യേശു ഇന്നും നമ്മുടെയിടയിൽ സജീവ സാന്നിധ്യമായിരിക്കുന്നതു ജീവിതത്തിലെ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും ദുരന്തങ്ങളെയുമൊക്കെ നേരിടാനുള്ള ശക്തി നമുക്ക് പകർന്നുതരാനാണ്. തന്മൂലമാണല്ലോ അവിടുന്ന് പറഞ്ഞത്, ""ഞാൻ വന്നിരിക്കുന്നത് നിങ്ങൾക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്.'' എന്ന്.
ഈസ്റ്റർ കഴിഞ്ഞുവന്ന അവധിക്കാലം. പപ്പയും മമ്മിയും അവരുടെ പുന്നാരമോളും അടങ്ങുന്ന കുടുംബം ട്രെയിനിൽ യാത്രചെയ്യുകയാണ്. ആ കുരുന്നുബാലികയുടെ ആദ്യത്തെ ട്രെയിൻ യാത്രയായിരുന്നതുകൊണ്ട് അവൾ ഏറെ ഉത്സാഹവതിയായിരുന്നു. രാത്രി ഉറങ്ങാൻ സമയമായപ്പോൾ അവളെ അപ്പർബർത്തിൽ കിടത്തി. അവളുടെ മുഖത്തെ ഭയപ്പാട് കണ്ടപ്പോൾ മമ്മി പറഞ്ഞു, ""മരിച്ച് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ കഥ നിനക്കറിയില്ലേ? അവിടുന്ന് നിന്നെ കാത്തുകൊള്ളും.'' മമ്മിയുടെ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് ആശ്വാസമായി.
ഉടനെതന്നെ കാബിനിലുണ്ടായിരുന്ന ലൈറ്റണച്ച് എല്ലാവരും ഉറങ്ങാൻ കിടന്നു. അപ്പോൾ ഇരുട്ടത്ത് ഭയപ്പാട് തോന്നിയ ആ കുരുന്നുബാലിക വിളിച്ചുചോദിച്ചു, ""മമ്മീ, മമ്മി ഇവിടെയുണ്ടോ?'' ""ഉണ്ട് മോളേ,'' മമ്മി മറുപടി പറഞ്ഞു. ഏതാനും നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ബാലിക ചോദിച്ചു, ""പപ്പാ, പപ്പായും ഇവിടെയുണ്ടോ?'' ""ഉണ്ട് മോളേ,'' പപ്പാ മറുപടി പറഞ്ഞു.
അല്പം കഴിഞ്ഞപ്പോൾ ബാലിക മമ്മിയോടും പപ്പായോടും ഈ ചോദ്യങ്ങൾതന്നെ ആവർത്തിച്ചു. അവർ അപ്പോഴും അവളെ ധൈര്യപ്പെടുത്തുന്ന രീതിയിൽ മറുപടി പറഞ്ഞു. കുറേ കഴിഞ്ഞ് അവൾ ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ ആ കാബിനിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ ക്ഷമ നശിച്ച് പറഞ്ഞു, ""ഞങ്ങൾ എല്ലാം ഇവിടെയുണ്ട്. നിന്റെ മമ്മയും പപ്പയും നിന്റെ ആന്റിമാരും അങ്കിൾമാരും എന്നുവേണ്ട എല്ലാവരും ഇവിടെയുണ്ട്. നീ ഇപ്പോൾ ഉറങ്ങാൻ നോക്ക്.''
കുറേസമയത്തേക്ക് അവൾ നിശബ്ദയായിരുന്നു. അതേത്തുടർന്ന് അല്പം സ്വരം താഴ്ത്തി അവൾ ചോദിച്ചു, ""മമ്മീ, ഉയിർത്തെഴുന്നേറ്റ ആ യേശുവും നമ്മുടെകൂടെ ഇപ്പോൾ ഉണ്ടോ?''
""ഉണ്ട് മോളേ'' മമ്മി നല്ല ഉറപ്പുള്ള ശബ്ദത്തിൽ പറഞ്ഞു. നിന്റെ മമ്മിയും പപ്പായും ഉറങ്ങുന്പോഴും അവിടുന്നു നിന്റെ അരികിൽ ഉണർന്നിരിപ്പുണ്ട്.
ഇതൊരു നുറുങ്ങുകഥയാണ്. എന്നാൽ ഈ നുറുങ്ങുകഥ വലിയൊരു സത്യം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. കൊറോണ വൈറസ് ലോകമെന്പാടും ഭീതിയും മരണവും വിതയ്ക്കുന്ന ഇക്കാലത്ത് നാം അനുസ്മരിക്കേണ്ട സുപ്രധാനമായ ഒരു സത്യം. ആ സത്യമാകട്ടെ ദൈവപുത്രനും ലോകരക്ഷകനുമായ യേശുവിന്റെ ഉത്ഥാനവുമായി അഭേദ്യമായി ബന്ധപ്പെട്ട സത്യമാണ്.
ലോകം ഇന്ന് യേശുവിന്റെ ഉയിർപ്പുതിരുനാൾ ആഘോഷിക്കുന്പോൾ കുരിശിൽ മരിച്ച ശേഷം അടക്കപ്പെട്ട് മൂന്നാംദിവസം അവിടുന്ന് ഉയിർത്തെഴുന്നേറ്റ സംഭവമാണ് ആദ്യം നമ്മുടെ ഓർമയിലേക്ക് ഓടിയെത്തുക. എന്നാൽ, രണ്ടായിരം വർഷം മുൻപ് നടന്ന ഈ സംഭവം മാത്രമല്ല നാം ഇന്ന് അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. അതോടൊപ്പം, ഉത്ഥാനം ചെയ്ത യേശുവിന്റെ നമ്മുടെയിടയിലുള്ള ഇന്നത്തെ സജീവസാന്നിധ്യംകൂടിയാണ് നാമിന്ന് അനുസ്മരിക്കുകയും അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.
ഉത്ഥാനം ചെയ്ത യേശു സ്വർഗാരോഹണത്തിനു മുൻപായി തന്റെ ശിഷ്യന്മാരോടു പറഞ്ഞു, ""ലോകാവസാനം വരെ ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.'' ദൈവംതന്നെയായ യേശു സ്വർഗത്തിലെന്നതുപോലെ ഭൂമിയിലും എപ്പോഴുമുണ്ട്. അവിടുന്ന് നമ്മോടൊപ്പം നമ്മുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലുമുണ്ട്. നേട്ടങ്ങളിലും കോട്ടങ്ങളിലുമുണ്ട്. എന്നു മാത്രമല്ല, പ്രകൃതിദുരന്തങ്ങളിലും മനുഷ്യസൃഷ്ടിയായ മഹായുദ്ധങ്ങളിലും ഏറ്റുമുട്ടലുകളിലും കലാപങ്ങളിലും ഇപ്പോഴത്തെ ഏറ്റവും വലിയ ദുരന്തമായ കൊറോണ വൈറസ് സൃഷ്ടിക്കുന്ന പകർച്ചവ്യാധിക്കിടയിലും അവിടുന്ന് നമ്മോടൊപ്പമുണ്ട്.
യേശു ഇന്നും നമ്മുടെയിടയിൽ സജീവസാന്നിധ്യമായിരിക്കുന്നതു ജീവിതത്തിലെ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും ദുരന്തങ്ങളെയുമൊക്കെ നേരിടാനുള്ള ശക്തി നമുക്ക് പകർന്നുതരാനാണ്. തന്മൂലമാണല്ലോ അവിടുന്ന് പറഞ്ഞത്, ""ഞാൻ വന്നിരിക്കുന്നത് നിങ്ങൾക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്.'' എന്ന്. മറ്റൊരവസരത്തിൽ അവിടുന്ന് പറഞ്ഞു, ""അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായവരെ, നിങ്ങൾ എന്റെ പക്കലേക്കു വരിക ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.''
കൊറോണ വൈറസ് ലോകത്തെയിട്ട് അമ്മാനമാടുന്പോൾ സ്വാഭാവികമായും നാം ഭയചകിതരാകും. എന്നാൽ അപ്പോഴൊക്കെ നാം ഓർമിക്കണം നമുക്ക് താങ്ങും തണലുമായി അവിടുന്ന് എപ്പോഴും നമ്മോടുകൂടെ ഉണ്ട് എന്ന സത്യം.
ഉത്ഥാനം ചെയ്ത യേശുവിന്റെ യഥാർഥവും സജീവവുമായ സാന്നിധ്യം വിശുദ്ധകുർബാനയിലുണ്ട്. തന്മൂലമാണ് ദേവാലയത്തിലെ സക്രാരികളിൽ സൂക്ഷിക്കുന്ന തിരുവോസ്തിയെ വിശ്വാസികൾ ആരാധിക്കുന്നത്. അവിടത്തെ സജീവസാന്നിധ്യം ദൈവവചനത്തിലുമുണ്ട്. ബൈബിൾ പ്രാർഥനാപൂർവം ശ്രവിക്കുകയോ വായിക്കുകയോ ചെയ്യുന്പോഴൊക്കെ അവിടത്തെ സജീവസാന്നിധ്യം നമ്മോടൊപ്പമുണ്ട്. ""രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒന്നിച്ചുകൂടുന്പോൾ അവരോടൊപ്പം ഞാൻ അവിടെയുണ്ട്.'' എന്ന് യേശു പഠിപ്പിച്ചതും നമ്മുടെയിടയിലുള്ള അവിടത്തെ സജീവസാന്നിധ്യത്തെയാണല്ലോ സൂചിപ്പിക്കുന്നത്.
മനസിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ളതാണെങ്കിലും മറ്റു മനുഷ്യരിൽകൂടി, പ്രത്യേകിച്ചം ഏറ്റവും തിരസ്കൃതരും പീഡിതരുമായ ആളുകളിൽകൂടിയും അവിടുന്ന് നമ്മുടെയിടയിൽ സജീവസാന്നിധ്യമായിട്ടുണ്ട് എന്ന് അവിടുന്നുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. അതായത്, അവിടുന്ന് എപ്പോഴും എല്ലാക്കാലവും നമ്മോടൊപ്പം ഉണ്ട് എന്നതാണു യാഥാർഥ്യം.
ഈ യാഥാർഥ്യം നാം ഏറ്റുപറയുകയും അതോടൊപ്പം ഇക്കാര്യത്തിൽ ഏറെ അവബോധം നമുക്കുണ്ടായിരിക്കേണ്ട അവസരവുംകൂടിയാണ് ഉയിർപ്പുതിരുനാൾ. മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ മമ്മി തന്റെ പുന്നാരമോളെ ഓർമിപ്പിച്ചതുപോലെ നമ്മോടൊപ്പമുള്ള ഉത്ഥിതനായ യേശു നമ്മെ കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പായി നമുക്ക് വിശ്വസിക്കാം.
""എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ തന്റെ കുരിശുമെടുത്തുകൊണ്ട് എന്റെ പിന്നാലെ വരട്ടെ.'' എന്നുപറഞ്ഞ യേശു തന്റെ സജീവസാന്നിധ്യംവഴിയായി നമ്മുടെ ജീവിതത്തിലെ കുരിശുകൾ താങ്ങാൻ നമുക്ക് ശക്തി നൽകും എന്നത് നമുക്ക് മറക്കാതിരിക്കാം. പ്രത്യേകിച്ചും കൊറോണ വൈറസ് ലോകമെന്പാടും ദുരന്തം വിതയ്ക്കുന്ന ഈ കാലസന്ധിയിൽ. മരണത്തെ പരാജയപ്പെടുത്തി ഉത്ഥാനം ചെയ്തവനാണ് ദൈവപുത്രനായ യേശു. അവിടുന്നിലായിരിക്കട്ടെ നമ്മുടെ സകല ആശ്രയവും. എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങൾ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ