ധാരാളം അനുയായികളുള്ള ഒരു ഗുരുവായിരുന്നു അദ്ദേഹം. ഒരിക്കൽ അദ്ദേഹം രാജസ്ഥാനിലൂടെ യാത്ര ചെയ്യാനിടയായി. ഒട്ടകത്തിന്റെ പുറത്തായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അദ്ദേഹത്തിന്റെ അനുയായികളും ഒട്ടകപ്പുറത്ത് അദ്ദേഹത്തെ അനുഗമിച്ചു.
അവർ ഒരു പട്ടണത്തിൽ തന്പടിക്കുന്പോൾ പലരും ഗുരുവിന്റെ ഉപദേശം തേടാനെത്തി. അവരിലൊരാൾ പറഞ്ഞു: എന്റെ ജീവിതത്തിൽ അല്പം പോലും സന്തോഷമില്ല. എന്നും പ്രശ്നങ്ങളാണ്-ആരോഗ്യപ്രശ്നങ്ങൾ, സാന്പത്തിക പ്രശ്നങ്ങൾ, ജോലി സ്ഥലത്തെ പ്രശ്നങ്ങൾ, കുടുംബത്തിലെ പ്രശ്നങ്ങൾ... പ്രശ്നങ്ങളുടെ നിര അങ്ങനെ നീണ്ടുപോകുന്നു. എങ്ങനെയാണ് ഇവയ്ക്കു ഞാൻ ഒരു പരിഹാരം കാണുക? അപ്പോൾ ഗുരു പറഞ്ഞു: നിങ്ങളുടെ പ്രശ്നങ്ങൾക്കു നാളെ ഞാൻ ഒരു പരിഹാരം നിർദേശിക്കാം. എന്നാൽ ഇന്നു രാത്രി എനിക്കൊരു ഉപകാരം ചെയ്യാമോ? എന്ത് ഉപകാരവും ചെയ്യാൻ സമ്മതമാണെന്ന് അയാൾ അറിയിച്ചു. ഉടനെ ഗുരു പറഞ്ഞു: ഞങ്ങളുടെ സംഘത്തിൽ നൂറ് ഒട്ടകങ്ങളുണ്ട്. അവയുടെ കാര്യം നിങ്ങൾ നോക്കണം. അവ എല്ലാം ഇരുന്നു കഴിയുന്പോൾ നിങ്ങൾക്ക് ഉറങ്ങാൻ പോകാം.
ഇത്രയും പറഞ്ഞിട്ട് ഗുരു ഉറങ്ങാൻ പോയി. പ്രശ്നപരിഹാരം തേടി വന്ന ആൾ ഒട്ടകങ്ങളുടെ കാര്യം അന്വേഷിക്കാനും പോയി. പക്ഷേ, അയാൾ പ്രതീക്ഷിച്ചതു പോലെ ആയിരുന്നില്ല കാര്യങ്ങൾ. ഒട്ടകങ്ങൾക്കു ഭക്ഷണവും വെള്ളവും കൊടുത്തിട്ടും എല്ലാ ഒട്ടകങ്ങളും ഇരുന്നു വിശ്രമിക്കാൻ തയാറായില്ല. അയാളുടെ പരിശ്രമഫലമായി കുറേ ഒട്ടകങ്ങൾ ഇരുന്നു. എന്നാൽ, ചില ഒട്ടകങ്ങൾ ഇരിക്കുവാൻ വിസമ്മതിച്ചു. അതിനിടയിൽ ഇരുന്ന ചല ഒട്ടകങ്ങൾ എഴുന്നേൽക്കുകയും ചെയ്തു. എല്ലാ ഒട്ടകങ്ങളെയും ഇരുത്തുവാനുള്ള ശ്രമം രാത്രി മുഴുവനും അയാൾ തുടർന്നു. എങ്കിലും വിജയിച്ചില്ല.
നേരം വെളുത്തപ്പോൾ ക്ഷീണിച്ചവശനായി അയാൾ ഗുരുവിന്റെ സമീപമെത്തി. രാത്രി നന്നായിട്ടുറങ്ങിയോ? ഗുരു അയാളോടു ചോദിച്ചു. അപ്പോൾ ഉണ്ടായ സംഭവം അയാൾ വിവരിച്ചു. ഉടനെ ഗുരു ചോദിച്ചു: ഇന്നലെ രാത്രിയിൽ കുറെ ഒട്ടകങ്ങൾ തനിയെ ഇരുന്നില്ലേ? ഇരുന്നു എന്ന് അയാൾ മറുപടി നൽകി.
ഉടനെ ഗുരു വീണ്ടും ചോദിച്ചു: എന്നാൽ നിങ്ങളുടെ പരിശ്രമം മൂലം മറ്റു കുറെ ഒട്ടകങ്ങൾ ഇരുന്നില്ലേ? അതും ശരിയാണെന്നു അയാൾ സമ്മതിച്ചു. അപ്പോൾ ഗുരു അടുത്ത ചോദ്യം ചോദിച്ചു: എന്നാൽ എത്ര ശ്രമിച്ചിട്ടും ചില ഒട്ടകങ്ങൾ ഇരിക്കാൻ വിസമ്മതിച്ചില്ലേ? അതും ശരിയാണെന്ന് അയാൾ പറഞ്ഞു. അതു പോലെതന്നെ, ഇരുന്ന ചില ഒട്ടകങ്ങൾ തനിയെ എഴുന്നേൽക്കുകയും ചെയ്തില്ലേ? ഗുരു വീണ്ടും ചോദിച്ചു. ശരി തന്നെ, അയാൾ പറഞ്ഞു.
അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം ഗുരു അയാളോടു പറഞ്ഞു: ജീവിതത്തിലെ നമ്മുടെ പ്രശ്നങ്ങളും ഏതാണ്ട് ഇതുപോലെയാണ്. ചില പ്രശ്നങ്ങൾ തനിയെ ഇല്ലാതാകും. ചില പ്രശ്നങ്ങൾ നമ്മുടെ പരിശ്രമം മൂലം ഇല്ലാതാകും. എന്നാൽ, നാം എത്ര പരിശ്രമിച്ചാലും ചില പ്രശ്നങ്ങൾ ഇല്ലാതാവില്ല. എന്നു മാത്രമല്ല, പരിഹരിക്കപ്പെട്ടു എന്നു നാം കരുതിയ ചില പ്രശ്നങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടു എന്നും വരാം.
ഗുരു പറഞ്ഞതു കേട്ട് അയാൾ അന്തിച്ച് അങ്ങനെ നിൽക്കുന്പോൾ അദ്ദേഹം തുടർന്നു: പ്രശ്നങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. ചിലപ്പോൾ അവ കൂടുതലായിരിക്കും. മറ്റു ചിലപ്പോൾ അവയുടെ എണ്ണം കുറഞ്ഞിരിക്കും. എന്നാൽ, കാതലായ കാര്യം നമുക്കു പരിഹരിക്കാൻ സാധിക്കുന്ന പ്രശ്നങ്ങൾ വേഗം പരിഹരിക്കുക എന്നതാണ്. അല്ലാത്തവയെ നാം ധൈര്യപൂർവം നേരിടുക എന്നതും.
ഇന്റർനെറ്റിൽ കാണാനിടയായ ഒരു കഥയാണിത്. കഥയിലെ ഗുരു പറഞ്ഞതു പോലെ, പ്രശ്നങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. നാം എത്രമാത്രം ആഗ്രഹിച്ചാലും പ്രശ്നരഹിതമായ ഒരു ജീവിതം നമുക്കുണ്ടാവില്ല. അപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം ജീവിതത്തിലെ നമ്മുടെ പ്രശ്നങ്ങളെ നാം എങ്ങനെ നേരിടുന്നു എന്നുള്ളതാണ്.
ഗുരു അനുസ്മരിപ്പിച്ചതു പോലെ, ചില പ്രശ്നങ്ങൾ തനിയെ അപ്രത്യക്ഷമായിക്കൊള്ളും. എന്നാൽ, അതു മനസിലാക്കാനുള്ള വിവേകം നമുക്കുണ്ടായിരിക്കണമെന്നു മാത്രം. എന്നാൽ, ചില പ്രശ്നങ്ങൾ നമ്മുടെ പരിശ്രമം മൂലമേ മാറുകയുള്ളു. അതു മനസിലാക്കി പ്രവർത്തിക്കാനുള്ള വിവേകവും സന്മനസും നിശ്ചയദാർഢ്യവും നമുക്കുണ്ടാകണം. അല്ലാതെ പോയാൽ, ആ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ലെന്നു മാത്രമല്ല, അവ വീണ്ടും വഷളാവുകയും ചെയ്യും.
ജീവിതത്തിൽ വിജയം നേടുന്നവരുടെ വലിയൊരു പ്രത്യേകത സ്വയം പരിഹരിക്കാൻ സാധിക്കുന്ന പ്രശ്നങ്ങൾക്ക് അവർ എപ്പോഴും പരിഹാരം കാണുന്നു എന്നതാണ്. അവർ ഒരിക്കലും തങ്ങൾക്കു സാധിക്കുന്ന പ്രശ്നപരിഹാരം മാറ്റിവയ്ക്കാറില്ല. അതിനുപകരം അവർ എപ്പോഴും ഉണർന്നു പ്രവർത്തിക്കുന്നു.
ചില പ്രശ്നങ്ങൾ നാം പരിഹരിച്ചതിനു ശേഷം വീണ്ടും പൊട്ടിമുളച്ചേക്കാം. അപ്പോൾ, സാധിക്കുന്ന രീതിയിൽ അവയ്ക്കു പരിഹാരം കാണുകയേ നിവർത്തിയുള്ളു. എന്നാൽ, ചില പ്രശ്നങ്ങൾക്കു നമുക്കു പരിഹാരം കാണുവാൻ സാധിച്ചുവെന്നു വരില്ല. കാരണം, അവ നമ്മുടെ പിടിയിൽ ഒതുങ്ങുന്നതായിരിക്കുകയില്ല. അപ്പോൾപ്പിന്നെ, അവയെ ധൈര്യപൂർവം നേരിടുകയേ മാർഗമുള്ളൂ. അതാണ് പലപ്പോഴും നമുക്കു സാധിക്കാതെ വരുന്നതും.
എന്നാൽ നാം നിരാശപ്പെട്ടിട്ട് കാര്യമില്ല. കാരണം, നമുക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. തന്മൂലം, ദൈവത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ധൈര്യപൂർവം മുന്നോട്ടു പോവുകയാണു നാം ചെയ്യേണ്ടത്. കാരണം, നമ്മുടെ പ്രശ്നം പരിഹരിക്കപ്പെട്ടാലും ഇല്ലെങ്കിലും ദൈവം നമ്മോടുകൂടെ ഉണ്ട് എന്നതാണു സുപ്രധാനമായ കാര്യം.
ദൈവത്തിന്റെ ഇഷ്ടമാണെങ്കിൽ നമ്മുടെ പ്രശ്നം അവിടുന്നു പരിഹരിച്ചു തരും. ഇനി, നമ്മുടെ പ്രശ്നം അവിടുന്നു പരിഹരിക്കുന്നില്ലെങ്കിൽ കൂടി നമ്മുടെ പ്രശ്നം അഭിമുഖീകരിക്കുവാനുള്ള ശക്തിയും ആത്മധൈര്യവും അവിടുന്നു നമുക്കു നൽകും എന്നതു നാം ഒരിക്കലും മറക്കരുത്. ഇക്കാര്യം മറന്നു ദൈവസഹായം നാം തേടാതെ വരുന്പോഴാണു ജീവിതത്തിൽ നാം തളർന്നു വീഴുന്നത്. ജീവിതത്തിൽ എപ്പോഴും നമുക്കു പ്രശ്നങ്ങളുണ്ടാകും. എന്നാൽ, അവയെ വിജയപൂർവം നേരിടുവാനുള്ള ശക്തി ദൈവം നൽകുമെന്ന ഉറച്ച വിശ്വാസത്തിലായിരിക്കട്ടെ നമ്മുടെ മുന്നോട്ടുള്ള യാത്ര എപ്പോഴും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ