ചവറ: ആരോഗ്യ രംഗത്ത് കൂടുതല്‍ വികസനം വേണം എന്നാഗ്രഹിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത എന്‍.വിജയന്‍പിളള എംഎല്‍എയുടെ പേര് നീണ്ടകര താലൂക്കാശുപത്രിക്ക് നല്‍കണമെന്ന് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചവറ ബ്ലോക്ക് പഞ്ചാത്ത് അനുശോചന യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ച് പ്രമേയം അവതരിപ്പിച്ചത്. ബ്ലോക്ക് പ്രസിഡന്റ് ബിന്ദു കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ക്കൂടിയ യോഗത്തില്‍ കെ.എ. നിയാസാണ് എന്‍.വിജയന്‍പിളള സ്മാരക താലൂക്കാശുപത്രി എന്ന് നാമകരണം ചെയ്യണം എന്ന പ്രമേയം അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് കെ. ജി. വിശ്വംഭരന്, വിജയകുമാരി, ബിന്ദു സണ്ണി, മുംതാസ്.എം.കെ, കെ. തങ്കമണിപ്പിളള എന്നിവര്‍ പിന്താങ്ങുകയും ചെയ്തു.
എംഎല്‍എയുടെ ശ്രമഫലമായി താലൂക്കാശുപത്രിക്ക് കിഫ്ബി ഫണ്ടുപയോഗിച്ച് 46 കോടി, 46 ലക്ഷം രൂപയും എംഎല്‍എ ഫണ്ടില്‍ നിന്ന് കാന്‍സര്‍ സെന്ററിനായി ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയും ആരോഗ്യ വകുപ്പില്‍ നിന്ന് ഒരു കോടി 30-ലക്ഷം രൂപയും രവിപ്പിളള ഫൗണ്ടേഷനില്‍ നിന്ന് ഡയാലിസിസിനായി 10-ലക്ഷം രൂപയും അനുവദിച്ചിരുന്നു.
എന്‍.വിജയന്‍പിളള നടത്തിയ പ്രവര്‍ത്തനത്തിന്റെ സ്മരണ നില നിര്‍ത്തുന്നതിനായി ആശുപത്രിക്ക് വിജയന്‍പിളളയുടെ പേര് തന്നെ ഇടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.