ഒരിക്കൽ ഒരു മതപ്രസംഗകൻ പ്രസംഗിക്കുകയായിരുന്നു. ശത്രുക്കളോടു ക്ഷമിക്കുക എന്നതായിരുന്നു പ്രസംഗവിഷയം. പ്രസംഗത്തിനിടയിൽ അദ്ദേഹം ചോദിച്ചു: ""നിങ്ങളിൽ എത്ര പേർ നിങ്ങളുടെ ശത്രുക്കളോടു ക്ഷമിച്ചിട്ടുണ്ട്?'' സദസിലുണ്ടായിരുന്നവരിൽ പകുതിപ്പേർ കൈ ഉയർത്തി. വീണ്ടും അദ്ദേഹം ഈ ചോദ്യം ആവർത്തിച്ചു. അപ്പോൾ അവിടെ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും കൈ ഉയർത്തി. ശത്രുക്കളോടു ക്ഷമിക്കാത്തവരായി സദസിൽ കുറെ ആളുകൾ അവശേഷിച്ചിട്ടുണ്ടെന്നു മനസിലാക്കിയ അദ്ദേഹം ഒരേ ചോദ്യംതന്നെ മൂന്നാം തവണയും ആവർത്തിച്ചു. ഉടനെ ഒരു വല്യമ്മച്ചി ഒഴികെ മറ്റെല്ലാവരും കൈ ഉയർത്തി.
ഇതു കാണാനിടയായ മതപ്രസംഗകൻ വല്യമ്മച്ചിയോടു ചോദിച്ചു: ""വല്യമ്മച്ചീ, എന്താ ശത്രുക്കളോടു ക്ഷമിക്കുവാൻ ഇപ്പോഴും തയാറല്ലേ?'' അപ്പോൾ വല്യമ്മച്ചി പറഞ്ഞു: ""എനിക്കു ശത്രുക്കളായി ആരുമില്ല.'' ഉടനെ അദ്ദേഹം പറഞ്ഞു: ""ഇത് അസാധാരണമാണല്ലോ. വല്യമ്മച്ചിക്ക് എത്ര വയസായി?'' ""തൊണ്ണൂറ്റി മൂന്ന്'', വല്യമ്മച്ചി മോണകാട്ടി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. അപ്പോൾ മതപ്രസംഗകൻ പറഞ്ഞു: ""വല്യമ്മച്ചി മുന്നോട്ടു വരൂ. എന്നിട്ട് എല്ലാവരോടുമായി പറയൂ എന്തുകൊണ്ടാണ് വല്യമ്മച്ചിക്കു ശത്രുക്കൾ ആരും ഇല്ലാത്തത് എന്ന്''. വല്യമ്മച്ചി സാവധാനം നടന്നു സദസിന്റെ മുന്പിലെത്തി എല്ലാവരോടുമായി പറഞ്ഞു: ""എനിക്കു ശത്രുക്കൾ ആരുമില്ല. കാരണം, ഞാൻ അവരെയെല്ലാം അതിജീവിച്ചു. അവരൊക്കെ പണ്ടേ മരിച്ചുപോയി''.
ഏതോ രസികൻ മെനഞ്ഞെടുത്ത ഒരു ഫലിതമാണിത്. എന്നാൽ ആ ഫലിതത്തിൽ കുറെ കാര്യവും ഉണ്ട്. നാമെത്ര നല്ലവരാണെങ്കിലും ക്ഷമയുടെ കാര്യം വരുന്പോൾ പലപ്പോഴും നാം പിന്നിൽപ്പോകാനാണു സാധ്യത. തന്മൂലം, എപ്പോഴുംതന്നെ ഏതെങ്കിലും തരത്തിലുള്ള ""ശത്രുക്കൾ'' നമുക്ക് ഉണ്ടായിരിക്കും. അവരോടു ക്ഷമിക്കുന്ന കാര്യം വരുന്പോൾ നാം അങ്ങനെ ആഗ്രഹിച്ചാൽപോലും അതു നടന്നില്ലെന്നു വരാം. കാരണം, ചില ശത്രുക്കളെങ്കിലും നമ്മെ അഗാധമായി മുറിപ്പെടുത്തിയിട്ടുണ്ടാവാം. അങ്ങനെയുള്ള സാഹചര്യത്തിൽ ആ ശത്രുക്കളൊക്കെ മരിച്ചാലേ നമുക്കു ശത്രുക്കൾ ഇല്ലാതാകൂ.
എന്നാൽ അങ്ങനെയൊരു നിഗമനത്തിലേക്കു നാം പെട്ടെന്ന് എത്തേണ്ട. കാരണം, നമ്മുടെ ശത്രുക്കൾ മരിച്ചാലും അതുകൊണ്ടു മാത്രം നമ്മുടെ ശത്രുക്കൾ ഇല്ലാതാവുമോ? ഒരിക്കലുമില്ല. അവർ മരിച്ചാൽപ്പോലും അവരോടുള്ള കടുത്ത വിഷമം നമുക്കു മാറി എന്നു വരില്ല. അതായത്, അവരുടെ മരണശേഷവും അവർ നമ്മുടെ ശത്രുക്കളായി തുടരും എന്നു സാരം. എന്നാൽ, ഹൃദയപൂർവം അവരോടു ക്ഷമിക്കുവാൻ നമുക്കു സാധിച്ചാൽ അപ്പോൾ നമുക്കു ശത്രുക്കൾ ഇല്ലാതാകും. ഇതു മരിച്ചുപോയ ശത്രുക്കളുടെ കാര്യത്തിലെന്നപോലെ ജീവിച്ചിരിക്കുന്ന ശത്രുക്കളുടെ കാര്യത്തിലും ശരിയാണ്.
നാം ശത്രുക്കളോടു ക്ഷമിക്കുന്നതുകൊണ്ടു നമുക്കു ശത്രുക്കൾ ഇല്ലാതാകുമോ? നാം നമ്മുടെ ശത്രുക്കളോടു ക്ഷമിച്ചാലും അവർ നമ്മുടെ ശത്രുക്കളായി തുടർന്നുവെന്നിരിക്കും. അത് അവരുടെ സ്വാതന്ത്ര്യം. എന്നാൽ, അവർ ശത്രുത പുലർത്തുന്നതുകൊണ്ടു നാമും അവരോടു ശത്രുത പുലർത്തി നാമെന്തിനു നമ്മുടെ ഹൃദയസമാധാനം നഷ്ടപ്പെടുത്തണം?
നമുക്കുവേണ്ടതു ഹൃദയ സമാധാനമാണ്. അതിനു നാം ശത്രുക്കളോടു ക്ഷമിക്കുകതന്നെ വേണം. ശത്രുക്കളോടു ക്ഷമിക്കാതെ നമുക്കു സമാധാനം വേണമെന്നു നാം ശഠിച്ചാൽ അതു നടക്കാൻ പോകുന്നില്ല. അപ്പോൾപ്പിന്നെ ശത്രുക്കളോടു ക്ഷമിക്കുക മാത്രമേ അതിനു മാർഗമുള്ളു. എന്നാൽ, ശത്രുക്കളോടു ഹൃദയപൂർവം ക്ഷമിക്കണമെങ്കിൽ മാനുഷികമായ രീതിയിൽ അതു സാധ്യമായെന്നു വരില്ല. അതിനു ദൈവത്തിന്റെ സഹായംതന്നെ നമുക്കു വേണ്ടിവരും.
മനുഷ്യന് അസാധ്യമായവ ദൈവത്തിനു സാധ്യമാണ് എന്നു നമുക്കറിയാം. തന്മൂലം, ക്ഷമിക്കുന്ന കാര്യം വരുന്പോൾ ദൈവത്തിന്റെ ശക്തിയിലാശ്രയിക്കുക മാത്രമേ മാർഗമുള്ളൂ. ദൈവത്തിന്റെ അനുഗ്രഹമുണ്ടെങ്കിൽ ഏതു കാര്യത്തിനും ആരോടും ക്ഷമിക്കാനാവും. അതുപോലെ, എത്ര തവണ വേണമെങ്കിലും ക്ഷമിക്കാനാകും.
ശത്രുക്കളോടു ക്ഷമിക്കുവാൻ ദൈവപുത്രനായ യേശു പഠിപ്പിച്ചപ്പോൾ ""നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക'' എന്നും അവിടുന്നു പറഞ്ഞു. നമ്മുടെ ശത്രുക്കൾ ആരാണ്? ശാരീരികമായും മാനസികമായും നമ്മെ പീഡിപ്പിക്കുന്നവരല്ലേ നമ്മുടെ ശത്രുക്കൾ? അവർക്കുവേണ്ടി പ്രാർഥിക്കുവാൻ നാം തയാറായാൽ അവരോടു ക്ഷമിക്കാതിരിക്കാൻ നമുക്കു സാധിക്കുമോ? നമ്മെ പീഡിപ്പിക്കുന്നവർക്കുവേണ്ടിയുള്ള നമ്മുടെ പ്രാർഥന ആത്മാർഥമാണെങ്കിൽ അവരോടു നാം ക്ഷമിക്കുകതന്നെചെയ്യും. അവരോടു ക്ഷമിക്കാതെയാണ് അവർക്കുവേണ്ടി നാം പ്രാർഥിക്കുന്നതെങ്കിൽ ആ പ്രാർഥനയ്ക്ക് എന്തെങ്കിലും അർഥമുണ്ടോ? അതു വെറും അധരവ്യായാമമായി മാറില്ലേ?
നമ്മുടെ ശത്രുക്കളോടു ക്ഷമിക്കുവാൻ ആഗ്രഹമുള്ള മനസോടെയാണു നാം ശത്രുക്കൾക്കുവേണ്ടി പ്രാർഥിക്കുന്നതെങ്കിൽ ക്ഷമിക്കാനുള്ള ദൈവാനുഗ്രഹം ധാരാളമായി നമ്മിലേക്ക് ഒഴുകുകതന്നെചെയ്യും. അപ്പോൾ അസാധ്യമെന്നു നമുക്കു തോന്നിയിരുന്ന കാര്യം നമുക്കു സാധ്യമാവുകയും ചെയ്യും. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ ക്ഷമിക്കാനുള്ള നമ്മുടെ ആഗ്രഹം ആത്മാർഥമാണോ എന്നു സംശയിക്കേണ്ടിവരും.
ശത്രുക്കളോടു ക്ഷമിക്കുന്ന കാര്യം വരുന്പോൾ പിന്നെയാവട്ടെ എന്നു പറഞ്ഞ് അതു മാറ്റിവയ്ക്കുവാൻ നമുക്കു പ്രലോഭനമുണ്ടാകുക സ്വാഭാവികമാണ്. ക്ഷമിക്കുന്ന കാര്യം മാറ്റിവയ്ക്കുന്നതിന്റെ അർഥം അക്കാര്യത്തിൽ നമുക്ക് ആത്മാർഥത ഇല്ലെന്നതാണ്. ക്ഷമിക്കുന്ന കാര്യത്തിൽ ആത്മാർഥമായ ആഗ്രഹമുണ്ടെങ്കിൽ അത് അല്പ നിമിഷത്തേക്കുപോലും നാം മാറ്റിവയ്ക്കുകയില്ല. എന്നുമാത്രമല്ല, അതിനുള്ള നടപടി അതിവേഗം നാം സ്വീകരിക്കുകയും ചെയ്യും.
നമുക്കു ശത്രുക്കൾ ഇല്ലാതാകാൻ അവരുടെ മരണംവരെ നാം കാത്തിരിക്കേണ്ട. അവരോടു ഹൃദയപൂർവം ക്ഷമിക്കുന്നതുവഴി നമ്മെ സംബന്ധിച്ചിടത്തോളം നമുക്കു ശത്രുക്കൾ ആരുമില്ല എന്നു നമുക്ക് ഉറപ്പുവരുത്താം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ