ന്യൂഡൽഹി: കാർഷികോത്പന്നങ്ങൾ ഇഷ്ടമുള്ളിടത്തു വിൽക്കാൻ കർഷകർക്കു സ്വാതന്ത്ര്യം നൽകിക്കൊണ്ട് ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചു. ധാന്യങ്ങൾ, പയർവർഗങ്ങൾ, കിഴങ്ങ്, സവോള, ഭക്ഷ്യ എണ്ണ, എണ്ണക്കുരുക്കൾ തുടങ്ങിയവയെ അവശ്യസാധന നിയമത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ട് 1955ലെ അവശ്യസാധന നിയമം ഭേദഗതി ചെയ്തു. പൂഴ്ത്തിവയ്പ് വർധിപ്പിക്കാൻ ഇടയാക്കുന്ന ഈ നടപടി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ ജനങ്ങൾക്കു ഭാവിയിൽ വലിയ തിരിച്ചടിയായേക്കും.
പൂർണസ്വാതന്ത്ര്യം
കാർഷികോത്പന്നങ്ങൾ സംഭരിച്ചുവയ്ക്കുകയോ, കയറ്റുമതി നടത്തുകയോ ചെയ്യാൻ പൂർണ സ്വാതന്ത്ര്യം അവശ്യസാധന നിയമ ഭേദഗതിയിലൂടെ കർഷകർ, മൊത്തക്കച്ചവടക്കാർ, സംസ്കരണ മേഖലയിലുളളവർ, കയറ്റുമതിക്കാർ എന്നിവർക്ക് നൽകി. ദശകങ്ങളായുള്ള കർഷകരുടെ ആവശ്യം അംഗീകരിച്ചിരിക്കുന്ന ചരിത്രനടപടിയാണ് കേന്ദ്രമന്ത്രിസഭ ഇന്നലെ സ്വീകരിച്ചതെന്നു വാർത്താവിതരണ മന്ത്രി പ്രകാശ് ജാവ്ഡേക്കറും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും പത്രസമ്മേളനത്തിൽ പറഞ്ഞു. കർഷകർക്കു നല്ല വില ലഭിക്കാൻ പുതിയ നടപടികൾ സഹായിക്കുമെന്ന് ഇവർ പറഞ്ഞു. ഇത്തരത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് നേരത്തെ ധനമന്ത്രി നിർമല സീതാരാമൻ സാന്പത്തിക ഉത്തേജക പാക്കേജിനിടെ പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഫാമിംഗ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രമോഷൻ ആൻഡ് ഫസിലിറ്റേഷൻ) ഓർഡിനൻസ് 2020ന് അംഗീകാരം നൽകി. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബ്യലത്തിലാകും. ഇനി മികച്ച വില കിട്ടുന്നിടത്ത് ഇഷ്ടമുള്ളപ്പോൾ ഉത്പന്നം വിൽക്കാൻ കർഷകനു കഴിയുമെന്ന് കൃഷിമന്ത്രി പറഞ്ഞു. അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി(എംപിഎംസി) നിയമത്തെ ഇല്ലാതാക്കുന്നതാണ് ഓർഡിനൻസ്.
യുദ്ധം, പ്രകൃതിദുരന്തങ്ങൾ, വരൾച്ച, അഭൂതപൂർവമായ വിലക്കയറ്റം തുടങ്ങിയ അവസരങ്ങളിൽ മാത്രമായിരിക്കും സ്റ്റോക്കിലും വിലയിലും ഇനി സർക്കാർ നിയന്ത്രണം. അവശ്യവസ്തുക്കൾ വൻതോതിൽ പൂഴ്ത്തിവയ്ക്കുന്നതിനും കരിഞ്ചന്തയ്ക്കും വിലക്കയറ്റത്തിനും വഴിതെളിക്കുന്നതാണ് കേന്ദ്രതീരുമാനമെന്ന വിമർശനമുണ്ട്. ഉത്തരേന്ത്യൻ കർഷകർക്കും മൊത്തക്കച്ചവടക്കാർക്കും കയറ്റുമതിക്കാർക്കുമെല്ലാം ഗുണം ചെയ്യുമെങ്കിലും ഉപഭോക്താക്കൾക്കു ദോഷകരമായേക്കാവുന്നതാണ് തീരുമാനം.
കൊള്ളലാഭം
ഇടയ്ക്കിടയ്ക്ക് സവാള വില മൂന്നും നാലും ഇരട്ടി കൂട്ടിവിറ്റു കൊള്ളലാഭം കൊയ്യുന്നതു പോലെ ധാന്യങ്ങളും ഭക്ഷ്യഎണ്ണകളും മറ്റ് അവശ്യവസ്തുക്കളും കൈകാര്യം ചെയ്യാൻ വൻകിട വ്യാപാരികൾക്ക് ഇനി കഴിയും. നിയന്ത്രണങ്ങൾ എടുത്തുകളയുന്നതു പൂഴ്ത്തിവയ്പുകാർക്കും കരിഞ്ചന്തക്കാർക്കും സഹായകമാകും.
സ്വകാര്യവ്യക്തികൾ അവശ്യവസ്തുക്കൾ പരിധിയിൽ കൂടുതൽ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കുന്നതിനാണ് 1955ൽ അവശ്യസാധന നിയമം പ്രാബല്യത്തിൽ വരുത്തിയത്. പുതിയ നിയമഭേദഗതിയിലൂടെ അരി, ഗോതന്പ്, പയർവർഗങ്ങൾ, ഉള്ളി, കിഴങ്ങ്, ഭക്ഷ്യയെണ്ണകൾ, എണ്ണക്കുരുക്കൾ തുടങ്ങിയവ എത്രവേണമെങ്കിലും സംഭരിക്കാനും സൂക്ഷിക്കാനും വിപണിയിൽ യഥേഷ്ടം വിതരണം ചെയ്യാനും കഴിയും.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.