കൊല്ലം: കെഎസ്ആർടിസി ജീവനക്കാർക്ക് അടിയന്തരമായി ആരോഗ്യ രക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യണമെന്നാവശ്യം. പകർച്ചവ്യാധികൾ വരുത്തുന്നതും പകർത്തുന്നതും തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ യാതൊന്നും തന്നെ കെഎസ്ആർടിസി കൊല്ലം യൂണിറ്റിലെ ജീവനക്കാർക്ക് വിതരണം ചെയ്തിട്ടില്ല.
ജീവനക്കാരുടെ തൊഴിൽ നികുതി മുടങ്ങാതെ പിരിച്ചെടുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമായ കോർപ്പറേഷൻ അധികാരികൾ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനമായ കൊല്ലം മുൻസിപ്പൽ കോർപ്പറേഷൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ മുൻസിപ്പൽ കോർപ്പറേഷൻ ജീവനക്കാർക്കു മാത്രമേ തങ്ങൾ മുൻകരുതൽ എടുക്കുകയുള്ളൂ എന്നാണ് അറിയിച്ചിട്ടുള്ളത്.
ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ വിളിച്ച് അന്വേഷിച്ചപ്പോൾ സാധനം ലഭ്യമല്ല എന്നാണ് അറിയിച്ചത്. കളക്ടറേറ്റിലെ കൊറോണ യുമായി ബന്ധപ്പെട്ട കൺട്രോൾ റൂമിൽ വിളിച്ച് പരാതി അറിയിച്ചിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. പ്രതിദിനം ശരാശരി എഴുന്നൂറോളം യാത്രക്കാരിൽ നിന്നും ആണ് ഒരു കണ്ടക്ടർ സാമ്പത്തിക ക്രയവിക്രയം നടത്തുന്നത്
ഈ സാഹചര്യങ്ങൾ മുമ്പിൽ കണ്ടു ബന്ധപ്പെട്ട അധികാരികൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.