""മരണത്തോടുള്ള ഭയം ജീവിതത്തോടുള്ള ഭയത്തിന്റെ പിന്തുടർച്ചയാണ്. ജീവിതം അതിന്റെ പൂർണതയിൽ നയിക്കുന്ന ഒരാൾ ഏതു സമയത്തും മരിക്കുവാൻ സന്നദ്ധനായിരിക്കും'' എന്ന് അമേരിക്കൻ സാഹിത്യകാരനായ മാർക്ക് ട്വയ്ൻ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ചാവറയച്ചനെ സംബന്ധിച്ചിടത്തോളം എത്രയോ ശരിയാണ്.
നൂറ്റിയന്പതു വർഷം മുന്പുള്ള ഒരു മരണക്കിടക്കയിൽനിന്നുള്ള രംഗം. വാതപ്പനിയും കടുത്ത നേത്ര രോഗവും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും മൂലം രോഗി ഏറെ ക്ഷീണിതനാണ്. വിദഗ്ധരായ പല ഡോക്ടർമാർ ശ്രമിച്ചിട്ടും രോഗിയുടെ നില വഷളായതല്ലാതെ അല്പംപോലും മെച്ചപ്പെട്ടില്ല. അപ്പോഴാണു രോഗി മരിക്കുവാൻ പോകുകയാണെന്ന ചിന്ത ചുറ്റും നിന്നവരിൽ ഒരു അശനിപാതംപോലെ ആഞ്ഞടിച്ചത്. അവരിൽചിലർ വിതുന്പിക്കരയാൻ തുടങ്ങി. മറ്റു ചിലർ രോഗിയുടെ കിടക്കയുടെ അരികെ മുട്ടുകുത്തി പ്രാർഥിക്കുവാൻ തുടങ്ങി.
തന്റെ മരണം മുൻകൂട്ടി കണ്ടുകൊണ്ടു നല്ല മരണത്തിനായി അനുദിനം ഒരുങ്ങിക്കൊണ്ടിരുന്ന രോഗി സാവധാനം കണ്ണു തുറന്ന് അവിടെനിന്നിരുന്നവരോടായി പറഞ്ഞു: ""ഒടുക്കത്തെ ഒപ്രുശ്മ സ്വീകരിക്കുവാൻ എനിക്കു സമയമായി''. മരണാസന്നർക്കു നൽകുന്ന രോഗീലേപനം എന്ന കൂദാശ അക്കാലത്ത് അറിയപ്പെട്ടിരുന്നത് ഒടുക്കത്തെ ഒപ്രുശ്മ, അന്ത്യകൂദാശ എന്നിങ്ങനെയുള്ള പേരുകളിലായിരുന്നു.
രോഗി ആവശ്യപ്പെട്ടതനുസരിച്ചു ബന്ധപ്പെട്ട അധികാരികൾ അദ്ദേഹത്തിന് ഒപ്രുശ്മ നൽകുവാനെത്തി. അപ്പോഴേക്കും അദ്ദേഹത്തിനുവേണ്ടപ്പെട്ടവരായ മറ്റുള്ളവരും ഓടിയെത്തി. അവരിൽ ചിലർ പൊട്ടിക്കരയുവാൻ തുടങ്ങി. അതു കണ്ട രോഗി തലനിവർത്തി ചാരിയിരുന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു:
""നിങ്ങൾ എന്തിനു ദുഃഖിക്കുന്നു. മനുഷ്യൻ ആരുതന്നെ ആയാലും എപ്പോഴെങ്കിലും മരിക്കണം. ദൈവാനുഗ്രഹത്താൽ ഈ സമയം ഓർത്ത് എന്നാൽ പാടുള്ള ഒരുക്കങ്ങൾ കുറെനാൾ മുന്പ് തുടങ്ങി ഞാൻ ചെയ്തുവന്നു. ഭക്തിയുള്ള എന്റെ മാതാപിതാക്കന്മാർ ഈശോ മറിയം യൗസേപ്പ് എന്ന മഹാകുടുംബത്തെ പലവിധത്തിൽ എന്നെ ഓർമിപ്പിക്കുകയും ഞാൻ ആ തിരുക്കുടുംബത്തെ ഇതുപോലെ (കട്ടിലിന്റെ അരികിൽ ഇരുന്നിരുന്നതും മേശമേൽ വച്ചിരുന്നതുമായ രൂപത്തെ കാണിച്ചുകൊണ്ട്) എപ്പോഴും എന്റെ ഹൃദയത്തിൽ കാക്കുകയും ഓർക്കുകയും വണങ്ങുകയും ചെയ്തിരുന്നതിനാൽ അവരുടെ അനുഗ്രഹം എപ്പോഴും എന്നെ സംരക്ഷിക്കകൊണ്ടു മാമോദീസായിൽ എനിക്കു കിട്ടിയ ദൈവ ഇഷ്ടപ്രസാദത്തെ നശിപ്പിക്കുന്നതിന് ഇടയായിട്ടില്ല എന്നു പറയുന്നതിനു ദൈവാനുഗ്രഹത്താൽ എനിക്കു ധൈര്യമുണ്ട്''.
രോഗിയുടെ ചുറ്റും നിന്നിരുന്നവർ അദ്ദേഹത്തെ ശ്രദ്ധാപൂർവം കേട്ടുനിൽക്കുന്പോൾ അദ്ദേഹം തുടർന്നു: ""നമ്മുടെ പാവപ്പെട്ട സഭയെയും അംഗങ്ങളായ നിങ്ങളെല്ലാവരെയും ഈ തിരുക്കുടുംബത്തിനു ഞാൻ പ്രതിഷ്ഠിക്കുന്നു. തിരുക്കുടുംബത്തെ നിങ്ങൾ ആശ്രയിക്കുവിൻ. നിങ്ങളുടെ ഹൃദയങ്ങളിൽ ആ തിരുക്കുടുംബം അധികാരം നടത്തട്ടെ. ഞാൻ മരിക്കുന്നതിനെക്കുറിച്ചു നിങ്ങൾ ദുഃഖിച്ചു കലങ്ങേണ്ട. ദൈവതിരുമനസിനു സന്തോഷപൂർവം കീഴ്വഴങ്ങുവിൻ. ദൈവം സർവവലല്ലഭനും അറുതിയില്ലാത്ത അനുഗ്രഹക്കാരനുമാകുന്നു. സഭയ്ക്കും നിങ്ങൾ ഓരോരുത്തർക്കും എന്നേക്കാൾ കൂടുതൽ നന്മചെയ്യാൻ കഴിയുന്ന ഒരു പുത്തൻ പ്രിയോരച്ചനെ ദൈവം ഉടനെ തരും''.
തെല്ലിട നിശബ്ദതയ്ക്കു ശേഷം അദ്ദേഹം തുടർന്നു: ""നിങ്ങൾ എല്ലാവരും റേഗുളയും ന്യായപ്രമാണങ്ങളും ശ്രേഷ്ഠന്മാരുടെ കല്പനകളും സൂക്ഷ്മമായി അനുസരിച്ചു കാക്കണം.
ദിവ്യകാരുണ്യത്തിൽ എഴുന്നെള്ളിയിരിക്കുന്ന ഈശോയെ നിങ്ങൾ മുഴുഹൃദയത്തോടെ സ്നേഹിക്കണം. ആ തിരുഹൃദയത്തിൽനിന്നു നിവ്യായുടെ വചനം പോലെ ആയുസിന്റെ വെള്ളത്തെ കോരിയെടുക്കുവിൻ. സഭയുടെ അംഗങ്ങളായിരിക്കുന്ന എല്ലാവരും പ്രത്യേകം ശ്രേഷ്ഠന്മാരും തമ്മിൽ തമ്മിൽ പരമാർഥ ഉപവിയുള്ളവരായിരിക്കണം. ഇപ്രകാരം നിങ്ങൾ ചെയ്യുമെങ്കിൽ ഈ സഭ വഴിയായിട്ട് ദൈവസ്തുതിയും ആത്മരക്ഷയും ഉണ്ടാകുകയും സഭ ഒന്നിനൊന്നിന് അഭിവൃദ്ധിപ്രാപിക്കുകയും ചെയ്യും.
ഇത്രയും പറഞ്ഞ ഉടനെ രോഗി വീണ്ടും ഒപ്രുശ്മ നൽകുവാൻ ആവശ്യപ്പെട്ടു. ഒപ്രുശ്മ സ്വീകരിച്ചു മയക്കത്തിലേക്കു വഴുതിവീണ അദ്ദേഹം പിറ്റേ ദിവസം രാത്രി ഏഴരയോടെ തന്റെ നിത്യസമ്മാനം നേടുന്നതിനു യാത്രയായി.
1871 ജനുവരി മൂന്ന് ആയിരുന്നു അന്ന്. സ്വർഗസൗഭാഗ്യത്തിനായി വിളിക്കപ്പെട്ട ആ രോഗി വിശുദ്ധനായി ഇന്നു വണങ്ങപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചനായിരുന്നു.
""മരണത്തോടുള്ള ഭയം ജീവിതത്തോടുള്ള ഭയത്തിന്റെ പിന്തുടർച്ചയാണ്. ജീവിതം അതിന്റെ പൂർണതയിൽ നയിക്കുന്ന ഒരാൾ ഏതു സമയത്തും മരിക്കുവാൻ സന്നദ്ധനായിരിക്കും'' എന്ന് അമേരിക്കൻ സാഹിത്യകാരനായ മാർക്ക് ട്വയ്ൻ (1835-1910) എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ചാവറയച്ചനെ സംബന്ധിച്ചിടത്തോളം എത്രയോ ശരിയാണ്. ചാവറയച്ചൻ ജീവിതത്തെ ഭയപ്പെട്ടില്ല. ചാവറയച്ചന്റെ ബാല്യകാലത്ത് അദ്ദേഹത്തിനു തന്റെ മാതാവിനെയും പിതാവിനെയും ഏകസഹോദരനെയും നഷ്ടപ്പെട്ടതാണ്. ഒരു സഹോദരി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. എങ്കിലും ചാവറയച്ചൻ പതറിയില്ല.
ദൈവത്തിന്റെ സ്നേഹത്തിലും അനന്തപരിപാലനയിലും അടിയുറച്ച് അദ്ദേഹം ജീവിച്ചു. അങ്ങനെ ദൈവത്തിന്റെ അനന്തപരിപാലനയിൽ അദ്ദേഹം സിഎംഐ സഭയുടെ സ്ഥാപകനും സഭയുടെ പ്രഥമ പ്രിയോരച്ചനും പത്തൊന്പതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസ പ്രവർത്തകനും സാംസ്കാരിക നായകനും വിശ്വാസസംരക്ഷകനും മുദ്രാലയ പ്രേഷിതത്വത്തിന്റെ പ്രണേതാവും സർവോപരി ഒരു വിശുദ്ധനുമായി മാറി.
വിവിധങ്ങളായ ലൗകിക മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചെങ്കിലും അവയെല്ലാം മൂല്യാധിഷ്ഠിതവും ആധ്യാത്മികതയിൽ അടിയുറച്ചതുമായിരുന്നു. തന്മൂലമാണ് മരിക്കുന്ന സമയത്ത് ഒരു ഭയവും കൂടാതെ മരണത്തെ സമീപിക്കാനും തന്റെ സഭാമക്കൾക്കു നല്ല മാതൃകയും ഉപദേശവും നൽകാനും അദ്ദേഹത്തിനു സാധിച്ചത്. ചാവറയച്ചന്റെ 150-ാം ചരമവർഷത്തിലേക്കു പ്രവേശിക്കുന്ന ഈ അവസരത്തിൽ അദ്ദേഹത്തിന്റെ ജീവിതവും മാതൃകയും സന്ദേശവും എല്ലാവർക്കും പ്രസക്തമാണ്, പ്രത്യേകിച്ചും നാം പുതിയൊരു വർഷത്തിലേക്കു പ്രവേശിക്കുന്പോൾ. എല്ലാവർക്കും നവവത്സരാശംസകൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ