കൊല്ലം: കോവിഡ്-19 നിയന്ത്രണ ബോധവത്കരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡിഎംഒമാരുടെയും ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടേയും നേതൃത്വത്തില്‍ ഹെല്‍ത്ത് ബ്ലോക്കുകളില്‍ അവലോകനം നടത്തുകയും പ്രാദേശികമായി ശുചീകരണം ഉള്‍പ്പെടെ ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.വി ഷേര്‍ളി അറിയിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാക്കും. മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ എല്ലാ ദിവസവും വിവിധതലങ്ങളില്‍ റിവ്യൂ നടത്തും. ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ക്ക് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാതലത്തില്‍ പരിശീലനം നടത്തി. ഇത് പ്രാദേശികതലത്തില്‍ വ്യാപിപ്പിക്കും. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ അടിയന്തിര സാഹചര്യത്തില്‍ സേവനം നല്‍കുന്നതായി എം എസ് സി നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കായി പരിശീലനം നല്‍കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിദേശത്തു നിന്നും എത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വ്യക്തികള്‍, ഹോം സ്റ്റേകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെതിരെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ വഴി നടപടി എടുക്കും. ഇതെല്ലാം ഫലപ്രദമാകുന്നതിന് പൊതുജനങ്ങളുടെ സഹകരണം ഡിഎംഒ അഭ്യര്‍ഥിച്ചു.
ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ 247 പേരും ആശുപത്രിയില്‍ 10 പേരുമാണുള്ളത്. ഇന്നുമാത്രം 62 സാമ്പിളുകള്‍ പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. 187 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 99 എണ്ണത്തിന്റെ ഫലംകൂടി വരാനുണ്ട്.
പരിശോധിച്ചതില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് സംശയ നിവാരണങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനും 8589015556, 0474-2797609, 1077, 7306750040 (വാട്സ് ആപ് മാത്രം), 1056 (ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
സ്വകാര്യാശുപത്രിക്ക്
എതിരെ വ്യാജ പ്രചരണം
അഞ്ചൽ : കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെടുത്തി സ്വകാര്യാശുപത്രിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്കി. അഞ്ചല്‍ സെന്റ് ജോസഫ് മിഷൻ ആശുപത്രി ഡയറക്ടർ സിസ്റ്റർ ലില്ലി തോമസാണ് അഞ്ചൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വാട്സാപ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലാണ് മെസേജുകള്‍ പ്രചരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയകള്‍ വഴി ആശുപത്രിയെ കളങ്കപ്പെടുത്തുകയും സമൂഹത്തില്‍ ഭീതിപരത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം എന്നാണു പരാതിയില്‍ പറയുന്നത്. ആശുപത്രി അധികൃതരുടെ പരാതിയില്‍ അഞ്ചല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു. അതേസമയം തന്നെ പോസ്റ്റ് ഷെയര്‍ ചെയ്ത ചിലരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
തൃക്കോയിക്കൽ ക്ഷേത്രത്തിൽ ഉത്സവം മാറ്റിവച്ചു
കുണ്ടറ: സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യം പരിഗണിച്ച് ഉത്സവ നാളുകളിലെ പൊതുപരിപാടികളും ജനങ്ങൾ ഒത്തുകൂടുന്ന ചടങ്ങുകളും വേണ്ടെന്നു വയ്ക്കാൻ ഉത്സവകമ്മിറ്റി തീരുമാനിച്ചു.
സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും അഭ്യർഥന മാനിച്ച് പെരുന്പുഴ തൃക്കോയിക്കൽ മഹാവിഷ്ണു-മഹാദേവർ ക്ഷേത്രത്തിലെ ഇന്നു മുതൽ 19 വരെ നടക്കുന്ന ഉത്സവത്തിൽ ഭക്തജനങ്ങൾ ഒരുമിച്ചുകൂടുന്ന അപകടകരമായ സാഹചര്യം ഒഴിവാക്കാനാണ് ഉത്സവകമ്മിറ്റി തീരുമാനമെടുത്തതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ക്ഷേത്രപൂജകളും പറയിടീൽ ഉൾപ്പെടെയുള്ള ചടങ്ങുകൾ ഉണ്ടായിരിക്കും. ദേശവിളക്ക് ഘോഷയാത്ര, പൊങ്കാല, സമൂഹസദ്യ, കെട്ടുകാഴ്ച എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് എം. ചന്ദ്രശേഖരൻ നായർ, ജനറൽ സെക്രട്ടറി സി. ശശികുമാർ, റ്റി. ശശിധരൻ പിള്ള, ജി. അനിൽകുമാർ, കെ. ഇന്ദ്രസേനൻ, പി.കെ. അജയകുമാർ, ജി. മണികണ്ഠൻ പിള്ള എന്നിവർ പങ്കെടുത്തു.
ആഘോഷച്ചടങ്ങ് മാറ്റി വെച്ചു
ചവറ: ചവറ ഭരണിക്കാവ് ദേവി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് 12-ന് നടത്താനിരുന്ന കെട്ടുകാഴ്ച ഉള്‍പ്പെടെയുളള എല്ലാ ആഘോഷച്ചടങ്ങുകളും മാറ്റി വെച്ചു. കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റി വെച്ചത്. എന്നാല്‍ ഉത്സവ സംബന്ധമായ ആചാര പ്രകാരമുളള പൂജാ ചടങ്ങുകള്‍ക്ക് മാറ്റം ഉണ്ടാകില്ല എന്ന് ക്ഷേത്രോപദേശക സമതി അറിയിച്ചു
പരിപാടികൾ മാറ്റിവച്ചു
കൊല്ലം: സങ്കീർത്തനം സാംസ്കാരിവേദി 31ന് നടത്താനിരുന്ന പ്രതിമാസപരിപാടി മാറ്റിവച്ചു. കവി ചവറ കെ.എസ് പിള്ളയുടെ എഴുത്തിന്റെ അറുപത്തിയഞ്ചാം വർഷം പ്രമാണിച്ച് അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങാണ് മാറ്റിവച്ചതെന്ന് സെക്രട്ടറി ആശ്രാമം ഭാസി അറിയിച്ചു.
കൊല്ലം: സംസ്കാര സാഹിത്യ പുരസ്കാര സമർപ്പണ ചടങ്ങ് മാറ്റിവച്ചു. സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം 15 ന് സംഘടിപ്പിക്കാനിരുന്ന സാഹിത്യ പുരസ്കാര സമർപ്പണ ചടങ്ങാണ് മാറ്റിവച്ചത്.
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജിൽ 14ന് നടത്താനിരുന്ന പിടിഎ പൊതുയോഗം മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.
കൊല്ലം: കരിക്കോട് ടികെഎം എൻജിനീയറിംഗ് കോളജിൽ 17,18 തീയതികളിൽ ക്ലാർക്ക്, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.