മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കരതൊട്ട നിസര്‍ഗ ചുഴലിക്കാറ്റ് കൊങ്കണ്‍ മേഖലയിലും പൂനയിലും നാശം വിതച്ചു. മൂന്നു പേർ കൊല്ലപ്പെട്ടു; മുംബൈയിൽ വലിയ നാശമുണ്ടായില്ല.
റായ്ഗഡ് ജില്ലയില്‍ കനത്ത കാറ്റില്‍ വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു വീണ് ദശരഥ് ബാബു വാഗ് മരെ(58) എന്നയാൾ മരിച്ചു. ദശരഥിന്റെ ദേഹത്തേക്കാണു ട്രാന്‍സ്ഫോര്‍മര്‍ വീണത്. പൂന മേഖലയില്‍ വ്യത്യസ്ത അപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു.
മുംബൈയിലും തീരമഹാരാഷ്ട്രയിലും തെക്കന്‍ ഗുജറാത്തിലും ആയിരക്കണക്കിനു പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു. മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
അറബിക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദമാണു നിസര്‍ഗ എന്ന തീവ്രചുഴലിക്കാറ്റായി വീശിയത്. 110 കിലോമീറ്റർ വേഗമുള്ള കാറ്റുമായി കരതൊട്ട ചുഴലിക്കാറ്റ് ക്രമേണ ദുര്‍ബലമായി.മുംബൈ വിമാനത്താവളത്തില്‍ ഇന്നലെ വൈകുന്നേരം ഏഴുവരെ വിമാനസര്‍വീസ് നിര്‍ത്തിവച്ചു.
റായ്ഗഡ് ജില്ലയില്‍ കനത്ത കാറ്റില്‍ നൂറുകണക്കിനു വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണു. നിരവധി വീടുകള്‍ക്കു കേടുപാട് സംഭവിച്ചു. തീരപട്ടണമായ അലിബാഗില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു നിസര്‍ഗ ചുഴലിക്കാറ്റ് കരതൊട്ടത്. പൂന ഉള്‍പ്പെടെ മഹാരാഷ്ട്രയുടെ വിവിധ മേഖലകളില്‍ കനത്ത മഴയുണ്ടായി.
രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്റെ 10 ടീമുകളെ സജ്ജമാക്കിയിരുന്നു. മുംബൈയില്‍നിന്നുള്ളതും മുംബൈയിലേക്കു വരുന്നതുമായ ട്രെയിനുകള്‍ പുനഃക്രമീകരിച്ചു. മരങ്ങള്‍ വീണ് അപകടമുണ്ടാകാതിരിക്കാനായി ബൈക്കുള മൃഗശാലയിലെ മൃഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.
തെക്കന്‍ ഗുജറാത്തില്‍ 63,700 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. എന്നാല്‍, കാര്യമായ നാശനഷ്ടങ്ങളൊന്നും ഗുജറാത്തിലുണ്ടായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.