ന്യൂഡൽഹി: ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികൾക്കു നൂറു ശതമാനം വേതനം നൽകാത്ത തൊഴിലുടമകൾക്കെതിരേ നടപടി എടുക്കാനാകില്ലെന്നു സുപ്രീംകോടതി. ഇതു സംബന്ധിച്ച ഇടക്കാല ഉത്തരവിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശ്നപരിഹാരത്തിന് തൊഴിലാളികളും തൊഴിലുടമകളുമായി സമവായ ചർച്ച വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, സാന്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി വേതനം നൽകുന്നതിൽ നിന്നും തൊഴിലുടമകൾക്ക് മാറി നിൽക്കാനാകില്ല എന്നായിരുന്നു സർക്കാർ വാദം.
മാർച്ച് 29ന് ഇറക്കിയ ഉത്തരവിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്ക് ഡൗണ്‍ കാലത്ത് മുഴുവൻ വേതനവും തൊഴിലാളികൾക്ക് നൽകണം എന്ന് പറഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാലും തൊഴിലുടമകൾക്കെതിരേ നടപടി എടുക്കാനാകില്ലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. കേസിലെ കക്ഷികൾക്ക് എല്ലാം മൂന്ന് ദിവസത്തിനുള്ളിൽ ഇതിൻമേൽ രേഖാമൂലം മറുപടി നൽകാനും കോടതി സമയം നൽകി. ജസ്റ്റീസുമാരായ അശോക് ഭൂഷൻ, എസ്.കെ കൗൾ, എം.ആർ ഷാ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
മുഴുവൻ വേതനം സംബന്ധിച്ച മാർച്ച് 29ലെ ഉത്തരവ് മേയ് 18 മുതൽ റദ്ദാക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തൊഴിലാളികൾക്കു മുഴുവൻ വേതനവും നൽകണമെന്ന് നിർദേശിച്ചതെന്നു അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. തൊഴിലാളികളുടെ കഷ്ടപ്പാട് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ ഉത്തരവിറക്കിയത്. തൊഴിലാളികളെ പിടിച്ചു നിർത്തുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. വേതനം ലഭിച്ചാൽ മാത്രമേ അവർ അതതു സ്ഥലങ്ങളിൽ തുടരുമായിരുന്നുള്ളൂ എന്നും അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ദേശീയ എക്സിക്യൂട്ടീവ് സമിതിക്ക് ഇതിനുള്ള അധികാരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, വ്യവസായങ്ങളും സ്ഥാപനങ്ങളും അടച്ചിടാൻ നിർബന്ധിതരായ സാഹചര്യത്തിൽ നൂറു ശതമാനം വേതനം എങ്ങനെ നൽകും എന്നും നൂറ് ശതമാനം വേതനം വാങ്ങിക്കൊടുക്കാനും അതു നൽകാൻ കഴിയാത്തവരെ ശിക്ഷിക്കാനും എന്തധികാരമാണ് ഉള്ളതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും നിശ്ചിത സമയത്തിനുള്ളിൽ പരിഹാരം കാണേണ്ടതുണ്ടെന്നും ജസ്റ്റീസ് എ.കെ കൗൾ നിരീക്ഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.