രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലം. യുദ്ധത്തിൽ ഉൾപ്പെടാൻ മടിച്ചുനിൽക്കുകയായിരുന്നു അമേരിക്ക. അപ്പോഴാണു ഹവായിയിലുള്ള പേൾ ഹാർബറിലെ അമേരിക്കൻ നേവൽ ബെയ്സിൽ 1941 ഡിസംബർ ഏഴിനു ജപ്പാൻ ബോംബിട്ടത്. ഈ അവസരത്തിൽ ഫിലിപ്പീൻസിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ അമേരിക്കയുടെ ഒരു വൻ സൈന്യസന്നാഹം അവിടെ ഉണ്ടായിരുന്നു. പേൾ ഹാർബറിലെ ആക്രമണത്തിനുശേഷം ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ജപ്പാൻ ഫിലിപ്പീൻസിലെ അമേരിക്കൻ താവളങ്ങളും ആക്രമിച്ചു.
അന്ന് 72,000 അമേരിക്കൻ സൈനികർ ഫിലിപ്പീൻസിലുണ്ടായിരുന്നു. യുദ്ധസന്നാഹത്തിന്റെ പോരായ്മയും മറ്റു പ്രതികൂല സാഹചര്യങ്ങളും മൂലം അമേരിക്കൻ സൈനികർക്കു പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഗത്യന്തരമില്ലാതെ അവർ ജപ്പാൻ സൈന്യത്തിനു കീഴടങ്ങി. അവരിൽ ഭൂരിഭാഗവും അമേരിക്കൻ സൈന്യത്തിൽ ചേർന്ന ഫിലിപ്പീൻകാരായിരുന്നു.
അന്നു തടവുകാരായി പിടിക്കപ്പെട്ടവർ തടവുകാർക്കുള്ള ക്യാന്പിലേക്കു കൊണ്ടുപോകുന്നതിന്റെ ഭാഗമായി 97 കിലോമീറ്റർ ദൂരം നടക്കേണ്ടിവന്നു. ഫിലിപ്പീൻസിൽതന്നെയുള്ള കബനാറ്റുവാൻ എന്ന പട്ടണത്തിലേക്കാണ് അവരെ കൊണ്ടുപോയത്. ഡെത്ത് മാർച്ച് എന്നു ചരിത്രത്തിൽ അറിയപ്പെടുന്ന ഈ യാത്രയ്ക്കിടയിൽ പട്ടിണിയും രോഗവും മൂലം 20,000 സൈനികർ മൃതിയടഞ്ഞു. ബാക്കിയുള്ളവർ തടവുക്യാന്പിലെത്തി.
എന്നാൽ, പിന്നീട് ഒട്ടേറെപ്പേരെ അവിടെനിന്നു വേറേ പല സ്ഥലങ്ങളിലേക്കും മാറ്റി. കുറേ തടവുകാരെ ജപ്പാൻ സൈനികർ വധിക്കുകയും ചെയ്തു. ജപ്പാനുമായുള്ള ആദ്യഏറ്റുമുട്ടലിൽ അമേരിക്ക പരാജയപ്പെട്ടെങ്കിലും വീണ്ടും വലിയ ഒരുക്കത്തോടെ അമേരിക്കൻ സൈനികർ 1944ൽ ഫിലിപ്പീൻസിൽ മടങ്ങിയെത്തി. പരാജയം മുൻകൂട്ടി കണ്ട ജപ്പാൻ അമേരിക്കൻ യുദ്ധത്തടവുകാരെ കൊലചെയ്യാനുള്ള പരിപാടികൾ ആവിഷ്കരിച്ചു.
ഇതേക്കുറിച്ചു മുൻകൂട്ടി വിവരം ലഭിച്ച അമേരിക്ക കബനാറ്റുവാനിലുള്ള യുദ്ധത്തടവുകാരെ രക്ഷിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു. ആദ്യം അവിടെ 8000 തടവുകാരാണ് ഉണ്ടായിരുന്നത്. അവരിൽ ഭൂരിഭാഗം പേരെയും വിവിധ ലേബർ ക്യാന്പുകളിലേക്കയച്ചു കഠിനമായി ജോലിചെയ്യിപ്പിച്ചു. കുറേപ്പേർ രോഗം മൂലം മരിക്കുകയും ചെയ്തു.
ജപ്പാൻ സൈന്യം കബനാറ്റുവാനിലുള്ള അമേരിക്കൻ സൈനികരെ വധിക്കുന്നതിനു മുന്പ് അവിടെയെത്തി അവരെ രക്ഷപ്പെടുത്തുക എന്നത് അതിസാഹസികമായ ഒരു പ്രവൃത്തിയായിരുന്നു. എന്നാൽ, അതാണ് അമേരിക്ക ചെയ്തത്. 133 അമേരിക്കൻ സൈനികരും 280 ഓളം ഫിലിപ്പീനോ ഗറില്ല സൈനികരും ചേർന്ന് 1945 ജനുവരി 30ന് ക്യാന്പ് ആക്രമിച്ചു. അവിടെ ഉണ്ടായിരുന്ന 552 അമേരിക്കൻ സൈനികരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. ഈ ആക്രമണത്തിൽ ആയിരത്തോളം ജപ്പാൻ സൈനികർ കൊല്ലപ്പെട്ടപ്പോൾ രണ്ട് അമേരിക്കൻ സൈനികരും രണ്ടു യുദ്ധത്തടവുകാരും മാത്രമാണ് വധിക്കപ്പെട്ടത്.
അന്നു തടവുകാരെ രക്ഷിക്കാൻ ചെന്ന അമേരിക്കൻ സൈനികരിലൊരാൾ ആൽവി റോബിൻസ് ആയിരുന്നു. അപ്പോൾ യുദ്ധത്തടവുകാരിലൊരാൾ നിറകണ്ണുകളോടെ റോബിൻസിനോടു പറഞ്ഞു: ""ഞങ്ങളെ എല്ലാവരും മറന്നുപോയെന്നാണു ഞാൻ കരുതിയത്.'' ഉടനെ റോബിൻസ് പറഞ്ഞു: ""ഇല്ല, നിങ്ങളെ ഞങ്ങൾ മറന്നുപോയിട്ടില്ല. നിങ്ങളെ രക്ഷിക്കാനാണു ഞങ്ങൾ വന്നിരിക്കുന്നത്. ''
അമേരിക്കൻ യുദ്ധത്തടവുകാർ പ്രതീക്ഷ നശിച്ചു നിരാശരായി തങ്ങളുടെ മരണത്തെ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് അവരെ രക്ഷിക്കാൻ അമേരിക്ക ഏറ്റവും വിദഗ്ധരായ പോരാളികളെ അയച്ച് അവരെ രക്ഷപ്പെടുത്തിയത്. ഏതാണ്ട് ഇതിനു സമാനായ ഒരു സംഭവമാണു രണ്ടായിരം വർഷം മുന്പ് നടന്നത്.
മാനവരാശി പ്രതീക്ഷ നശിച്ച് അന്ധകാരത്തിൽ കഴിയുന്പോഴാണ് പാപികളായ മനുഷ്യരെ രക്ഷിക്കാൻ ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത്. ബേദ്ലഹമിലെ പുൽക്കൂടിലിൽ ദൈവപുത്രൻ ഭൂജാതനായപ്പോൾ അവിടെ ഉണ്ടായിരുന്ന ആട്ടിടയന്മാർക്കു പ്രത്യക്ഷപ്പെട്ടുകൊണ്ട് ദൈവദൂതൻ പറഞ്ഞു: ""ഇതാ, സർവജനത്തിനും വേണ്ടിയുള്ള ഒരു സദ്വാർത്ത നിങ്ങളെ ഞാൻ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ ഇന്നു നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ മിശിഹ പിറന്നിരിക്കുന്നു.'' മാനവരാശിയുടെ രക്ഷകനായി പിറന്ന ഈ മിശിഹായുടെ ജന്മദിനമാണ് ക്രിസ്മസ് നാളിൽ നാം ആഘോഷിക്കുന്നത്.
ഫിലിപ്പീൻസിലെ യുദ്ധക്യാന്പിലെ തടവുകാരനെപ്പോലെ ദൈവം പോലും തങ്ങളെ മറന്നുപോയി എന്നു വിലപിക്കുന്ന ഒരു ജനത്തിന്റെ നടുവിലാണു ദൈവപുത്രനും രക്ഷകനുമായ യേശു ജനിച്ചത്. അവിട ുത്തെ ജനനം അന്ന് ആട്ടിടയന്മാർക്കു വലിയ സന്തോഷത്തിന്റെ കാരണമായെങ്കിൽ അതിലും വലിയ സന്തോഷമാണ് അവിടുത്തെ ജനനം വഴി നാം ഇന്നു അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ലോകം മുഴുവനും ക്രിസ്മസ് ആഡംബരപൂർവം ആഘോഷിക്കപ്പെടുന്നതും.
പണ്ടത്തെപ്പോലെ ഇന്നും ലോകത്തിൽ പാപത്തിന്റെ ആധിപത്യമുണ്ട്. തന്മൂലം, മനുഷ്യരിലും ലോകത്താകമാനവും സമാധാനക്കുറവുമുണ്ട്. എന്നാൽ, ലോകരക്ഷകനായ യേശുവിലേക്കു തിരിഞ്ഞാൽ നമുക്കു പാപത്തിന്റെ ആധിപത്യത്തിൽനിന്നു മോചനം നേടാനും സമാധാനം വീണ്ടെടുക്കാനും സാധിക്കുമെന്ന ശാശ്വത സത്യമാണ് ക്രിസ്മസ് ഇന്നു നമ്മെ അനുസ്മരിപ്പിക്കുന്നത്. നാം ക്രിസ്മസ് ആഘോഷിക്കുന്പോൾ രക്ഷകനായ യേശുവിനെ നാം ഹൃദയത്തിലേക്കു സ്വീകരിച്ചുവെന്നും അവിടുത്തെ ജീവിതത്തിൽ പകർത്തി എന്നും നമുക്ക് ഉറപ്പുവരുത്താം. അപ്പോൾ, നമ്മെ മറക്കാതെ നമ്മെ തേടിയെത്തിയ നമ്മുടെ രക്ഷകനായ യേശു ശാശ്വത സമാധാനവും സന്തോഷവും കൊണ്ടു നമ്മെ അനുഗ്രഹിക്കും. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ