ന്യൂഡൽഹി: ലോക്ക്ഡൗണിനുശേഷം രാജ്യം സാന്പത്തിക വളർച്ച തിരിച്ചുപിടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോക്ക്ഡൗണ്‍ അഴിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്ക് ഒന്നും അതിലുള്ള പുനരുത്ഥാന നടപടികളിലുമായി രാജ്യം വളർച്ച തിരിച്ചുപിടിക്കുന്നതിന്റെ പാതയിലാണെന്നും മോദി പറഞ്ഞു. കോണ്‍ഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ 125-ാം വാർഷിക യോഗത്തിൽ വീഡിയോ കോണ്‍ഫറൻസിലൂടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്നെ വിശ്വസിക്കൂ, വളർച്ച തിരിച്ചു പിടിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
“എനിക്ക് എന്താ ഇത്ര ആത്മവിശ്വാസമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഇന്ത്യയുടെ കഴിവിലും നവീന ആശയങ്ങളിലും കഠിനാധ്വാനത്തിലും അർപ്പണബോധത്തിലും അതിന്റെ സംരംഭകരിലും തൊഴിൽ ശക്തിയിലും എനിക്ക് വിശ്വാസമുണ്ട്. ആത്മനിർഭർ ഭാരതിലൂടെ മാത്രമേ രാജ്യം ശക്തിപ്രാപിക്കുകയുള്ളൂ. അതിനു നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ, നവീന ആശയങ്ങൾ, ദൃഢനിശ്ചയം എന്നിവ വേണ്ടത് അനിവാര്യമാണ്. കൊറോണ വൈറസ് സന്പദ് വ്യവസ്ഥയെ മന്ദീഭവിപ്പിച്ചിരിക്കാം. എന്നാൽ, ഇന്ത്യ വളർച്ച തിരിച്ചു പിടിക്കുക തന്നെ ചെയ്യും’’- മോദി പറഞ്ഞു.
കൊറോണ പ്രതിരോധത്തിനായി രാജ്യം കൃത്യസമയത്താണ് ലോക്ക്ഡൗണിലേക്കു പോയത്. ജീവൻ രക്ഷിക്കുന്നതിനാണ് ലോക്ക്ഡൗണിൽ പരമപ്രാധാന്യം നൽകിയത്. അതോടൊപ്പം കൊറോണ വൈറസിനെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങളാണ് ഉണർന്നു പ്രവർത്തിക്കേണ്ടതെന്നു വ്യവസായികളോട് ഉദ്ബോധിപ്പിച്ച പ്രധാനമന്ത്രി, വ്യവസായികൾ തദ്ദേശീയത പ്രചോദിപ്പിക്കുന്നവരിലെ ചാന്പ്യന്മാരാണെന്നും വിശേഷിപ്പിച്ചു.
ലോകത്തിന് ആവശ്യമുള്ള ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കാനും ലോകത്തിനു വേണ്ടത്ര ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനും നമുക്കു കഴിയണം. വിശ്വസിക്കാനാവുന്നതും യോഗ്യരുമായ പങ്കാളികളെയാണ് ലോകം തേടുന്നത്. അതിനുള്ള സാമർഥ്യവും ശക്തിയും നൈപുണ്യവും ഇന്ത്യക്കുണ്ട്. ഇക്കാര്യത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി ധീരമായ തീരുമാനങ്ങളെടുക്കാനും അത് സമയബന്ധിതമായി നടപ്പാക്കുമെന്ന് ഉറപ്പു വരുത്താനും ധൈര്യമുള്ള സർക്കാരാണ് തങ്ങളുടേതെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
ബഹിരാകാശ, ആറ്റമിക് മേഖലകളിൽ സ്വകാര്യ കന്പനികൾക്കുള്ള സാധ്യതകൾ തുറന്നു. തന്ത്രപ്രധാന മേഖലകളിലും അവരുടെ പങ്കാളിത്തം യാഥാർഥ്യമാക്കി.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (എംഎസ്എംഇ) അവസരങ്ങൾ പരമാവധി വർധിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. അതിനുള്ള ആഗോള സാഹചര്യങ്ങൾ ഓരോരുത്തരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.