മുംബൈ: വെള്ളിത്തിരയിലൂടെ സാധാരണക്കാരുടെ കഥപറഞ്ഞ പ്രമുഖ സിനിമാസംവിധായകനും തിരക്കഥാകൃത്തുമായ ബസു ചാറ്റർജി(93) അന്തരിച്ചു. മുംബൈ സാന്താക്രൂസിലെ വസതിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൃതദേഹം സാന്താക്രൂസ് പൊതുശ്മശാനത്തിൽ ഇന്നലെ സംസ്കരിച്ചു.
രാജ്കപൂർ- വഹീദ റഹ്മാൻ എന്നിവർ അഭിനയിച്ച തീസരി കസം(1966) എന്ന ചിത്രത്തിൽ ബസു ഭട്ടാചാര്യയുടെ സംവിധാനസഹായിയായി തുടക്കം. സാരാ ആകാശ്(1969)ആണ് സംവിധാനം നിർവഹിച്ച ആദ്യ ചിത്രം. അമോല്‍ പലേക്കര്‍- സെറീന വഹാബ് എന്നിവര്‍ ഒന്നിച്ച ചിത്ചോര്‍(1976), അമിതാഭ് ബച്ചന് നായകനായ മന്‍സില്‍(1979), രാജേഷ് ഖന്നയുടെ ചക്രവ്യൂഹ്(1979),ദേവ് ആനന്ദിന്റെ മൻ പസന്ത്(1980) എന്നിവ ബസുവിന്റെ ഹിറ്റ് ചിത്രങ്ങളാണ്. 1992 ൽ പുറത്തിറങ്ങിയ ദുര്‍ഗ എന്ന ചിത്രത്തിനു ദേശീയ പുരസ്കാരം ലഭിച്ചു. 2011 ല്‍ പുറത്തിറങ്ങിയ ത്രിശങ്കു അവസാന ചിത്രം. യേശുദാസിന് ദേശീയപുരസ്കാരം ലഭിച്ച ഗോരി തെരാ ഗാവ് എന്ന ഗാനം ചിത്ചോറിലേതാണ്.
1993ൽ ദൂരദര്ശൻ സംപ്രേഷണം ചെയ്ത ബ്യോംകേഷ് ബക്ഷി ഉൾപ്പെടെ ഏഴു സീരിയലുകൾ സംവിധാനം ചെയ്തു. പിയാ കാ ഖര്(1972), ആസ് പാര്(1974), രജനീഗന്ധ(1974), ചോട്ടീ സീ ബാത്(1975), സ്വാമി(1977), ഖട്ടാ മീഠ, പ്രിയാത്മ, ചക്രവ്യൂഹ(1978), ജീനാ യഹാം(1979), ബതന്‍ ബതന്‍ മേം(1979), ബാതോം ബാതോം മേം(1979) അപ്നെ പരായെ(1980) എന്നിവയും ഏറെ ജനപ്രീതി നേടിയ ബോളിവുഡ് ചിത്രങ്ങളാണ്. ഇതിനിടെ നാലു ചിത്രങ്ങളുടെ നിര്‍മാതാവായി. ബംഗാളി സിനിമകളും സംവിധാനം ചെയ്തു. സോനാലി ഭട്ടാചാര്യ, രൂപാലി ഗുഹ എന്നിവര്‍ മക്കളാണ്.
ജനങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞ സംവിധായകനായിരുന്നു ബസുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രത്നശോഭിതങ്ങളായ സിനിമകളാണ് ബസുവിന്റേതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുസ്മരിച്ചു. ശാന്തസ്വഭാവിയും അതിലുപരി മനുഷ്യസ്നേഹിയുമായിരുന്നു ബസുവെന്ന് അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.