ഒരു ദിവസമോ ഒരു മാസമോ കുറെ വർഷങ്ങളോ മാത്രം നാം നീതിമാന്മാരും നല്ലവരുമായിരുന്നാൽ പോരാ. നാം ഇന്നും എന്നും നമ്മുടെ ജീവിതകാലം മുഴുവനും അങ്ങനെതന്നെയായിരിക്കണം. നമ്മുടെ ജീവിതത്തിൽ നമുക്കു തെറ്റുകൾ സംഭവിക്കാം. എന്നാൽ, അവ നാം അറിഞ്ഞുകൊണ്ട് സംഭവിക്കാൻ അനുവദിക്കരുത്.
മഹാഭാരതകഥയിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രങ്ങൾ നിരവധിയാണ്. അവരിലൊരാളാണു പാണ്ഡവർക്കും കൗരവർക്കും ഒരുപോലെ പിതാമഹന്റെ സ്ഥാനമലങ്കരിക്കുന്ന ഭീഷ്മർ. ഭാരതവംശത്തിൽ പിറന്ന ശാന്തനു മഹാരാജാവായിരുന്നു ഭീഷ്മരുടെ പിതാവ്. ഗംഗാദേവിയായിരുന്നു ഭീഷ്മരുടെ മാതാവ്. ഗംഗാദേവി വിട്ടുപോയതിനുശേഷം ശാന്തനു മഹാരാജാവ് സത്യവതി എന്ന ഒരു മുക്കുവസ്ത്രീയെ പ്രേമിക്കാനിടയായി. എന്നാൽ, സത്യവതിയിൽനിന്നു ജനിക്കുന്ന മക്കൾക്കു രാജ്യാവകാശം നല്കുവാൻ രാജാവ് സമ്മതിച്ചാൽ മാത്രമേ സത്യവതിയുടെ വിവാഹത്തിനു സമ്മതിക്കുകയുള്ളൂ എന്ന് അവളുടെ പിതാവ് ശാഠ്യം പിടിച്ചു.
ശാന്തനു മഹാരാജാവിനു സമ്മതിച്ചുകൊടുക്കാൻ പറ്റുന്ന കാര്യമല്ലായിരുന്നു അത്. തന്മൂലം, വിവാഹാഭ്യർഥനയിൽനിന്ന് അദ്ദേഹം പിന്മാറി. പക്ഷേ, അതുവഴിയായി അദ്ദേഹത്തിന്റെ ജീവിതത്തിലെ ഉന്മേഷം മുഴുവൻ നഷ്ടപ്പെട്ടു. അദ്ദേഹം മൗനിയായി മാറി. കാര്യം മനസിലാക്കിയ ഭീഷ്മർ സത്യവതിയുടെ പിതാവിനെ സമീപിച്ചു രാജ്യത്തിന്റെ കിരീടാവകാശം ത്യജിക്കുവാൻ താൻ സന്നദ്ധനാണെന്ന് അറിയിച്ചു. പക്ഷേ, അപ്പോൾ ഭീഷ്മരുടെ മക്കൾ പിന്നീട് കിരീടാവകാശം ഉന്നയിക്കാനിടയുണ്ടെന്നു സത്യവതിയുടെ പിതാവ് പറഞ്ഞു. അതേത്തുടർന്നാണു താൻ ജീവിതകാലം മുഴുവൻ ബ്രഹ്മചാരിയായിരിക്കുമെന്ന് ഒരു ഭീഷ്മപ്രതിജ്ഞ ചെയ്തത്.
അതുവരെ ഭീഷ്മർ അറിയപ്പെട്ടിരുന്നതു ദേവവ്രതൻ എന്ന പേരിലായിരുന്നു. ഈ പ്രതിജ്ഞയെത്തുടർന്നാണ് അദ്ദേഹം ഭീഷ്മർ എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത്. സ്വന്തം പിതാവിന്റെ സുഖം ഉറപ്പാക്കുവാൻവേണ്ടി സ്വന്തം ജീവിതസുഖം ഉപേക്ഷിച്ച മഹാമനസ്കനാണു ഭീഷ്മർ. അതുപോലെ എന്നും നീതിപൂർവം പ്രവർത്തിക്കുന്നതിൽ മുൻപന്തിയിലായിരുന്നു ഭീഷ്മർ. എന്നാൽ, ഭീഷ്മർക്ക് ഒരിക്കൽ വലിയൊരു തെറ്റുപറ്റി. പാണ്ഡവരും കൗരവരും തമ്മിൽ നടന്ന ചൂതാട്ടത്തിനിടയിൽ കൗരവർ പാണ്ഡവപത്നിയായ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോൾ കൗരവസദസിൽ ഭീഷ്മർ സന്നിഹിതനായിരുന്നു. എന്നാൽ, ആ മഹാതിന്മയ്ക്കെതിരേ ഭീഷ്മർ ഒരക്ഷരം ഉരിയാടിയില്ല. വെറുതെ തലകുനിച്ച് ഇരുന്നതേയുള്ളൂ.
മഹാഭാരതകഥയിൽ നിറഞ്ഞുനില്ക്കുന്ന മറ്റൊരു കഥാപാത്രമാണ് കർണൻ. പാണ്ഡവന്മാരുടെ മൂത്ത അർധ സഹോദരനായി ജനിച്ച കർണൻ അക്കാര്യമറിയാതെ യുദ്ധത്തിൽ കൗരവപക്ഷത്തായിരുന്നു. യുദ്ധത്തിനു തൊട്ടുമുൻപായി യഥാർഥ അമ്മയായ കുന്തിയിൽനിന്നുതന്നെ നേരിട്ടു വിവരമറിഞ്ഞിട്ടും കൗരവരുടെ ചോറ് ഉണ്ടു വളർന്നതുമൂലം അവരെ ഒരു ആപത്ഘട്ടത്തിൽ ഉപേക്ഷിക്കുവാൻ കർണൻ തയാറായില്ല. തിന്ന ചോറിനു നന്ദി കാണിക്കുന്നതിൽ കർണൻ മികച്ചുനിന്നെങ്കിലും അതിലും കൂടുതലായി കർണൻ ആദരിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ദാനശീലത്തിന്റെ പേരിലായിരുന്നു. ആർക്കും എന്തും കൊടുക്കുന്നതിൽ വൈമുഖ്യമില്ലാത്ത ആളായിരുന്നു കർണൻ. അതുമൂലമാണല്ലോ തന്റെ കവചകുണ്ഡലങ്ങൾ വരെ ദാനം ചെയ്യുവാൻ അദ്ദേഹം തയാറായത്. അതു തന്റെ മരണത്തിനു വഴിതെളിക്കുമെന്നറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹമതു ചെയ്തത്.
എന്നാൽ, ദാനശീലത്തിൽ ഇത്രയും പ്രശോഭിച്ചിരുന്ന കർണൻ ഒരിക്കൽ മറ്റൊരാളോടു കരുണ കാണിക്കുന്നതിൽ ഏറെ പിന്നിൽപോയി. പാണ്ഡവരിലൊരാളായ അർജുനന്റെ മകനായ അഭിമന്യു മുറിവേറ്റു യുദ്ധക്കളത്തിൽ വീണുകിടന്നപ്പോൾ അല്പം ദാഹജലത്തിനുവേണ്ടി കർണനോടു യാചിച്ചു. തൊട്ടടുത്തുണ്ടായിരുന്ന ഒരു കുളത്തിൽ ശുദ്ധജലമുണ്ടായിരുന്നിട്ടും കർണൻ അതു ചെയ്തില്ല. അത്രമാത്രം ക്രൂരമായിട്ടായിരുന്നു കർണൻ അഭിമന്യുവിനോടു പെരുമാറിയത്.
മഹാഭാരതത്തിലെ തിളക്കമാർന്ന മറ്റൊരു കഥാപാത്രമാണു ദ്രോണാചാര്യർ. പാണ്ഡവരെയും കൗരവരെയും ഒരുപോലെ ആയുധവിദ്യ അഭ്യസിപ്പിച്ച അദ്ദേഹം നീതിയും ന്യായവും നോക്കി പ്രവർത്തിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. എന്നാൽ, ദ്രൗപദി എന്ന പാഞ്ചാലിയെ ദുര്യോധനൻ വസ്ത്രാക്ഷേപം ചെയ്തപ്പോൾ ഭീഷ്മരെപ്പോലെ അദ്ദേഹവും കുനിഞ്ഞിരുന്നു മൗനം പാലിച്ചതേയുള്ളൂ.
നാമെല്ലാവരും പൊതുവേ നല്ലവരായ മനുഷ്യരാണ്. നീതിയോടെയും കരുണയോടെയും പ്രവർത്തിക്കുന്നതിൽ നാം പൊതുവേ ശ്രദ്ധാലുക്കളുമാണ്. എന്നാൽ, കൂടുതൽ സമയവും നാം നല്ലവരും നീതിമാന്മാരുമാണ് എന്നു സ്വയം ആശ്വസിച്ചതുകൊണ്ടു കാര്യമില്ല. നാം എല്ലാ സമയവും നല്ലവരും നീതിമാന്മാരും കരുണയുള്ളവരുമൊക്കെ ആയിരിക്കണം. നമ്മിൽ ഒരു വീഴ്ച സംഭവിച്ചാൽ മതി കാര്യങ്ങളെല്ലാം തകിടം മറിയാൻ.
ഭീഷ്മരുടെയും മറ്റും കഥയിലേക്കു മടങ്ങിവരട്ടെ. സ്വന്തം പിതാവിന്റെ സന്തോഷം ഉറപ്പുവരുത്താൻ വേണ്ടി ജീവിതകാലം മുഴുവൻ അവിവാഹിതനായിരിക്കുവാൻ എടുത്ത തീരുമാനം പ്രശംസനീയംതന്നെ. അതുപോലെ, നീതിപൂർവം പ്രവർത്തിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച താത്പര്യവും അഭിനന്ദനാർഹമാണ്. എന്നാൽ, ഒരു സ്ത്രീ അന്യായമായി അവഹേളിക്കപ്പെട്ടപ്പോൾ അതിനെതിരേ അദ്ദേഹത്തിന്റെ നാവ് പൊന്തിയില്ല. തന്മ·ൂലം, അദ്ദേഹം ജീവിതകാലം മുഴുവൻ നേടിയ നേട്ടങ്ങളിലും കരിനിഴൽ വീണില്ലേ?
ഒരു ജീവിതകാലം മുഴുവൻ കാരുണ്യപ്രവൃത്തികൾ ചെയ്തെങ്കിലും മരിക്കാൻ കിടന്ന ആൾ ദാഹജലം ചോദിച്ചപ്പോൾ അതു നിഷേധിച്ച കർണനെ ആർക്ക്, എങ്ങനെ ആദരിക്കാനാവും? കർണൻ യഥാർഥത്തിൽ കരുണയുള്ളവനായിരുന്നുവെങ്കിൽ മരിക്കാൻ പോകുന്ന അഭിമന്യുവിനു ദാഹജലം നിഷേധിക്കുമായിരുന്നോ? അഭിമന്യു തന്റെ അർധസഹോദരനായ അർജുനന്റെ പുത്രനാണെന്നറിഞ്ഞുകൊണ്ടുതന്നെയാണു കർണൻ ഈ കടുംകൈ ചെയ്തത്!
ഒരു ദിവസമോ ഒരു മാസമോ കുറെ വർഷങ്ങളോ മാത്രം നാം നീതിമാന്മാരും നല്ലവരുമായിരുന്നാൽ പോരാ. നാം ഇന്നും എന്നും നമ്മുടെ ജീവിതകാലം മുഴുവനും അങ്ങനെതന്നെയായിരിക്കണം. നമ്മുടെ ജീവിതത്തിൽ നമുക്കു തെറ്റുകൾ സംഭവിക്കാം. എന്നാൽ, അവ നാം അറിഞ്ഞുകൊണ്ടു സംഭവിക്കുവാൻ അനുവദിക്കരുത്. ഏതെങ്കിലും കാരണവശാൽ അങ്ങനെ തെറ്റുപറ്റാനിടയായാൽ നാം ഉടനെ അതിനു പരിഹാരം ചെയ്യുകയും വേണം. എങ്കിൽ മാത്രമേ യഥാർഥത്തിൽ നാം നല്ല മനുഷ്യരായി മാറുകയുള്ളൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ