ന്യൂഡൽഹി: കോവിഡ് രോഗികൾക്ക് ആശുപത്രി കിടക്കകളും വെന്റിലേറ്ററുകളും ഉറപ്പുവരുത്താൻ മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കി ഡൽഹി സർക്കാർ. ഡൽഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നതിനിടെയാണ് സംസ്ഥാന സർക്കാർ ഡൽഹി കൊറോണ എന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചരിക്കുന്നത്. ഡൽഹി ലെഫ്. ഗവർണറുടെ ഓഫീസിൽ മാത്രം ഇന്നലെ 13 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നതിൽ ആരുംതന്നെ പരിഭ്രാന്തരാകേണ്ട. ആവശ്യമായ എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജനങ്ങൾക്ക് നൽകിയ ഉറപ്പ്. ഡൽഹിയിലെ ആശുപത്രികളിൽ കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ലഭ്യത മൊബൈൽ ആപ്ലിക്കേഷനിലൂടെ ഉറപ്പുവരുത്താം. ദിവസത്തിൽ രണ്ടുതവണ ഈ ആപ്ലിക്കേഷനിൽ ഇതു സംബന്ധിച്ച വിവരങ്ങൾ പുതുക്കി നൽകും.
കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന ആശുപത്രികൾക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും കേജരിവാൾ മുന്നറിയിപ്പു നൽകി.
ഏതെങ്കിലും ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് ചികിത്സയോ കിടക്കയോ നിഷേധിച്ചാൽ ഉടൻ 1031 എന്ന ടോൾഫ്രീ നന്പറിൽ ബന്ധപ്പെടാം. ഇത് സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ ഓഫീസുമായി നേരിട്ടു ബന്ധപ്പെടുത്തുമെന്നും ഉടനടി സഹായം ലഭിക്കുമെന്നും കേജരിവാൾ വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിക്കുകയും ഗുരുതര ലക്ഷണങ്ങൾ ഇല്ലെന്ന് ഡോക്ടർമാരുടെ ഉറപ്പ് ലഭിക്കുകയും ചെയ്ത രോഗികൾ കഴിയുന്നതും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.