വിവരസാങ്കേതിക രംഗത്തെ മുടിചൂടാമന്നനും ലോകത്തിലെ കോടീശ്വരന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന ധനാഢ്യനുമാണ് ബിൽ ഗെയ്റ്റ്സ്. കൊറോണ വൈറസ് ആഗോളതലത്തിൽ കോവിഡ് -19 എന്ന രോഗത്തിനു വഴി തെളിച്ചപ്പോൾ ഗെയ്റ്റ്സിന്റെ പേരിൽ ഫെയ്സ്ബുക്കിൽ ഒരു ലേഖനം വന്നു. "കൊറോണ/കോവിഡ്-19 വൈറസ് എന്താണു നമ്മെ പഠിപ്പിക്കുന്നത് ?’ എന്ന പേരിലായിരുന്നു ലേഖനം. മാർച്ച് 22ന് ആദ്യമായി ഗെയ്റ്റ്സിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട ഈ ലേഖനം അദ്ദേഹത്തിന്റെ സൃഷ്ടിയല്ലെന്ന് അതിവേഗം വ്യക്തമായി. ബിബിസിയുടെ റിപ്പോർട്ടനുസരിച്ചു മാർച്ച് 16-നു ലണ്ടനിൽനിന്നാണത്രെ ഒരാൾ ഈ ലേഖനം ആദ്യമായി ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തത്.
ഈ ലേഖനം തയാറാക്കിയത് ആരാണെങ്കിലും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഈ കൊറോണക്കാലത്തു നമ്മുടെ ചിന്തയ്ക്കു വിഷയമാക്കാവുന്നവയാണ്. ലേഖനം തുടങ്ങുന്നത് ഇപ്രകാരമാണ്: ""നമ്മൾ നല്ലതായിട്ടോ ചീത്തയായിട്ടോ കണ്ടാൽപ്പോലും എല്ലാ സംഭവങ്ങളുടെയും പിന്നിൽ ഒരു ആധ്യാത്മിക വശമുണ്ട് എന്ന ഉറച്ച വിശ്വാസക്കാരനാണു ഞാൻ. ഞാൻ ഇതേക്കുറിച്ചു ധ്യാനിക്കുന്പോൾ ഈ കൊറോണ വൈറസ് വഴി എന്താണു നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് എന്നതു നിങ്ങളുമായി പങ്കുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.’’
ഈ ലേഖനം ഗെയ്റ്റ്സിന്റേതല്ല എന്ന് അറിയുന്നതിനു മുന്പായി ആയിരക്കണക്കിനാളുകൾ ലോകമെന്പാടും ഷെയർ ചെയ്ത ഈ ലേഖനത്തിൽ അതിന്റെ കർത്താവ് അക്കമിട്ട് പങ്കുവച്ചിരിക്കുന്നതു താഴെപ്പറയുന്ന കാര്യങ്ങളാണ്.
1. നമ്മുടെ സംസ്കാരവും മതവും ജോലിയും സാന്പത്തികസ്ഥിതിയും എന്തായാലും അതുപോലെ തന്നെ നാം എത്രമാത്രം അറിയപ്പെടുന്നവരായാലും നാം എല്ലാവരും തുല്യരാണെന്നു കൊറോണ വൈറസ് നമ്മെ പഠിപ്പിക്കുന്നു. സംശയമുണ്ടെങ്കിൽ കോവിഡ്-19 രോഗബാധിതനായ സിനിമാ നടൻ ടോം ഹാങ്ക്സിനോടു ചോദിച്ചു നോക്കുക.
2. നാം എല്ലാവരും പരസ്പരം ബന്ധപ്പെട്ടവരാണെന്നും ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യം മറ്റൊരാളുടെ ജീവിതത്തെ സ്വാധീനിക്കുമെന്നും ഇതു നമ്മെ ഓർമിപ്പിക്കുന്നു. ഈ വൈറസിനു പാസ്പോർട്ട് ആവശ്യമില്ലാത്തതുകൊണ്ടു നാം സൃഷ്ടിച്ചിരിക്കുന്ന തെറ്റായ അതിർത്തികൾക്ക് അല്പം പോലും മൂല്യമില്ലെന്ന് ഇതു നമ്മെ അനുസ്മരിപ്പിക്കുന്നു. കുറച്ചുകാലത്തേക്കു നമ്മെ അടിച്ചമർത്തിക്കൊണ്ടു ജീവിതകാലം മുഴുവൻ മറ്റുള്ളവരെ അടിച്ചമർത്തുന്നവരെക്കുറിച്ച് ഇതു നമ്മെ ഓർമിപ്പിക്കുന്നു.
3. നമ്മുടെ ആരോഗ്യം എത്ര അമൂല്യമാണെന്നും പോഷകാംശം കുറഞ്ഞ ഭക്ഷണം കഴിക്കുകയും മാലിന്യങ്ങൾ നിറഞ്ഞ വെള്ളം കുടിക്കുകയും ചെയ്യുന്നതു വഴി നാം നമ്മുടെ ആരോഗ്യകാര്യം വിസ്മരിച്ചു എന്നതും ഇതു നമ്മെ ഓർമിപ്പിക്കുന്നു.
4. നമ്മുടെ ജീവിതത്തിന്റെ ഹ്രസ്വതയെക്കുറിച്ചും നാം പരസ്പരം, പ്രത്യേകിച്ചു പ്രായമായവരെയും രോഗികളായവരെയും സഹായിക്കുകയാണു നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഇതു നമ്മെ അനുസ്മരിപ്പിക്കുന്നു.
5. നമ്മുടെ സമൂഹം ഭൗതികതയിൽ എന്തുമാത്രം ആണ്ടുപോയി എന്നും നമുക്കു വേണ്ടത് ആഡംബര വസ്തുക്കളല്ല, പ്രത്യുത ആവശ്യസാധനങ്ങളായ ഭക്ഷണവും ജലവും മരുന്നും ആണെന്നും ഈ വിഷമം പിടിച്ച സാഹചര്യത്തിൽ ഇതു നമ്മെ ഓർമിപ്പിക്കുന്നു.
6. നമ്മുടെ കുടുംബാംഗങ്ങളും നമ്മുടെ കുടുംബജീവിതവും എത്രമാത്രം പ്രാധാന്യമുള്ളതാണെന്നും അതു നാം എങ്ങനെ വിസ്മരിച്ചുപോയി എന്നും ഇതു നമ്മെ ഓർമിപ്പിക്കുന്നു. വീട്ടിലിരിക്കാനും നമ്മുടെ കുടുംബബന്ധങ്ങൾ ദൃഢതരമാക്കാനും അങ്ങനെ നമ്മെ ഒരു കുടുംബമായി മാറ്റാനും ഇതു സഹായിക്കുന്നു.
7. നമ്മുടെ യഥാർഥ ജോലി നാം ചെയ്യുന്ന പണി അല്ലെന്നും നമ്മൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു ഈ പണിക്കു വേണ്ടി അല്ലെന്നും ഇതു നമ്മെ ഓർമിപ്പിക്കുന്നു. നമ്മുടെ യഥാർഥ ജോലി പരസ്പരം സഹായിക്കുകയും സംരക്ഷിക്കുകയും മറ്റുള്ളവർക്കു അനുഗ്രഹമായിരിക്കുകയും ചെയ്യുക എന്നതാണ്.
8. നമ്മുടെ അഹംഭാവത്തെ നിയന്ത്രണവിധേയമാക്കി നിർത്തുവാൻ ഇതു നമ്മെ സഹായിക്കുന്നു. നമ്മൾ എത്ര വലിയ ആളുകളാണെന്നു സ്വയം വിചാരിച്ചാലും അതുപോലെ നമ്മൾ എത്ര കേമന്മാരാണെന്നു മറ്റുള്ളവർ കരുതിയാലും ഒരു വൈറസിനു നമ്മുടെ ലോകം നിശ്ചലമാക്കുവാൻ സാധിക്കുമെന്ന് ഇതു നമ്മെ ഓർമിപ്പിക്കുന്നു.
9. തീരുമാനങ്ങൾ എടുക്കാനുള്ള ശക്തി നമുക്കുണ്ടെന്ന് ഇതു നമ്മെ അനുസ്മരിപ്പിക്കുന്നു. പരസ്പരം സഹായിക്കാനും സഹകരിക്കാനും പങ്കുവയ്ക്കാനും നമുക്കു തീരുമാനിക്കാനാവും. അല്ലെങ്കിൽ സ്വാർഥരായിരിക്കാനും ആവശ്യത്തിലേറെ കുന്നുകൂട്ടിവച്ചു സ്വന്തം കാര്യം മാത്രം നോക്കാനും നമുക്കു തീരുമാനിക്കാൻ സാധിക്കും. നമ്മുടെ യഥാർഥ നിറം പുറത്തുകൊണ്ടുവരുന്നതു നമുക്കു ബുദ്ധിമുട്ടുണ്ടാകുന്ന അവസരങ്ങളിലാണ്.
10. ഒന്നുകിൽ ക്ഷമാചിത്തരായി ഇരിക്കാനും അല്ലെങ്കിൽ സംഭീതിയോടെ പെരുമാറാനും ഇതു നമ്മെ ഓർമിപ്പിക്കുന്നു. ചരിത്രത്തിൽ ഇപ്പോഴത്തെ ദുരന്തത്തിനു സമാനമായവ പലതു സംഭവിച്ചിട്ടുണ്ടെന്നും ഇതും അവയെപ്പോലെ കടന്നുപോകുമെന്നും മനസിലാക്കാൻ നമുക്കു സാധിക്കും. അല്ലെങ്കിൽ ലോകാവസാനമായി ഇതിനെ കണക്കാക്കാനാവും. എന്നാൽ നന്മയെക്കാളേറെ ദോഷമേ ഈ ചിന്താഗതി നമുക്കു വരുത്തുകയുള്ളൂ.
11. ഇതും ഒരു ആരംഭമോ അല്ലെങ്കിൽ അവസാനമോ ആണെന്നു കൊറോണോ വൈറസ് നമ്മെ ഓർമിപ്പിക്കുന്നു. ഒന്നുകിൽ ഇതു കാര്യങ്ങൾ മനസിലാക്കുവാനും നമ്മുടെ പാളിച്ചകളിൽനിന്നു പാഠം പഠിക്കുവാനുമുള്ള അവസരമായി നമുക്കെടുക്കാം. അല്ലെങ്കിൽ നമ്മൾ പാഠം പഠിക്കുന്നതു വരെ ഇതു തുടരുകയും ചെയ്യും.
12. ഭൂമി രോഗാതുരയാണെന്ന് ഇതു നമ്മെ ഓർമിപ്പിക്കുന്നു. നമ്മുടെ ആവാസഭൂമി രോഗാവസ്ഥയിലായിരിക്കുന്നതു കൊണ്ടു നാമും രോഗികളായി മാറിയിരിക്കുന്നു.
13. എല്ലാ ദുരന്തങ്ങൾക്കു ശേഷവും ഒരു ശാന്തത ഉണ്ടാവുമെന്നും ഇതു നമ്മെ അനുസ്മരിപ്പിക്കുന്നു. നമ്മൾ ഭയപ്പെടേണ്ട. ഇതും കടന്നു പോകും.
14. പലരും കൊറോണ വൈറസിനെ വലിയ ഒരു ദുരന്തമായി കാണുന്പോൾ ഞാൻ അതിനെ വലിയൊരു തിരുത്തൽ ശക്തിയായിട്ടാണു കാണുന്നത്. നമ്മൾ മറന്നുപോയ പല പാഠങ്ങളും നമ്മെ ഓർമിപ്പിക്കുവാൻ അയയ്ക്കപ്പെട്ടിരിക്കുന്ന മഹാമാരി ആണിത്. നമ്മൾ പാഠം പഠിക്കുമോ എന്നതു നമ്മെ മാത്രം ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.
വിശദീകരണം അല്പം പോലും ആവശ്യമില്ലാത്ത ചിന്തകളാണു മുകളിൽ കൊടുത്തിരിക്കുന്നത്. എങ്കിലും ഒരു കാര്യം സൂചിപ്പിക്കട്ടെ. കൊറോണ വൈറസ് ലോകത്തെയും ആളുളെ യും മാറ്റത്തിനു നിർബന്ധിതമാക്കും. ലോകവും നമ്മളും ആ മാറ്റങ്ങൾ എങ്ങനെ വരുത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെയും ലോകത്തിന്റെയും ഭാവി നിലകൊള്ളുന്നത്.