ഒരിക്കൽ ഒരാൾ ഗ്രാമവീഥിയിലൂടെ കാറിൽ യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ ശ്രദ്ധക്കുറവു മൂലം കാർ വഴിയരികിലുള്ള ഒരു കുഴിയിൽ വീണു. അയാൾ എത്ര ശ്രമിച്ചിട്ടും കാർ കുഴിയിൽനിന്നു കയറ്റാനായില്ല. സഹായത്തിനായി അയാൾ ചുറ്റും നോക്കി. അപ്പോൾ കുറേ അകലെയായി ഒരാൾ കുതിരയെ മേയിക്കുന്നത് കണ്ടു. അയാൾ വേഗം കുതിരയെ മേയിക്കുന്ന ആളുടെ അടുത്തെത്തി സഹായം തേടി.
കാർഡ്രൈവറെ സഹായിക്കാൻ കുതിരയുടെ ഉടമ തയാറായി. അയാൾ വേഗം കുതിരയുമായി കാർ കിടന്ന സ്ഥലത്തെത്തി. കാർ ചെറുതായതുകൊണ്ട് തന്റെ കുതിരയ്ക്ക് കാർ വലിച്ചുകയറ്റാൻ സാധിക്കുമെന്ന് അയാൾ കരുതി. ഉടൻതന്നെ അയാൾ തന്റെ ഭവനത്തിൽ ചെന്ന് കാർ വലിച്ചുകയറ്റാൻ ബലമുള്ള കയറുമായി എത്തി.
കാർ ഡ്രൈവറുടെ സഹായത്തോടെ അയാൾ കുതിരയെ കാറുമായി ബന്ധിപ്പിച്ചു. അതിനുശേഷം കുതിരക്കാരൻ പറഞ്ഞു, ""വലിക്കൂ, കേസി വലിക്ക്...'' പക്ഷേ, കുതിര അനങ്ങിയില്ല. അപ്പോൾ കുതിരക്കാരൻ പറഞ്ഞു, ""വലിക്കൂ, ബെയ്ലി വലിക്കൂ...'' അപ്പോഴും കുതിര അനങ്ങാതെ നിന്നു.
എന്താണു സംഭവിക്കുന്നതെന്നറിയാതെ ഡ്രൈവർ പകച്ചുനിൽക്കുന്പോൾ കുതിരക്കാരൻ ആജ്ഞാപിക്കുന്ന ശബ്ദത്തിൽ പറഞ്ഞു, ""വലിക്കൂ, മാൻഡി വലിക്കൂ...'' അപ്പോഴും കുതിര നിന്നപാടേ നിന്നതല്ലാതെ അൽപംപോലും അനങ്ങിയില്ല. ഉടൻ കുതിരക്കാരൻ കൽപിച്ചു, ""വലിക്കൂ, ബഡി വലിക്കൂ...'' ഉടൻതന്നെ കുതിര കാർ വലിച്ച് നിമിഷങ്ങൾക്കുള്ളിൽ റോഡിൽ എത്തിച്ചു.
കുതിരക്കാരനോട് ഡ്രൈവർക്ക് ഏറെ കടപ്പാട് തോന്നി. അയാൾ കുതിരക്കാരന് വീണ്ടും വീണ്ടും നന്ദി പറഞ്ഞു. അതിനുശേഷം അയാൾ ചോദിച്ചു, ""കുതിരയെ നിങ്ങൾ പല പേര് വിളിച്ചല്ലോ. എന്തുകൊണ്ടാണത്?'' അപ്പോൾ കുതിരക്കാരൻ പറഞ്ഞു, ""കുതിരയുടെ ശരിയായ പേര് ബഡി എന്നാണ്. അവൻ അന്ധനാണ്.
അവൻ തനിയെ കാർ വലിച്ചുകയറ്റാൻ പറഞ്ഞാൽ വിസമ്മതിക്കും. തനിക്കൊന്നും തനിയെ ചെയ്യാൻ സാധിക്കില്ലെന്നാണ് അവന്റെ വിശ്വാസം. എന്നാൽ മറ്റു കുതിരകൾ കൂട്ടിനുണ്ടെന്നറിഞ്ഞാൽ അവൻ ഏതു ജോലിയും ചെയ്യാൻ തയാറാകും. അതുകൊണ്ടാണ് എന്റെ മറ്റു കുതിരകളോടു വണ്ടി വലിക്കാൻ പറഞ്ഞ ശേഷം അവന്റെ പേര് വിളിച്ചു വണ്ടി വലിക്കാൻ പറഞ്ഞത്. അപ്പോൾ അവൻ ആത്മവിശ്വാസത്തോടെ അതു ചെയ്തു. അവൻ അതിൽ വിജയിക്കുകയും ചെയ്തു.''
ഈ കുതിരക്കഥ യാഥാർഥ്യം ആണോ? കഥ എഴുതിയ ആൾ അതു പറഞ്ഞിട്ടില്ല. ഒരുപക്ഷേ അത് ആരുടെയെങ്കിലും ഭാവനാസൃഷ്ടിയാകാം. എങ്കിലും ഈ കഥ വലിയൊരു യാഥാർഥ്യം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്.
നമുക്കെല്ലാവർക്കുംതന്നെ വിവിധങ്ങളായ നല്ല കഴിവുകളും അതോടൊപ്പം അനുഭവസന്പത്തുമുണ്ട്. എങ്കിലും ഏതെങ്കിലും കാര്യം ചെയ്യേണ്ടിവരുന്പോൾ നമുക്ക് മറ്റാരുടെയെങ്കിലും സഹായംകൂടി വേണം. കാരണം നമുക്ക് ചെയ്യാനുള്ള കാര്യം നമുക്ക് തനിയെ ചെയ്യാൻ സാധിക്കില്ലെന്നാണു പലപ്പോഴും നാം ചിന്തിക്കുന്നത്.
ഏതെങ്കിലും കാര്യം ചെയ്യുന്നതിനു മറ്റുള്ളവരുടെ സഹായം തേടുന്നതിൽ തെറ്റില്ല. ചിലപ്പോഴെങ്കിലും നമ്മുടെയിടയിലെ നല്ലബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിന് അതു സഹായിക്കും. എപ്പോഴും മറ്റുള്ളവരുടെ സഹായം വേണമെന്നു വന്നാൽ അത് നമുക്കു മാത്രമല്ല മറ്റുള്ളവർക്കും ബുദ്ധിമുട്ടാകും. എന്നുമാത്രമല്ല, നമുക്കുള്ള ആത്മവിശ്വാസം നഷ്ടപ്പെടാനേ അതു സഹായിക്കൂ.
നമുക്ക് മുകളിൽ കൊടുത്തിരിക്കുന്ന കുതിരക്കഥയിലേക്ക് മടങ്ങിവരാം. ബഡി എന്ന കുതിര അന്ധനായിരുന്നു എന്നത് അവന്റെ വലിയൊരു ബലഹീനതയായിരുന്നു. എന്നാൽ ശക്തിയുടെ കാര്യത്തിൽ അവൻ മറ്റു കുതിരകൾക്ക് പിന്നിലായിരുന്നില്ല. അവൻ അത് ഓർമിക്കാതെപോയി എന്നതാണ് അവന്റെ കുഴപ്പം.
നമ്മുടെ കാര്യവും ഏതാണ്ട് ഇതുപോലെയാണ്. പലകാര്യങ്ങളും ചെയ്യാൻ നമുക്ക് കഴിവുണ്ടെങ്കിലും ആ കഴിവുകൾ ഇല്ലാത്ത രീതിയിലാണ് പലപ്പോഴും നാം ചിന്തിക്കുക. തന്മൂലമല്ലേ തൊട്ടതിനും പിടിച്ചതിനുമൊക്കെ നാം പരസഹായം യാചിക്കുന്നത്. "നീ നിന്നെത്തന്നെ അറിയുക.' എന്ന പുരാതന ആപ്തവാക്യം നാം ഓർമിക്കുന്നത് നല്ലതാണ്.
നാം നമ്മെത്തന്നെ അറിയാതെപോകുന്നു എന്നതാണ് പലപ്പോഴും നമ്മുടെ ദൗർബല്യം. നാം നമ്മുടെ യഥാർഥ ശക്തിയും അതോടൊപ്പം നമ്മുടെ ദൗർബല്യങ്ങളും അറിഞ്ഞിരുന്നെങ്കിൽ നമ്മുടെ പ്രവർത്തനരീതികളിൽ എത്രമാത്രം വ്യത്യാസം വരുമായിരുന്നു. നമുക്ക് യഥാർഥത്തിൽ ഉള്ള പല കഴിവുകളും സിദ്ധികളും അറിയാതെപോവുകയും എന്നാൽ നമുക്കില്ലാത്ത പല കഴിവുകളും സിദ്ധിക്കുകയും നമുക്കുണ്ടെന്നു നാം കരുതുകയും ചെയ്യുന്നതല്ലേ പലപ്പോഴും നമ്മുടെ വീഴ്ചകൾക്കു കാരണം.
നമുക്കെല്ലാവർക്കും ദൈവം ധാരാളം കഴിവുകൾ നൽകി അനുഗ്രഹിച്ചിട്ടുണ്ട്. എങ്കിലും ആ കഴിവുകൾ വികസിപ്പിച്ചെടുത്തു പ്രവർത്തിക്കുന്ന കാര്യം വരുന്പോൾ നമ്മിൽ പലരും ഏറെ പിന്നിലാണ് തന്മൂലമാണ് സ്വയമായി ചെയ്യാവുന്ന കാര്യങ്ങൾക്കുപോലും പരസഹായത്തിനായി നമുക്ക് യാചിക്കേണ്ടിവരുന്നത്.
മുകളിൽ സൂചിപ്പിച്ചതുപോലെ, മറ്റുള്ളവരുടെ സഹായം തേടുന്നതിൽ തെറ്റൊന്നുമില്ല. എങ്കിലും എപ്പോഴും മറ്റുള്ളവരുടെ സഹായം തേടുന്നതിനു പകരം മറ്റുള്ളവരെ സഹായിക്കാൻ നമുക്കെങ്ങനെ സാധിക്കുമെന്നായിരിക്കണം നമ്മുടെ ചിന്ത. എന്നാൽ അതു സാധിക്കണമെങ്കിൽ നാം നമ്മുടെ ശക്തികൾ അറിഞ്ഞ് അവ പരിപോഷിപ്പിക്കണം. അതുപോലെതന്നെ, നമ്മുടെ ബലഹീനതകൾ മനസിലാക്കി അവ പരിഹരിക്കാനാവുന്നതാണെങ്കിൽ പരിഹരിക്കുകയും വേണം.
ജീവിതത്തിൽ ഏറെ നല്ല കാര്യങ്ങൾ ചെയ്യാൻ നമുക്ക് സാധിക്കും. എന്നാൽ അവ കണ്ടുപിടിച്ച് ചെയ്യാൻ നാം തയാറാകണം. അതുപോലെതന്നെ, നമ്മുടെ ജീവിതത്തിലെ പല പാളിച്ചകളും നമുക്കൊഴിവാക്കാനാവും. അതിനും ബോധപൂർവമായ ശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. അപ്പോഴേ നമ്മുടെ ജീവിതംവഴിയായി മറ്റുള്ളവർക്കും സമൂഹത്തിനു മൊത്തമായും പല സംഭാവനകളും ചെയ്യാൻ നമുക്ക് സാധിക്കൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ