നാം എപ്പോഴും ഓർമിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ചില ജീവിതപാഠങ്ങൾ മാത്രമാണു ഇവിടെ കൊടുത്തിരിക്കുന്നത്. ഇവയാണു നമ്മുടെ ഏറ്റവും പ്രധാന ജീവിതപാഠങ്ങൾ എന്നു വിവക്ഷയില്ല. പ്രധാനപ്പെട്ടവയിൽ ചിലത് ഓർമിപ്പിച്ചുവെന്നു മാത്രം.
ജീവിതത്തിൽ ഒരൂപാട് കാര്യങ്ങൾ അനുദിനം നാം പഠിക്കുന്നുണ്ട്. അവയിൽ ചിലതെങ്കിലും നാം എപ്പോഴും ഓർമിക്കണമെന്നാഗ്രഹിക്കുന്ന ജീവിതപാഠങ്ങൾ ആയിരിക്കും. എന്നാൽ, കാലക്രമേണ നാം അവ മറന്നുപോയെന്നിരിക്കും. തന്മൂലം, നാം പഠിക്കുന്ന അധികം പാഠങ്ങളും നമ്മെ സ്വാധീനിക്കാതെ പോകും. ഒരുപക്ഷേ, നമ്മുടെ ജീവിതത്തിന്റെ ഗുണമേന്മ അനുദിനം വർധിക്കാതിരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഒരു പ്രധാന കാരണം നാം പഠിച്ചിട്ടുള്ള പല നല്ല ജീവിതപാഠങ്ങളും നാം പ്രാവർത്തികമാക്കാത്തതുകൊണ്ടാകണം.
നാം പഠിക്കുന്ന എല്ലാ നല്ല ജീവിതപാഠങ്ങളും എപ്പോഴും നമുക്ക് ഓർമിക്കാൻ സാധിക്കാതെവരുന്പോൾ നമുക്കു ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമുണ്ട്. അതു മഹാന്മാരായ ആചാര്യന്മാർ പറഞ്ഞുവച്ചിരിക്കുന്ന ജീവിതപാഠങ്ങൾ എന്താണ് എന്ന് അന്വേഷിക്കുന്നതാണ്. അങ്ങനെ ഒരു അന്വേഷണം നടത്തിയപ്പോൾ മനസിലാക്കാനിടയായ ചില ജീവിതപാഠങ്ങൾ ഇവിടെ പകർത്തട്ടെ.
അമേരിക്കൻ രാജ്യതന്ത്രജ്ഞനും ചിന്തകനും എഴുത്തുകാരനും പ്രസാധകനുമായിരുന്ന ബഞ്ചമിൻ ഫ്രാങ്ക്ളിൻ (1700-1790) പഠിപ്പിക്കുന്നതനുസരിച്ച് നാം ഓർമിക്കേണ്ട ഒരു പ്രധാന ജീവിതപാഠം അറിവ് സന്പാദിക്കുന്നതിൽ നാം എപ്പോഴും ഉത്സുകരായിരിക്കണം എന്നതാണ്.
എന്നു മാത്രമല്ല, അറിവ്് സന്പാദിക്കുന്ന കാര്യത്തിൽ നാം ഇൻവെസ്റ്റ് ചെയ്താൽ ആയിരിക്കും നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ നേട്ടവും നമുക്കു നേടിത്തരുന്നതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. അദ്ദേഹം പറയുന്നു: "റിവിലുള്ള നിക്ഷേപമാണ് ഏറ്റവും മെച്ചപ്പെട്ട പലിശ നൽകുന്നത്.' അതായത്, അറിവ് സന്പാദിക്കുന്നതിലൂടെയാണത്രേ നാം ജീവിതത്തിൽ യഥാർഥ വിജയം വരിക്കുന്നത്.
അറിവ് സന്പാദനം എന്നു പറയുന്പോൾ എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും അറിവ് സന്പാദിക്കുന്ന കാര്യമല്ല അദ്ദേഹം അർഥമാക്കുന്നത്. പ്രത്യുത നമുക്കു വ്യക്തിപരമായും സമൂഹത്തിനു പൊതുവായും നന്മയുണ്ടാകുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവാണ്. തന്മൂലം നാം സന്പാദിക്കുന്ന അറിവ് സാമൂഹിക-രാഷ്്ട്രീയ കാര്യങ്ങളെക്കുറിച്ചോ ശാസ്ത്ര-സാങ്കേതിക കാര്യങ്ങളെക്കുറിച്ചോ മാത്രമായിരിക്കില്ല. പ്രത്യുത ആധ്യാത്മികവും ഭൗതികവുമായ നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചു മാത്രമായിരിക്കും.
അറിവ് സന്പാദിക്കന്നതു സംബന്ധിച്ച ജീവിതപാഠം ഫ്രാങ്ക്ളിൻ നമ്മെ അനുസ്മരിപ്പിക്കുന്പോൾ ലെയനാർദോ ഡാവിഞ്ചി (1452-1519) നമ്മെ പഠിപ്പിക്കുന്ന ഒരു പ്രധാന ജീവിതപാഠം നാം നമ്മുടെ ജീവിതം പ്രവർത്തനപരം ആക്കണം എന്നതാണ്. ഇറ്റലിക്കാരനായ അദ്ദേഹം ചിത്രകലയിലും കൊത്തുപണിയിലും വാസ്തുവിദ്യയിലും കണ്ടുപിടിത്തത്തിലുമൊക്കെ മുൻപന്തിയിൽനിന്ന അതുല്യ പ്രതിഭയായിരുന്നു. ജീവിതത്തെക്കുറിച്ചു സ്വപ്നം കാണുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലായിരുന്നു. എന്നാൽ, നാം സ്വപ്നം കണ്ടാൽ മാത്രം പോരാ, നാം കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിച്ചാൽ മാത്രം പോരാ, പ്രത്യുത, നാം ജീവിക്കാൻ തയാറാകണമെന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു.
സ്വപ്നം കാണുന്നതിൽ നാം ആരും ആരുടെയും പിന്നിലായിരിക്കുകയില്ല. കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യത്തിലും നാം അത്ര മോശക്കാരായിരിക്കുകയില്ല. എന്നാൽ, നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്ന കാര്യം വരുന്പോൾ നാം ഏറെ പിന്നിൽപ്പോകാനിടയുണ്ട്. ഇതനുസ്മരിച്ചുകൊണ്ടാണ്, ആഗ്രഹിച്ചാൽ മാത്രം പോരാ, പ്രത്യുത പ്രവർത്തിക്കാൻ നാം തയാറാകണമെന്ന് അദ്ദേഹം പഠിപ്പിക്കുന്നത്.
ശാസ്ത്രരംഗത്തു മറ്റാരെയുംകാൾ ഏറ്റവുമധികം കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള തോമസ് എഡിസണും (1847-1931) ഇതിനു സമാനമായ ഒരു ജീവിതപാഠം നമ്മെ പഠിപ്പിക്കുന്നുണ്ട്. അത് ഇതാണ്: "കഠിനാധ്വാനത്തിനു പകരംവയ്ക്കാൻ മറ്റൊന്നില്ല.' ജീവിതത്തിൽ വിജയിക്കാൻ നാം വെറുതെ അധ്വാനിച്ചാൽ മാത്രം പോരാ, നാം കഠിനമായി അധ്വാനിക്കണമെന്ന് അദ്ദേഹം പഠിപ്പിക്കുന്നു.
നാം കഠിനമായി അധ്വാനിക്കണമെന്ന് എഡിസണ് പറയുന്പോൾ, നാം എപ്പോഴും എന്തെങ്കിലും കഠിനമായി ചെയ്തുകൊണ്ടിരിക്കണമെന്നല്ല അദ്ദേഹം പറയുന്നത്. പ്രത്യുത, നാം ലക്ഷ്യം വയ്ക്കുന്ന കാര്യം നേടുന്നതിനു നിശ്ചയദാർഢ്യത്തോടും സമർപ്പണബോധത്തോടുംകൂടി പ്രവർത്തിക്കണമെന്നാണ്. അതായത്, അലസത വെടിഞ്ഞു നാം പ്രവർത്തിക്കണമെന്നു സാരം.
നാം പലപ്പോഴും കഠിനാധ്വാനം ചെയ്യുന്നതു നമ്മുടെ സ്വന്തം കാര്യങ്ങൾക്കുവേണ്ടിയായിരിക്കും. അങ്ങനെ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ, അതോടൊപ്പം മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയും നാം കഠിനാധ്വാനം ചെയ്യണം. എങ്കിൽ മാത്രമേ നമ്മുടെ വ്യക്തിത്വത്തിന്റെ പൂർണത കൈവരൂ. ഇതനുസ്മരിപ്പിക്കുന്ന ഒരു ജീവിതപാഠം റോബർട്ട് ഇംഗർബോൾ നമ്മെ ഓർമിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: മറ്റുള്ളവരെ ഉയർത്തുന്നതു വഴിയാണ് നാം ഉയരുന്നത്.
ദൈവം ഉണ്ടോ എന്നു നിശ്ചയമില്ലാത്ത അഗ്നോസ്റ്റിക് ആയിരുന്നു അമേരിക്കൻ ചിന്തകനും എഴുത്തുകാരനുമായിരുന്ന ഇംഗർസോൾ (1833-1899). എങ്കിലും അദ്ദേഹം പഠിച്ച ജീവിതപാഠങ്ങളിലൊന്നു മറ്റുള്ളവരെ ഉയർത്തിയാലേ നമുക്കും ഉയരാൻ സാധിക്കൂ എന്നതായിരുന്നു. ദൈവവിശ്വാസമുള്ളവരായിട്ടു പോലും ചിലപ്പോഴെങ്കിലും നാം മറന്നുപോകുന്ന ഒരു ജീവിതപാഠമാണിത്. എന്നാൽ, ഈ പാഠം നാം ഒരിക്കലും മറക്കാതിരിക്കുകതന്നെ വേണം. എന്നു മാത്രമല്ല, ഈ ജീവിതപാഠമനുസരിച്ചു നാം പ്രവർത്തിക്കുകയും വേണം.
നമ്മുടെ ജീവിതത്തിൽ നമുക്കുവേണ്ടവയെല്ലാം സന്പാദിക്കാനായാൽ നാം ജീവിതത്തിൽ ഉയർന്നു എന്നായിരിക്കും സ്വാഭാവികമായും ചിന്തിക്കുക. എന്നാൽ, വാസ്തവമങ്ങനെയല്ല. ഇംഗർബോൾ അനുസ്മരിപ്പിക്കുന്നതുപോലെ, നാം മറ്റുള്ളവരെ കൈപിടിച്ച് ഉയർത്തുന്പോൾ മാത്രമേ നാം ശരിക്കും ഉയരുന്നുള്ളൂ. നമുക്കിതു മറക്കാതിരിക്കാം.
നാം എപ്പോഴും ഓർമിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ചില ജീവിതപാഠങ്ങൾ മാത്രമാണു മുകളിൽ കൊടുത്തിരിക്കുന്നത്. ഇവയാണു നമ്മുടെ ഏറ്റവും പ്രധാന ജീവിതപാഠങ്ങൾ എന്നു വിവക്ഷയില്ല. പ്രധാനപ്പെട്ടവയിൽ ചിലത് ഓർമിപ്പിച്ചുവെന്നു മാത്രം. ഈ ജീവിതപാഠങ്ങൾ നാം പഠിച്ചിട്ടുള്ള നിരവധി മറ്റു നല്ല ജീവിതപാഠങ്ങൾ ഓർമിക്കാനും പ്രാവർത്തികമാക്കാനും നമ്മെ സഹായിക്കട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ