നമ്മുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്നതു നല്ല അനുഭവങ്ങളാണോ അതോ മോശമായ അനുഭവങ്ങളാണോ? സാധാരണഗതിയിൽ അതു മോശമായ അനുഭവങ്ങളായിരിക്കും. ഒരു ഉദാഹരണം: നമ്മൾ ഒരു നല്ലകാര്യം ചെയ്യുന്പോൾ പത്തുപേർ നമ്മെ അഭിനന്ദിച്ചു എന്നു കരുതുക. എന്നാൽ, നാം ചെയ്ത ആ നല്ലകാര്യത്തെക്കുറിച്ച് ഒരാൾ വിമർശിച്ചാൽ മതി നമ്മുടെ സന്തോഷം മുഴുവൻ ചോർന്നുപോകാൻ.
വേറൊരു ഉദാഹരണം: പത്തു പേരുള്ള ഒരു ചെറിയ സമൂഹത്തിലേക്ക് നാം കടന്നുചെല്ലുന്നു. അപ്പോൾ അവരിൽ ഒന്പതുപേരും നമ്മെ സ്നേഹപൂർവം സ്വീകരിക്കുന്നു. എന്നാൽ, ഒരാൾ മുഖം കറുപ്പിച്ച് അകന്നുനിൽക്കുന്നു. അപ്പോൾ ഒന്പതു പേരിൽനിന്നു നാം സ്വീകരിച്ച സന്തോഷം നിമിഷംകൊണ്ട് അപ്രത്യക്ഷമാവില്ലേ? എന്താണ് ഇതിന്റെ അർഥം? നമ്മുടെ ജീവിതത്തിലെ മോശമായ ജീവിതാനുഭവങ്ങൾ നമ്മുടെ നല്ല ജീവിതാനുഭവങ്ങളെ അപ്രസക്തമാക്കുന്നു എന്നല്ലേ? അതായത് നമ്മുടെ തിക്താനുഭവങ്ങൾ നമ്മുടെ ജീവിതത്തിന്റെ ശോഭ കെടുത്തുന്നു എന്നു സാരം.
എന്താണിതിനൊരു പ്രതിവിധി? ഈ വിഷയത്തെക്കുറിച്ചു പഠനം നടത്തി ജോണ് ടിയേർണി എന്ന എഴുത്തുകാരനും ഡോ.റോയി ബോമെയ്സ്റ്റർ എന്ന മനഃശാസ്ത്രപണ്ഡിതനും ചേർന്നു പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണു ‘ദ പവർ ഓഫ് ബാഡ്’ (2020). ഇവരുടെ അഭിപ്രായത്തിൽ നമ്മുടെ ജീവിതത്തിലെ മോശമായ ജീവിതാനുഭവങ്ങൾ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാതിരിക്കാൻ നമുക്കു പല കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അതിൽ ഒന്നാമത്തേത്, മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന ഒരു കാര്യവും ചെയ്യാതിരിക്കുക എന്നതാണ്.
നാം മറ്റുള്ളവർക്ക്, പ്രത്യേകിച്ച് നമ്മുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ ധാരാളം നല്ലകാര്യങ്ങൾ ചെയ്തുകൊടുക്കാറുണ്ട്. അത് ഏറെ നല്ല കാര്യവും തന്നെ. എന്നാൽ, അതിനെക്കാൾ പതിന്മടങ്ങ് പ്രധാനപ്പെട്ടതാണ് അവരെ ദോഷകരമായി ബാധിക്കുന്ന ഒരു കാര്യവും ചെയ്യാതിരിക്കുക എന്നത്. കാരണമെന്താണെന്നോ? നാം ചെയ്യുന്ന വിവിധ ന·പ്രവൃത്തികളുടെ സദ്ഫലങ്ങളെ അതിവേഗം ഉ·ൂലനം ചെയ്യാൻ നമ്മുടെ ഒരു തി· പ്രവൃത്തിക്കു സാധിക്കുമത്രേ.
അവർ പറയുന്ന ഒരു ഉദാഹരണം ശ്രദ്ധിക്കുക. പത്തുപേർ സേവനം ചെയ്യുന്ന ഒരു ബിസിനസ് സ്ഥാപനത്തിലെ ഒന്പതു പേരുടെയും പെരുമാറ്റം നല്ലതുതന്നെ. എന്നാൽ അവരിലൊരാളുടെ പെരുമാറ്റം മോശമാണെങ്കിൽ ഏതിനായിരിക്കും ഏറെ പബ്ലിസിറ്റി കിട്ടുക? തീർച്ചയായിട്ടും മോശമായി പെരുമാറുന്ന ആൾക്കല്ലേ? അപ്പോൾ എത്ര ദോഷകരമായിട്ടായിരിക്കും അവരുടെ ബിസിനസിനെ അതു ബാധിക്കുക?
നമ്മുടെ ചില നല്ല ജീവിതാനുഭവങ്ങൾ നമ്മുടെ മോശമായ ജീവിതാനുഭവങ്ങളെ വിസ്മരിക്കാനും അവയെ മറികടക്കാനും സഹായിക്കുമെന്ന് അനുഭവംകൊണ്ടു നമുക്കറിയാം. എന്നാൽ, മോശമായ ഒരു ജീവിതാനുഭവത്തെ മറികടക്കാൻ ചുരുങ്ങിയത് നാലു നല്ല ജീവിതാനുഭവങ്ങൾ വേണ്ടിവരുമെന്നു ടിയേർണിയും ഡോ.ബോമെയ്സ്റ്ററും അഭിപ്രായപ്പെടുന്നു. തന്മൂലം രണ്ടാമതായി അവർ പറയുന്നത് ’റൂൾ ഓഫ് ഫോർ’ എന്ന തത്ത്വമാണ്.
ഈ തത്ത്വമനുസരിച്ച് നാം ആർക്കെങ്കിലും മോശമായ ഒരു ജീവിതാനുഭവം നൽകാൻ ഇടയാകുകയാണെങ്കിൽ ചുരുങ്ങിയത് നാലു പ്രാവശ്യമെങ്കിലും അതിനു പരിഹാരപ്രവൃത്തിയായി നല്ല ജീവിതാനുഭവം അവർക്കു നൽകണം. എങ്കിൽപ്പോലും നാം അവർക്കു നൽകിയ മുറിവുകൾ പൂർണമായി സുഖപ്പെടുമെന്നു തീർച്ചയില്ലെന്നും ഈ ഗ്രന്ഥകർത്താക്കൾ ചൂണ്ടിക്കാണിക്കുന്നു.
മോശമായ ജീവിതാനുഭവങ്ങൾ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാതിരിക്കാൻ ഗ്രന്ഥകർത്താക്കൾ മൂന്നാമതായി ചൂണ്ടിക്കാണിക്കുന്നത് നല്ല ജീവിതാനുഭവങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കാൻ ശ്രദ്ധിക്കുക എന്നതാണ്. നമ്മുടെ ജീവിതത്തിലെ നല്ല ജീവിതാനുഭവങ്ങൾ നാം അയവിറക്കുന്നതു കാണുന്പോൾ ചിലർ നെറ്റിചുളിച്ചേക്കാം. എന്നാൽ നമ്മുടെ നല്ല ജീവിതാനുഭവങ്ങൾ എപ്പോഴും നമ്മുടെ ഓർമയിലുണ്ടായിരിക്കുന്നതു നമ്മുടെ ജീവിതം കൂടുതൽ സന്തോഷപ്രദമാക്കുമെന്നതിനു സംശയമില്ലല്ലോ.
നാലാമതായി അവർ ചൂണ്ടിക്കാണിക്കുന്ന തത്ത്വം മോശമായ ജീവിതാനുഭവങ്ങളിൽനിന്നു പാഠം പഠിക്കുക എന്നതാണ്. ഉദാഹരണമായി പരീക്ഷയിൽ നമുക്കു തോൽവി സംഭവിക്കുകയാണെങ്കിൽ അടുത്ത തവണ കൂടുതൽ ശ്രദ്ധയോടെ പഠിക്കാൻ അതു പ്രചോദനമായി നാം മാറ്റണം. അതുപോലെ ജോലിയിൽ പ്രമോഷൻ ലഭിക്കാതെപോയാൽ കൂടുതൽ മെച്ചപ്പെട്ട സേവനം ചെയ്യാൻ നാം സന്നദ്ധമാകണം. അങ്ങനെ മാത്രമേ നെഗറ്റീവായ ഒരു ജീവിതാനുഭവത്തെ പോസിറ്റീവായി മാറ്റാൻ നമുക്കു സാധിക്കൂ.
അവസാനമായി ഗ്രന്ഥകർത്താക്കൾ അവതരിപ്പിക്കുന്ന തത്ത്വം ‘വലിയ ചിത്രം’ കാണുക എന്നതാണ്. അതായത് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഏതു കാര്യവും നമ്മുടെ ജീവിതത്തിന്റെയും ലോകത്തിന്റെയും വിശാലമായ കാൻവാസിൽ കാണുക എന്നതാണ്. നമ്മുടെ ജീവിതത്തിൽ മോശമായ ഒരു അനുഭവം ഉണ്ടായാൽ അതോടൊപ്പം നമ്മുടെ ജീവിതത്തിലെ നല്ല ജീവിതാനുഭവങ്ങളെയും നാം കാണണം. അപ്പോൾ നമ്മുടെ ഒരു തിക്താനുഭവം നമ്മുടെ ജീവിതത്തെ തകർക്കാൻ ഒരിക്കലും ഇടയാക്കില്ല.
നമ്മുടെ ചിന്തകൾ പലപ്പോഴും നിഷേധാത്മകമായി മാറുന്നുണ്ടെങ്കിൽ അതിന്റെ കാരണം മോശമായ ജീവിതാനുഭവങ്ങൾ നമ്മെ നിയന്ത്രിക്കുന്നു എന്നതുകൊണ്ടാണ്. തന്മൂലം നമ്മുടെ ജീവിതത്തിലെ നിഷേധാത്മക ചിന്താഗതിയിൽനിന്നും നാം പുറത്തുകടക്കണമെങ്കിൽ നമ്മുടെ നല്ല ജീവിതാനുഭവങ്ങളെ നാം നമ്മുടെ ചിന്തയിൽ നിലനിർത്തണം. എന്നു മാത്രമല്ല, അവയുടെ ശക്തികൊണ്ടു നമ്മിലെ നിഷേധാത്മക മനോഭാവത്തെ നാം ഇല്ലായ്മ ചെയ്യുകയും വേണം.
മോശമായ ജീവിതാനുഭവങ്ങൾക്കും അതു സൃഷ്ടിക്കുന്ന നിഷേധാത്മക ചിന്താഗതിക്കും നമ്മെ തളർത്താനും തകർക്കാനുമുള്ള ശക്തി ഉണ്ട് എന്നതു നമുക്കു മറക്കാതിരിക്കാം. തന്മൂലം, മോശമായ അനുഭവങ്ങൾ ഉണ്ടാകുന്പോഴും അവയെ മറികടക്കാൻ നല്ല ജീവിതാനുഭവങ്ങളെ മുറുകെപ്പിടിക്കാനും പോസിറ്റീവായി ചിന്തിക്കാനും നമുക്കു പ്രത്യേകം പരിശ്രമിക്കാം. അപ്പോൾപ്പിന്നെ നമ്മുടെ ജീവിതം നിഷേധാത്മകതയിലൂടെ നിലംപതിക്കുമെന്നു നമുക്ക് ഒരിക്കലും ഭയപ്പെടേണ്ടിവരില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ