ന്യൂഡൽഹി: വിദേശികൾക്ക് രാജ്യത്തെത്താനായി വീസ, യാത്രാനിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവു വരുത്തി. വ്യവസായികൾ, ആരോഗ്യ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് ഇന്ത്യയിലെത്തുന്നതിനായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.
ബിസിനസ് വീസയിൽ ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യയിലേക്കു വരുന്ന വ്യവസായികൾക്ക് നിയന്ത്രണങ്ങളില്ലാതെ രാജ്യത്തിറങ്ങാം. ലബോറട്ടറികൾ, ഫാക്ടറികൾ, രാജ്യത്തെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ടു പ്ര വർത്തിക്കുന്ന സാങ്കേതിക വിദഗ്ധർ അടക്കമുള്ളവർ, ആരോഗ്യ ഗവേഷകർ തുടങ്ങിയവർക്കും ഇളവുണ്ട്. ഇവർ അംഗീകൃത സർവകലാശാലയുടെയോ ഫാർമസ്യൂട്ടിക്കൽ കന്പനിയുടെയോ ആരോഗ്യരക്ഷാ സ്ഥാപനത്തിന്റെയോ ക്ഷണപത്രമോ സാക്ഷ്യപത്രമോ ഹാജരാക്കണമെന്നു കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
എൻജിനിയർമാർ, ഡിസൈനർമാർ, മാനേജർമാർ എന്നിവർ അവർ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ശാഖകൾ ഇന്ത്യയിലുണ്ടെങ്കിൽ രാജ്യത്തേക്കു വരാം. നിർമാണ യൂണിറ്റുകൾ, ഡിസൈൻ സ്ഥാപനങ്ങൾ, സോഫ്റ്റ്വേർ ഐടി സ്ഥാപനങ്ങൾ, സാന്പത്തിക സ്ഥാപനങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്ന വിദഗ്ധർക്കും വിദേശത്ത് നിർമിച്ച യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി എത്തുന്ന സാങ്കേതിക വിദഗ്ധർക്കും ഇളവുകൾ പ്രകാരം രാജ്യത്തെത്താനാകും.
വിവിധ ആവശ്യങ്ങൾക്കായാണ് ഇന്ത്യയിലേക്കു വരാൻ ആഗ്രഹിക്കുന്നതെങ്കിൽ പുതിയ ബിസിനസ് വീസയ്ക്കോ തൊഴിൽ വീസയ്ക്കോ അപേക്ഷ നൽകേണ്ടിവരും.
ദീർഘകാല മൾട്ടിപ്പിൾ വീസ കൈവശമുള്ളവരാണെങ്കിൽ ഇന്ത്യൻ സ്ഥാനപതികാര്യാലയങ്ങളുമായി ബന്ധപ്പെട്ട് വീസ സാധുവാണോയെന്ന് ഉറപ്പു വരുത്തണം. നേരത്തെ ലഭിച്ച ഇലക്ട്രോണിക് വീസകളുടെ ബലത്തിൽ ആർക്കും ഇന്ത്യയിലേക്കു വരാനാകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.