ന്യൂഡൽഹി: മധ്യപ്രദേശിൽ ഗോതന്പ് വിൽക്കാൻ ക്യൂ നിന്ന കർഷകൻ വീണു മരിച്ച സംഭവം വിവാദമായി. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ കർഷകനാണ് ഇങ്ങനെ മരിക്കുന്നത്.
ഭോപ്പാലിൽനിന്നു 150 കിലോമീറ്റർ അകലെ ദേവാസിൽ ജയ്റാം മണ്ഡ്ലോയി (65) എന്ന കർഷകനാണ് ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണു മരിച്ചത്. ഉജ്ജൈനിൽനിന്നു ഗോതന്പുമായി 36 കിലോമീറ്റർ അകലെയുള്ള ദേവാസിൽ കഴിഞ്ഞ വെള്ളിയാഴ്ചയെത്തിയ കർഷകൻ തന്റെ അവസരത്തിനായി രണ്ടു ദിവസം പൊരിവെയിലത്ത് ക്യൂവിൽ നിന്നു.
മേയ് 25നായിരുന്നു പ്രേം സിംഗ് (45) എന്ന കർഷകൻ മാൾവ ജില്ലയിലുള്ള അഗർ ചന്തയിലെ ക്യൂവിൽ നിൽക്കുന്പോൾ ഹൃദയംസ്തംഭനം മൂലം വീണു മരിച്ചത്. ആറു ദിവസം ക്യൂവിൽ നിന്ന ശേഷമായിരുന്നു പ്രേം സിംഗിന്റെ മരണം. പണമില്ലാതെ വിഷമിച്ചിരുന്ന നൂറുകണക്കിനു കർഷകർ ലോക്ക് ഡൗണ്‍ ഇളവിനെ തുടർന്നാണു കാർഷികോത്പന്നങ്ങൾ വിൽക്കാനായി മാർക്കറ്റുകളിൽ ചെന്നത്.
ചന്തയിലെത്തി മണിക്കൂറുകളും ദിവസങ്ങളും കാത്തുനിൽക്കേണ്ടി വരുന്ന കർഷകർക്ക് കുടിവെള്ളവും ഭക്ഷണവും പോലും കിട്ടാൻ സംവിധാനങ്ങളില്ലെന്ന് മരിച്ച ജയ്റാമിന്റെ സഹോദരൻ രാമചന്ദ്ര കുറ്റപ്പെടുത്തി. ടോക്കണ്‍ സംവിധാനം ഇല്ല. ടോക്കണ്‍ ഏർപ്പെടുത്തിയിരുന്നെങ്കിൽ കർഷകരുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്തമില്ലാത്ത ക്യൂവും കർഷകരുടെ മരണവും മൂലം ഗോതന്പ് സംഭരണം വെള്ളിയാഴ്ച വരെ സർക്കാർ നീട്ടി. രണ്ടു കർഷകരുടെയും മരണത്തിനു മധ്യപ്രദേശിലെ ബിജെപി സർക്കാർ ഉത്തരവാദികളാണെന്ന് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംഭരണത്തിൽ ക്രമക്കേടുണ്ടെന്നും മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും മുൻ മുഖ്യമന്ത്രി കമൽനാഥ് ചൂണ്ടിക്കാട്ടി.
എന്നാൽ ഹൃദയസ്തംഭനം ആർക്കും ഉണ്ടാകാമെന്നായിരുന്നു സംസ്ഥാന കൃഷിമന്ത്രി കമൽ പട്ടേലിന്റെ ന്യായീകരണം. ഈ വർഷം ഗോതന്പ് ഉത്പാദനം കൂടിയതാണ് പ്രശ്നങ്ങൾക്കു കാരണമെന്നും സർക്കാർ വിശദീകരിച്ചു.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.