കരുനാഗപ്പള്ളി : അന്താരാഷ്ട്ര വനിതാ ദിനത്തിൽ പോലീസ് സ്റ്റേഷൻ ഭരണം ഏറ്റെടുത്ത് വനിതാ പോലീസുകാർ.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകൾക്കൊപ്പം കരുനാഗപ്പള്ളി സ്റ്റേഷനിലും വനിതാ ദിനത്തിൽ പ്രധാന ചുമതലകൾ നിർവഹിച്ചത് വനിതാ പോലീസുകാരാണ്. രാവിലെ എട്ടു മുതൽ തന്നെ പാറാവ് ഡ്യൂട്ടിയും ജി ഡി ചുമതലയും ഉൾപ്പടെയുള്ള പ്രധാന ഉത്തരവാദിത്വത്തങ്ങൾ വനിതാ പോലീസുകാർ ഏറ്റെടുത്തു. സ്റ്റേഷൻ ചുമതല എസ് ഐ മഞ്ജുഷയാണ് നിർവഹിച്ചത്. പരാതികൾ സ്വീകരിക്കലും സ്റ്റേഷൻ ഭരണനിർവഹണത്തിന്റെ പൊതു ചുമതലയും ഇവരുടെ മേൽനോട്ടത്തിലായിരുന്നു. പാറാവ് ഡ്യൂട്ടി രണ്ട് ഷിഫ്റ്റിലായി വനിതാ സി പി ഒ മാരാർക്കായിരുന്നു.
റൈറ്ററുടെ ചുമതലയും പെറ്റീഷൻ എൻക്വയറി ചുമതലയും വയലസ് ചുമതലയുമെല്ലാം വനിതകൾ നിർവഹിച്ചു. കരുനാഗപ്പള്ളി സ്റ്റേഷനിൽ ആകെ പതിനഞ്ച് വനിതാ പോലീസുകാരാണുള്ളത്. ഇതിൽ ഭൂരിഭാഗം പേർക്കും ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ഉണ്ടായിരുന്നതിനാൽ മറ്റുള്ളവരെ ഉപയോഗിച്ചാണ് സ്റ്റേഷന്റെ പ്രവർത്തനം നിയന്ത്രിച്ചത്.