞു: ""കഴിഞ്ഞവർഷം നമ്മുടെ വിമാനം തകർന്നുവീണ സ്ഥലത്തിനു വളരെ അടുത്തുതന്നെ!''
ഈ കഥ കേൾക്കുന്പോൾ നമ്മിൽ പല ചോദ്യങ്ങളും ഉയർന്ന ുവരാം. അതിൽ ഒന്ന് ഇതായിരിക്കും: തലേ വർഷത്തെ അനുഭവത്തിൽനിന്ന് അവർ എന്തുകൊണ്ടു പാഠം പഠിച്ചില്ല? തലേവർഷം ചെറിയ വിമാനത്തിൽ കൂടുതൽ ഭാരം കയറ്റി തകർന്നുവീണ അവർ എന്തുകൊണ്ടു വീണ്ടും അതാവർത്തിച്ചു എന്ന ചോദ്യം വളരെ പ്രസക്തമാണ്.
പക്ഷേ, ഈ കഥ രണ്ടു വേട്ടക്കാരെക്കുറിച്ചു മാത്രമുള്ള കഥയല്ല. ഈ കഥ നമ്മെക്കുറിച്ചുകൂടിയുള്ള കഥകൂടിയാണ്. അനുഭവത്തിൽനിന്നു പാഠം പഠിക്കുന്നവരാണോ നമ്മൾ?എങ്കിൽ വളരെ നല്ലത്. എന്നാൽ, അനുഭവത്തിൽനിന്നു പാഠം പഠിക്കുന്നതിൽ നാമും വിമുഖരാണെന്നതല്ലേ വസ്തുത. തെറ്റായ കാര്യങ്ങൾ നാം ചെയ്യാനിടയായാൽ അതിന്റെ ദുരന്തഫലം നാം അനുഭവിക്കും. എന്നാൽ, അതിനു ശേഷവും തെറ്റായ ആ നടപടി നാം ആവർത്തിച്ചുപോകുന്നതായിട്ടല്ലേ നമ്മുടെ അനുഭവം.
ഉദാഹരണമായി മദ്യപാനത്തിന്റെ കാര്യമെടുക്കാം. അമിതമായി മദ്യപിക്കുന്നവർ അതിന്റെ ദോഷഫലം എപ്പോഴും അനുഭവിക്കുന്നുണ്ട്. വാക്കുതർക്കവും ഏറ്റുമുട്ടലുകളും കുടുംബകലഹവുമൊക്കെ പലപ്പോഴും അതിന്റെ ഫലങ്ങളല്ലേ. എങ്കിൽപ്പോലും ആ ഫലങ്ങളൊക്കെ അനുഭവിച്ചതിനുശേഷവും മദ്യപാനി വീണ്ടും അതിമ മദ്യപാനത്തിലേക്കല്ലേ പോകുന്നത്. മദ്യപാനം ഒരു ശീലമായിപ്പോയി എന്നു നാം അതിനെ ന്യായീകരിച്ചേക്കാം. പക്ഷേ, അപ്പോഴും നമ്മുടെ കഥയിലെ വേട്ടക്കാർക്കു തുല്യരല്ലേ ഇങ്ങനെ സ്വയം ന്യായീകരിക്കുന്നവർ.
വിമാനത്തിൽ അമിതഭാരം കയറ്റി വിമാനം തകർന്നുവീണ അനുഭവമുണ്ടായിട്ടും രണ്ടാമതൊരു അപകടത്തിന് അവർ അറിഞ്ഞുകൊണ്ടുതന്നെ വഴിതെളിച്ചില്ലേ? അതിനുള്ള അവരുടെ കാരണമെന്തുമാകട്ടെ. അവർ ആദ്യത്തെ അനുഭവത്തിൽനിന്നു പാഠം പഠിച്ചു വിവേകപൂർവം പ്രവർത്തിക്കേണ്ടതായിരുന്നില്ലേ. അതിനു പകരം അവർ വീണ്ടും ഒരു അപകടസാധ്യതയ്ക്കു വഴിയൊരുക്കുകയാണു ചെയ്തത്.
നമ്മുടെ ജീവിതത്തിലും പലപ്പോഴും ഇതുപോലെതന്നെയാണു സംഭവിക്കുന്നത്. നമ്മുടെ പ്രവൃത്തികളുടെ ഫലം ദോഷകരമായിരിക്കുമെന്ന് അറിയാവുന്ന അവസരത്തിലും അങ്ങനെ സംഭവിക്കുകയില്ല എന്ന തെറ്റായ ചിന്താഗതിയോടെ നാം പ്രവർത്തിക്കുന്നു. അതുവഴിയുണ്ടാകുന്ന ദുരന്തഫലങ്ങൾ നാം മാത്രമാണോ അനുഭവിക്കുന്നത്?എങ്കിൽ അതു നമ്മുടെ ദുരന്തം മാത്രമായി ഒതുങ്ങിനിൽക്കുമായിരുന്നു.
എന്നാൽ യാഥാർഥ്യം അതല്ലല്ലോ. രണ്ടു വേട്ടക്കാരുടെ തെറ്റായ തീരുമാനവും പ്രവൃത്തിയും പൈലറ്റിന്റെ ജീവൻ അപകടത്തിൽപ്പെടുത്തിയതുപോലെ അനുഭവത്തിൽനിന്നു പാഠം പഠിക്കാതെ നാം ചെയ്യുന്ന പല കാര്യങ്ങളും മറ്റുള്ളവരുടെ ജീവിതംകൂടി ദുരിതപൂർണമാക്കുന്നു എന്നതു നാം മറന്നുപോകരുത്.
ജീവിതാനുഭവങ്ങൾ എപ്പോഴും നമുക്കു പാഠമായിരിക്കണം. എങ്കിൽ മാത്രമേ വീണ്ടും വീണ്ടും തെറ്റിലേക്കു വഴുതിവീഴാതെ നന്മയുടെ പാതയിലൂടെ നമുക്കു മുന്നോട്ടുപോകാനാകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ