മുംബൈ/ അഹമ്മദാബാദ്: 129 വർഷത്തിനുശേഷം ഇന്നു മുംബൈ നഗരം ഒരു ചുഴലികൊടുങ്കാറ്റിന്റെ ആക്രമണം നേരിടുന്നു. 1882-ൽ ഒരു ലക്ഷത്തിലേറെപ്പേരുടെ ജീവനെടുത്ത ചുഴലിക്കൊടുങ്കാറ്റാണ് ഇന്നടിക്കുന്ന നിസർഗയ്ക്കു മുന്പ് ഈ മഹാനഗരത്തിൽ ആഞ്ഞു വീശിയിട്ടുള്ളത്. 2009-ൽ ഫ്യാൻ ചുഴലിക്കാറ്റ് വരുമെന്നു മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും അതു വഴി മാറിപ്പോയി. 110 കിലോമീറ്റർ വേഗത്തിലുള്ള കാറ്റുമായാണ് നിസർഗ ചുഴലിക്കാറ്റ് വീശുക.
അറബിക്കടലിൽ രൂപം കൊണ്ട തീവ്രന്യൂനമർദം ഇന്നലെ ചുഴലിക്കാറ്റായി. ഇന്നു തീവ്ര ചുഴലിക്കാറ്റാകും. ഉച്ചയ്ക്കു ശേഷം റായ്ഗഡ്, പാൽഘർ, താനെ, മുംബൈ, വൽസാഡ്, നവസരി എന്നിവിടങ്ങളിലും ഗുജറാത്തിലെ സൂറത്ത്-ഭവനഗർ മേഖലകളിലും ഇതു കരയ്ക്കടിയും. മുംബൈ നഗരത്തിലെ ചേരിവാസികളോടും തെരുവിലെ താമസക്കാരോടും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാൻ ആവശ്യപ്പെട്ടു. രണ്ടായിരത്തോളം കോവിഡ് രോഗികളെയും മാറ്റേണ്ടി വന്നു.
അറബിക്കടലിൽ പൊതുവേ ചുഴലിക്കൊടുങ്കാറ്റുകൾ കുറവാണ്. ഉണ്ടായിട്ടുള്ള ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കോ പശ്ചിമേഷ്യയിലേക്കോ പോകുകയാണു പതിവ്. മുംബൈ, കൊങ്കൺ, വടക്കൻ മഹാരാഷ്ട്രമേഖലയിലേക്ക് കാറ്റ് വരുന്നത് അത്യപൂർവമാണ്.
ഉത്തര മഹാരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് തീരങ്ങളിലൂടെ കടന്നുപോകുന്ന ചുഴലിക്കാറ്റും മഴയും മഹാരാഷ്ട്രയിലെ രത്നഗിരി മുതൽ ഗുജറാത്ത് തീരത്തെ ഭവനഗർ വരെ കനത്ത നാശം വിതയ്ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. താത്കാലിക കെട്ടിടങ്ങൾ, വഴിയരികിലുള്ള ഹോർഡിംഗുകൾ എന്നിവ നിലംപൊത്തും. മുൻകരുതൽ നടപടികളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയുടെ 33 സംഘങ്ങളെ ഇരുസംസ്ഥാനങ്ങളിലും വിന്യസിച്ചു.
മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നല്കി. ഗുജറാത്ത് തീരത്ത് മഴ കനത്തതോടെ വൽസാഡ്, നവസരി ജില്ലകളിലെ 47 ഗ്രാമങ്ങളിലുള്ള ഇരുപതിനായിരത്തോളം പേരെ മാറ്റിപാർപ്പിക്കാൻ നടപടി തുടങ്ങി.
ചുഴലിക്കാറ്റ് നാളെ മധ്യപ്രദേശിൽ പ്രവേശിച്ച് ദുർബലമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.