ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിദ്യാർഥികളുടെ പഠനം ഓണ്‍ലൈൻ വഴിയാക്കുന്നതിനെ ശക്തമായി എതിർത്ത് സിപിഎം പോളിറ്റ് ബ്യൂറോ. പോളിറ്റ് ബ്യൂറോ തീരുമാനങ്ങൾ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ വിശദീകരിക്കവേ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം വിശദീകരിച്ചത്.
ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിച്ചശേഷം കേരളത്തിൽ ഇതിനുള്ള സൗകര്യം ലഭിക്കാത്തതിൽ മനംനൊന്ത് ഒരു വിദ്യാർഥി കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ദേവിക എന്ന വിദ്യാർഥിനിയുടെ മരണത്തെ ഹൃദയഭേദകം എന്നാണു കേരള ഹൈക്കോടതി വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈൻ വിദ്യാഭ്യാസ സന്പ്രദായത്തെ പിന്തിരിപ്പൻ എന്നു വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ തന്നെ രംഗത്തെത്തിയത്.
ഏതെങ്കിലും ഒരു പ്രദേശത്തെ എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ ഡിജിറ്റൽ, ഓണ്‍ലൈൻ മാർഗങ്ങൾ പ്രാപ്യമായാൽ മാത്രമേ ആ പ്രദേശത്ത് താത്കാലിക അടിസ്ഥാനത്തിൽ എങ്കിലും ഓണ്‍ലൈൻ പഠനരീതി നടപ്പാക്കാവൂ എന്നും പോളിറ്റ് ബ്യൂറോ നിർദേശിച്ചു.
ലോക്ക് ഡൗണിന്റെ മറവിൽ കേന്ദ്ര സർക്കാർ തങ്ങളുടെ പിന്തിരിപ്പൻ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് ഡിജിറ്റൽ വിദ്യാഭ്യാസ രീതിയെ സിപിഎം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തിയത്.
രാജ്യത്ത് ഒരു ഡിജിറ്റൽ വിഭജനം സൃഷ്ടിക്കുന്നത് വിദ്യാർഥി തലമുറയുടെയും രാജ്യത്തിന്റെ തന്നെയും ഭാവിയെ തകർക്കും. പാർലമെന്റ് അംഗീകാരം നൽകാത്ത അധ്യയന രീതിയാണ് സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്.
പരീക്ഷകൾ സാധാരണ നിലയിൽ നടത്താനാകുന്ന വിധം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പഠനക്രമം പുനഃക്രമീകരിക്കണമെന്നും സിപിഎം പിബി ആവശ്യപ്പെട്ടു.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.