തടവറയിലെ കഥപറയുന്ന ഒരു ഹോളിവുഡ് സിനിമയാണു ദ ഷാഷാങ്ക് റിസംപ്ഷൻ. സ്റ്റീഫൻ കിംഗിന്റെ ഒരു കഥയെ ആധാരമാക്കി ഫ്രാങ്ക് ഡാറാബോ തിരക്കഥ തയാറാക്കി സംവിധാനം ചെയ്ത ഈ ചിത്രം 1990കളിൽ പുറത്തിറങ്ങിയ ഏറ്റവും നല്ല സിനിമകളിലൊന്നായി കരുതപ്പെടുന്നു. ഏഴ് അക്കാദമി നോമിനേഷനുകളും രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകളും നേടിയ ഈ സിനിമയിൽ പ്രധാന കഥാപാത്രമായ ആൻഡി ഡ്യൂഫ്രസിനെ അവതരിപ്പിക്കുന്നതു ടിം റോബിൻസ് ആണ്.
ശാന്തനായ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു ആൻഡി. എന്നാൽ ആൻഡിയുടെ ഭാര്യ കൊല്ലപ്പെട്ടപ്പോൾ നിരപരാധിയായ അദ്ദേഹത്തെ കോടതി കുറ്റക്കാരനായി കണ്ടെത്തി രണ്ടു ജീവപര്യന്തം ശിക്ഷ വിധിച്ചു. താൻ നിരപരാധിയാണെന്നുള്ള ആൻഡിയുടെ വാദമുഖങ്ങളൊന്നും കോടതി പരിഗണിച്ചില്ല. അങ്ങനെയാണു നരകതുല്യമായ ജയിലിൽ ആൻഡി ചെന്നുപെട്ടത്.
ജയിലിലെ വാർഡനായ നോർമണ് ആണു ഈ സിനിമയിലെ വില്ലൻ. തടവുകാരുടെ ജീവിതം ദുരിതപൂർണമാക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന അതിക്രൂരനാണ് അയാൾ. അയാളുടെ കീഴിൽ ജയിലിൽ ജോലിചെയ്യുന്നവരും ഒട്ടും മോശമല്ല. ആൻഡി ജയിലിലെത്തിയ ഉടനെതന്നെ ആൻഡിയുടെ സുഹൃത്തായി മാറിയ തടവുകാരനാണ് റെഡ്. മയക്കുമരുന്നു കച്ചവടത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ എത്തിയതായിരുന്നു അയാൾ.
ജയിലിലെത്തിയ ആൻഡി അവിടത്തെ ജീവിതവുമായി പൊരുത്തപ്പെടാൻ ശ്രമിച്ചു. ആൻഡി ബുദ്ധിമാനായിരുന്നതുകൊണ്ടു വാർഡനെ സ്വാധീനിക്കാൻ ആൻഡിക്കു സാധിച്ചു. അങ്ങനെയാണു നിയമവിരുദ്ധമായി വാർഡൻ സന്പാദിച്ചുകൂട്ടിയ പണം നിയമപരമായി നിക്ഷേപിക്കുന്നതിന് ആൻഡിയുടെ സഹായം അയാൾ തേടിയത്. അതേത്തുടർന്നു വാർഡന്റെ പണം വിവിധ അക്കൗണ്ടുകളിൽ ആൻഡി നിക്ഷേപിച്ചു. എന്നാൽ അതു പീറ്റർ സ്റ്റീവൻസ് എന്ന പേരിലായിരുന്നുവെന്നു മാത്രം. വാർഡന് അത് സ്വീകാര്യവുമായിരുന്നു.
ജയിലിലെ തടവുകാരിലേറിയപങ്കും എല്ലാവരെയും തങ്ങളെത്തന്നെയും ശപിച്ചും നിരാശരായും ജീവിതം തള്ളിനീക്കിക്കൊണ്ടിരുന്നപ്പോൾ ആൻഡിയുടെ മുഖത്ത് ഒരു ശാന്തത ഉണ്ടായിരുന്നു. എന്തായിരുന്നു അതിനു കാരണം? ജയിൽശിക്ഷ കഴിഞ്ഞ് ഒരു ദിവസം സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാമെന്നുള്ള പ്രതീക്ഷ. ഒരിക്കൽ ജയിലിലെ തന്റെ ആത്മസുഹൃത്തായ റെഡ് എന്ന തടവുകാരനോടു സംസാരിക്കുന്പോൾ ആൻഡി പറഞ്ഞു, നാം മറക്കരുതാത്ത ഒരു കാര്യമുണ്ട്. അവർക്കു സ്പർശിക്കാൻ സാധിക്കാത്ത എന്തോ ഒന്ന് നമ്മുടെ ഉള്ളിലുണ്ട്. അതു പ്രതീക്ഷ ആണെന്നു മറ്റൊരവസരത്തിൽ ആൻഡി വ്യക്തമാക്കുന്നുണ്ട്.
തടവറയിലെ മറ്റൊരു തടവുകാരന്റെ സംഭാഷണത്തിൽനിന്നു തന്റെ ഭാര്യയെ കൊലപ്പെടുത്തിയത് ആരാണെന്നു മനസിലാക്കാൻ ആൻഡിക്കു സാധിച്ചു. ഇക്കാര്യം വാർഡനെ അറിയിച്ചപ്പോൾ ആൻഡിയെ രക്ഷിക്കാൻ അയാൾ ശ്രമിച്ചില്ല. അതിനു പകരം ആൻഡിക്കു വാർത്ത നൽകിയ തടവുകാരനെ ചതിയിൽ കൊലപ്പെടുത്തുകയാണു ചെയ്തത്.
എന്നാൽ ഈ സംഭവവികാസങ്ങളൊന്നും ആൻഡിയെ നിരാശനാക്കിയില്ല. അയാൾ തന്റെ പ്ലാനും പദ്ധതിയുമായി മുന്നോട്ടുപോയി. ജയിലിലടയ്ക്കപ്പെട്ടു 19 വർഷം കഴിഞ്ഞപ്പോൾ ആൻഡി ആരുമറിയാതെ തടവറയിൽനിന്നു രക്ഷപ്പെട്ടു. എന്നു മാത്രമല്ല, പീറ്റർ സ്റ്റീഫൻസ് എന്ന ആളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്ന വാർഡന്റെ പണം മുഴുവനും ആൻഡി സ്വന്തമാക്കി. അതിനു പിന്നാലെ മെക്സിക്കോയിലേക്ക് ആൻഡി രക്ഷപ്പെടുകയും ചെയ്തു.
എങ്ങനെയാണ് ആൻഡി രക്ഷപ്പെട്ടത്. തന്റെ തടവുമുറിയുടെ ഭിത്തി തുരന്ന് ഒരു തുരങ്കമുണ്ടാക്കി അതിലൂടെ പുറത്തുകടന്നു ഭൂമിക്കടിയിലുള്ള അഴുക്കുചാലിലൂടെ നീങ്ങി ആൻഡി ജയിലിനു വെളിയിലെത്തി. പുറത്തു കടക്കുന്പോൾ ധരിക്കാനായി വാർഡന്റെ വസ്ത്രങ്ങളും ഷൂസും മോഷ്ടിച്ച് ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ കൂടെ കൊണ്ടുപോരുകയും ചെയ്തു. ഒരു സിനിമാ പോസ്റ്റർ ഭിത്തിയിൽ ഒട്ടിച്ച് അതിന്റെ മറയിലായിരുന്നു ദീർഘനാൾകൊണ്ട് ആൻഡി തുരങ്കത്തിന്റെ പണി ചെയ്തത്.
ആൻഡി രക്ഷപ്പെട്ടതിനെത്തുടർന്ന് ആൻഡിയുടെ സുഹൃത്തായ റെഡ് പരോളിലിറങ്ങി. അപ്പോൾ ജീവിക്കാൻ ബുദ്ധിമുട്ടിയ അയാൾ ആൻഡിയുടെ ഒരു സംഭാഷണം ഓർമിച്ചു. ആൻഡി എന്നെങ്കിലും രക്ഷപ്പെട്ടാൽ ആൻഡിയെ അന്വേഷിച്ചു കണ്ടെത്തേണ്ട സ്ഥലത്തെക്കുറിച്ചായിരുന്നു ആ സംഭാഷണം.
റെഡ് നേരേ ആ സ്ഥലത്തു പാഞ്ഞെത്തി. അപ്പോൾ റെഡ് അവിടെ കണ്ടെത്തിയത് ഒരു കവറിൽ ഒരു കത്തും ആയിരം ഡോളറുമായിരുന്നു. ആ കത്തിൽ ആൻഡി ഇപ്രകാരം എഴുതി, പ്രിയ റെഡ്, നീ ഈ കത്തു വായിക്കുന്നുവെങ്കിൽ അതിന്റെ അർഥം നീ പുറത്തു കടന്നു എന്നാണ്. ഞാൻ മുന്പ് പറഞ്ഞ ടൗണിന്റെ പേര് ഓർമയുണ്ടല്ലോ. അവിടേക്കു വരിക. എന്റെ പദ്ധതി നടപ്പാക്കാൻ എനിക്കു നിന്നെ ആവശ്യമുണ്ട്. ഓർമിക്കുക, പ്രതീക്ഷ നല്ല ഒരു കാര്യമാണ്. ഒരുപക്ഷേ ഏറ്റവും നല്ല കാര്യം. നല്ല കാര്യം ഒരിക്കലും മരിക്കില്ലല്ലോ. നീ എന്നെ കണ്ടെത്തുമെന്നു കരുതുന്നു, നിന്റെ സുഹൃത്ത് ആൻഡി.
ആൻഡിയും റെഡും മെക്സിക്കോയിലെ ഒരു ടൗണിൽ പരസ്പരം കണ്ടുമുട്ടുന്നതോടെയാണു കഥ അവസാനിക്കുന്നത്. ഈ കഥയിൽ മനുഷ്യജീവിതത്തിലെ ഒട്ടേറെ ദുഃഖദുരിതങ്ങൾ നമുക്കു കാണാനാവും. എന്നാൽ, നമ്മുടെ മനസിൽ തങ്ങിനിൽക്കുന്നത് അവയൊന്നുമല്ല. പ്രത്യുത, ആൻഡിയെ മുന്നോട്ടുനയിച്ച പ്രതീക്ഷയാണ്. ആ പ്രതീക്ഷയായിരുന്നു ആൻഡിയുടെ ശക്തി.
ദുഃഖദുരിതപൂർണമായ നമ്മുടെ ജീവിതത്തിൽ നമ്മെയും മുന്നോട്ടു നയിക്കേണ്ടതു പ്രതീക്ഷയാണ്. എന്നാൽ, ആ പ്രതീക്ഷയുടെ അടിസ്ഥാനം ദൈവമായിരിക്കണം. മനുഷ്യവംശം ഒരു രക്ഷകനെ പ്രതീക്ഷിച്ചു മുന്നോട്ടു പോയപ്പോൾ ആ പ്രതീക്ഷ സാക്ഷാത്കരിച്ചു ലോകത്തിനു ദൈവപുത്രനെ സമ്മാനിച്ച ദൈവം. ദൈവമാണു നമ്മുടെ പ്രതീക്ഷയുടെ അടിസ്ഥാനമെങ്കിൽ നാം ഒന്നിനെയും ഭയപ്പെടേണ്ട. കാരണം, നമുക്കുപ്രതീക്ഷ നൽകുന്നതും അതു സാക്ഷാത്കരിക്കുന്നതും പരമകാരുണികനായ ദൈവംതന്നെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ