ചവറ: ബൈക്ക് സൈക്കിളിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ മുളങ്കാടകം മുത്ത് ഭവനിൽ വിഘ്നേഷ് ( 23 ), സൈക്കിൾ യാത്രികൻ ചിറ്റൂർ കൊട്ടാപ്പള്ളി കിഴക്കതിൽ സോമൻ (45) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 7.10 ഓടെ ദേശീയപാതയിൽ ടൈറ്റാനിയത്തിന് വടക്കുവശത്താണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് തെന്നിമാറിയ ബൈക്ക് അതുവഴി വന്ന പന്മന സ്വദേശി ഗണേശനെ തട്ടി. ഇയാൾക്ക് നിസാര പരിക്കുണ്ട്.
ചവറ ഫയർഫോഴ്സ് സ്റ്റേഷന് സമീപമായിരുന്നതിനാൽ അപകടത്തിൽപ്പെട്ട ഇരുവരേയും ഫയർഫോഴ്സിന്റെ ആംബുലൻസിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. റോഡ് മറികടക്കുന്നതിനിടയിൽ കൊല്ലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്ക് സൈക്കിളിൽ ഇടിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.