കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരെ ഗൃഹനാഥന് പാര്‍ട്ടി സെക്രട്ടറിയ്ക്ക് പരാതി നല്കി.
പഞ്ചായത്തംഗത്തിന്റെ ബന്ധുവായ ഗൃഹനാഥനാണ് സി പി എം ജില്ലാസെക്രട്ടറിയ്ക്ക് പരാതി നല്‍കിയത്. പഞ്ചായത്ത് അംഗത്തിന്റെ ബന്ധു കൂടിയായ ഗൃഹനാഥനെ കടബാധ്യതയില്‍ ആക്കിയെന്നും ഭാര്യയെയും മക്കളെയും തന്നില്‍ നിന്നും അകറ്റിയെന്നുമാണ് പരാതി. പഞ്ചായത്ത് അംഗത്തിന്റെ നിരന്തരശല്യം കാരണം തമിഴ്നാട്ടിലെ വ്യാപാരവും വസ്തുവകകളും വില്പന നടത്തിയെന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നു.
പല തവണ പഞ്ചായത്ത് അംഗം തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ഗൃഹനാഥന് ആരോപിക്കുന്നുണ്ട്. ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത മക്കളും അടക്കം ഇപ്പോള്‍ തന്നില്‍ നിന്നും അകന്ന് കഴിയുകയാണെന്നും മക്കളെ തനിക്ക് വിട്ട് കിട്ടാനുള്ള നടപടി ഉണ്ടാകണമെന്നും ജില്ലാ സെക്രട്ടറിയ്ക്ക് കൊടുത്ത പരാതിയില്‍ പറയുന്നു. സംഭവത്തില്‍ രണ്ടാഴ്ച മുന്‍പ് കൊട്ടരക്കര റൂറല്‍ എസ് പിയ്ക്ക് ഗൃഹനാഥന് പരാതി നല്‍കിയിരുന്നു.