ദരിദ്രനായ ഒരു യഹൂദൻ. അയാളുടെ മക്കളെല്ലാം പെണ്ണുങ്ങൾ. അവർ ബുദ്ധിമതികളും സുന്ദരികളും ആയിരുന്നു. എന്നാൽ, കല്യാണക്കാര്യം വരുന്പോൾ ഒന്നും നടക്കാത്ത സ്ഥിതിയായിരുന്നു. വിവാഹച്ചെലവ് പോലും നൽകാനാവില്ലെങ്കിൽ എത്ര സുന്ദരികളും ബുദ്ധിമതികളുമാണെങ്കിലും അവരെ വിവാഹം കഴിക്കാനാവില്ലെന്ന നിലപാടിലായിരുന്നു പെണ്ണുകാണാൻ ചെന്ന യുവാക്കളെല്ലാം.
എന്നാൽ, അവരെ പഴിക്കാൻ ആ പെൺകുട്ടികളുടെ പിതാവ് തയാറായില്ല. പെണ്ണുകാണാൻ ചെന്ന യുവാക്കളും വളരെ ദരിദ്രരായിരുന്നു എന്ന് അയാൾക്കറിയാമായിരുന്നു. അയാൾ പരിചയക്കാരോടും അയൽവാസികളോടുമൊക്കെ സഹായം ചോദിച്ചു. ദാരിദ്ര്യംമൂലം അവർക്കും സഹായിക്കാനാവാത്ത സ്ഥിതിയായിരുന്നു. തന്മൂലം അയാൾ അവരെയും പഴിച്ചില്ല.
ഇനി താൻ എന്താണു ചെയ്യേണ്ടത് എന്നറിയാതെ ദുഃഖിതനായി വഴിയെ നടന്നുപോകുന്പോൾ വഴിയരികിലെ ഒരു പുരയിടത്തിൽ വലിയൊരു വൃക്ഷം നിൽക്കുന്നതു കാണാനിടയായി. അല്പസമയം അതിന്റെ ചുവട്ടിൽ വിശ്രമിക്കാമെന്നു കരുതി അയാൾ ആ മരത്തിനടിയിലെത്തി. കുറേ സമയമായി അയാളുടെ പുറത്ത് ചൊറിച്ചിലനുഭവപ്പെട്ടിരുന്നതിനാൽ തന്റെ പുറം മരത്തോടു ചേർത്തു ഉരുമ്മാൻ തുടങ്ങി.
""ഹേയ്, നിങ്ങൾ എന്താണിവിടെ ചെയ്യുന്നത് ?'' ആ വഴി വന്ന സ്ഥലം ഉടമസ്ഥൻ വിളിച്ചുചോദിച്ചു. ""ഇതു പൊതുസ്ഥലമല്ലെന്നു അറിഞ്ഞുകൂടെയോ?'' ചോദ്യം കേട്ട യഹൂദൻ ആദ്യം ആകെ പകച്ചുപോയി.അല്പനിമിഷത്തിനുള്ളിൽ സമനില വീണ്ടെടുത്ത് അയാൾ പറഞ്ഞു: ""ക്ഷമിക്കണം. ഞാൻ നിരാശനായി നടന്നുപോകുന്പോൾ അല്പസമയം വിശ്രമിക്കാമെന്നു കരുതി ഈ മരത്തിനടിയിൽ എത്തിയതായിരുന്നു. അതിനിടെ പുറത്തെ ചൊറിച്ചിൽ മാറ്റാൻവേണ്ടി മരത്തിന്മേൽ ഉരുമ്മിയതാണ്.''
""നിരാശനാകാൻ എന്തു സംഭവിച്ചു?'' സ്ഥലം ഉടമ ചോദിച്ചു. അപ്പോൾ അയാൾ തന്റെ കദനകഥ വിശദീകരിച്ചു. കഥ കേട്ടപ്പോൾ സ്ഥലം ഉടമ അയാളെ തന്റെ ഭവനത്തിലേക്കു ക്ഷണിച്ചു. ആ പുരയിടത്തിലെ മനോഹരമായ ഒരു കെട്ടിടത്തിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. വീട്ടിലെത്തിയ അദ്ദേഹം കുറേ പണമെടുത്തു ദരിദ്രനായ യഹൂദനു കൊടുത്തുകൊണ്ടു പറഞ്ഞു: ""ഇതാ, നിങ്ങളുടെ പെൺമക്കളെയെല്ലാം കെട്ടിച്ചുവിടാനുള്ള തുകയിതിലുണ്ട്. നിങ്ങൾ സന്തോഷമായി പോകുക.''
പണം വാങ്ങി എന്തു പറയണമെന്നറിയാതെ വികാരവിവശനായി അയാൾ നിൽക്കുന്പോൾ പണം കൊടുത്തയാൾ പറഞ്ഞു: ""എനിക്ക് ആവശ്യത്തിലേറെ പണമുണ്ട്. എനിക്കു പണം മടക്കിത്തരേണ്ട. കൊടുക്കുന്നതുവഴിയുണ്ടാകുന്ന സന്തോഷമാണ് എനിക്കിപ്പോൾ ആവശ്യം.''
കൊടുക്കുന്നതുവഴി സന്തോഷമുണ്ടാകുമോ? ഈ കഥ കേൾക്കുന്പോൾ നമ്മിൽ പലരുടെയും മനസിൽ വരുന്നത് ഇങ്ങനെയൊരു ചോദ്യമായിരിക്കാം. കാരണം, മറ്റുള്ളവർക്കു ഉദാരമായി കൊടുക്കുന്ന കാര്യം വരുന്പോൾ നമ്മിൽ ഏറെപ്പേരുടെയും ചങ്കിടിക്കാറില്ലേ? കൊടുക്കുന്നതു സന്തോഷമായ കാര്യമാണെങ്കിൽ എന്തിന് നമ്മുടെ ചങ്കിടിക്കണം?
കൊടുക്കാൻ ഏറെ വിമുഖരാണു നമ്മൾ. അതു പണത്തിന്റെ കാര്യത്തിൽ മാത്രമല്ല. മറ്റുള്ളവർക്കു പ്രോത്സാഹനം കൊടുക്കുന്ന കാര്യത്തിൽ നമ്മിലെത്ര പേർക്കു താത്പര്യമുണ്ടാകും? മറ്റുള്ളവരുടെ നന്മകാണുന്പോൾ നല്ല വാക്കുകൾകൊണ്ട് അവർക്ക് അംഗീകാരവും ബഹുമാനവുമൊക്കെ നൽകുന്ന കാര്യത്തിലും സ്ഥിതി ഇതിൽനിന്നും വിഭിന്നമാണോ? മറ്റുള്ളവർക്കു സേവനം നൽകുന്ന കാര്യത്തിലും ഏതാണ്ട് ഇതുപോലെയാണു സ്ഥിതി. മറ്റുള്ളവർക്കു സേവനം നൽകുന്ന കാര്യത്തിൽ മാത്രം നമ്മൾ മുന്നിലായിരുന്നുവെങ്കിൽ നമ്മുടെ സമൂഹവും രാജ്യവുമൊക്കെ എത്ര പണ്ടേ വലിയ നിലയിലെത്തുമായിരുന്നു!
മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ ധനികനു കൊടുക്കുന്നതുവഴിയുണ്ടാകുന്ന സന്തോഷത്തെക്കുറിച്ചറിയാമായിരുന്നു. അതു മാത്രമല്ല, തനിക്കങ്ങനെയുള്ള സന്തോഷത്തിന്റെ ആവശ്യകതയെക്കുറിച്ചും അയാൾക്കു നല്ല ബോധ്യമുണ്ടായിരുന്നു. നമ്മെ സംബന്ധിച്ചു പൊതുവേ പറഞ്ഞാൽ കൊടുക്കുന്നതുവഴിയുണ്ടാകുന്ന സന്തോഷത്തെക്കുറിച്ചു നമുക്കു കാര്യമായ അറിവില്ല. അതിലേറെ, അക്കാര്യത്തിലുള്ള അനുഭവജ്ഞാനവുമില്ല. അപ്പോൾപ്പിന്നെ കൊടുക്കുന്നതുവഴിയുണ്ടാകുന്ന സന്തോഷത്തിന്റെ ആവശ്യകതയെക്കുറിച്ച് നമുക്കെങ്ങനെ ചിന്തിക്കാനാകും?
നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം ആവശ്യമുണ്ട്. ധനവും ജീവിതസുഖവും അധികാരവും സ്ഥാനമാനങ്ങളുമൊക്കെ വഴി നമുക്കു സന്തോഷം ലഭിക്കുമെന്നാണു നമ്മുടെയൊക്കെ ചിന്താഗതി. തീർച്ചയായും ഇവയൊക്കെവഴി നമുക്കു കുറെയേറെ സന്തോഷം ലഭിക്കുമെന്നു തീർച്ചയാണ്. എന്നാൽ അവയൊന്നും ശരിയായ ഹൃദയസന്തോഷം നൽകുമെന്നു തെറ്റിദ്ധരിക്കേണ്ട.
നമ്മുടെ ജീവിതത്തിൽ ശരിയായ ഹൃദയസന്തോഷം ഉണ്ടാകണമെങ്കിൽ നാം പരസ്പരം ആത്മാർഥമായി സ്നേഹിച്ചേ മതിയാകൂ. എന്നാൽ വാക്കിൽ മാത്രമാണു നമ്മുടെ സ്നേഹം ഒതുക്കിനിർത്തുന്നതെങ്കിൽ നമുക്കും ഹൃദയസന്തോഷം ഉണ്ടാകുമെന്നു കരുതേണ്ട. നമ്മുടെ സ്നേഹം പ്രവൃത്തിയിലും നിശ്ചയമായും പ്രതിഫലിക്കണം.
സ്നേഹവും അംഗീകാരവും ആദരവുമൊക്കെ നാം ആഗ്രഹിക്കുന്നതുപോലെ അവ മറ്റുള്ളവർക്കും കൊടുക്കാൻ നാം തയാറാകണം. അപ്പോൾ മാത്രമേ നമ്മുടെ ഹൃദയത്തിൽ ശരിയായ സന്തോഷം ഉണ്ടാകൂ. നമ്മുടെ ഹൃദയത്തിൽ സന്തോഷക്കുറവ് നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ കൊടുക്കുന്ന കാര്യത്തിൽ നാം പിന്നിലാണെന്ന് അനുമാനിച്ചാൽ മതിയാകും. അതുപോലെ കൊടുക്കുന്നതുവഴിയുണ്ടാകുന്ന സന്തോഷത്തിന്റെ ആവശ്യകതയെക്കുറിച്ചു നമുക്കറിവോ ബോധ്യമോ ഇല്ലെന്ന കാര്യവും.
കൊടുക്കുന്നതാണു സന്തോഷം വരുന്ന വഴി എന്നതു നമുക്കു മറക്കാതിരിക്കാം. അതുപോലെ, കൊടുക്കുന്നതു വഴിയുണ്ടാകുന്ന സന്തോഷത്തിന്റെ ആവശ്യകതയെക്കുറിച്ചും നമുക്കു ബോധവാന്മാരാകാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ