സ്ഥാപനത്തിന്റെ സഹകരണത്തോടെ സൈക്കിൾ സവാരിക്കും
സെന്ററിൽ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ സൈക്കിൾ സവാരിക്കും പുതുതായി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തടാകത്തിനു ചുറ്റുമായി നിർമിച്ച രണ്ടു കിലോമീറ്റർ നടപ്പാതയിൽ 1,750 മീറ്ററിലാണ് സൈക്കിൾ സവാരി അനുവദിക്കുന്നത്. 50 രൂപ ഫീസ് നൽകിയാൽ 20 മിനിറ്റ് തടാകതീരത്തു സൈക്കിളിൽ ചുറ്റിയടിക്കാം. 15 സൈക്കിളുകളാണ് സെന്ററിലുള്ളത്. ദിവസം ശരാശരി 150 സന്ദർശകർ സൈക്കിൾ സവാരി നടത്തുന്നുണ്ട്.
വിദേശികളടക്കം യുവസഞ്ചാരികളാണ് സൈക്കിൾ യാത്രയിൽ കൂടുതൽ താത്പര്യം കാട്ടുന്നത്. കുടുംബസമേതം എത്തുന്ന സന്ദർശകർക്കു തടാകത്തിൽ ബോട്ടുയാത്ര നടത്തുന്നതിലാണ് കന്പം. തുഴ ബോട്ടുകളും പെഡൽ ബോട്ടുകളും സെന്ററിലുണ്ട്. കേരളത്തിൽ വിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള ശുദ്ധജല തടാകമാണ് പൂക്കോടേത്. സമുദ്രനിരപ്പിൽനിന്നു ഏകദേശം 700 മീറ്റർ ഉയരത്തിലാണിത്.
ആരാധനാലയങ്ങൾ തുറക്കാൻ മാർഗനിർദേശങ്ങളായി , വ്യവസ്ഥ കർശനം
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾക്കുശേഷം ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
ആരാധനാലയങ്ങളിൽ സാമൂഹിക അകലം നിർബന്ധമായും പാലിച്ചിരിക്കണമെന്നും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരും രോഗികളും 65 വയസിനു മുകളിലുള്ളവരും ഗർഭിണികളും പത്തു വയസിൽ താഴെയുള്ള കുട്ടികളും വീടുകളിൽ തന്നെ കഴിയണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
ആരാധനാലയങ്ങളുടെ ഉള്ളിൽ പ്രസാദങ്ങളോ വിശുദ്ധ ജലമോ വിതരണം ചെയ്യരുത്. പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ തിരുവോസ്തി നൽകുന്ന കാര്യത്തിലും ഇതു ബാധകമാണെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.
മറ്റു നിർദേശങ്ങൾ
* രൂപങ്ങളിലോ വിഗ്രഹങ്ങളിലോ വിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാൻ അനുവദിക്കരുത്.
മുഖാവരണം നിർബന്ധമായും അണിഞ്ഞിരിക്കണം.
*സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയിരിക്കണം. അതിനായി ആരാധനാലയങ്ങളുടെ കവാടങ്ങളിൽ ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കണം.
* പൊതു ഇടങ്ങളിൽ തുപ്പരുത്
* കഴിയുന്നതും ആളുകൾ ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കണം.
* ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉള്ളവർ ആരാധനാലയങ്ങളിൽ വരരുത്.
ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പാദരക്ഷകൾ അവരവരുടെ വണ്ടികളിൽ തന്നെ സൂക്ഷിക്കണം.
* കർശനമായി ആൾക്കൂട്ടങ്ങൾ ഉണ്ടാകാതെ നോക്കണം.
* ആരാധനാലയങ്ങളിൽ സാമൂഹിക അടയാളങ്ങൾ രേഖപ്പെടുത്തണം
* പരിസരത്തുള്ള കടകളിലും സാമൂഹിക അകലം ഉറപ്പു വരുത്തണം.
* അന്നദാനം ഉൾപ്പെടെ നടത്തുന്പോൾ സാമൂഹിക അകലവും മറ്റു കർശന നിയന്ത്രണങ്ങളും പാലിക്കണം.
* ആരാധനാലയങ്ങളിൽ കൃത്യസമയങ്ങളിൽ മതിയായ ശുചീകരണം നടത്തണം.
* രോഗബാധയുള്ള ആരെങ്കിലും എത്തി എന്നു കണ്ടെത്തിയാൽ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന എല്ലാ നടപടികളും എടുക്കണം.
ഹോട്ടലുകൾക്കും മാളുകൾക്കും മാർഗനിർദേശം
ന്യൂഡൽഹി: ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മാളുകൾ തുടങ്ങിയവയ്ക്കു കേന്ദ്ര ആഭ്യന്തരമന്ത്രാലയം മാർഗരേഖ പുറത്തിറക്കി.
ഹോട്ടലുകൾ:
* ആറടി സാമൂഹിക അകലം പാലിക്കണം. മുഖാവരണം ധരിക്കണം. 65 വയസ് കഴിഞ്ഞവരും 10 വയസിൽ താഴെയുള്ളവരും രോഗികളും ഗർഭിണികളും വരരുത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയേ പ്രവേശിപ്പിക്കാവൂ. കൈകൾ ശുചീകരിച്ചേ അകത്തു കടത്താവൂ. തെർമൽ സ്ക്രീനിംഗ് നടത്തണം. ലിഫ്റ്റുകളിൽ ആളെണ്ണം നിയന്ത്രിക്കണം.
* നാപ്കിനുകളും മെനു കടലാസും ഒറ്റത്തവണ ഉപയോഗത്തിനുള്ളതാകണം.
* കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ തുറക്കരുത്. വാഹനങ്ങൾ അകലത്തിലേ പാർക്ക് ചെയ്യാവൂ.
ഷോപ്പിംഗ് മാളുകൾ:
* 10 വയസിൽ താഴെയും 65 വയസിൽ കൂടുതലുമുള്ളവരും രോഗികളും ഗർഭിണികളും പ്രവേശിക്കരുത്. ആറടി അകലം പാലിക്കണം. മുഖാവരണം ധരിക്കണം. പ്രവേശനകവാടത്തിൽ തെർമൽ സ്ക്രീനിംഗും ഹാൻഡ് സാനിറ്റൈസറും വേണം.
* ഗെയിമിംഗ് ആർകേഡ്, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, സിനിമാശാലകൾ തുടങ്ങിയവ തുറക്കരുത്.
* താപനില 24-30 ഡിഗ്രി സെൽഷസിൽ ക്രമീകരിക്കണം.
മതനേതാക്കളുമായി ചർച്ച നടത്തി
തിരുവനന്തപുരം: നിയന്ത്രണവിധേയമായി കേരളത്തിൽ ആരാധനാലയങ്ങൾ എങ്ങനെ തുറക്കാമെന്നതിനെക്കുറിച്ച് വിവിധ മതനേതാക്കളുമായും മതസംഘടനാ നേതാക്കളുമായും മത സ്ഥാപന ഭാരവാഹികളുമായും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വീഡിയോ കോണ്‍ഫറൻസിലൂടെ ചർച്ച നടത്തി.
ആരാധനാലയങ്ങളിൽ സാധാരണ നില പുനഃസ്ഥാപിച്ചാൽ വലിയ ആൾക്കൂട്ടം ഉണ്ടാകുമെന്നും ഇന്നത്തെ സാഹചര്യത്തിൽ അത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള സർക്കാരിന്റെ നിലപാടിനോട് എല്ലാവരും പൂർണമായി യോജിച്ചു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുമായി വെവ്വേറെയാണ് ചർച്ച നടത്തിയത്.
ലോക്ക് ഡൗണ്‍ കാലത്ത് മുഴുവൻ വേതനം:തൊഴിലുടമകൾക്കെതിരേ നടപടി എടുക്കാനാകില്ല: സുപ്രീംകോടതി
ന്യൂഡൽഹി: ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികൾക്കു നൂറു ശതമാനം വേതനം നൽകാത്ത തൊഴിലുടമകൾക്കെതിരേ നടപടി എടുക്കാനാകില്ലെന്നു സുപ്രീംകോടതി. ഇതു സംബന്ധിച്ച ഇടക്കാല ഉത്തരവിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശ്നപരിഹാരത്തിന് തൊഴിലാളികളും തൊഴിലുടമകളുമായി സമവായ ചർച്ച വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, സാന്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി വേതനം നൽകുന്നതിൽ നിന്നും തൊഴിലുടമകൾക്ക് മാറി നിൽക്കാനാകില്ല എന്നായിരുന്നു സർക്കാർ വാദം.
മാർച്ച് 29ന് ഇറക്കിയ ഉത്തരവിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്ക് ഡൗണ്‍ കാലത്ത് മുഴുവൻ വേതനവും തൊഴിലാളികൾക്ക് നൽകണം എന്ന് പറഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാലും തൊഴിലുടമകൾക്കെതിരേ നടപടി എടുക്കാനാകില്ലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. കേസിലെ കക്ഷികൾക്ക് എല്ലാം മൂന്ന് ദിവസത്തിനുള്ളിൽ ഇതിൻമേൽ രേഖാമൂലം മറുപടി നൽകാനും കോടതി സമയം നൽകി. ജസ്റ്റീസുമാരായ അശോക് ഭൂഷൻ, എസ്.കെ കൗൾ, എം.ആർ ഷാ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
മുഴുവൻ വേതനം സംബന്ധിച്ച മാർച്ച് 29ലെ ഉത്തരവ് മേയ് 18 മുതൽ റദ്ദാക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തൊഴിലാളികൾക്കു മുഴുവൻ വേതനവും നൽകണമെന്ന് നിർദേശിച്ചതെന്നു അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. തൊഴിലാളികളുടെ കഷ്ടപ്പാട് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ ഉത്തരവിറക്കിയത്. തൊഴിലാളികളെ പിടിച്ചു നിർത്തുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. വേതനം ലഭിച്ചാൽ മാത്രമേ അവർ അതതു സ്ഥലങ്ങളിൽ തുടരുമായിരുന്നുള്ളൂ എന്നും അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ദേശീയ എക്സിക്യൂട്ടീവ് സമിതിക്ക് ഇതിനുള്ള അധികാരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, വ്യവസായങ്ങളും സ്ഥാപനങ്ങളും അടച്ചിടാൻ നിർബന്ധിതരായ സാഹചര്യത്തിൽ നൂറു ശതമാനം വേതനം എങ്ങനെ നൽകും എന്നും നൂറ് ശതമാനം വേതനം വാങ്ങിക്കൊടുക്കാനും അതു നൽകാൻ കഴിയാത്തവരെ ശിക്ഷിക്കാനും എന്തധികാരമാണ് ഉള്ളതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും നിശ്ചിത സമയത്തിനുള്ളിൽ പരിഹാരം കാണേണ്ടതുണ്ടെന്നും ജസ്റ്റീസ് എ.കെ കൗൾ നിരീക്ഷിച്ചു.
മുംബൈ: വെള്ളിത്തിരയിലൂടെ സാധാരണക്കാരുടെ കഥപറഞ്ഞ പ്രമുഖ സിനിമാസംവിധായകനും തിരക്കഥാകൃത്തുമായ ബസു ചാറ്റർജി(93) അന്തരിച്ചു. മുംബൈ സാന്താക്രൂസിലെ വസതിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൃതദേഹം സാന്താക്രൂസ് പൊതുശ്മശാനത്തിൽ ഇന്നലെ സംസ്കരിച്ചു.
രാജ്കപൂർ- വഹീദ റഹ്മാൻ എന്നിവർ അഭിനയിച്ച തീസരി കസം(1966) എന്ന ചിത്രത്തിൽ ബസു ഭട്ടാചാര്യയുടെ സംവിധാനസഹായിയായി തുടക്കം. സാരാ ആകാശ്(1969)ആണ് സംവിധാനം നിർവഹിച്ച ആദ്യ ചിത്രം. അമോല്‍ പലേക്കര്‍- സെറീന വഹാബ് എന്നിവര്‍ ഒന്നിച്ച ചിത്ചോര്‍(1976), അമിതാഭ് ബച്ചന് നായകനായ മന്‍സില്‍(1979), രാജേഷ് ഖന്നയുടെ ചക്രവ്യൂഹ്(1979),ദേവ് ആനന്ദിന്റെ മൻ പസന്ത്(1980) എന്നിവ ബസുവിന്റെ ഹിറ്റ് ചിത്രങ്ങളാണ്. 1992 ൽ പുറത്തിറങ്ങിയ ദുര്‍ഗ എന്ന ചിത്രത്തിനു ദേശീയ പുരസ്കാരം ലഭിച്ചു. 2011 ല്‍ പുറത്തിറങ്ങിയ ത്രിശങ്കു അവസാന ചിത്രം. യേശുദാസിന് ദേശീയപുരസ്കാരം ലഭിച്ച ഗോരി തെരാ ഗാവ് എന്ന ഗാനം ചിത്ചോറിലേതാണ്.
1993ൽ ദൂരദര്ശൻ സംപ്രേഷണം ചെയ്ത ബ്യോംകേഷ് ബക്ഷി ഉൾപ്പെടെ ഏഴു സീരിയലുകൾ സംവിധാനം ചെയ്തു. പിയാ കാ ഖര്(1972), ആസ് പാര്(1974), രജനീഗന്ധ(1974), ചോട്ടീ സീ ബാത്(1975), സ്വാമി(1977), ഖട്ടാ മീഠ, പ്രിയാത്മ, ചക്രവ്യൂഹ(1978), ജീനാ യഹാം(1979), ബതന്‍ ബതന്‍ മേം(1979), ബാതോം ബാതോം മേം(1979) അപ്നെ പരായെ(1980) എന്നിവയും ഏറെ ജനപ്രീതി നേടിയ ബോളിവുഡ് ചിത്രങ്ങളാണ്. ഇതിനിടെ നാലു ചിത്രങ്ങളുടെ നിര്‍മാതാവായി. ബംഗാളി സിനിമകളും സംവിധാനം ചെയ്തു. സോനാലി ഭട്ടാചാര്യ, രൂപാലി ഗുഹ എന്നിവര്‍ മക്കളാണ്.
ജനങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞ സംവിധായകനായിരുന്നു ബസുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രത്നശോഭിതങ്ങളായ സിനിമകളാണ് ബസുവിന്റേതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുസ്മരിച്ചു. ശാന്തസ്വഭാവിയും അതിലുപരി മനുഷ്യസ്നേഹിയുമായിരുന്നു ബസുവെന്ന് അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു.
അന്തർ സംസ്ഥാന യാത്ര; പ്രശ്നപരിഹാരത്തിന് ഒരാഴ്ച സമയം
ന്യൂഡൽഹി: അന്തർ സംസ്ഥാന യാത്രയ്ക്ക് പൊതു പരിഹാരം കണ്ടെത്താൻ ഡൽഹി, ഹരിയാന, യുപി സംസ്ഥാന സർക്കാരുകൾക്ക് ഒരാഴ്ചത്തെ സമയം നൽകി സുപ്രീംകോടതി.
മൂന്നു സംസ്ഥാനങ്ങളെയും പങ്കെടുപ്പിച്ച് യോഗം ചേരണമെന്ന് കേന്ദ്ര സർക്കാരിനും നിർദേശം നൽകി. മൂന്നു സംസ്ഥാനങ്ങളിലെയും അന്തർസംസ്ഥാന യാത്രയ്ക്ക് സ്ഥിരമായ ഒരു പൊതു നയവും പൊതു പോർട്ടലും രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ഗൾഫിൽ കുടുങ്ങിയ നഴ്സുമാർക്കായി ചാർട്ടേർഡ് വിമാനം
ന്യൂഡൽഹി: ഗൾഫിൽ കുടുങ്ങി യ നഴ്സുമാരെ നാട്ടിൽ എത്തിക്കാൻ ചാർട്ടേർഡ് വിമാനം സജ്ജമായി.
ഇതിനായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഏർപ്പെടുത്തിയ സൗദി അറേബ്യയിലെ റിയാദിൽ നിന്നുള്ള ചാർട്ടേർഡ് വിമാനത്തിനു കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി.
ജൂണ്‍ ഏഴിനാണു ഗർഭിണികൾ അടക്കമുള്ള നഴ്സുമാരുമായി വിമാനം പുറപ്പെടുന്നത്. അൻപതോളം ഗർഭിണികളും 18 നവജാത ശിശുക്കളും ഉൾപ്പെടെ 170 യാത്രക്കാരാണുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചാണ് യാത്രയ്ക്ക് അനുമതി നൽകിയത്.
നഴ്സുമാർക്കുവേണ്ടിയുള്ള രണ്ടാമത്തെ ചാർട്ടേർഡ് വിമാനം ജൂണ്‍ ഒൻപതിന് സർവീസ് നടത്തും.
മോറട്ടോറിയത്തിനൊപ്പം പലിശ ഒഴിവാക്കണമെന്ന ഹർജി പരിഗണിക്കരുതെന്നു റിസർവ് ബാങ്ക്
ന്യൂഡൽഹി: വായ്പകൾക്ക് ആറു മാസത്തെ മോറട്ടോറിയത്തിനൊപ്പം പലിശ ഒഴിവാക്കണമെന്ന് ഹർജി പരിഗണിക്കരുതെന്ന ആവശ്യവുമായി റിസർവ് ബാങ്ക് സുപ്രീംകോടതിയിൽ.
ഇത്തരത്തിൽ പലിശ എഴുതിത്തള്ളിയാൽ ബാങ്കുകൾക്ക് രണ്ടു ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാക്കുമെന്നും രാജ്യത്തിന്റെ ധനസ്ഥിതിയെ അത് അട്ടിമറിക്കുമെന്നും ആർബിഐ സുപ്രീംകോടതിയിൽ പറഞ്ഞു.
വായ്പ പലിശ എന്നതു ബാങ്കുകളുടെ പ്രധാന വരുമാന മാർഗമാണ്. അക്കാര്യം കൊണ്ടുതന്നെ പലിശ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാനാകില്ലെന്നും ആർബിഐ അറിയിച്ചു. ആറുമാസത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, വൻകിട കുത്തകകൾക്ക് വായ്പ തിരിച്ചടയ്ക്കുന്നതിൽ ഇളവ് തേടുന്ന ഓർഡിനൻസിന് കാബിനറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
കന്പനികൾക്ക് വായ്പ തിരിച്ചടവിന് പ്രഖ്യാപിച്ച ആറു മാസത്തെ മോറട്ടോറിയം ആറു മാസത്തേക്കുകൂടി നീട്ടാൻ വേണ്ടിയുള്ളതാണിത്. ഇതു സംബന്ധിച്ച് കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഉടൻ വരും.
ഇന്ത്യ ആവശ്യപ്പെടുന്നതു ചൈനീസ് പിന്മാറ്റം
ന്യൂഡൽഹി: യഥാർഥ നിയന്ത്രണരേഖ (എൽഎസി) മറികടന്ന ചൈനീസ് സേന പൂർണമായും പിന്മാറിയാലേ ലഡാക്കിലെ സംഘർഷാവസ്ഥ അയയൂ. ഇക്കാര്യം നാളെ നടക്കുന്ന സൈനിക കമാൻഡർമാരുടെ ചർച്ചയിൽ ഇന്ത്യ അറിയിക്കും.
ലഡാക്കിൽ നാലു പ്രധാന സ്ഥലങ്ങളിൽ ചൈന എൽഎസി മറികടന്ന് ഭടന്മാരെ നിർത്തുകയും പീരങ്കികളും കവചിതവാഹനങ്ങളും എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇവ നിരുപാധികം പിൻവലിക്കണമെന്നാണ് ഇന്ത്യ പറയുന്നത്.ലേ ആസ്ഥാനമായുള്ള 14-ാം കോർ സേനാവിഭാഗത്തിന്റെ കമാൻഡിംഗ് ഓഫീസർ ലഫ്. ജന. ഹരീന്ദർസിംഗ് ഇന്ത്യൻ സംഘത്തെ നയിക്കും.
അതിർത്തിയിലെ ചുഷുൽ-മോൾഡോ ചർച്ചാവേദിയിലാണു ചർച്ച. ചൈനയുടെ ഭൂമിയിലുള്ള മോൾഡോയിലാണ് നാളത്തെ ചർച്ച. ചുഷുൽ ഇന്ത്യയിലാണ്. രണ്ടു കിലോമീറ്റർ അകലത്തിലാണ് ഈ സ്ഥലങ്ങൾ.പാങ്ങോംഗ് തടാകതീരത്തെ ഫിംഗർ 4, ഹോട്ട് സ്പ്രിംഗ്സ് പ്രദേശം, ഗൽവാൻ താഴ്വര എന്നിവിടങ്ങളിൽനിന്നു ചൈന പിന്മാറണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
പ്രതിരോധ മന്ത്രാലയം സെക്രട്ടറിക്ക് കോവിഡ്
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി സന്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനുളള ശ്രമത്തിലാണ് മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിന്റെ ഓഫീസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് പ്രതിരോധ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രാഹുൽ ഗാന്ധി പത്രപ്രവർത്തന മേഖലയിലേക്കോ?
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽനിന്ന് പത്രപ്രവർത്തനത്തിലേക്കു വഴിമാറുകയാണോയെന്നു സമൂഹമാധ്യമങ്ങളിൽ വ്യാപക ചോദ്യങ്ങൾ. ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജുമാ യുള്ള രാഹുലിന്റെ ഓണ്‍ലൈൻ സംവാദം വന്പൻ ഹിറ്റ് ആയി മാറിയതിനു പിന്നാലെയായിരുന്നു ട്വിറ്ററിൽ ചോദ്യങ്ങളുയർന്നത്.
സാന്പത്തിക വിദഗ്ധന്മാരായ നൊബേൽ ജേതാവ് അഭിജിത് ബാനർജി, റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ, ആഗോള തലത്തിൽ ശ്രദ്ധേയരായ രണ്ട് ആരോഗ്യപ്രവർത്തകർ- സ്വീഡനിലെ പ്രമുഖ എപ്പിഡോമിയോളജിസ്റ്റ് ജോഹാൻ ജിസേക്കേ, ഹാർവാർഡ് സർവകലാശാലയിലെ പ്രഫ. ആശിഷ് ഝാ എന്നിവരുമായി നേരത്തെ രാഹുൽ നടത്തിയ അഭിമുഖങ്ങളും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
ചരിഞ്ഞത് ആനയെങ്കിൽ മന്ത്രിക്കത് മലപ്പുറത്തുതന്നെ
ന്യൂഡൽഹി: പടക്കം വച്ച പൈനാപ്പിൾ കടിച്ച് പരിക്കേറ്റ കാട്ടാന ചത്ത സംഭവത്തിൽ എടുത്തു ചാടി പ്രതികരിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ. പാലക്കാടാണ് യഥാർഥത്തിൽ ദാരുണമായ സംഭവം നടന്നത്. എന്നാൽ മലപ്പുറത്ത് നടന്ന സംഭവത്തിൽ കർശന നടപടിയെടുക്കും എന്നാണ് കാര്യത്തിന്റെ നിജ സ്ഥിതി ബോധ്യപ്പെടും മുൻപേ മന്ത്രി ട്വീറ്റ് ചെയ്തത്.
കേരളത്തിൽ മലപ്പുറത്ത് ഒരു ആന കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ കർശന നടപടിയെടുക്കും എന്നാണ് മന്ത്രി ട്വിറ്ററിൽ കുറിച്ചത്. പടക്കം തീറ്റിക്കുന്നതും കൊല്ലുന്നതും ഇന്ത്യയുടെ സംസ്കാരത്തിന് നിരക്കുന്നതല്ലെന്നുമാണ് മന്ത്രി പറഞ്ഞത്.
ഗുജറാത്തില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു; പിന്നില്‍ ബിജെപിയെന്നു കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഗുജറാത്തില്‍ ഈ മാസം 19നു രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി എന്നിവരാണു രാജിവച്ചത്. ഇവരുടെ രാജിക്കു പിന്നില്‍ ബിജെപിയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
കാര്ജാനിലെ എംഎല്‍എയാണ് പട്ടേല്‍. ചൗധരി കപാര്ഡ മണ്ഡലത്തെയാണു പ്രതിനിധീകരിക്കുന്നത്. രണ്ടു പേരുടെയുടെയും രാജി സ്വീകരിച്ചതായി സ്പീക്കര്‍ അറിയിച്ചു. മാര്‍ച്ചിനു ശേഷം ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണു നിയമസഭാംഗത്വം രാജിവച്ചത്. 182 അംഗ നിയമസഭയില്‍ ബിജെപിക്ക് 103 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന്റെ അംഗബലം 66 ആയി ചുരുങ്ങി. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്ക് രണ്ടു സീറ്റും എന്‍സിപിക്ക് ഒന്നും സീറ്റുകളാണുള്ളത്. ജിഗ്നേഷ് മേവാനിയെന്ന സ്വതന്ത്രനുമുണ്ട്. ഒമ്പതു സീറ്റുകള്‍ ഒഴിവാണ്.
കോണ്‍ഗ്രസ് രണ്ടു സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിക്കുന്നത്. ബിജെപി മൂന്നു പേരെയും. കോണ്‍ഗ്രസിനു രണ്ടു സീറ്റ് വിജയിക്കുകയ ഇനി എളുപ്പമല്ല. പ്രമുഖ നേതാക്കളായ ഭരത് സോളങ്കിയും ശക്തിസിംഗ് ഗോഹിലുമാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. ബിജെപിക്ക് മൂന്നു സിറ്റിംഗ് സീറ്റുകളുണ്ടായിരുന്നു.
ഡി.കെ. ശിവകുമാറിന്റെ മകള്‍ വിവാഹിതയാകുന്നു, കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥിന്റെ മകന് വരന്
ബംഗളൂരു: കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ മകള്‍ ഐശ്വര്യ വിവാഹിതയാകുന്നു. കഫേ കോഫി ഡേ സ്ഥാപകന്‍ അന്തരിച്ച വി.ജി. സിദ്ധാര്‍ഥയുടെ മകന് അമര്ത്യയാണു വരന്.
ഇരുപത്തിരണ്ടുകാരിയായ ഐശ്വര്യ എന്‍ജിനിയറിംഗ് ബിരുദധാരിയാണ്. ഡികെ സ്ഥാപിച്ച ഗ്ലോബല്‍ അക്കാഡമി ഓഫ് എന്‍ജിനിയറിംഗിന്റെ ചുമതല നിര്‍വഹിക്കുകയാണ് ഐശ്വര്യ. അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അമര്‍ത്യ(26) പിതാവിന്റെ മരണശേഷം അമ്മ മാളവികയ്ക്കൊപ്പം കുടുംബബിസിനസ് നടത്തുകയാണ്. ഓഗസ്റ്റില്‍ വിവാഹം നടക്കുമെന്നാണു റിപ്പോര്‍ട്ട്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകളാണ് മാളവിക. കൃഷ്ണയുടെ ഉറ്റ അനുയായി ആയിരുന്നു ശിവകുമാര്‍.
കോണ്‍ഗ്രസ് നേതാവായ കൃഷ്ണ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. സിദ്ധാര്ഥയുമായും ശിവകുമാര്‍ അടുത്ത ബന്ധത്തിലായിരുന്നു.
2019 ജൂലൈ 31നായിരുന്നു സിദ്ധാര്‍ഥ ജീവനൊടുക്കിയത്.
തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ 1384 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.
ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ബുധനാഴ്ച 1286 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ രോഗികള്‍ 27,256 ആയി. ഇന്നലെ 12 പേര് മരിച്ചു. ആകെ മരണം 220. വെല്ലൂരില്നിന്നുള്ള ഇരുപത്തിയഞ്ചു വയസുള്ള യുവതിയും ഇന്നലെ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ചെന്നൈയില്‍ ഇന്നലെ 1072 പേര്‍ക്കു രോഗം ബാധിച്ചു. ബുധനാഴ്ചയും ആയിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ചെന്നൈയില്‍ ആകെ രോഗികള്‍ 18693 ആയി. ഇന്നലെ തമിഴ്നാട്ടില്‍ 16,447 സാംപിളുകളാണ് പരിശോധന നടത്തിയത്. ആകെ 5.45 ലക്ഷം സാംപിളുകള്‍ പരിശോധന നടത്തി.
ഇന്നലെ 585 പേര് രോഗമുക്തി നേടി. ചികിത്സയിലുള്ളത് 12,132 പേരാണ്.
അശോക് ചവാന് കോവിഡ് രോഗമുക്തി നേടി
മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ അശോക് ചവാന് കോവിഡ് രോഗത്തില്‍നിന്നു മുക്തി നേടി. മേയ് 25നായിരുന്നു ചവാനു രോഗം സ്ഥിരീകരിച്ചത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ് ഇദ്ദേഹം.
നാന്ദെഡില്വച്ചായിരുന്നു ചവാനു രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചികിത്സയ്ക്കായി മുംബൈയിലെത്തിക്കുകയായിരുന്നു.
ഭീകരരുടെ വെടിവയ്പില്‍ നാട്ടുകാരനു പരിക്ക്
ശ്രീനഗര്‍: കാഷ്മീരിലെ കുല്‍ഗാമില്‍ പോലീസ് സംഘത്തിനു നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ നാട്ടുകാരനു പരിക്കേറ്റു. യാരിപോറ ചൗക്കില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ആക്രമണം.
ഡിഎംകെ എംഎല്‍എയ്ക്കു കോവിഡ്
ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ എംഎല്‍എയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ശ്വാസകോശസംബന്ധമായ രോഗമുള്ള ഇദ്ദേഹം വെന്റിലേറ്ററിലാണ്. അറുപത്തിയൊന്നുകാരനായ എംഎല്‍എയെ ജൂണ്‍ രണ്ടിനാണ് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിസര്‍ഗ: പൂനയില്‍ മരണം മൂന്നായി
പൂന: നിസര്‍ഗ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പൂനയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മതിലിടിഞ്ഞ് പരിക്കേറ്റ മുപ്പത്തിയഞ്ചുകാരന് ഇന്നലെ മരിച്ചു. നാരായണ്‍ അനന്ത നവാലെയാണ് മരിച്ചത്. ഇയാളുടെ അമ്മ ബുധനാഴ്ച മരിച്ചിരുന്നു.
കനത്ത കാറ്റിലും മഴയിലും ഇവരുടെ വീടിന്റെ മതില് ഇടിഞ്ഞുവീഴുകയായിരുന്നു. പൂന മേഖലയില്‍ നിരവധി കെട്ടിടങ്ങള്‍ക്കു നാശനഷ്ടമുണ്ടായി. 110 കിലോമീറ്റര്‍ വേഗമുള്ള കാറ്റുമായി കരതൊട്ട ചുഴലിക്കാട്ട് ക്രമേണ ദുര്‍ബലമായി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണു നിസര്‍ഗ ചുഴലിക്കാറ്റ് ഏറ്റവും അധികം നാശമുണ്ടാക്കിയത്. റായ്ഗഡ്,രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലായാ 5000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റായ്ഗഡ് എംപി സുനില്‍ താത്കറെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഇന്നലെ മൂവായിരത്തോളം രോഗികള്‍
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്നലെ 2933 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 77,793. ഇന്നലെ 123 പേരാണു മരിച്ചത്. ബുധനാഴ്ച 122 പേര് മരിച്ചിരുന്നു. സംസ്ഥാനത്ത് ആകെ മരണം 2710 ആയി.
രോഗികളുടെ എണ്ണം തലേ ദിവസത്തെ അപേക്ഷിച്ച് നാനൂറോളം വര്‍ധിച്ചത് സംസ്ഥാനത്ത് ആശങ്കയ്ക്കിടയാക്കി. ഇന്നലെ 1352 പേര് രോഗമുക്തി നേടി. 41,402 പേരാണു ചികിത്സയിലുള്ളത്. ഇന്നലെ മുംബൈയില്‍ മാത്രം 48 പേര് മരിച്ചു. 1442 പേര്‍ക്കാണു മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 44,704. മുംബൈ കഴിഞ്ഞാല്‍ പൂനയിലാണ് കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്. പൂനയില്‍ 351 പേര് മരിച്ചു.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ച പോലീസുകാര്‍ 30 ആയി
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ച പോലീസുകാരുടെ എണ്ണം 30 ആയി. 2500 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മുംബൈയില്‍ മാത്രം 18 പോലീസുകാര്‍ മരിച്ചു.
ആയിരത്തോളം പോലീസുകാര്‍ സംസ്ഥാനത്ത് ചികിത്സയിലാണ്.
കോടികളുടെ പാൻമസാല; പാക് സ്വദേശി അറസ്റ്റിൽ
ഭോപ്പാൽ: ലോക്ഡൗൺ കാലയളവിൽ കോടിക്കണക്കിനു രൂപയുടെ പുകയില ഉത്പന്നങ്ങൾ നിയമവിരുദ്ധമായി വിറ്റ പാക്കിസ്ഥാൻ സ്വദേശി മധ്യപ്രദേശിലെ ഇൻഡോറിൽ ബുധനാഴ്ച അറസ്റ്റിലായി. ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയ ഈ മുപ്പത്തിമൂന്നുകാരനും കൂട്ടാളികളും ചേർന്ന് ലോക്ഡൗൺ കാലയളവിൽ 40 കോടി രൂപയുടെ പാൻമസാല വിറ്റതായി അനുമാനിക്കുന്നു.
കാർഷികോത്പന്നങ്ങൾ എവിടെയും വിൽക്കാം
ന്യൂഡൽഹി: കാർഷികോത്പന്നങ്ങൾ ഇഷ്ടമുള്ളിടത്തു വിൽക്കാൻ കർഷകർക്കു സ്വാതന്ത്ര്യം നൽകിക്കൊണ്ട് ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചു. ധാന്യങ്ങൾ, പയർവർഗങ്ങൾ, കിഴങ്ങ്, സവോള, ഭക്ഷ്യ എണ്ണ, എണ്ണക്കുരുക്കൾ തുടങ്ങിയവയെ അവശ്യസാധന നിയമത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ട് 1955ലെ അവശ്യസാധന നിയമം ഭേദഗതി ചെയ്തു. പൂഴ്ത്തിവയ്പ് വർധിപ്പിക്കാൻ ഇടയാക്കുന്ന ഈ നടപടി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ ജനങ്ങൾക്കു ഭാവിയിൽ വലിയ തിരിച്ചടിയായേക്കും.
പൂർണസ്വാതന്ത്ര്യം
കാർഷികോത്പന്നങ്ങൾ സംഭരിച്ചുവയ്ക്കുകയോ, കയറ്റുമതി നടത്തുകയോ ചെയ്യാൻ പൂർണ സ്വാതന്ത്ര്യം അവശ്യസാധന നിയമ ഭേദഗതിയിലൂടെ കർഷകർ, മൊത്തക്കച്ചവടക്കാർ, സംസ്കരണ മേഖലയിലുളളവർ, കയറ്റുമതിക്കാർ എന്നിവർക്ക് നൽകി. ദശകങ്ങളായുള്ള കർഷകരുടെ ആവശ്യം അംഗീകരിച്ചിരിക്കുന്ന ചരിത്രനടപടിയാണ് കേന്ദ്രമന്ത്രിസഭ ഇന്നലെ സ്വീകരിച്ചതെന്നു വാർത്താവിതരണ മന്ത്രി പ്രകാശ് ജാവ്ഡേക്കറും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും പത്രസമ്മേളനത്തിൽ പറഞ്ഞു. കർഷകർക്കു നല്ല വില ലഭിക്കാൻ പുതിയ നടപടികൾ സഹായിക്കുമെന്ന് ഇവർ പറഞ്ഞു. ഇത്തരത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് നേരത്തെ ധനമന്ത്രി നിർമല സീതാരാമൻ സാന്പത്തിക ഉത്തേജക പാക്കേജിനിടെ പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഫാമിംഗ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രമോഷൻ ആൻഡ് ഫസിലിറ്റേഷൻ) ഓർഡിനൻസ് 2020ന് അംഗീകാരം നൽകി. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബ്യലത്തിലാകും. ഇനി മികച്ച വില കിട്ടുന്നിടത്ത് ഇഷ്ടമുള്ളപ്പോൾ ഉത്പന്നം വിൽക്കാൻ കർഷകനു കഴിയുമെന്ന് കൃഷിമന്ത്രി പറഞ്ഞു. അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി(എംപിഎംസി) നിയമത്തെ ഇല്ലാതാക്കുന്നതാണ് ഓർഡിനൻസ്.
യുദ്ധം, പ്രകൃതിദുരന്തങ്ങൾ, വരൾച്ച, അഭൂതപൂർവമായ വിലക്കയറ്റം തുടങ്ങിയ അവസരങ്ങളിൽ മാത്രമായിരിക്കും സ്റ്റോക്കിലും വിലയിലും ഇനി സർക്കാർ നിയന്ത്രണം. അവശ്യവസ്തുക്കൾ വൻതോതിൽ പൂഴ്ത്തിവയ്ക്കുന്നതിനും കരിഞ്ചന്തയ്ക്കും വിലക്കയറ്റത്തിനും വഴിതെളിക്കുന്നതാണ് കേന്ദ്രതീരുമാനമെന്ന വിമർശനമുണ്ട്. ഉത്തരേന്ത്യൻ കർഷകർക്കും മൊത്തക്കച്ചവടക്കാർക്കും കയറ്റുമതിക്കാർക്കുമെല്ലാം ഗുണം ചെയ്യുമെങ്കിലും ഉപഭോക്താക്കൾക്കു ദോഷകരമായേക്കാവുന്നതാണ് തീരുമാനം.
കൊള്ളലാഭം
ഇടയ്ക്കിടയ്ക്ക് സവാള വില മൂന്നും നാലും ഇരട്ടി കൂട്ടിവിറ്റു കൊള്ളലാഭം കൊയ്യുന്നതു പോലെ ധാന്യങ്ങളും ഭക്ഷ്യഎണ്ണകളും മറ്റ് അവശ്യവസ്തുക്കളും കൈകാര്യം ചെയ്യാൻ വൻകിട വ്യാപാരികൾക്ക് ഇനി കഴിയും. നിയന്ത്രണങ്ങൾ എടുത്തുകളയുന്നതു പൂഴ്ത്തിവയ്പുകാർക്കും കരിഞ്ചന്തക്കാർക്കും സഹായകമാകും.
സ്വകാര്യവ്യക്തികൾ അവശ്യവസ്തുക്കൾ പരിധിയിൽ കൂടുതൽ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കുന്നതിനാണ് 1955ൽ അവശ്യസാധന നിയമം പ്രാബല്യത്തിൽ വരുത്തിയത്. പുതിയ നിയമഭേദഗതിയിലൂടെ അരി, ഗോതന്പ്, പയർവർഗങ്ങൾ, ഉള്ളി, കിഴങ്ങ്, ഭക്ഷ്യയെണ്ണകൾ, എണ്ണക്കുരുക്കൾ തുടങ്ങിയവ എത്രവേണമെങ്കിലും സംഭരിക്കാനും സൂക്ഷിക്കാനും വിപണിയിൽ യഥേഷ്ടം വിതരണം ചെയ്യാനും കഴിയും.
ജോർജ് കള്ളിവയലിൽ
മഹാരാഷ്ട്രയെ വിറപ്പിച്ച് നിസര്‍ഗ, മൂന്നു മരണം
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കരതൊട്ട നിസര്‍ഗ ചുഴലിക്കാറ്റ് കൊങ്കണ്‍ മേഖലയിലും പൂനയിലും നാശം വിതച്ചു. മൂന്നു പേർ കൊല്ലപ്പെട്ടു; മുംബൈയിൽ വലിയ നാശമുണ്ടായില്ല.
റായ്ഗഡ് ജില്ലയില്‍ കനത്ത കാറ്റില്‍ വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു വീണ് ദശരഥ് ബാബു വാഗ് മരെ(58) എന്നയാൾ മരിച്ചു. ദശരഥിന്റെ ദേഹത്തേക്കാണു ട്രാന്‍സ്ഫോര്‍മര്‍ വീണത്. പൂന മേഖലയില്‍ വ്യത്യസ്ത അപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു.
മുംബൈയിലും തീരമഹാരാഷ്ട്രയിലും തെക്കന്‍ ഗുജറാത്തിലും ആയിരക്കണക്കിനു പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു. മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
അറബിക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദമാണു നിസര്‍ഗ എന്ന തീവ്രചുഴലിക്കാറ്റായി വീശിയത്. 110 കിലോമീറ്റർ വേഗമുള്ള കാറ്റുമായി കരതൊട്ട ചുഴലിക്കാറ്റ് ക്രമേണ ദുര്‍ബലമായി.മുംബൈ വിമാനത്താവളത്തില്‍ ഇന്നലെ വൈകുന്നേരം ഏഴുവരെ വിമാനസര്‍വീസ് നിര്‍ത്തിവച്ചു.
റായ്ഗഡ് ജില്ലയില്‍ കനത്ത കാറ്റില്‍ നൂറുകണക്കിനു വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണു. നിരവധി വീടുകള്‍ക്കു കേടുപാട് സംഭവിച്ചു. തീരപട്ടണമായ അലിബാഗില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു നിസര്‍ഗ ചുഴലിക്കാറ്റ് കരതൊട്ടത്. പൂന ഉള്‍പ്പെടെ മഹാരാഷ്ട്രയുടെ വിവിധ മേഖലകളില്‍ കനത്ത മഴയുണ്ടായി.
രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്റെ 10 ടീമുകളെ സജ്ജമാക്കിയിരുന്നു. മുംബൈയില്‍നിന്നുള്ളതും മുംബൈയിലേക്കു വരുന്നതുമായ ട്രെയിനുകള്‍ പുനഃക്രമീകരിച്ചു. മരങ്ങള്‍ വീണ് അപകടമുണ്ടാകാതിരിക്കാനായി ബൈക്കുള മൃഗശാലയിലെ മൃഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.
തെക്കന്‍ ഗുജറാത്തില്‍ 63,700 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. എന്നാല്‍, കാര്യമായ നാശനഷ്ടങ്ങളൊന്നും ഗുജറാത്തിലുണ്ടായില്ല.
ബംഗളൂരു: നാളെ രാത്രി ചന്ദ്രഗ്രഹണം. അന്തരീക്ഷം മേഘാവൃതമല്ലെങ്കിൽ ഇതു കേരളത്തിലും കാണാം. രാത്രി 11.15 മുതൽ പുലർച്ചെ 2.34 വരെയാണു ഗ്രഹണസമയം.
ചന്ദ്രൻ ഭാഗികമായി നിഴൽ മൂടിയ (പെനംബ്രൽ) ഗ്രഹണമാണ് നാളെ രാത്രിയിലേത്. ഇനി ജൂലൈ അഞ്ചിനും നവംബർ 30-നും ചന്ദ്രഗ്രഹണം നടക്കുമെങ്കിലും അവ കേരളത്തിൽ ദൃശ്യമല്ല.
ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിച്ചാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. പൗർണമി (വെളുത്തവാവ്) ദിനങ്ങളിലാണ് ഇതു സംഭവിക്കുന്നത്.
ഈ മാസം 21-നു സൂര്യഗ്രഹണമുണ്ട്. ഉത്തരേന്ത്യയിൽ ദൃശ്യമാകുന്ന ഇത് വലയഗ്രഹണമാണ്. ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായി മറയ്ക്കാതെ വരുന്പോഴാണ് വലയഗ്രഹണം സംഭവിക്കുക. രാവിലെ 9.15 മുതൽ ഉച്ചകഴിഞ്ഞ് 3.04 വരെയാണു സൂര്യഗ്രഹണം.
ഓണ്‍ലൈൻ ക്ലാസുകൾക്കെതിരേ വടിയെടുത്ത് സിപിഎം പിബി
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിദ്യാർഥികളുടെ പഠനം ഓണ്‍ലൈൻ വഴിയാക്കുന്നതിനെ ശക്തമായി എതിർത്ത് സിപിഎം പോളിറ്റ് ബ്യൂറോ. പോളിറ്റ് ബ്യൂറോ തീരുമാനങ്ങൾ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ വിശദീകരിക്കവേ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം വിശദീകരിച്ചത്.
ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിച്ചശേഷം കേരളത്തിൽ ഇതിനുള്ള സൗകര്യം ലഭിക്കാത്തതിൽ മനംനൊന്ത് ഒരു വിദ്യാർഥി കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ദേവിക എന്ന വിദ്യാർഥിനിയുടെ മരണത്തെ ഹൃദയഭേദകം എന്നാണു കേരള ഹൈക്കോടതി വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈൻ വിദ്യാഭ്യാസ സന്പ്രദായത്തെ പിന്തിരിപ്പൻ എന്നു വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ തന്നെ രംഗത്തെത്തിയത്.
ഏതെങ്കിലും ഒരു പ്രദേശത്തെ എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ ഡിജിറ്റൽ, ഓണ്‍ലൈൻ മാർഗങ്ങൾ പ്രാപ്യമായാൽ മാത്രമേ ആ പ്രദേശത്ത് താത്കാലിക അടിസ്ഥാനത്തിൽ എങ്കിലും ഓണ്‍ലൈൻ പഠനരീതി നടപ്പാക്കാവൂ എന്നും പോളിറ്റ് ബ്യൂറോ നിർദേശിച്ചു.
ലോക്ക് ഡൗണിന്റെ മറവിൽ കേന്ദ്ര സർക്കാർ തങ്ങളുടെ പിന്തിരിപ്പൻ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് ഡിജിറ്റൽ വിദ്യാഭ്യാസ രീതിയെ സിപിഎം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തിയത്.
രാജ്യത്ത് ഒരു ഡിജിറ്റൽ വിഭജനം സൃഷ്ടിക്കുന്നത് വിദ്യാർഥി തലമുറയുടെയും രാജ്യത്തിന്റെ തന്നെയും ഭാവിയെ തകർക്കും. പാർലമെന്റ് അംഗീകാരം നൽകാത്ത അധ്യയന രീതിയാണ് സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്.
പരീക്ഷകൾ സാധാരണ നിലയിൽ നടത്താനാകുന്ന വിധം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പഠനക്രമം പുനഃക്രമീകരിക്കണമെന്നും സിപിഎം പിബി ആവശ്യപ്പെട്ടു.
സെബി മാത്യു
സിപിഎം രാജ്യവ്യാപക പ്രതിഷേധം 16ന്
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധികാലത്ത് കേന്ദ്രസർക്കാർ രാജ്യത്തെ ജനങ്ങളെ സ്വയം പ്രതിരോധത്തിലേക്ക് കൈയൊഴിഞ്ഞിരിക്കുകയാണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
കോടിക്കണക്കിനു തൊഴിലാളികൾ തൊഴിൽരഹിതരായി. കുടിയേറ്റ തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമായി. ഈ സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 16ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും പ്രതിഷേധിക്കുക. ആദായ നികുതി പരിധിക്കു പുറത്തുള്ളവർക്ക് പ്രതിമാസം 7500 രൂപ ലഭ്യമാക്കുക, പത്തു കിലോ ഭക്ഷ്യധാന്യം ആറു മാസത്തേക്ക് ഓരോ വ്യക്തിക്കും സൗജന്യമായി നൽകുക.
തൊഴിലുറപ്പു ദിനം 200 ദിവസമായി നിജപ്പെടുത്തുക, രാജ്യത്തിന്റെ പൊതുമുതൽ കൊള്ളയടിക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വത്കരണവും തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
മഹാരാഷ്ട്രയിൽ 122 മരണം, രോഗികൾ എഴുപത്തിഅയ്യായിരത്തിലേക്ക്
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഇന്നലെ 122 പേർ മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ആകെ മരണം 2650 ആയി. ഇന്നലെ 2587 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 74,860 ആയി. 32,329 പേർ രോഗമുക്തരായി.
39,935 പേരാണു ചികിത്സയിലുള്ളത്. ഇന്നലെ മുംബൈയിൽ 49 പേരും പൂനയിൽ 19 പേരും മരിച്ചു. മഹാരാഷ്ട്രയിൽ മുംബൈ കഴിഞ്ഞാൽ കോവിഡ് വ്യാപനം രൂക്ഷമായ പൂനയിൽ ആകെ രോഗികൾ 7390 ആണ്. 343 പേരാണു പൂനയിൽ മരിച്ചത്. ഗുജറാത്തിൽ ഇന്നലെ 30 പേർ മരിച്ചു. ആകെ മരണം 1122. ഇന്നലെ 485 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു.
ലഡാക്ക്: കോർ കമാൻഡർമാർ ചർച്ച നടത്തും
ന്യൂഡൽഹി: ഒരു മാസത്തോളമാകുന്ന അതിർത്തിസംഘർഷം തീർക്കാൻ ശനിയാഴ്ച ഉന്നത സേനാധിപന്മാരുടെ തലത്തിൽ ചർച്ച.
ഇന്ത്യയുടെ 14-ാം കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർസിംഗ് ചൈനീസ് സേനയിലെ സമസ്ഥാനീയനായ കമാൻഡറുമായി ചർച്ച നടത്തും. ലഡാക്കിലെ ചുഷുൽ മോൾഡോയിലാണു ചർച്ച. ലഡാക്കിൽ അതിർത്തി സംബന്ധിച്ച ഉന്നതതല ചർച്ചയ്ക്കു രണ്ടു സ്ഥലങ്ങൾ ഉള്ളതിലൊന്നാണിത്. കഴിഞ്ഞദിവസം ഡിവിഷണൽ കമാൻഡറുടെ (മേജർ ജനറൽ) തലത്തിൽ ചർച്ച നടന്നിട്ടു ഫലമുണ്ടായില്ല.
ലഡാക്കിൽ ഡെംചോക്ക്, പാങ്ങോംഗ് തടാകം, ഗൽവാൻ താഴ്വര, ദൗളത് ബെഗ് ഓൾഡി എന്നിവിടങ്ങളിൽ ചൈനയുടെയും ഇന്ത്യയുടെയും ഭടന്മാർ മുഖാമുഖം നിൽക്കുകയാണ്. ഈ പ്രദേശത്ത് യഥാർഥ നിയന്ത്രണരേഖ (എൽഎസി) സംബന്ധിച്ചു തർക്കമുണ്ട്. സാധാരണ തർക്കമേഖലയിൽ സ്ഥിരം സേനാസാന്നിധ്യമില്ല. ഇടയ്ക്കു പട്രോളിംഗ് നടത്തി തിരിച്ചുപോകുകയാണു പതിവ്.ഇത്തവണ പട്രോളിംഗിനു ചെന്ന ഇന്ത്യൻ സേനയെ, എൽഎസിയായി ഇന്ത്യ കണക്കാക്കുന്ന സ്ഥലത്തുനിന്ന് അഞ്ചു കിലോമീറ്റർ പിന്നിലുള്ള സ്ഥലത്തുവച്ച് ചൈനീസ് സേന തടഞ്ഞു. ഇങ്ങനെയാണു ചൈനീസ് സേനയുടെ കൈയേറ്റം ശ്രദ്ധിക്കപ്പെടുന്നത്.
മേയ് അഞ്ചിന് ഇരുസേനകളും കന്പി, വടി എന്നിവയുപയോഗിച്ച് ഏറ്റുമുട്ടി. തോക്കോ മറ്റ് ആയുധങ്ങളോ പ്രയോഗിച്ചില്ല. പിന്നീട് പല തലത്തിൽ നടന്നുവന്ന ചർച്ചയാണ് കോർ കമാൻഡർമാരുടെ തലത്തിലേക്കു വളർന്നത്.
ചൈനീസ് പട്ടാളം രാജ്യത്ത് കടന്നോയെന്നു വ്യക്തമാക്കണം: രാഹുൽ ഗാന്ധി
ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ചൈനീസ് പട്ടാളക്കാർ ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നോ എന്നു സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
കിഴക്കൻ ലഡാക്കിലേക്ക് വലിയൊരു സംഘം ചൈനീസ് ഭടന്മാർ നീങ്ങിയെന്നും ഏതു സാഹചര്യത്തെയും നേരിടാനുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ പ്രതികരണം. അതിർത്തിയിൽ എന്താണു സംഭവിക്കുന്നതെന്നു സർക്കാർ വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
വിദേശികൾക്കു വീസ, നിയന്ത്രണങ്ങളിൽ ഇളവ്
ന്യൂഡൽഹി: വിദേശികൾക്ക് രാജ്യത്തെത്താനായി വീസ, യാത്രാനിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവു വരുത്തി. വ്യവസായികൾ, ആരോഗ്യ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് ഇന്ത്യയിലെത്തുന്നതിനായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.
ബിസിനസ് വീസയിൽ ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യയിലേക്കു വരുന്ന വ്യവസായികൾക്ക് നിയന്ത്രണങ്ങളില്ലാതെ രാജ്യത്തിറങ്ങാം. ലബോറട്ടറികൾ, ഫാക്ടറികൾ, രാജ്യത്തെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ടു പ്ര വർത്തിക്കുന്ന സാങ്കേതിക വിദഗ്ധർ അടക്കമുള്ളവർ, ആരോഗ്യ ഗവേഷകർ തുടങ്ങിയവർക്കും ഇളവുണ്ട്. ഇവർ അംഗീകൃത സർവകലാശാലയുടെയോ ഫാർമസ്യൂട്ടിക്കൽ കന്പനിയുടെയോ ആരോഗ്യരക്ഷാ സ്ഥാപനത്തിന്റെയോ ക്ഷണപത്രമോ സാക്ഷ്യപത്രമോ ഹാജരാക്കണമെന്നു കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
എൻജിനിയർമാർ, ഡിസൈനർമാർ, മാനേജർമാർ എന്നിവർ അവർ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ശാഖകൾ ഇന്ത്യയിലുണ്ടെങ്കിൽ രാജ്യത്തേക്കു വരാം. നിർമാണ യൂണിറ്റുകൾ, ഡിസൈൻ സ്ഥാപനങ്ങൾ, സോഫ്റ്റ്വേർ ഐടി സ്ഥാപനങ്ങൾ, സാന്പത്തിക സ്ഥാപനങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്ന വിദഗ്ധർക്കും വിദേശത്ത് നിർമിച്ച യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി എത്തുന്ന സാങ്കേതിക വിദഗ്ധർക്കും ഇളവുകൾ പ്രകാരം രാജ്യത്തെത്താനാകും.
വിവിധ ആവശ്യങ്ങൾക്കായാണ് ഇന്ത്യയിലേക്കു വരാൻ ആഗ്രഹിക്കുന്നതെങ്കിൽ പുതിയ ബിസിനസ് വീസയ്ക്കോ തൊഴിൽ വീസയ്ക്കോ അപേക്ഷ നൽകേണ്ടിവരും.
ദീർഘകാല മൾട്ടിപ്പിൾ വീസ കൈവശമുള്ളവരാണെങ്കിൽ ഇന്ത്യൻ സ്ഥാനപതികാര്യാലയങ്ങളുമായി ബന്ധപ്പെട്ട് വീസ സാധുവാണോയെന്ന് ഉറപ്പു വരുത്തണം. നേരത്തെ ലഭിച്ച ഇലക്ട്രോണിക് വീസകളുടെ ബലത്തിൽ ആർക്കും ഇന്ത്യയിലേക്കു വരാനാകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വിമത ബിജെപി എംഎൽഎമാർ സമീപിച്ചുവെന്ന് സിദ്ധരാമയ്യ
ബംഗളൂരു: കർണാടകത്തിലെ ബിജെപി സർക്കാരിനെ പ്രതിസന്ധിയിലാക്കി വിമത എംഎൽഎമാരുടെ തന്ത്രങ്ങൾ തുടരുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്തതിനെത്തുടർന്ന് അതൃപ്തിയിലായിരുന്ന എംഎൽഎമാർ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു.
വടക്കൻ കർണാടകയിലുള്ള നേതാക്കളാണ് മുതിർന്ന എംഎൽഎ ഉമേഷ് കാട്ടിക്കൊപ്പം ചേർന്നിരിക്കുന്നത്. മുഖ്യമന്ത്രി യെദിയൂരപ്പയുടെ പ്രവർത്തന ശൈലയിൽ വിയോജിപ്പ് പ്രകടിപ്പിച്ച നേതാക്കൾ ഭരണത്തിൽ മുഖ്യമന്ത്രിയുടെ മകൻ ഇടപെടുന്നതായും ആരോപിച്ചു.
അതിനിടെ വിമത എംഎൽഎമാർ തന്നെ സന്ദർശിച്ചുവെന്നു പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ഇന്നലെ വെളിപ്പെടുത്തി. അതൃപ്തരാണെങ്കിലും അവർ ബിജെപിയിൽ തുടരുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് ഇടപെടില്ല. സർക്കാർ താഴെ വീണാൽ അപ്പോൾ തുടർനടപടികൾ ആലോചിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഫൗജി ഭായി ഉള്‍പ്പെടെ മൂന്നു ഭീകരരെ വധിച്ചു
ശ്രീനഗര്‍: ബോംബ് നിര്‍മാണ വിദഗ്ധന്‍ ഫൗജി ഭായി ഉള്‍പ്പെടെ മൂന്നു ജയ്ഷ്-ഇ- മുഹമ്മദ് ഭീകരനെ സൈന്യം കാഷ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. അഫ്ഗാന് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ഫൗജി ഭായി എന്നറിയപ്പെടുന്ന അബ്ദുള്‍ റഹ്മാനെ വധിച്ചത് സൈന്യത്തിനു നിര്‍ണായക നേട്ടമായി.
പാക്കിസ്ഥാന് പൗരനായ ഇയാളായിരുന്നു ജയ്ഷെ മുഹമ്മദ് സംഘടനയ്ക്കുവേണ്ടി സ്ഫോടകവസ്തുക്കള്‍ നിര്മിച്ചുനല്കിയിന്നത്. 2017 മുതല്‍ തെക്കന്‍ കാഷ്മീരില്‍ ഫൗജി ഭായി ഭീകരപ്രവര്‍ത്തനം നടത്തിവരികയായിരുന്നുവെന്ന് ഐജി വിജയ് കുമാര്‍ പറഞ്ഞു. പുല്‍വാമയില്‍ മേയ് 28ന് ആയുധം നിറച്ച കാർ സുരക്ഷാസൈനികര്‍ പിടികൂടിയപ്പോള്‍ ഫൗജി ഭായി രക്ഷപ്പെടുകയായിരുന്നുവെന്ന് ഐജി പറഞ്ഞു. 2019ല്‍ സിആര്‍പിഎഫ് സംഘത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ഫൗജി ഭായിക്കു പങ്കുണ്ടോയെന്ന കാര്യത്തില്‍ ഉറപ്പുപറയാനാവില്ല.
എന്നാല്‍, ആ സമയത്ത് അയാള്‍ അവിടെ സജീവമായിരുന്നു. ഫൗജി ഭായ് ജയ്ഷ് തലവന്‍ മസൂദ് അസറിന്റെ അനന്തരവനാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. വാലിദ് ഭായ്, ലംബു ഭായ് എന്നിങ്ങനെ രണ്ട് സ്ഫോടകവസ്തു വിദഗ്ധര്‍കൂടി കാഷ്മീല് ജയ്ഷിനായി പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ പിടികൂടാന്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ്-ഐജി വിജയ്കുമാര്‍ കൂട്ടിച്ചേര്‍ത്തു
തമിഴ്നാട്ടില്‍ രോഗികള്‍ 25,000 പിന്നിട്ടു; മരണം 200
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 25,000 പിന്നിട്ടു. ഇന്നലെ 1286 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. തുടര്‍ച്ചയായ നാലാം ദിവസമാണു തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്.
സുപ്രീംകോടതിയെ വിമർശിക്കാം: കപിൽ സിബൽ
ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുടെ പലായനം അടക്കമുള്ള പ്രശ്നങ്ങളിൽ ഇടപെടാൻ വൈകിയതിനെതിരേ സുപ്രീംകോടതിയെ വിമർശിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്നു മുതിർന്ന നിയമജ്ഞനും മുൻ കേന്ദ്ര നിയമമന്ത്രിയുമായ കപിൽ സിബൽ.
പതിനായിരക്കണക്കിനു തൊഴിലാളികൾ ജീവിക്കാൻ മാർഗമില്ലാതെ കിലോമീറ്ററുകൾ നടന്നു സ്വന്തം വീടുകളിലേക്കു പലായനം ചെയ്യുന്ന പ്രതിസന്ധിയിൽ ഇടപെടാൻ പരമോന്നത കോടതി നേരത്തേ വിസമ്മതിച്ചതു വിവാദമായ പശ്ചാത്തലത്തിലാണ് കപിൽ സിബലിന്റെ വാദം.
കോൽക്കത്ത തുറമുഖം ഇനി ശ്യാമപ്രസാദ് മുഖർജിയുടെ പേരിൽ
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടയിലും കോൽക്കത്ത തുറമുഖത്തിന്റെ പേര് ശ്യാമപ്രസാദ് മുഖർജിയുടെ പേരിലേക്കു മാറ്റാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം. തുറമുഖത്തിന്റെ പേരുമാറ്റുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 11ന് കോൽക്കത്തയിൽ പ്രഖ്യാപിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ഡേക്കർ പറഞ്ഞു.
ഇന്ത്യയുടെ പേര് ഭാരത് ആക്കണം; സുപ്രീംകോടതി ഇടപെടില്ല
ന്യൂഡൽഹി: ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഭാരത് എന്ന പേര് ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിലുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യത്തിൽ എന്തെങ്കിലും നിർദേശം നൽകാനാവില്ലെന്നും അറിയിച്ചു. അതേസമയം, ഹർജിയിലെ ആവശ്യം ഒരു നിവേദനമായി ബന്ധപ്പെട്ട മന്ത്രാലയത്തിനു സമർപ്പിക്കാമെന്നു ഹർജിക്കാരനോടു നിർദേശിച്ച ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്, കേന്ദ്ര സർക്കാരിനോടു നിവേദനം വേണ്ട രീതിയിൽ പരിഗണിക്കാനും നിർദേശിച്ചു.
ബോളിവുഡ് ഗാനരചയിതാവ് അന്‍വര്‍ സാഗര്‍ അന്തരിച്ചു
മുംബൈ:ബോളിവുഡിലെ പ്രമുഖ ഗാനരചയിതാവ് അന്‍വര്‍ സാഗര്‍(70) അന്തരിച്ചു. എണ്‍പതുകളും തൊണ്ണൂറുകളിലുമായിരുന്ന അന്‍വര്‍ സാഗര്‍ ബോളിവുഡില്‍ സജീവമായിരുന്നത്. ഡേവിഡ് ധവാന്റെ യാരാന, ജാക്കി ഷ്റോഫിന്റെ സപ്ന സാജന് കേ, ഖിലാഡി, മേം ഖിലാഡി തു ആനാരി, അജയ് ദേവ്ഗണിന്റെ വിജയ്പഥ് തുടങ്ങിയ സിനിമകള്‍ക്കു പാട്ടെഴുതിയത് അന്‍വര്‍ സാഗറായിരുന്നു.
ഇന്ത്യയിൽ കോവിഡ് ബാധിതർ രണ്ടു ലക്ഷം
ന്യൂഡൽഹി: രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. ഇന്ത്യയിലേക്കാൾ കൂടുതൽ രോഗബാധ ആറു രാജ്യങ്ങളിലേ ഉള്ളൂ.
രോഗബാധ വളരെയേറെ ആയെങ്കിലും മരണനിരക്കിൽ ഇന്ത്യയുടെ നില അഭിമാനകരമാണ്. 2.82 ശതമാനം മാത്രമാണ് ഇവിടെ മരണനിരക്ക്. പല യൂറോപ്യൻ രാജ്യങ്ങളിലും പത്തുലക്ഷം പേരിൽ 500-ലേറെപ്പേർ ഈ രോഗം മൂലം മരിച്ചെങ്കിൽ ഇന്ത്യയിൽ അതു വെറും നാലു പേരാണ്.
നാല്പതുലക്ഷം പേരിൽ മാത്രം പരിശോധന നടത്തിയാണ് ഇന്ത്യയിൽ രണ്ടുലക്ഷത്തിലധികം പേരിൽ രോഗബാധ കണ്ടെത്തിയത്. ഇതിൽ 48 ശതമാനം പേർ രോഗമുക്തി നേടിയിട്ടുണ്ട്. എങ്കിലും രാജ്യത്തു രോഗികളായി തുടരുന്നവരുടെ എണ്ണം ഇന്നലെ ഒരു ലക്ഷം കടന്നു എന്നതു ഗൗരവമേറിയ കാര്യമാണ്.
പ്രതിദിന രോഗബാധയുടെ തോത് ഈ ദിവസങ്ങളിൽ എണ്ണായിരത്തിനു മുകളിലായിട്ടുണ്ട്. ഒരു മാസം മുന്‍പ് മേയ് ആദ്യം 2500-ൽ താഴെയായിരുന്നു പ്രതിദിന രോഗബാധ. ഇപ്പോൾ ലോക്ക്ഡൗൺ ഇളവുകൾ വന്നപ്പോൾ രോഗബാധയുടെ തോതു മൂന്നിരട്ടിയിലേറെയായത് ആശങ്കാജനകമായി പലരും കാണുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി (ഐസിഎംആർ)ലെ വിദഗ്ധ ഡോ. നിവേദിത ഗുപ്ത ഇന്നലെ പറഞ്ഞത് ഇന്ത്യയിൽ കോവിഡ് ബാധ ഇനിയും പാരമ്യത്തിലെത്തിയിട്ടില്ല എന്നാണ്. കുറേക്കാലം കഴിഞ്ഞേ രോഗബാധ മൂർധന്യത്തിലാകൂ. അപ്പോൾ പ്രതിദിനരോഗബാധ പതിനായിരങ്ങളിലാകും എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ചുഴലിക്കാറ്റ് മുംബൈയിലേക്ക്
മുംബൈ/ അഹമ്മദാബാദ്: 129 വർഷത്തിനുശേഷം ഇന്നു മുംബൈ നഗരം ഒരു ചുഴലികൊടുങ്കാറ്റിന്റെ ആക്രമണം നേരിടുന്നു. 1882-ൽ ഒരു ലക്ഷത്തിലേറെപ്പേരുടെ ജീവനെടുത്ത ചുഴലിക്കൊടുങ്കാറ്റാണ് ഇന്നടിക്കുന്ന നിസർഗയ്ക്കു മുന്‍പ് ഈ മഹാനഗരത്തിൽ ആഞ്ഞു വീശിയിട്ടുള്ളത്. 2009-ൽ ഫ്യാൻ ചുഴലിക്കാറ്റ് വരുമെന്നു മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും അതു വഴി മാറിപ്പോയി. 110 കിലോമീറ്റർ വേഗത്തിലുള്ള കാറ്റുമായാണ് നിസർഗ ചുഴലിക്കാറ്റ് വീശുക.
അറബിക്കടലിൽ രൂപം കൊണ്ട തീവ്രന്യൂനമർദം ഇന്നലെ ചുഴലിക്കാറ്റായി. ഇന്നു തീവ്ര ചുഴലിക്കാറ്റാകും. ഉച്ചയ്ക്കു ശേഷം റായ്ഗഡ്, പാൽഘർ, താനെ, മുംബൈ, വൽസാഡ്, നവസരി എന്നിവിടങ്ങളിലും ഗുജറാത്തിലെ സൂറത്ത്-ഭവനഗർ മേഖലകളിലും ഇതു കരയ്ക്കടിയും. മുംബൈ നഗരത്തിലെ ചേരിവാസികളോടും തെരുവിലെ താമസക്കാരോടും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാൻ ആവശ്യപ്പെട്ടു. രണ്ടായിരത്തോളം കോവിഡ് രോഗികളെയും മാറ്റേണ്ടി വന്നു.
അറബിക്കടലിൽ പൊതുവേ ചുഴലിക്കൊടുങ്കാറ്റുകൾ കുറവാണ്. ഉണ്ടായിട്ടുള്ള ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കോ പശ്ചിമേഷ്യയിലേക്കോ പോകുകയാണു പതിവ്. മുംബൈ, കൊങ്കൺ, വടക്കൻ മഹാരാഷ്ട്രമേഖലയിലേക്ക് കാറ്റ് വരുന്നത് അത്യപൂർവമാണ്.
ഉത്തര മഹാരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് തീരങ്ങളിലൂടെ കടന്നുപോകുന്ന ചുഴലിക്കാറ്റും മഴയും മഹാരാഷ്ട്രയിലെ രത്നഗിരി മുതൽ ഗുജറാത്ത് തീരത്തെ ഭവനഗർ വരെ കനത്ത നാശം വിതയ്ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. താത്കാലിക കെട്ടിടങ്ങൾ, വഴിയരികിലുള്ള ഹോർഡിംഗുകൾ എന്നിവ നിലംപൊത്തും. മുൻകരുതൽ നടപടികളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയുടെ 33 സംഘങ്ങളെ ഇരുസംസ്ഥാനങ്ങളിലും വിന്യസിച്ചു.
മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നല്കി. ഗുജറാത്ത് തീരത്ത് മഴ കനത്തതോടെ വൽസാഡ്, നവസരി ജില്ലകളിലെ 47 ഗ്രാമങ്ങളിലുള്ള ഇരുപതിനായിരത്തോളം പേരെ മാറ്റിപാർപ്പിക്കാൻ നടപടി തുടങ്ങി.
ചുഴലിക്കാറ്റ് നാളെ മധ്യപ്രദേശിൽ പ്രവേശിച്ച് ദുർബലമാകും.
മധ്യപ്രദേശിൽ ഗോതന്പ് വിൽക്കാൻ ക്യൂ നിന്ന കർഷകൻ വീണു മരിച്ചു
ന്യൂഡൽഹി: മധ്യപ്രദേശിൽ ഗോതന്പ് വിൽക്കാൻ ക്യൂ നിന്ന കർഷകൻ വീണു മരിച്ച സംഭവം വിവാദമായി. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ കർഷകനാണ് ഇങ്ങനെ മരിക്കുന്നത്.
ഭോപ്പാലിൽനിന്നു 150 കിലോമീറ്റർ അകലെ ദേവാസിൽ ജയ്റാം മണ്ഡ്ലോയി (65) എന്ന കർഷകനാണ് ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണു മരിച്ചത്. ഉജ്ജൈനിൽനിന്നു ഗോതന്പുമായി 36 കിലോമീറ്റർ അകലെയുള്ള ദേവാസിൽ കഴിഞ്ഞ വെള്ളിയാഴ്ചയെത്തിയ കർഷകൻ തന്റെ അവസരത്തിനായി രണ്ടു ദിവസം പൊരിവെയിലത്ത് ക്യൂവിൽ നിന്നു.
മേയ് 25നായിരുന്നു പ്രേം സിംഗ് (45) എന്ന കർഷകൻ മാൾവ ജില്ലയിലുള്ള അഗർ ചന്തയിലെ ക്യൂവിൽ നിൽക്കുന്പോൾ ഹൃദയംസ്തംഭനം മൂലം വീണു മരിച്ചത്. ആറു ദിവസം ക്യൂവിൽ നിന്ന ശേഷമായിരുന്നു പ്രേം സിംഗിന്റെ മരണം. പണമില്ലാതെ വിഷമിച്ചിരുന്ന നൂറുകണക്കിനു കർഷകർ ലോക്ക് ഡൗണ്‍ ഇളവിനെ തുടർന്നാണു കാർഷികോത്പന്നങ്ങൾ വിൽക്കാനായി മാർക്കറ്റുകളിൽ ചെന്നത്.
ചന്തയിലെത്തി മണിക്കൂറുകളും ദിവസങ്ങളും കാത്തുനിൽക്കേണ്ടി വരുന്ന കർഷകർക്ക് കുടിവെള്ളവും ഭക്ഷണവും പോലും കിട്ടാൻ സംവിധാനങ്ങളില്ലെന്ന് മരിച്ച ജയ്റാമിന്റെ സഹോദരൻ രാമചന്ദ്ര കുറ്റപ്പെടുത്തി. ടോക്കണ്‍ സംവിധാനം ഇല്ല. ടോക്കണ്‍ ഏർപ്പെടുത്തിയിരുന്നെങ്കിൽ കർഷകരുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്തമില്ലാത്ത ക്യൂവും കർഷകരുടെ മരണവും മൂലം ഗോതന്പ് സംഭരണം വെള്ളിയാഴ്ച വരെ സർക്കാർ നീട്ടി. രണ്ടു കർഷകരുടെയും മരണത്തിനു മധ്യപ്രദേശിലെ ബിജെപി സർക്കാർ ഉത്തരവാദികളാണെന്ന് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംഭരണത്തിൽ ക്രമക്കേടുണ്ടെന്നും മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും മുൻ മുഖ്യമന്ത്രി കമൽനാഥ് ചൂണ്ടിക്കാട്ടി.
എന്നാൽ ഹൃദയസ്തംഭനം ആർക്കും ഉണ്ടാകാമെന്നായിരുന്നു സംസ്ഥാന കൃഷിമന്ത്രി കമൽ പട്ടേലിന്റെ ന്യായീകരണം. ഈ വർഷം ഗോതന്പ് ഉത്പാദനം കൂടിയതാണ് പ്രശ്നങ്ങൾക്കു കാരണമെന്നും സർക്കാർ വിശദീകരിച്ചു.
ജോർജ് കള്ളിവയലിൽ
ക്വാറന്റൈൻ രജിസ്ട്രേഷൻ ബിഹാർ നിർത്തലാക്കി
പാറ്റ്ന: ബിഹാറിലേക്ക് മടങ്ങുന്ന അതിഥിത്തൊഴിലാളികൾ 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനു പോകുന്നതിനുള്ള രജിസ്ട്രേഷൻ സംവിധാനം റദ്ദാക്കി. ബിഹാറിൽ കോവിഡ്-19 വ്യാപിക്കുന്നതിന് ഇതു വഴിയൊരുക്കുമെന്ന് ആശങ്കയുണ്ട്.
ക്വാറന്റൈനുള്ള രജിസ്ട്രേഷൻ റദ്ദാക്കിയതായി ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു മടങ്ങിയെത്തിയ 8.77 ലക്ഷം പേർ നാട്ടിലേക്ക് മടങ്ങി. 5.30 ലക്ഷം പേർ ഇപ്പോൾ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയുന്നുണ്ട്. സഞ്ചാരത്തിനുള്ള വിലക്ക് രാജ്യത്ത് പിൻവലിച്ചതിനെത്തുടർന്നാണ് പുതിയ തീരുമാനമെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
ലോക്ക് ഡൗണിനുശേഷം സാന്പത്തികവളർച്ച തിരിച്ചുപിടിക്കുമെന്നു പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക്ക്ഡൗണിനുശേഷം രാജ്യം സാന്പത്തിക വളർച്ച തിരിച്ചുപിടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോക്ക്ഡൗണ്‍ അഴിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്ക് ഒന്നും അതിലുള്ള പുനരുത്ഥാന നടപടികളിലുമായി രാജ്യം വളർച്ച തിരിച്ചുപിടിക്കുന്നതിന്റെ പാതയിലാണെന്നും മോദി പറഞ്ഞു. കോണ്‍ഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ 125-ാം വാർഷിക യോഗത്തിൽ വീഡിയോ കോണ്‍ഫറൻസിലൂടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്നെ വിശ്വസിക്കൂ, വളർച്ച തിരിച്ചു പിടിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
“എനിക്ക് എന്താ ഇത്ര ആത്മവിശ്വാസമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഇന്ത്യയുടെ കഴിവിലും നവീന ആശയങ്ങളിലും കഠിനാധ്വാനത്തിലും അർപ്പണബോധത്തിലും അതിന്റെ സംരംഭകരിലും തൊഴിൽ ശക്തിയിലും എനിക്ക് വിശ്വാസമുണ്ട്. ആത്മനിർഭർ ഭാരതിലൂടെ മാത്രമേ രാജ്യം ശക്തിപ്രാപിക്കുകയുള്ളൂ. അതിനു നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ, നവീന ആശയങ്ങൾ, ദൃഢനിശ്ചയം എന്നിവ വേണ്ടത് അനിവാര്യമാണ്. കൊറോണ വൈറസ് സന്പദ് വ്യവസ്ഥയെ മന്ദീഭവിപ്പിച്ചിരിക്കാം. എന്നാൽ, ഇന്ത്യ വളർച്ച തിരിച്ചു പിടിക്കുക തന്നെ ചെയ്യും’’- മോദി പറഞ്ഞു.
കൊറോണ പ്രതിരോധത്തിനായി രാജ്യം കൃത്യസമയത്താണ് ലോക്ക്ഡൗണിലേക്കു പോയത്. ജീവൻ രക്ഷിക്കുന്നതിനാണ് ലോക്ക്ഡൗണിൽ പരമപ്രാധാന്യം നൽകിയത്. അതോടൊപ്പം കൊറോണ വൈറസിനെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങളാണ് ഉണർന്നു പ്രവർത്തിക്കേണ്ടതെന്നു വ്യവസായികളോട് ഉദ്ബോധിപ്പിച്ച പ്രധാനമന്ത്രി, വ്യവസായികൾ തദ്ദേശീയത പ്രചോദിപ്പിക്കുന്നവരിലെ ചാന്പ്യന്മാരാണെന്നും വിശേഷിപ്പിച്ചു.
ലോകത്തിന് ആവശ്യമുള്ള ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കാനും ലോകത്തിനു വേണ്ടത്ര ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനും നമുക്കു കഴിയണം. വിശ്വസിക്കാനാവുന്നതും യോഗ്യരുമായ പങ്കാളികളെയാണ് ലോകം തേടുന്നത്. അതിനുള്ള സാമർഥ്യവും ശക്തിയും നൈപുണ്യവും ഇന്ത്യക്കുണ്ട്. ഇക്കാര്യത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി ധീരമായ തീരുമാനങ്ങളെടുക്കാനും അത് സമയബന്ധിതമായി നടപ്പാക്കുമെന്ന് ഉറപ്പു വരുത്താനും ധൈര്യമുള്ള സർക്കാരാണ് തങ്ങളുടേതെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
ബഹിരാകാശ, ആറ്റമിക് മേഖലകളിൽ സ്വകാര്യ കന്പനികൾക്കുള്ള സാധ്യതകൾ തുറന്നു. തന്ത്രപ്രധാന മേഖലകളിലും അവരുടെ പങ്കാളിത്തം യാഥാർഥ്യമാക്കി.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (എംഎസ്എംഇ) അവസരങ്ങൾ പരമാവധി വർധിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. അതിനുള്ള ആഗോള സാഹചര്യങ്ങൾ ഓരോരുത്തരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിമാനങ്ങളുടെ എണ്ണം കുറയ്ക്കാൻ കേരളം ആവശ്യപ്പെട്ടെന്ന് വി. മുരളീധരൻ
ന്യൂഡൽഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി കേരളത്തിലേക്കുള്ള വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന ആവശ്യവുമായി സംസ്ഥാനം കേന്ദ്രത്തിനു മുന്നിലെത്തിയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
ക്വാറന്റൈൻ സംവിധാനം കൂടുതൽ ഒരുക്കുന്നതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ ഉറപ്പു ലഭിച്ചാൽ ഉടൻ ഗൾഫിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തണമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഒരു ദിവസം രണ്ടിൽ കൂടുതൽ വിമാനങ്ങളിൽ കൂടുതൽ കേരളത്തിലേക്ക് വിടരുതെന്ന് കേരളം ആവശ്യപ്പെട്ടെന്നാണ് വി. മുരളീധരൻ ഇന്നലെ വ്യക്തമാക്കിയത്.
കേരളത്തിലെ വിമാനത്താവളങ്ങളിൽ വിദേശങ്ങളിൽനിന്നു വരുന്നവരെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധി ഇപ്പോൾ തന്നെ മറികടന്നിരിക്കുന്നു എന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. നിലവിൽ ഇപ്പോഴുള്ളതിൽനിന്ന് ഇനി വലിയ തോതിൽ സംവിധാനങ്ങൾ വർധിപ്പിക്കാൻ സാധ്യമല്ല. അതുകൊണ്ട് ചാർട്ടേഡ് വിമാനങ്ങൾക്ക് അടക്കം നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് കേരള സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വി. മുരളീധരൻ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
വിമാനത്താവളത്തിൽ കൂടുതൽ ആളുകൾ വന്നാൽ അവരെ പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനു സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി കേരളം കത്തു നൽകിയെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. കൂടുതൽ പ്രവാസികൾ സംസ്ഥാനത്തേക്കു വന്നാൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കും എന്ന ആശങ്കയാണ് സംസ്ഥാനത്തിനുള്ളത്. ഇക്കാര്യത്തിൽ കേരള സർക്കാരുമായി കൂടുതൽ ചർച്ച നടത്തിവരികയാണ്. കൂടുതൽ വിമാനങ്ങളിൽ പ്രവാസികളെ എത്തിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ കേരള സർക്കാരുമായുള്ള ചർച്ചകളിൽ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ ത്തന്നെ ഗൾഫിൽ നിരവധി പേർ കോവിഡ് ബാധിച്ചു മരണമടഞ്ഞു കഴിഞ്ഞു. അവിടെനിന്നു തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരെ എത്രയും പെട്ടെന്നു തിരികെ എത്തിക്കുക എന്നതാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തം.
അങ്ങനെ തിരിച്ചു വരുന്നവർക്ക് വേണ്ട പരിശോധനയും ക്വാറന്റൈൻ സംവിധാനങ്ങളും ഏർപ്പെടുത്താൻ കേരള സർക്കാർ തയാറാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മുരളീധരൻ പറഞ്ഞു.
ചാർട്ടേഡ് വിമാനങ്ങളുടെ കാര്യത്തിൽ സംസ്ഥാന ചില നിബന്ധനകൾ കേന്ദ്രത്തിനുമുന്നിൽ വച്ചിട്ടുണ്ട്. കേരള സർക്കാർ നിർദേശിക്കുന്ന നിബന്ധനകൾ പാലിക്കുന്ന ചാർട്ടേഡ് വിമാന സർവീസുകൾക്ക് മാത്രമേ അനുമതി നൽകാവൂ എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിബന്ധനകൾ പാലിക്കുന്ന വിമാനങ്ങൾക്ക് മാത്രമേ ഇറങ്ങാൻ അനുവദിക്കൂ എന്നാണ് കേരളത്തിന്റെ നിലപാടെന്നാണ് മന്ത്രി പറഞ്ഞത്.
ഒരു മാസത്തിൽ ഇത്ര വിമാനങ്ങൾ മാത്രമേ സംസ്ഥാനത്തെ വിമാനത്താവളത്തിൽ എത്താൻ പാടുള്ളൂ എന്നാണ് കേരളം അറിയിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിൽ ഇക്കാര്യത്തിൽ നിരന്തരം ചർച്ചകൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വന്ദേഭാരത് മൂന്നാം ഘട്ടത്തിൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കണമെങ്കിൽ കേരള സർക്കാരിന്റെ അനുമതി കൂടിയേ തീരൂ എന്നും വി. മുരളീധരൻ വ്യക്തമാക്കി.
കിടക്കയും വെന്റിലേറ്ററും കിട്ടാൻ ഡൽഹി സർക്കാരിന്റെ മൊബൈൽ ആപ്
ന്യൂഡൽഹി: കോവിഡ് രോഗികൾക്ക് ആശുപത്രി കിടക്കകളും വെന്റിലേറ്ററുകളും ഉറപ്പുവരുത്താൻ മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കി ഡൽഹി സർക്കാർ. ഡൽഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നതിനിടെയാണ് സംസ്ഥാന സർക്കാർ ഡൽഹി കൊറോണ എന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചരിക്കുന്നത്. ഡൽഹി ലെഫ്. ഗവർണറുടെ ഓഫീസിൽ മാത്രം ഇന്നലെ 13 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നതിൽ ആരുംതന്നെ പരിഭ്രാന്തരാകേണ്ട. ആവശ്യമായ എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജനങ്ങൾക്ക് നൽകിയ ഉറപ്പ്. ഡൽഹിയിലെ ആശുപത്രികളിൽ കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ലഭ്യത മൊബൈൽ ആപ്ലിക്കേഷനിലൂടെ ഉറപ്പുവരുത്താം. ദിവസത്തിൽ രണ്ടുതവണ ഈ ആപ്ലിക്കേഷനിൽ ഇതു സംബന്ധിച്ച വിവരങ്ങൾ പുതുക്കി നൽകും.
കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന ആശുപത്രികൾക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും കേജരിവാൾ മുന്നറിയിപ്പു നൽകി.
ഏതെങ്കിലും ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് ചികിത്സയോ കിടക്കയോ നിഷേധിച്ചാൽ ഉടൻ 1031 എന്ന ടോൾഫ്രീ നന്പറിൽ ബന്ധപ്പെടാം. ഇത് സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ ഓഫീസുമായി നേരിട്ടു ബന്ധപ്പെടുത്തുമെന്നും ഉടനടി സഹായം ലഭിക്കുമെന്നും കേജരിവാൾ വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിക്കുകയും ഗുരുതര ലക്ഷണങ്ങൾ ഇല്ലെന്ന് ഡോക്ടർമാരുടെ ഉറപ്പ് ലഭിക്കുകയും ചെയ്ത രോഗികൾ കഴിയുന്നതും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു.
ഡൽഹി ലഫ്. ഗവർണർ ഓഫീസിൽ 13 പേർക്കു കോവിഡ്
ന്യൂഡൽഹി: ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാലിന്റെ ഓഫീസ് ജീവനക്കാരിൽ 13 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഗവർണറുടെ ഓഫീസിലുള്ള എല്ലാവരുടെയും സാന്പിളുകൾ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് 13 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഡൽഹി സിവിൽ ലൈൻസിലുള്ള ലഫ്. ഗവർണർ ഓഫീസിലെ ജൂനിയർ അസിസ്റ്റന്റിനു മേയ് 28നു കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. 40 പേരുടെ സാന്പിളുകളാണു പരിശോധിച്ചത്. ബാക്കിയുള്ളവരുടെ പരിശോധന നടത്തിയിട്ടുണ്ടെന്നും ഫലം ഉടൻ ലഭ്യമാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഡൽഹിയിൽ മനോജ് തിവാരിക്കു പകരം ആദേശ് കുമാർ ബിജെപി പ്രസിഡന്റ്
ന്യൂഡൽഹി: ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരിയെ മാറ്റി. ആദേശ് കുമാർ ഗുപ്തയാണ് ബിജെപിയുടെ പുതിയ ഡൽഹി അധ്യക്ഷൻ. സിനിമാ മേഖലയിൽനിന്ന് രാഷ്ട്രീയത്തിലെത്തിയ മനോജ് തിവാരിയെ 2016ലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയമാണ് മനോജ് തിവാരിയുടെ സ്ഥാനചലനത്തിനു കാരണമെന്നാണ് വിവരം. 2013ൽ സമാജ്വാദി പാർട്ടിയിൽ നിന്നാണ് മനോജ് തിവാരി ബിജെപിയിലേക്കെത്തുന്നത്.
വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ മുൻ മേയറായിരുന്നു ആദേശ് കുമാർ ഗുപ്ത.
പാർട്ടി ഏല്പിച്ച ഉത്തരവാദിത്തം ആത്മാർഥമായും സത്യസന്ധമായും നിർവഹിക്കുമെന്നാണ് ഗുപ്ത പ്രതികരിച്ചത്. ഡൽഹി തെരഞ്ഞെടുപ്പു തോൽവിക്ക് പിന്നാലെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറാൻ മനോജ് തിവാരി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ തൽസ്ഥാനത്ത് തുടരാനായിരുന്നു ബിജെപി നിർദേശം. ഭോജ്പുരി സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെയാണ് മനോജ് തിവാരി അറിയപ്പെട്ടത്. അടുത്തയിടെ ലോക്ക്ഡൗണിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് മനോജ് തിവാരി ക്രിക്കറ്റ് കളിച്ചത് വിവാദമായിരുന്നു.
വാജിദ് ഖാന്റെ അമ്മയ്ക്കും കോവിഡ്
മുംബൈ: തിങ്കളാഴ്ച കോവിഡ് ബാധിച്ച് മരിച്ച പ്രമുഖ സംഗീത സംവിധായകൻ വാജിദ് ഖാന്റെ അമ്മ റസീന ഖാന് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ചെന്പൂരിലെ സുരാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാജിദ് ഖാനും ഈ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു വാജിദിന്റെ അന്ത്യം. ഇദ്ദേഹവും സഹോദരൻ സാജിദും ചേർന്ന സാജിദ്-വാജിദ് ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായക ജോഡിയായിരുന്നു.
ആസാമിൽ ഉരുൾപൊട്ടൽ; 21 പേർ മരിച്ചു
ഗോഹട്ടി: കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ 21 പേർ മരിച്ചു. തെക്കൻ ആസാമിലെ ഹൈലാകൻഡി, കരിംഗഞ്ച്, കാചാർ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്.
മഹാരാഷ്ട്രയിൽ ഇന്നലെ 103 മരണം
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഇന്നലെ 103 പേർ മരിച്ചു. ആകെ മരണം 2465. ഇന്നലെ 2287 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 72,300 ആയി. 31,333 പേർ രോഗമുക്തരായി. 38,493 പേരാണ് ചികിത്സയിലുള്ളത്. ഗുജറാത്തിൽ ഇന്നലെ 29 പേർ മരിച്ചു. ആകെ മരണം 1092 ആയി. ഇന്നലെ 415 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 17,632 ആയി. ഇതിൽ 11,894 പേർ രോഗമുക്തി നേടി.
മുംബൈയിൽ എഎസ്ഐ കോവിഡ് ബാധിച്ചു മരിച്ചു
മുംബൈ: മുംബൈയിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ ധാരാവി-കോളിവാഡ് സ്വദേശിയാണ് ഇദ്ദേഹം. മുംബൈയിൽ കോവിഡ് ബാധിച്ച് മരിച്ച പോലീസുകാരുടെ എണ്ണം 19 ആയി. മഹാരാഷ്ട്രയിൽ ആകെ 29 പോലീസുകാരാണു കോവിഡ് ബാധിച്ച് മരിച്ചത്.