കാലം മാറി. ശാസ്ത്ര -സാങ്കേതിക - ആരോഗ്യരംഗങ്ങളിലൊക്കെ ലോകം ഒട്ടെറെ നേട്ടങ്ങൾ ഇതിനകം കൈവരിച്ചു. തന്മൂലം, കോവിഡ് -19ഉം അതിവേഗം നിയന്ത്രണവിധേയമാകും എന്നു വിശ്വസിക്കാം. അപ്പോഴും നാം ഓർമിക്കേണ്ട ഒരു യാഥാർഥ്യമുണ്ട്. നാം പലപ്പോഴും വിചാരിക്കുന്നതു പോലെ നമ്മുടെ ചൊല്പടിയിലല്ല കാര്യങ്ങൾ. അതു കൊണ്ടുതന്നെ നാം വിനീതമാനസരാകണം.
അടുത്തമാസം പുറത്തിറങ്ങുവാൻ പോകുന്ന ഒരു നോവലാണ് "ദി എൻഡ് ഓഫ് ഒക്ടോബർ'. ജേർണലിസ്റ്റും ഗ്രന്ഥകാരനുമായ ലോറൻസ് വ്റൈറ്റാണു ഈ നോവലിന്റെ കർത്താവ്. എന്താണെന്നോ ഈ നോവലിലെ ഇതിവൃത്തം? കോവിഡ് -19 പോലെ പടർന്നു പിടിക്കുന്ന ഒരു മഹാമാരി! ഹജ് തീർഥാടകരിലാണ് ഈ പകർച്ചവ്യാധി പടർന്നുപിടിക്കുന്നത്.
ഈ പകർച്ചവ്യാധി ഉണ്ടായപ്പോൾ ഗവൺമെന്റ് ചെയ്തത് എന്താണെന്നോ? അതു പടരാതിരിക്കാൻ മുപ്പതുലക്ഷം പേരെ ക്വാറന്റൈൻ ചെയ്തു. മറ്റ് ആളുകളിലേക്കു രോഗം പടരാതിരിക്കുവാൻ മറ്റു മനുഷ്യരുമായുള്ള അവരുടെ സന്പർക്കം ഒഴിവാക്കുകയായിരുന്നു. നോവലെഴുതിയപ്പോൾ ഇത് ഏതാണ്ട് അസാധ്യമായ കാര്യമാണെന്ന രീതിയിലാണു നോവലിസ്റ്റ് അവതരിപ്പിച്ചത്.
എന്നാൽ ചൈനയിൽ കൊറോണ വൈറസ് ബാധയെതുടർന്നു വുഹാനിൽ ഒരു കോടി പത്തുലക്ഷം പേരെ ക്വാറന്റൈൻ ചെയ്തു എന്നറിഞ്ഞപ്പോൾ തന്റെ ഭാവന അല്പം പോലും കാടുകയറിയില്ല എന്ന ചിന്തയാണു തനിക്കുള്ളതെന്നു ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ കഴിഞ്ഞ ദിവസം നോവലിസ്റ്റ് എഴുതുകയുണ്ടായി. നോവലിന്റെ വിശദമായ വിവരണം നോവലിസ്റ്റ് തന്റെ ലേഖനത്തിൽ കൊടുത്തിട്ടില്ല. എങ്കിലും തന്റെ നോവൽ ഒരു പ്രവചനം പോലെയായി മാറി എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഇത് ആദ്യമായിട്ടല്ല വ്റൈറ്റ് തയാറാക്കിയ ഒരു കഥ പ്രവചനം പോലെയായി മാറുന്നത്. 1998-ൽ പുറത്തിറങ്ങിയ "ദ് സീജ്' എന്ന ഹോളിവുഡ് സിനിമയുടെ തിരക്കഥ തയാറാക്കിയതു വ്റൈറ്റും മറ്റു രണ്ടു സഹപ്രവർത്തകരും ചേർന്നായിരുന്നു. എന്താണെന്നോ ഈ സിനിമയുടെ ഇതിവൃത്തം? ന്യൂയോർക്ക് സിറ്റിയിൽ ഇസ്ലാമിക ഭീകരർ നടത്തുന്ന അതിഭീമമായ ആക്രമണം! ഈ സിനിമ പുറത്തിറങ്ങി മൂന്നു വർഷം കഴിഞ്ഞപ്പോൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ തകർത്ത അതിഭീകരമായ ആക്രമണം ഉണ്ടായി!
"ദി എൻഡ് ഓഫ് ഒക്ടോബർ' എന്ന നോവലിലേക്കു മടങ്ങി വരട്ടെ. ഈ കഥയിലെ മഹാമാരി ഇൻഫ്ളൂവൻസ പോലെയുള്ള ഒരു രോഗം പോലെയാണ്. ലക്ഷക്കണക്കിനാളുകളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ പകർച്ച വ്യധിമൂലം മരിച്ചുവീണത്. ഈ നോവലിൽ സംഭവിച്ചതുപോലെ കൊറോണ വൈറസ് ബാധയുടെ കാര്യത്തിൽ സംഭവിക്കുകയില്ലെന്നു നമുക്കു പ്രത്യാശിക്കാം. അതിനായി നമുക്കു പ്രാർഥിക്കാം.
എന്നാൽ, അതോടൊപ്പം നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുകയും വേണം. അധികാരികൾ നിരന്തരം അനുസ്മരിപ്പിക്കുന്നതുപോലെ, രോഗം പടരാതിരിക്കാൻ നാം പൂർണമായും സഹകരിക്കണം. യാത്രയും കൂട്ടം ചേരലും പാടില്ലെന്നു പറയുന്പോൾ അതു നിസാരമായി എടുക്കരുത്. നമുക്കു രോഗബാധ ഉണ്ടാകാതിരിക്കുന്നതിനു എപ്പോഴും ശ്രദ്ധിക്കണം. അതുപോലെതന്നെ പ്രധാനപ്പെട്ടതാണു രോഗമുണ്ടായാൽ അതു മറ്റുള്ളവരിലേക്കു പടരാതിരിക്കുവാൻ ശ്രദ്ധിക്കുക എന്നതും.
വ്റൈറ്റ് എഴുതിയ "ദ സീജ്' എന്ന സിനിമയുടെ തിരക്കഥയും അദ്ദേഹത്തിന്റെ പുതിയ നോവലിലെ കഥയും യഥാർഥമായി മാറി എന്നു പറഞ്ഞുവല്ലോ. എന്നാൽ അദ്ദേഹം തയാറാക്കിയ തിഥക്കഥയും നോവലും അദ്ദേഹത്തിന്റെ ഭാവനയിൽ നിന്നുമാത്രം എടുത്തതായിരുന്നില്ല. പ്രത്യുത, അദ്ദേഹം നടത്തിയ ഗവേഷണ പഠനങ്ങളുടെ കൂടി ഫലമായിരുന്നു. ലണ്ടനിലും പാരീസിലും ടെൽ അവീവിലുമൊക്കെ ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തിലാണു വ്റൈറ്റ് "ദ സീജ്' എന്ന സിനിമയുടെ തിരക്കഥ തയാറാക്കിയത്.
അദ്ദേഹത്തിന്റെ പുതിയ നോവലിന്റെ കഥയും ഗവേഷണ പശ്ചാത്തലത്തിൽനിന്നു തന്നെ ഉടലെടുത്തതാണ്. അദ്ദേഹത്തിന്റെ ഗവേഷണമനുസരിച്ചു, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ ലോകം പല മഹാമാരികൾക്കും ഇരയാകുവാനുള്ള സാഹചര്യം ഉണ്ടായിരുന്നു. അത് ഉണ്ടാകാതിരുന്നതു ചിലരുടെ അവസരോചിതമായ ഇടപെടൽ മൂലമായിരുന്നത്രെ.
2003-ൽ ഉത്തര കൊറിയയിലെ ഹാനോയിയിൽ ശ്വാസതടസം സൃഷ്ടിക്കുന്ന പുതിയൊരു രോഗം ഉടലെടുത്തു. ഒരു മഹാമാരിയായി തീരാമായിരുന്ന ഈ രോഗത്തിനു പ്രതിവിധി കണ്ടെത്തിയതു കാർലോ ഉർബാനി എന്ന ഒരു ഇറ്റാലിയൻ ഡോക്ടറായിരുന്നു. സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻട്രോം (സാർസ്) എന്നപേരിലാണ് ഈരോഗം ഇന്ന് അറിയപ്പെടുന്നത്. പതിനാറു രാജ്യങ്ങളിലേക്ക് അന്നു ബാധിച്ച ഈ പകർച്ചവ്യാധി നൂറു ദിവസം കൊണ്ടു കീഴടക്കപ്പെട്ടു. എന്നാൽ, ഈ രോഗം തന്നെ ബാധിച്ചു ഡോ. ഉർബാനി മരിച്ചു എന്നതു ഇന്നും വേദനിക്കുന്ന ഒരു ഓർമയായി അവശേഷിക്കുന്നു.
2012-ൽ മറ്റൊരു രോഗം സൗദി അറേബ്യയിൽ പ്രത്യക്ഷപ്പെട്ടു. മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻട്രോം എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. ഒട്ടകങ്ങളിൽ ആദ്യം തുടങ്ങിയ ഈ രോഗവും ഒരു കൊറോണ വൈറസ് മൂലമായിരുന്നത്രെ. ഇതിനും പ്രതിവിധി കണ്ടെത്തുവാൻ സാധിച്ചതുകൊണ്ട് ഇത് വലിയൊരു വിപത്തായി മാറിയില്ല. എന്നാൽ 1918-ൽ ബാധിച്ച "സ്പാനീഷ് ഫ്ളൂ' മൂലം മരിച്ചവരുടെ സംഖ്യ അഞ്ചു കോടിയായിരുന്നത്രെ!
കാലം മാറി. ശാസ്ത്ര -സാങ്കേതിക - ആരോഗ്യരംഗങ്ങളിലൊക്കെ ലോകം ഒട്ടെറെ നേട്ടങ്ങൾ ഇതിനകം കൈവരിച്ചു. തന്മൂലം, കോവിഡ് -19ഉം അതിവേഗം നിയന്ത്രണവിധേയമാകും എന്നു വിശ്വസിക്കാം. അപ്പോഴും നാം ഓർമിക്കേണ്ട ഒരു യാഥാർഥ്യമുണ്ട്. നാം പലപ്പോഴും വിചാരിക്കുന്നതു പോലെ നമ്മുടെ ചൊല്പടിയിലല്ല കാര്യങ്ങൾ. അതു കൊണ്ടുതന്നെ നാം വിനീതമാനസരാകണം; ലോകത്തെ തന്റെ അദ്ഭുത പരിപാലനയിൽ നിയന്ത്രിക്കുന്ന ദൈവത്തിലേക്കു നാം തിരിയണം; അവിടുത്തെ കൃപയ്ക്കായി നാം യാചിക്കണം; പോരാ, അവിടുന്നിൽ നാം സന്പൂർണ ശരണമർപ്പിക്കുകയും വേണം. അപ്പോൾ മാത്രമേ, ഈ പ്രതിസന്ധി വിജയപൂർവം നമുക്കു തരണം ചെയ്യുവാനാകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ