ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾക്കുശേഷം ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
ആരാധനാലയങ്ങളിൽ സാമൂഹിക അകലം നിർബന്ധമായും പാലിച്ചിരിക്കണമെന്നും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരും രോഗികളും 65 വയസിനു മുകളിലുള്ളവരും ഗർഭിണികളും പത്തു വയസിൽ താഴെയുള്ള കുട്ടികളും വീടുകളിൽ തന്നെ കഴിയണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
ആരാധനാലയങ്ങളുടെ ഉള്ളിൽ പ്രസാദങ്ങളോ വിശുദ്ധ ജലമോ വിതരണം ചെയ്യരുത്. പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ തിരുവോസ്തി നൽകുന്ന കാര്യത്തിലും ഇതു ബാധകമാണെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.
മറ്റു നിർദേശങ്ങൾ
* രൂപങ്ങളിലോ വിഗ്രഹങ്ങളിലോ വിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാൻ അനുവദിക്കരുത്.
മുഖാവരണം നിർബന്ധമായും അണിഞ്ഞിരിക്കണം.
*സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയിരിക്കണം. അതിനായി ആരാധനാലയങ്ങളുടെ കവാടങ്ങളിൽ ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കണം.
* പൊതു ഇടങ്ങളിൽ തുപ്പരുത്
* കഴിയുന്നതും ആളുകൾ ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കണം.
* ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉള്ളവർ ആരാധനാലയങ്ങളിൽ വരരുത്.
ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പാദരക്ഷകൾ അവരവരുടെ വണ്ടികളിൽ തന്നെ സൂക്ഷിക്കണം.
* കർശനമായി ആൾക്കൂട്ടങ്ങൾ ഉണ്ടാകാതെ നോക്കണം.
* ആരാധനാലയങ്ങളിൽ സാമൂഹിക അടയാളങ്ങൾ രേഖപ്പെടുത്തണം
* പരിസരത്തുള്ള കടകളിലും സാമൂഹിക അകലം ഉറപ്പു വരുത്തണം.
* അന്നദാനം ഉൾപ്പെടെ നടത്തുന്പോൾ സാമൂഹിക അകലവും മറ്റു കർശന നിയന്ത്രണങ്ങളും പാലിക്കണം.
* ആരാധനാലയങ്ങളിൽ കൃത്യസമയങ്ങളിൽ മതിയായ ശുചീകരണം നടത്തണം.
* രോഗബാധയുള്ള ആരെങ്കിലും എത്തി എന്നു കണ്ടെത്തിയാൽ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന എല്ലാ നടപടികളും എടുക്കണം.
ഹോട്ടലുകൾക്കും മാളുകൾക്കും മാർഗനിർദേശം
ന്യൂഡൽഹി: ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മാളുകൾ തുടങ്ങിയവയ്ക്കു കേന്ദ്ര ആഭ്യന്തരമന്ത്രാലയം മാർഗരേഖ പുറത്തിറക്കി.
ഹോട്ടലുകൾ:
* ആറടി സാമൂഹിക അകലം പാലിക്കണം. മുഖാവരണം ധരിക്കണം. 65 വയസ് കഴിഞ്ഞവരും 10 വയസിൽ താഴെയുള്ളവരും രോഗികളും ഗർഭിണികളും വരരുത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയേ പ്രവേശിപ്പിക്കാവൂ. കൈകൾ ശുചീകരിച്ചേ അകത്തു കടത്താവൂ. തെർമൽ സ്ക്രീനിംഗ് നടത്തണം. ലിഫ്റ്റുകളിൽ ആളെണ്ണം നിയന്ത്രിക്കണം.
* നാപ്കിനുകളും മെനു കടലാസും ഒറ്റത്തവണ ഉപയോഗത്തിനുള്ളതാകണം.
* കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ തുറക്കരുത്. വാഹനങ്ങൾ അകലത്തിലേ പാർക്ക് ചെയ്യാവൂ.
ഷോപ്പിംഗ് മാളുകൾ:
* 10 വയസിൽ താഴെയും 65 വയസിൽ കൂടുതലുമുള്ളവരും രോഗികളും ഗർഭിണികളും പ്രവേശിക്കരുത്. ആറടി അകലം പാലിക്കണം. മുഖാവരണം ധരിക്കണം. പ്രവേശനകവാടത്തിൽ തെർമൽ സ്ക്രീനിംഗും ഹാൻഡ് സാനിറ്റൈസറും വേണം.
* ഗെയിമിംഗ് ആർകേഡ്, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, സിനിമാശാലകൾ തുടങ്ങിയവ തുറക്കരുത്.
* താപനില 24-30 ഡിഗ്രി സെൽഷസിൽ ക്രമീകരിക്കണം.
മതനേതാക്കളുമായി ചർച്ച നടത്തി
തിരുവനന്തപുരം: നിയന്ത്രണവിധേയമായി കേരളത്തിൽ ആരാധനാലയങ്ങൾ എങ്ങനെ തുറക്കാമെന്നതിനെക്കുറിച്ച് വിവിധ മതനേതാക്കളുമായും മതസംഘടനാ നേതാക്കളുമായും മത സ്ഥാപന ഭാരവാഹികളുമായും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വീഡിയോ കോണ്‍ഫറൻസിലൂടെ ചർച്ച നടത്തി.
ആരാധനാലയങ്ങളിൽ സാധാരണ നില പുനഃസ്ഥാപിച്ചാൽ വലിയ ആൾക്കൂട്ടം ഉണ്ടാകുമെന്നും ഇന്നത്തെ സാഹചര്യത്തിൽ അത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള സർക്കാരിന്റെ നിലപാടിനോട് എല്ലാവരും പൂർണമായി യോജിച്ചു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുമായി വെവ്വേറെയാണ് ചർച്ച നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.