ന്യൂഡൽഹി: ഒരു മാസത്തോളമാകുന്ന അതിർത്തിസംഘർഷം തീർക്കാൻ ശനിയാഴ്ച ഉന്നത സേനാധിപന്മാരുടെ തലത്തിൽ ചർച്ച.
ഇന്ത്യയുടെ 14-ാം കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർസിംഗ് ചൈനീസ് സേനയിലെ സമസ്ഥാനീയനായ കമാൻഡറുമായി ചർച്ച നടത്തും. ലഡാക്കിലെ ചുഷുൽ മോൾഡോയിലാണു ചർച്ച. ലഡാക്കിൽ അതിർത്തി സംബന്ധിച്ച ഉന്നതതല ചർച്ചയ്ക്കു രണ്ടു സ്ഥലങ്ങൾ ഉള്ളതിലൊന്നാണിത്. കഴിഞ്ഞദിവസം ഡിവിഷണൽ കമാൻഡറുടെ (മേജർ ജനറൽ) തലത്തിൽ ചർച്ച നടന്നിട്ടു ഫലമുണ്ടായില്ല.
ലഡാക്കിൽ ഡെംചോക്ക്, പാങ്ങോംഗ് തടാകം, ഗൽവാൻ താഴ്വര, ദൗളത് ബെഗ് ഓൾഡി എന്നിവിടങ്ങളിൽ ചൈനയുടെയും ഇന്ത്യയുടെയും ഭടന്മാർ മുഖാമുഖം നിൽക്കുകയാണ്. ഈ പ്രദേശത്ത് യഥാർഥ നിയന്ത്രണരേഖ (എൽഎസി) സംബന്ധിച്ചു തർക്കമുണ്ട്. സാധാരണ തർക്കമേഖലയിൽ സ്ഥിരം സേനാസാന്നിധ്യമില്ല. ഇടയ്ക്കു പട്രോളിംഗ് നടത്തി തിരിച്ചുപോകുകയാണു പതിവ്.ഇത്തവണ പട്രോളിംഗിനു ചെന്ന ഇന്ത്യൻ സേനയെ, എൽഎസിയായി ഇന്ത്യ കണക്കാക്കുന്ന സ്ഥലത്തുനിന്ന് അഞ്ചു കിലോമീറ്റർ പിന്നിലുള്ള സ്ഥലത്തുവച്ച് ചൈനീസ് സേന തടഞ്ഞു. ഇങ്ങനെയാണു ചൈനീസ് സേനയുടെ കൈയേറ്റം ശ്രദ്ധിക്കപ്പെടുന്നത്.
മേയ് അഞ്ചിന് ഇരുസേനകളും കന്പി, വടി എന്നിവയുപയോഗിച്ച് ഏറ്റുമുട്ടി. തോക്കോ മറ്റ് ആയുധങ്ങളോ പ്രയോഗിച്ചില്ല. പിന്നീട് പല തലത്തിൽ നടന്നുവന്ന ചർച്ചയാണ് കോർ കമാൻഡർമാരുടെ തലത്തിലേക്കു വളർന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.