ശാസ്താംകോട്ട : കഴിഞ്ഞ പത്ത് ദിവസമായി നടന്നു വന്ന ശാസ്താംകോട്ട ക്ഷേത്രത്തിലെ ഉൽസവം ഇന്നലെ ഗംഭീര കെട്ടുകാഴ്ചയോടെ സമാപിച്ചു.
വിവിധ കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ ശാസ്താംകോട്ട ഫിൽട്ടർ ഹൗസ് ജംഗ്ഷനിൽ എത്തി അവിടെ നിന്ന് നിരനിരയായി ക്ഷേത്രത്തിലേക്ക് യാത്രയായത് ഏറെ ഹൃദ്യമായിരുന്നു.
വിവിധ കര കെട്ട് സമിതികളുടെയും യുവജന സമിതികളുടെയും വ്യക്തികളുടെനേർച്ചയായും നിരവധി കെട്ടുകാഴ്ചകളാണ് ഉൽസവത്തിന് അണിനിരന്നത്.
കെട്ടുകാളകൾ, എരുത്തിലും കാളയും, വണ്ടി കുതിരകൾ, ഫ്ലോട്ടുകൾ, രഥങ്ങൾ, ഗജവീരൻമാർ, ചെണ്ടമേളം, മറ്റ് കലാരൂപങ്ങൾ, വാദ്യഘോഷങ്ങൾ എന്നിവ ഉൽസവത്തിന് മിഴിവേകി.
ക്ഷേത്രത്തിൽ എത്തിയ കെട്ടുകാഴ്ചകൾ ഭഗവാന് ദർശനം നൽകി പന്തിയിൽ അണിനിരന്നു. തുടർന്ന് ആറാട്ട് എഴുന്നള്ളത്ത്, കായൽ വിളക്ക്, ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, സംഗീതസദസ്, നൃത്തനാടകം എന്നിവയും നടന്നു. കൊറോണ ഭീതിയിലായിരുന്നങ്കിലും ഉൽസവം കാണുന്നതിന് ആയിരങ്ങളാണ് എത്തിയത്.